ഈ ജനലിങ്ങനെ അന്തം വിട്ട്
നോക്കിയിരിക്കുന്നത് ആരെയാണ് ?
അതിനോടെന്നും കൈവീശി കാണിക്കാറുള്ള
തെങ്ങോല തലപ്പുകളെ
വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ
അകലെയുള്ള കുന്നിന് ചെരുവിലേക്ക്
എന്നും നടക്കാന്‍ പോവാറുള്ള ഒറ്റയടിപ്പാതയെ
രാമേട്ടന് മണിയടിച്ചാല്‍ ഉണരുന്ന
കുഞ്ഞി കൌതുകങ്ങളുള്ള ആ സ്കൂളിനെ
അല്ല ഇവയെയൊന്നുമല്ല
ഇടയ്ക്ക് കക്ഷത്ത് എല്ലാവര്‍ക്കുമുള്ള
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന് മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല
പിന്നെ ഈ നട്ടുച്ചയ്ക്കും തളരാതെ
ഒന്ന് ഇമ കൂടി അടക്കാതെ
ഇത് ആരെയാണിങ്ങനെ നോക്കിയിരിക്കുന്നത്
വൈകുന്നേരം പകല്‍ പണി മാറ്റി പോവാന്‍ തുടങ്ങിയാലും
രാത്രി ഞാന്‍ വായിക്കുന്ന പുസ്തകത്തില്‍
ഉറക്കത്തിന്റെ അവ്യക്ത ഭാഷകള്‍
എന്തൊക്കയൊ തിരുത്തിയെഴുതാന്‍ തുടങ്ങിയാലും
കാത്തിരിപ്പിന്റെ മുനയാര്ന്നൊരു നിശബ്ദതയിലേക്ക് തറഞ്ഞ്
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
ആ കാത്തിരിപ്പാണ് എല്ലാമെല്ലാമെന്ന പോലെ
അതു കൂടിയില്ലെങ്കില്‍ മരിച്ചു പോവുമെന്ന പോലെ
5 അഭിപ്രായങ്ങൾ:
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന് മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല!
കേട്ടിട്ടുണ്ടോ?
കാത്തിരിപ്പിന്റെ മുനയാര്ന്നൊരു നിശബ്ദതയിലേക്ക് തറഞ്ഞ്
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
...നന്നായി മാഷെ ഇതു ഇഷ്ട്ടപ്പെട്ടു!
...എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പുകള്‍...
ഈ വരികള്‍ ഇഷ്ടമായി..
സസ്നേഹം,
ശിവ
ഏല്ലാവരും ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരിക്കുകയാണ് മാഷെ
മഹി വിഷ്ണുമാഷ് തന്നെയാണെന്നാണ് കരുതിയിരുന്നത്.
“വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ“ എന്നു കണ്ടപ്പോള്‍ വിഷ്ണുമാഷിന്റെ കോഴിയമ്മയിലെ വരികള്‍(http://prathibhasha.blogspot.com/2007/11/blog-post_26.html) ഓര്‍മ്മ വന്നതുകൊണ്ടും ഈ കവിതക്ക് മടക്കിവെക്കാത്തതിനോടുള്ള (http://prathibhasha.blogspot.com/2008/04/blog-post.html) സാദൃശ്യം കണ്ടതു കൊണ്ടുമാവാം അത്.:)
പ്രമോദെ സൂചിപ്പിച്ചതിന് നന്ദി.കോഴിയമ്മ വായിച്ചു.കാര്യം ശരിയാണ്.വിഷ്ണു മാഷോടുള്ള എന്റെ ആദരവ് നിലനിര്‍ത്തി കൊണ്ട് തന്നെ ഞാനെന്റെ നിരപരാധിത്വം അറിയിച്ചു കൊള്ളട്ടെ.കമന്റ് എഴുതിയ എല്ലവര്‍ക്കും നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ