വ്യാഴം, മാര്‍ച്ച് 13, 2025

17/6/08

ചട്ടിയും കലവും

എത്ര കര്‍ക്കിടകങ്ങള്‍ ഒരുമിച്ചനുഭവിച്ചു
എത്ര പഞ്ഞത്തരങ്ങള്‍ പങ്കിട്ടെടുത്തു
എത്ര വട്ടം നിരാശയുടെ കരിപിടിച്ചു
ഓലമേഞ്ഞ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിച്ച
കണ്ണുനീരെത്ര കോരി നിറച്ചു
ആളുന്ന വിശപ്പിന്റെ അടുപ്പില്‍ എത്ര പുകഞ്ഞു
നമ്മളിലെ ദുഃഖത്തിന്റെ കരിക്കാടിയില്‍
‍കാളുന്ന വയറുകള്‍ ഒരിറ്റ്‌ വറ്റിന്‌ എത്ര ഊറ്റിയിരിക്കുന്നു
എന്നിട്ടും നമ്മുടെ ഓര്‍മകളെല്ലാം ഉടച്ചു കളഞ്ഞല്ലടൊ?
മണ്ണിന്റെ ഈ നിശബ്ദതയില്‍ കിടക്കുമ്പോഴും
എന്തൊ വല്ലാത്തൊരു മോഹം
പണ്ടത്തെ മാതിരി തട്ടീം മുട്ട്യൊക്കങ്ങനെ ഇരിക്കാന്‍

1 അഭിപ്രായം:

Harold പറഞ്ഞു...

ചട്ടീം കലവുമാകുമ്പോള്‍
തട്ടീം മുട്ടീം ഇരിക്കണം
പ്രത്യേകിച്ചും കര്‍ക്കിടകത്തില്‍
ഓലപ്പുരചോരുമ്പോള്‍