12/7/08

മാജിക്‌

അയാള്‍ ആ മാന്ത്രിക വടി കൊണ്ടൊന്നു
തൊട്ടാല്‍ മതി
തൊപ്പിക്കടിയിലെ മുയല്‍ പ്രാവാകും
ശ്യൂന്യമാര്‍ന്നൊരു പൈപ്പില്‍ നിന്നും
പൂക്കള്‍ വിടരും
ഒരൊറ്റ മന്ത്രം കൊണ്ട്‌
വടിയെ പാമ്പാക്കും
വായയില്‍ നിന്ന്‌ അവസാനമില്ലാതെ
വര്‍ണ നാടകള്‍ വരുത്തും
എങ്കിലും അയാള്‍ നിലത്തു വിരിച്ചിട്ട
തുണിയില്‍ വന്ന്‌ വീഴാറുള്ള
ചില്ലറ തുട്ടുകളെ പെരിപ്പിക്കുന്നതൊ
അയാളുടെ നിറം മങ്ങി തുടങ്ങിയ തൊപ്പിയേയും
പിന്നി തുടങ്ങിയ കോട്ടിനേയും
മാറ്റുന്നതൊ കണ്ടിട്ടില്ല
അയാള്‍ കാണിച്ച മാജിക്കുകളില്‍ ഏറ്റവും വലിയത്‌
അയാള്‍ അവസാനം കാണിച്ചതായിരുന്നു
നിറഞ്ഞൊഴുകുന്ന പുഴയിലെ
ഏതോ നിശബ്ദതയിലേക്ക്‌
ഒരൊറ്റ ബെല്‍റ്റടിച്ചതിനു ശേഷം
അയാളിതു വരേയും തിരിച്ചെത്തിയിട്ടില്ല

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

അന്ത്യം പ്രതീക്ഷിച്ചതു തന്നെ.

CHANTHU പറഞ്ഞു...

ഇതു രസമായല്ലൊ.