15/9/09

ഉമ്മാമ പറഞ്ഞ കഥ

പുഴക്കരയിലെ പഴയ പള്ളി
വാതങ്കൊല്ലി പടര്‍ന്ന മീസാന്‍ കല്ലുകള്‍
കാടുപിടിച്ച
മരിച്ചവരുടെ ഖബറുകള്‍
മരിക്കാത്തവരുടെ ഖബറുകള്‍
കുഴിച്ചു,മണല്‍ നിറച്ചു,
എനിക്കു നിനക്കു...
ഞമ്മള്‍ക്കെല്ലാമായി.
ഇരുട്ടിനെ പേടിക്കുമ്പോഴൊക്കെ
ഉമ്മാമ പറയും..
ഇതിരുട്ടല്ല..
ഖബറിലെ ഇരുട്ടാ ഇരുട്ടു.

ആ ഖബറുതന്നെ....
മൊല്ലാക്ക വിരല്‍ ചൂണ്ടുമ്പോള്‍
അത്തറിനു മയ്യത്തിന്റെ മണം.
ഉമ്മാമ പറഞ്ഞ കഥകളിലെ
മയ്യത്തിന്റെ മണമുള്ള മൊല്ലാക്ക.
ബാങ്കു വിളിച്ചു, വിളിച്ചു
പറയുന്നതൊക്കെബാങ്കാവുന്നു.
പുഴക്കും പള്ളിക്കുമിടയില്‍ ഞാനിപ്പൊഴും.
പുഴപറയാന്‍ തുടങ്ങിയാല്‍
‍ചോദിക്കണമെനിക്കു
ചുഴിയിലേക്കു ആഴ്ത്തിക്കളഞ്ഞ
പെങ്ങളെപ്പറ്റി,
ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെപ്പറ്റി.

പുഴ പള്ളി ഉമ്മാമ
ഇടയില്‍ എത്ര തുഴഞ്ഞിട്ടും..
നീങ്ങാത്ത തോണിയില്‍ ഞാനും.
തുഴക്കോല്‍ നല്ലതല്ലെന്നു പറഞ്ഞതു നീയാണോ?
കാടു കയറിപ്പോയ ഖബറുനോക്കി
മൊല്ലാക്ക ഇപ്പോഴും.
പുഴക്കും പള്ളിക്കുമിടയില്‍
ഞാനിപ്പോള്‍ഉമ്മാമ പറയുന്ന കഥയാവുന്നു.

19 അഭിപ്രായങ്ങൾ:

സനാതനൻ | sanathanan പറഞ്ഞു...

എന്തുകൊണ്ടോ എനിക്കെന്റെ അമ്മച്ചിയെ ഓർമ്മവന്നു...കഥ പറഞ്ഞ് കഥ പറഞ്ഞ് മരിച്ചുപോയി അവർ

ഉറുമ്പ്‌ /ANT പറഞ്ഞു...

ഹാരിസ്, ഈ കവിത ബ്ലോഗിലിട്ടതിന് ഹാരിസിനു പുണ്യം കിട്ടും.

വളരെ ഇഷടമായി......

പ്രത്യേകിച്ച്,

പുഴപറയാന്‍ തുടങ്ങിയാല്‍
‍ചോദിക്കണമെനിക്കു
ചുഴിയിലേക്കു ആഴ്ത്തിക്കളഞ്ഞ
പെങ്ങളെപ്പറ്റി,
ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെപ്പറ്റി.

ഈ വരികൾക്ക് നന്ദി.

നജൂസ്‌ പറഞ്ഞു...

കബറിലെ ഇരുട്ടാ ഇരുട്ട്‌....
ആ ഇരുട്ടിലേക്ക്‌ തുഴഞ്ഞ്‌ തുഴഞ്ഞ്‌ പോയിട്ടും
ഇപ്പോഴും അടുത്ത്‌ വന്നിരിക്കുന്നു
ഈ കവിതക്കൊരുമ്മ. അല്ല ഉമ്മാമാടെ നാറ്റല്‍.

പാവപ്പെട്ടവന്‍ പറഞ്ഞു...

ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെപ്പറ്റി.

നല്ല വരികള്‍ ആശംസകള്‍

ചങ്കരന്‍ പറഞ്ഞു...

മനോഹരമായ വരികള്‍.

Melethil പറഞ്ഞു...

ചിലപ്പോഴൊക്കെ ആ ഇരുട്ടിനെയും താണ്ടുന്നു എഴുത്ത്‌ , അല്ലെ?

വിഷ്ണു പ്രസാദ് പറഞ്ഞു...

ആദ്യവായനയില്‍ നൊസ്റ്റാള്‍ജിക് എന്നു തോന്നിച്ചെങ്കിലും കവിത അതിനപ്പുറത്തേക്ക് പോകുന്നുണ്ട് എന്ന് രണ്ടാം വായനയില്‍ ഉറപ്പായി...

പുഴ പള്ളി ഉമ്മാമ
ഇടയില്‍ എത്ര തുഴഞ്ഞിട്ടും..
നീങ്ങാത്ത തോണിയില്‍ ഞാനും.

പ്രയാണ്‍ പറഞ്ഞു...

ചന്ദനത്തിരികത്തിക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്... മരണത്തിന്റെ മണം........തുഴക്കോലിന്റെ കുഴപ്പമല്ല.....പുഴയുടെ മുങ്ങിയാല്‍ പൊങ്ങാത്ത ആഴമാണ് ...........

kichu / കിച്ചു പറഞ്ഞു...

ഇരുട്ടിനെ പേടിക്കുമ്പോഴൊക്കെ
ഉമ്മാമ പറയും..
ഇതിരുട്ടല്ല..
ഖബറിലെ ഇരുട്ടാ ഇരുട്ടു.

പുഴപറയാന്‍ തുടങ്ങിയാല്‍
‍ചോദിക്കണമെനിക്കു
ചുഴിയിലേക്കു ആഴ്ത്തിക്കളഞ്ഞ
പെങ്ങളെപ്പറ്റി,
ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെപ്പറ്റി

കവിത ഒരുപാടിഷ്ടായി മനസ്സ് നീറിയെങ്കിലും...

Mahi പറഞ്ഞു...

കവിത നന്നായി

കുളക്കടക്കാലം പറഞ്ഞു...

പുഴക്കും പള്ളിക്കുമിടയില്‍ ഞാനിപ്പൊഴും.
പുഴപറയാന്‍ തുടങ്ങിയാല്‍
‍ചോദിക്കണമെനിക്കു
ചുഴിയിലേക്കു ആഴ്ത്തിക്കളഞ്ഞ
പെങ്ങളെപ്പറ്റി,
ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ കിനാവിനെപ്പറ്റി.
ഹാരിസ്‌ എനിക്ക് നിന്നോട് അസൂയ തോന്നുന്നു....പക്ഷെ നിന്നേ ഞാന്‍ വല്ലാതെ സ്നേഹിച്ചു പോകുന്നു.എന്റെ മനസ്സിലുള്ളത് പറയുന്ന നിന്നോട് ഞാന്‍ എന്താണ് ചെയ്യുക. വല്ലാത്ത സന്തോഷം തോന്നുന്നു

കലാം പറഞ്ഞു...

ഹാരിസ്‌,
നിന്റെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്.
വീണ്ടും വായിക്കുമ്പോള്‍,
അന്നറിയാത്ത നീറ്റല്‍.

ഒളിപ്പിച്ചുവെച്ച നീരാളികൈകളില്‍
കുരുങ്ങി പിടഞ്ഞ പെങ്ങളെപ്പറ്റി,
നീ പറഞ്ഞതില്‍ പിന്നെ...

Sureshkumar Punjhayil പറഞ്ഞു...

പുഴക്കും പള്ളിക്കുമിടയില്‍
ഞാനിപ്പോള്‍ഉമ്മാമ പറയുന്ന കഥയാവുന്നു.

Manoharam, Ashamsakal...!!!

സെറീന പറഞ്ഞു...

എന്റെയും നിന്റെയും ഉമ്മാമ ഒന്നാണോ,
അതോ എല്ലാ ഉമ്മാമമാരും ഇരുട്ടിനെക്കുറിച്ച്
ഇതുതന്നെയാണോ പറയുക?
പുഴ, അതിന്‍റെ ചുഴി കൊണ്ടുപോയത്..
ഞാനങ്ങോട്ടു നോക്കുന്നില്ല. :(

ആര്‍ബി പറഞ്ഞു...

ഹാരിസ്

വേദനിപ്പിക്കുന്ന വരികള്‍..
ഇഷ്ടമായി

faisel punalur പറഞ്ഞു...

good lines.wisdom caught in humour

ഹാരിസ് പറഞ്ഞു...

പ്രിയസുഹൃത്തേ,
ഒന്നുമില്ല പുതുതായി.
വായിക്കാറുണ്ട് എല്ലാം
ഉമ്മാമ പറഞ്ഞതും കേട്ടിരുന്നു.
സുഖമെന്ന് വെശ്വസിക്കുന്നു.
സ്നേഹത്തോടെ,
ഹാരിസ്

ജ്യോതീബായ് പരിയാടത്ത് പറഞ്ഞു...

തുഴയുക ചുഴികളിലൂടെ,മലരികളിലൂടെ.. (കഥകഥയമ്മേ.. ഇത് അമ്മൂമ്മ പറഞ്ഞുതന്ന കഥ, ഓര്‍‌മ്മ വെയ്ക്കുമ്പോള്‍‌ അമ്മൂമ്മയ്ക്ക് മൊഴിയില്ല്ലായിരുന്നു.. എന്നാലും കഥയില്ലാത്ത അമ്മൂമ്മയല്ലായിരുന്നു അവര്‍‌)

അജ്ഞാതന്‍ പറഞ്ഞു...

ഹാരിസേ എനിക്കു പൊള്ളുന്നു, നിന്റെ കവിത വായിച്ചിട്ട്.ഭാവുകങ്ങള്‍.
കെ.എന്‍.മിര്‍ലാന്‍‌റ്.