16/9/09

മത്സ്യബന്ധനം/പി.എ. അനിഷ്

കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

7 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

അവസാനം ശരിയായില്ല എന്നൊരു തോന്നല്‍

Sureshkumar Punjhayil പറഞ്ഞു...

ശ്വാസംമുട്ടി-
ത്തീരുവോളം.
Angineyakathirikkatte...!

Manoharam, Ashamsakal...!!!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.

കുപ്പിക്കുള്ളില്‍ ചെടിനടുന്നത് അല്പം റിസ്കിയാണ്..
പ്രത്യേകിച്ചും ഉരുളന്‍ കല്ലുകള്‍ ആദ്യമേതന്നെ പാകിയിരിക്കുന്നതുകൊണ്ട്.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഒരു പിടി യുണീകോട്‌ അക്ഷരപ്പെയ്ത്ത്‌.......പ്രമേയം പഴയതെങ്കിലും ഒരു ഫ്രഷ്നെസ്സ്‌ കൊണ്ടുവരാന്‍ അനീഷിനു കഴിയേണ്ടതായിരുന്നു.....

മനോജ് മേനോന്‍ പറഞ്ഞു...

ഒരു പൂര്‍ണത കുറവ്...

ഒന്നു കൂടി ശരിയാക്കാമായിരുന്നു

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

അല്‍പ്പം കൂടി ദൃഡമാക്കാമായിരുന്ന വിഷയം.
എങ്കിലും ഹൃദ്യം
ആശംസകള്‍...

kichu പറഞ്ഞു...

കുട്ടിക്കാലത്തു നിന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ, ചില്ലുകുപ്പിയില്‍ക്കിടന്ന് വിശാലത സ്വപ്നം കാണുന്ന അനുഭവത്തെ ചിത്രീകരിക്കുന്ന കവിത.മനോഹരം.
ഹരിയണ്ണാ താങ്കളുടെ ആസ്വാദനബോധത്തിന് നമോവാകം(വല്ല മലയാളമനോരമ ആഴ്ചപ്പതിപ്പ് പോയി വായിക്ക്)