29/8/08

Wislawa Szymborska യുടെ ഒരു കവിത


എന്റെ സഹോദരിയെ സ്തുതിച്ചുകൊണ്ട്
-----------------------------------------------------------

എന്റെ സഹോദരി കവിതകളെഴുതാറില്ല.
പൊടുന്നനെയൊരുനാള്‍ എഴുതിത്തുടങ്ങാനുമിടയില്ല.
കവിതകളെഴുതാത്ത അമ്മയെ അവള്‍ പരിചരിക്കുന്നു,
കവിതകളെഴുതാത്ത അച്ഛനെയും.
അവളുടെ വീട്ടിലായിരിക്കുമ്പോള്‍
സുരക്ഷിതയാണ് ഞാനെന്ന് തോന്നാറുണ്ട്.
കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും
കവിതകളെഴുതാത്തയാളാണ് സഹോദരിയുടെ ഭര്‍ത്താവ്.
പറഞ്ഞ് പറഞ്ഞ് ഇത് ആവര്‍ത്തനമാവുന്നുവെങ്കിലും
സത്യം ഇതാണ്; എന്റെ ബന്ധത്തില്‍പ്പെട്ട ആരും കവിതയെഴുതാറില്ല.

സഹോദരിയുടെ മേശവലിപ്പില്‍
പഴയകവിതകളുണ്ടാകാറില്ല,
അവളുടെ ഹാന്റ്ബാഗില്‍ പുതിയവയും.

ഏതെങ്കിലുമൊരു ദിവസം
ഊണിന് ക്ഷണിക്കുമ്പോള്‍
എനിക്കറിയാം,
അവളുടെ കവിതകള്‍ വായിച്ചുനോക്കാനല്ല
എന്നെ വിളിക്കുന്നതെന്ന്.

നിഗൂഢമായ പ്രചോദനങ്ങളില്ലാതെതന്നെ
അവളുടെ സൂപ്പുകള്‍ കൊതിയൂറുന്നവയാണ്.
അവളുടെ കാപ്പി കൈയെഴുത്ത്പ്രതികളിലേക്ക്
മറിഞ്ഞുവീഴാറുമില്ല.

ഒറ്റയാളുപോലും കവിതയെഴുതാത്ത
അനേകം കുടുംബങ്ങളുണ്ട്.
എന്നാലും ഒരിക്കല്‍ ആ വ്യാധി തുടങ്ങിയാല്‍പ്പിന്നെ
മാറ്റിനിര്‍ത്തി അപകടമൊഴിവാക്കുക ഏറെ ദുഷ്ക്കരം.
കവിത ചിലപ്പോഴൊക്കെ തലമുറകളിലേക്ക് കുത്തിയൊഴുകും,
കുടുംബസ്നേഹത്തിനെ മുക്കിക്കളയുന്ന ചുഴികളുണ്ടാക്കും.

എന്റെ സഹോദരി സംസാരഭാഷയെ
ഒരുവിധം നന്നായി സ്വായത്തമാക്കിയിട്ടുണ്ട്.
അവളുടെ പുസ്തകസമാഹാരം പക്ഷേ,
അവധിക്കാലത്തെ പോസ്റ്റ്കാര്‍ഡുകളാണ്.
അതിലെ ഇതിവൃത്തം
എല്ലാകൊല്ലവും ഒരേ വാഗ്ദാനം;
തിരിച്ചുവരുമ്പോള്‍ അവള്‍ക്ക്
ഒരുപാട്
ഒരുപാട്
ഒരുപാട് പറയാനുണ്ടെന്ന്.

Translated to English by : Stanislaw Baranczak and Clare Cavanagh


Wislawa Szymborska: 1923 ല്‍ പോളണ്ടില്‍ ജനിച്ചു. പോളിഷ് ഭാഷയില്‍ എഴുതുന്നു. 1996 ലെ സാഹിത്യ നൊബേല്‍ സമ്മാനം ഇവര്‍ക്കായിരുന്നു. ദാര്‍ശനികമാനമുള്ള പ്രമേയങ്ങളെ അസാധാരണ മിഴിവോടെയും സൂക്ഷ്മതയോടെയും പ്രകാശിപ്പിക്കുന്നവയാണ് അവരുടെ കവിതകള്‍. സരളവും സാമാന്യവുമായ സംഗതികളില്‍ നിന്ന് ഉള്ളുലക്കുന്ന തരം സങ്കീര്‍ണ്ണതകളെ കണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാറുണ്ട് അവരുടെ കൃതികള്‍.

8 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

അടുത്ത കാലത്തുവെച്ചു വായിച്ചതില്‍ വച്ച് ഏറെ ഇഷ്ടമായ ഒന്ന്.പരിചയപ്പെടുത്തിയതിന് നന്ദി. നിഗൂഢമായ പ്രചോദനങ്ങളില്ലാതെതന്നെ കൊതിയൂറുന്ന കവിത!

അജ്ഞാതന്‍ പറഞ്ഞു...

രസകരമായ കവിത. നന്നായി.
വിവര്‍ത്തനവും മലയാളത്വത്തോടെ... അഭിനന്ദനം.

Wislawa Szymborska എന്നത്‌ മലയാളത്തില്‍ എഴുതാന്‍ അറിയൂല്ലാ ല്ലെ.
ഞാന്‍ പറയാം : വിസ്‌.....

ഇപ്പം വരാട്ടോ. ഒന്നു നാവു വടിച്ചു വരട്ടെ..... :)

Mahi പറഞ്ഞു...

ഒരുപാട്‌ പറയാനുണ്ടായിട്ടും ഒന്നുമെഴുതാത്ത ഒരാളുടെ അല്ല ഒരുപാട്‌ പേരുടെ കവിത.ഈ പരചയപെടുത്തലിന്‌ നന്ദി

R.K.Biju Kootalida പറഞ്ഞു...

നമ്മുടെ ഭീകര കവികൾക്ക് ഇങെനെയൊക്കെ ഒന്ന് ലളിതമായി ,ശക്തമായി എഴുതിക്കൂടെ....എന്നാഗ്രഹിച്ചു പോകുന്നു....
വിവർത്തനം ഗംഭീരം....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വിവര്‍ത്തനകവിത നന്നായി.
അഭിനന്ദനം.

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
siva // ശിവ പറഞ്ഞു...

എത്ര നന്നായിരിക്കുന്നു....ഇങ്ങനെയുള്ള വരികള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.....

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വിവര്‍ത്തനം നന്നായിരിക്കുന്നു...