21/7/09

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.

മുറിവുകളായിരുന്നെന്റെ സ്വത്വം
ജനിച്ചുവീഴവേ തന്നെ
ഒഴുക്കിന്മേനിയിൽ
മുറിവേൽ‌പ്പിച്ചു ഞാ-
നെന്റെ വരവറിയിച്ചു.
മുറിഞ്ഞില്ലെങ്കിൽ,
ഞാനുണ്ടാകുമോ!
മുറിച്ചില്ലെങ്കിൽ,
ഞാനുണ്ടെന്നറിയുമോ!

കൂർപ്പു മൂർപ്പുകൾ
മെരുങ്ങാത്ത തൃഷ്ണകൾ..
മരുവുകയായിഞാൻ,
ഒഴുക്കിൻമടിത്തട്ടിൽ,
പരുക്കൻ പാറത്തം.
പുഴക്കവിളിൽ
ഒഴുക്കിൻ മിനുസങ്ങളിൽ
എന്റെ മുനയെടുപ്പുകൾ
മുദ്രകളായി.

എന്തൊരത്ഭുതം
പുഴയിൽ
ഒരൊറ്റമുറിവും,
ഒരുനിമിഷത്തിൽ
കൂടുതൽ നിൽക്കുന്നില്ല,
മുറിവുകളെല്ലാമറിവുകളാക്കി
ഒഴുകുന്നൂ
പുഴ-
യോരോമുറിവിലു
മെന്നെത്തഴുകി
ചെറുതാക്കീടുന്നു!

അറവുകൾ കൊണ്ടെ-
ന്നടയാളം പുഴയിൽ
ഞാൻ തീർക്കുമ്പോൾ തന്നെ,
തലോടൽ കൊണ്ടെന്നിൽ
ചാർത്തുന്നു,
സൌ‌മ്യം,
പുഴ തന്നെത്തന്നെ.
അറവുകൾ തീർക്കും
മുറിവുകളേക്കാൾ
ശാശ്വതമാണെന്നോ,
കുളിരുകൾ തീർക്കും
മുദ്രകളെന്നോർ-
ത്തുലഞ്ഞുപോയി
ഞാൻ!

അറിവിൻ മൂർഛയിൽ നിന്നും
കുടഞ്ഞു-
ണർന്നെണീൽക്കുമ്പോൾ
അറിഞ്ഞുഞാൻ
പുഴയെന്നെപിഴു-
തെടുത്തുപോകുന്നു!
പിടിച്ചുനിൽക്കാൻ
ആവതു ഞാനും
ശ്രമിച്ചുനോക്കി, പക്ഷേ
ഒഴുക്കിനെതിരെ
നിൽക്കുമ്പോൾ
ഞാനറിഞ്ഞു
ദൌർബല്യം!

ബലിഷ്ഠമാമെൻ വേരുകളെല്ലാം
പറിച്ചെടുത്തുംകൊണ്ട്
കുതിച്ചുചാടും വെള്ളപ്പാച്ചിൽ
കാതങ്ങൾ താണ്ടീ.
ഒഴുക്കിനൊപ്പം
ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,
വക്കും മുനയും ഉരഞ്ഞുതീർന്നൂ
മേനിമിനുപ്പായി.
മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം
അലിഞ്ഞു പൊയ്പ്പോയി,
അഴുക്ക് ലേശം തീണ്ടാതായെൻ
പളുങ്ക് ദേഹത്തിൽ.

ഒടുക്കമുണ്ടാമല്ലോ എല്ലാ
ഒഴുക്കിനുമൊരുനാൾ.
പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു
സന്ധ്യാനേരത്തിൽ
അടിഞ്ഞുഞാനൊരു വശ്യവിശാല
സരസിൻ തീരത്തിൽ.
പൊഴിഞ്ഞുവീഴും ആകാശത്തിൻ
ശതപത്രങ്ങൾക്കിടയിൽ
അറിഞ്ഞുഞാനെൻ വാഴ്വിനെ
ആയിരമുരുളൻ കല്ലുകളായ്,
മുറിവുകളില്ലാമുഖങ്ങളില്ലാ
ഒരൊറ്റയൊന്നായ് ഞാൻ.
അവനവനില്ല അന്യവുമില്ലാ
അനേകമൊന്നായ് ഞാൻ.

4 അഭിപ്രായങ്ങൾ:

ഹരീഷ് കീഴാറൂർ പറഞ്ഞു...

നന്ദി. ഒരു പുഴയും കൊണ്ടുപോകാത്ത കല്ലുകളെപ്പറ്റി (ഒരിക്കലും മിനുസമാകാത്ത കല്ലുകളുമുണ്ടെന്ന് പറയാതെ പറഞ്ഞതിന്.)
അങ്ങനെകൂടി വായിച്ചെടുക്കാൻ വായനക്കാരനൊരിടമിട്ടതിന്.

Sureshkumar Punjhayil പറഞ്ഞു...

Murivukal, aswasathinteyum...!

Manoharam, Ashamsakal...!!!

വിഷ്ണു പ്രസാദ് പറഞ്ഞു...

സനല്‍,
ഈ പരീക്ഷണം നന്നായിട്ടുണ്ട്.ഇടയ്ക്ക് ഇങ്ങനെയൊരു മാറ്റിയെഴുത്ത് അത്യാവശ്യമാണ്.
സനല്‍ അതില്‍ വിജയിക്കുകയും ചെയ്തു.

സജീവ് കടവനാട് പറഞ്ഞു...

സനലിനെ വായിക്കുമ്പോള്‍ ലഭിക്കാറുള്ള തീവ്രത ഒരു വരിയിലുമില്ല. പരീക്ഷണം കൊള്ളാം. വിജയിച്ചുവെന്നു പറയാന്‍ ഞാന്‍ ആളല്ല.