ഇരുപത്തിയഞ്ച് കവിതകളാണ് താമ്രപര്‍ണിയിലുള്ളത്. ഭാവരൂപങ്ങളില്‍ വിഭിന്നത പുലര്‍ത്തുന്ന കവിതകളാണിവ. വാക്കുകളുടെ എതിര്‍വായന നടത്താനും മറുഭാഷ കണ്ടെടുക്കാനും ശൈലന് പ്രകടിപ്പിക്കുന്ന ജാഗ്രതതന്നെയാണ് ഈ പുസ്തകത്തെ വേറിട്ടൊരു വായനാനുഭവമാക്കുന്നത്. ചെറുചെറു വൈകല്യങ്ങള്‍ക്കകത്ത് വലിയ അനുഭവങ്ങളും കാഴ്ചകളും നമ്മളോട് സംസാരിക്കുന്നു. കാവ്യഭൂപടങ്ങളിലെല്ലാം വിശുദ്ധമായ ഒരു മാറ്റത്തിനുവേണ്ടിയുള്ള ജാഗരൂകത ഈ കവി പുലര്‍ത്തുന്നു. മനസ്സില്‍പ്പതിഞ്ഞ ഭാവധാരകള്‍ ഭാഷാന്തരപ്പെടുത്തുന്നിടത്ത് എഴുത്തിന്റെ തീക്ഷ്ണതയും സൂക്ഷ്മതയും അടയാളപ്പെടുത്താന്‍ ശൈലന്റെ പദപ്രയോഗ സാമര്‍ത്ഥ്യം ശ്രദ്ധേയമാണ്. ഒരര്‍ത്ഥത്തില്‍ വീണ്ടെടുപ്പുകളുടെ പുസ്തകമാണ് താമ്രപര്‍ണി.
``വിറ്റഴിയാതെ/ പൊടിപിടിച്ച/ കാവ്യപുസ്തകത്തണലില്‍/ അട്ടപ്പേറിട്ട്/പൊരുന്നയിരുന്നൂ/ കവിരേവാപ്രജാപതി...''-(കാളിദാസസ്യ). പാരമ്പര്യത്തെ അട്ടിമറിച്ച് കവിതയുടെ ജൈവധാരയില്‍ ഇടപെട്ടുള്ള ശൈലന്റെ കുതിപ്പ് പലപ്പോഴും പുതുവഴിവെട്ടുന്നവന്റെ ഊറ്റം പ്രത്യക്ഷപ്പെടുത്തുന്നതിങ്ങനെ: കവിത/ നാലുവരി വായിച്ചപ്പോള്‍/ തെളിമ പോരെന്നും പറഞ്ഞ്/ കട്ടിള പിളര്‍ന്നുചാടി/ കവിയുടെ കുടലുമാല/ മാറിലണിഞ്ഞു/ നരസിംഹം...(നീര്‍ക്കുറുക്കന്‍). മറ്റൊരിടത്ത് ഇല്ലായ്മയുടെ ചിത്രമെഴുതുകയാണ് ശൈലന്: ഒന്നുമുണ്ടായില്ല/ തിരിച്ചുപോരുമ്പോള്‍? ഓര്‍മ്മകളില്‍-(താമ്രപര്‍ണി). ഓര്‍മ്മകളും ഹൃദ്യചിത്രങ്ങളും കൊണ്ട് സമ്പന്നമാകുന്ന മനസ്സുകളില്‍ നിന്നും വ്യതിരിക്തനായ ഒരു എഴുത്തുകാരന്റെ ഉള്ളുരകളാണ് താമ്രപര്‍ണിയിലെ കവിതകളില്‍ പതിഞ്ഞുനില്‍ക്കുന്നത്.
കാല്പനികഭാവങ്ങളില് മേഞ്ഞുനടക്കാതെ, യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളലേല്‍ക്കാന്‍ ജീവിതത്തിലേക്ക് ഇറങ്ങിനില്‍ക്കുകയാണ് കവി. പൊന്നോണം എന്ന കവിത നോക്കുക: ഒരുക്കത്തിന്റെ/ വ്യാജവാഷ് മുഴുവന്‍/കുടിച്ചുവറ്റിച്ച്/റങ്കുമൂത്ത/കാട്ടാനക്കൂട്ടം.-എന്നിങ്ങനെ വാക്കുകള്‍ക്ക് ചില ഇടവഴികളുണ്ടെന്ന് എഴുത്തുകാരന് പറയുന്നു. ഇല്ലായ്മകളും വല്ലായ്മകളും കാറ്റത്തിട്ട് കണ്ണീരൊഴുക്കാനല്ല; ജീവിതമെടുത്ത് അമ്മാനമാടി പൂത്തിരിക്കത്തിക്കുകയാണ്. കവിതകള്‍ക്ക് ചിത്രമെഴുതിയ വി.കെ. ശ്രീരാമന് സൂചിപ്പിക്കുന്നു: 'അക്കരപ്പച്ചയും ഇക്കരെച്ചോപ്പുമായി മുരുക്കിന്‍തയ്യേ നിന്നുടെ ചോട്ടില് മുറുക്കിത്തുപ്പുന്നു ഞാന്‍.' കളിദാസസ്യ, താജ്മഹല്‍, ഗുണ്ടാത്മകന്, സമ്മതി-ദാനം, ലേ-ഒട്ട്, സ്വന്തം ക്ലീഷേ, ഉപജീവനം, ബൈബിള്‍, ശൈവം, സഫേദ് മുസലി, അല്‍ജസീറ തുടങ്ങിയ കവിതകള്‍ കാലത്തിലേക്ക് നീട്ടിയെറിയുന്ന ചോദ്യാവലിയാണ്. ഉത്തരം നല്‍കാത്ത എയ്ത് മുറിക്കുന്ന ചോദ്യങ്ങള്‍. വായനക്കാരുടെ മനസ്സില്‍ പ്രപഞ്ചത്തോളം ചുറ്റളവില്‍ അബോര്‍ട്ട് ചെയ്യപ്പെട്ട കുറെ ഓര്‍മ്മകള്‍ ബാക്കിവെക്കുന്ന കാവ്യസമാഹാരം. 'താമ്രപര്‍ണി'യുടെ മൂന്നാംപതിപ്പ്.
-കുഞ്ഞിക്കണ്ണന് വാണിമേല്‍
താമ്രപര്‍ണി
ശൈലന്
ഫേബിയന്‍ ബുക്സ്
വില- 45 രൂപ
4 അഭിപ്രായങ്ങൾ:
ശൈലന്റെ താമ്രപര്‍ണ്ണിയെ പരിചയപ്പെടുത്തിയതിനു നന്ദി
ശൈലന്റെ പുസ്തകം ഇതുവരെ കാണാനും വായിക്കാനും പറ്റിയിട്ടില്ല.ഇപ്പോള്‍ ഒരു നഷ്ടബോധം തോന്നുന്നു...
ശൈല സര്‍ഗ ശൃംഗങ്ങളിലുദിച്ച കവിതയുടെ മഴവില്ലിനെ തൊട്ടറിയുന്നു കുഞ്ഞിക്കണ്ണന് വാണിമേലിന്റെ അവലോകനം.
നന്ദി,
ശൈലനും
കുഞ്ഞിക്കണ്ണനും.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
ശൈലന്റെ കവിതകള്‍ വായിക്കാറുണ്ട്...
പുസ്തകം ദുബൈയില്‍ എവിടെ കിട്ടും ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ