17/6/08

കുളം+പ്രാന്തത്തി : പുസ്തക പ്രകാശനം ഒരനുഭവം

വിഷ്ണുപ്രാസാദിന്റെ “കുളം+പ്രാന്തത്തി”എന്ന പുസ്തകം പ്രകാശിപ്പിക്കപ്പെട്ടിട്ട്‌ ഇപ്പോള്‍ 34 മണിക്കൂറുകള്‍ കഴിഞ്ഞു.ബ്ലോഗില്‍ സാധാരണ സംഭവിക്കുന്നതിനു വിപരീതമായി ഇതുവരെ ആ ചടങ്ങിനെക്കുറിച്ച്‌ ഒരൊറ്റ പോസ്റ്റ്‌ പോലും വന്നിട്ടില്ല.ഒരൊറ്റ ഫോട്ടോയും,ഒരൊറ്റ റിപ്പോര്‍ട്ടും ഇല്ല.ഇത്രയും ആമുഖം ആയി പറഞ്ഞുകൊണ്ട്‌ വേണം ജൂണ്‍ 15 ന്‌ പട്ടാമ്പിയില്‍ നടന്ന തികച്ചും അനൗപചാരികമായ തികച്ചും ലളിതമായ തികച്ചും സ്നേഹ നിര്‍ഭരമായ ആ സംഭവത്തെക്കുറിച്ച്‌ പറയാന്‍.വലിയ മാനങ്ങളുള്ള ചെറിയ 34 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകം ഈ വലിയ ലോകത്തിനുമുന്നിനു സത്യസന്ധമായ നിസംഗതയോടെ സമര്‍പ്പിച്ചിരിക്കുന്നു വിഷ്ണുപ്രസാദ്‌.

പുസ്തകത്തിലെ എല്ലാ കവിതകളും പ്രതിഭാഷ എന്ന ബ്ലോഗിലൂടെ മാത്രം പ്രകാശിതമായവയാണ്‌.അവതാരികയില്ല, അറിയപ്പെടുന്ന ആരുടേയും നിരൂപണമോ പഠനമോ ഇല്ല,ഉള്ളത്‌ വെള്ളെഴുത്ത്‌ "പതിനാറാം നംബര്‍ സീറ്റ്‌" എന്ന കവിതയെക്കുറിച്ച്‌ സ്വന്തം ബ്ലോഗില്‍ എഴുതിയ കുറിപ്പും, വിശാഖ്‌ ശങ്കര്‍ "പശു" എന്ന കവിതയെക്കുറിച്ച്‌ എഴുതിയ കുറിപ്പും മാത്രം. അച്ചടിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത, ബ്ലോഗിനു പുറത്ത്‌ അധികമാരും അറിയാത്ത, പദങ്ങളുടെ വിന്യാസം കൊണ്ട്‌ മാജിക്ക്‌ കാണിക്കാനറിയാത്ത ഒരു എഴുത്തുകാരന്‍, പുസ്തകവുമായി പുറം ലോകത്തേക്കിറങ്ങുമ്പോള്‍ ചെയ്യുന്നതെന്തൊക്കെയാണോ,ചെയ്യേണ്ടതെന്തൊക്കെയാണോ അതൊന്നും ചെയ്തില്ല എന്നതായിരുന്നു ഈ ചടങ്ങിനെ വേറിട്ട്‌ നിർത്തിയത്‌.മാധ്യമപ്രവര്‍ത്തകര്‍ ആരുമുണ്ടായിരുന്നില്ല,ക്ഷണിക്കപ്പെട്ട്‌ വന്നെത്തിയ കവികളെ പുകഴ്ത്തിപ്പാടുന്ന സ്വാഗത പ്രസംഗമുണ്ടായിരുന്നില്ല,എല്ലാം കഴിഞ്ഞിട്ടും ഒരു നന്ദിപ്രസംഗത്തിനുപോലും കവി വേദിയിലുണ്ടായിരുന്നില്ല.മേലേ പട്ടാമ്പിയിലെ വെല്‍ക്കം ടൂറിസ്റ്റു ഹോം ഒരുപക്ഷേ ആദ്യന്തം അനുഭവിച്ചത്‌ ഈ അഭാവം തന്നെയായിരിക്കണം.

അനിലന്‍,കൂഴൂര്‍,വെള്ളെഴുത്ത്‌,പരാജിതന്‍, ലതീഷ്‌ മോഹന്‍, ഉമ്പാച്ചി, ക്രിസ്പിന്‍ ജോസഫ്‌, അനീഷ്‌,സംവിദാനന്ദ്‌, ദേവദാസ്‌, പൊന്നപ്പന്‍, പ്രതാപ്‌ വിമതന്‍, പയ്യന്‍സ്‌, കാളിയംബി,പച്ചാളം,ഉന്മേഷ്‌ ദസ്തക്കിര്‍,തുളസി,വിമതന്‍,സങ്കുചിതൻ എന്നിങ്ങനെ കുറച്ചു ബ്ലോഗര്‍മ്മാര്‍ ,കവിയുടെ ഭാര്യ പാത്തു, കുഞ്ഞുങ്ങള്‍,നാട്ടുകാരായ രണ്ട്‌ സുഹൃത്തുക്കള്‍ എന്നിവരടങ്ങിയ ഒരു ചെറിയ സദസ്‌....കല്‍പ്പറ്റ നാരായണന്‍,പി.പി.രാമചന്ദ്രന്‍,പി.രാമന്‍ തുടങ്ങി സമ്മേളനസ്ഥലം ഇതല്ലേ എന്ന്‌ തിരക്കി വന്ന വിനീതരായ കവികള്‍ (കല്‍പ്പറ്റ വരുന്നത്‌ ഒരു കവിത വരുമ്പോലെ തന്നെയായിരുന്നു,ഇവിടെ ഒരു ഫങ്ങ്ഷനില്ലേ..എന്നും ചോദിച്ച്‌ ഒരു സഞ്ചിയും തൂക്കി)ഇതായിരുന്നു ആകെ ഉണ്ടായിരുന്നത്‌...

പുസ്തകം പി.പി.രാമചന്ദ്രന്‌ കൈമാറിക്കൊണ്ട്‌ പ്രകാശനം നിര്‍വ്വഹിച്ച കല്‍പ്പറ്റ കവിയുടെ അഭാവത്തെ എടുത്തുപറയാന്‍ വിട്ടുപോയില്ല.തന്റെ പുസ്തകം പ്രകാശിപ്പിക്കുന്നു വരണം എന്ന്‌ ഒരൊറ്റതവണ മാത്രം അറിയിച്ച്‌ പിന്നീട്‌ ഒന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ പോലും വിളിക്കാത്ത കവിയുടെ തന്നോട്‌ തന്നെയുള്ള അലംഭാവത്തെ അദ്ദേഹം സ്നേഹപൂർവ്വമാണ്‌ സൂചിപ്പിച്ചത്‌.സമകാലിക മലയാളം കണ്ട എണ്ണപ്പെട്ട കവിതകളില്‍ ഒന്ന്‌ എന്ന വിശേഷണത്തോടെ "പശു" എന്ന കവിത ആലപിക്കുകയും വിഷ്ണുപ്രസാദ്‌ എന്ന കവി അദ്ദേഹത്തിന്റെ തന്നെ മികച്ച കവിതകള്‍ നയിക്കുന്ന വഴിയേ മുന്നൊട്ട്‌ പോയാല്‍ എത്തിപ്പെടാവുന്ന ഉയരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അദ്ദേഹം.

തുടര്‍ന്ന്‌ സംസാരിച്ച പി.രാമന്‍ വിഷ്ണുപ്രസാദിന്റെത്‌ തന്നോട്‌ തന്നെയുള്ള കുറ്റകരമായ അനാസ്ഥയാണെന്നാണ്‌ വിലയിരുത്തിയത്‌.മലയാള കവിത ഒരു കെട്ടിക്കിടക്കലില്‍ ആയിരിക്കുമ്പോള്‍,മികച്ചതും പുതുമയുള്ളതുമായ കവിതകള്‍ എഴുതുമ്പൊഴും വിഷ്ണു തന്റെ കവിതകള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രകാശനം നല്‍കുന്നില്ല എന്നദ്ദേഹം കുറ്റപ്പെടുത്തി.അലര്‍ച്ച എന്ന കവിത അദ്ദേഹം ആലപിക്കുകയും ചെയ്തു

പി.പി രാമചന്ദ്രന്‍ ബ്ലോഗ്‌ കവിതക്ക്‌ മാത്രം സാധിക്കുന്ന ചില പരീക്ഷണങ്ങളെക്കുറിച്ചാണ്‌ സംസാരിച്ചത്‌.വിഷ്ണു പ്രസാദിന്റെ പല കവിതകളിലും അത്തരം സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം കണ്ടെത്തുന്നുണ്ട്‌.കല്‍പ്പറ്റയുടേയും,പി.രാമന്റേയുമൊക്കെ കവിതകള്‍ നിന്നിടത്തു നിന്ന്‌ ഉള്ളിലേക്ക്‌ കുഴിഞ്ഞിറങ്ങുന്ന രീതിയിള്‍ ആയിരിക്കുമ്പോള്‍ വിഷ്ണുപ്രസാദിന്റെ കവിതകള്‍ ആഴത്തേക്കാള്‍ പരപ്പിലേക്ക് നീന്തിയും ഒന്നില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ വികസിച്ചും ബ്ലോഗിന്റെ സാധ്യതകള്‍ക്ക്‌ അനുരൂപമായ ഒരു ഘടന കണ്ടെത്തുന്നു എന്നദ്ദേഹം പറഞ്ഞു.

ഉച്ച തിരിഞ്ഞ്‌ മൂന്നിന്‌ ആരംഭിച്ച ചടങ്ങിന്‌ ആധ്യക്ഷ്യം വഹിച്ചത്‌ സംവിദാനന്ദ്‌ ആയിരുന്നു. ഹരികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. പുസ്തകം പരിചയപ്പെടുത്തിയത്‌ ഡെലിഗേറ്റ്സ്‌ ബുക്കിന്റെ ശ്രീ സുനില്‍ ആയിരുന്നു. പുസ്തകപ്രാസാധക രംഗംനേരിടുന്ന വെല്ലു വിളികളെ കുറിച്ച്‌ വളരെ ചുരുക്കത്തില്‍ സുനില്‍ വിശദീകരിച്ചു. നൂതനമായ മാര്‍ക്കറ്റിങ്ങ്‌ സാധ്യതകളെ ചൂഷണം ചെയ്യേണ്ട ആവശ്യകതയെ വെളിപ്പെടുത്തുന്നുതായിരുന്നു സുനിലിന്റെ പ്രസംഗം.

കല്‍പ്പറ്റയും,പി.രാമനും പറഞ്ഞതിന്‌ അനുപൂരകമായി ഒന്നുകൂടിയുണ്ട്‌.ഹരികൃഷ്ണന്‌ അയച്ച ചിത്രങ്ങള്‍ക്ക്‌ മുന്നോടിയായി തുളസി എഴുതിയത്:

ഫോട്ടോസിലൊന്നും വിഷ്ണുമാഷിലല്ലോ ഹരിയേട്ടാ ..
കവിയുടെ അലംഭാവം എന്നു പറഞ്ഞു ഞാന്‍ തടിതപ്പുന്നു :)

സ്നേഹം,
തുളസി

സ്വകാര്യം: എന്തായാലും എന്നെ സംബന്ധിച്ച്‌ കവികള്‍ മനുഷ്യരായിരിക്കുന്ന അവസ്ഥയില്‍ അവരെ കണ്ടുമുട്ടാനായി എന്നതായിരുന്നു നേട്ടം.. അനിലനെ,കൂഴൂരിനെ,വിഷ്ണുവിനെ,കല്‍പ്പറ്റയെ,പി.പി.ആറിനെ,പി.രാമനെ,അനീഷിനെ,കാമറകൊണ്ട്‌ കവിതയെഴുതുന്ന തുളസിയെ,സ്നേഹം കൊണ്ട്‌ മെലിഞ്ഞുപോയ ഉന്മേഷിനെ, ലതീഷിനെ .....മടങ്ങിപ്പോരുമ്പോള്‍ എന്റെ കൂടെ രണ്ട്‌ വിലപിടിപ്പുള്ള സമ്മാനങ്ങളുമുണ്ടായിരുന്നു ഒന്ന് തന്നോട്‌ തന്നെയുള്ള അലംഭാവം കൊണ്ട്‌ കവിതയെ നടപ്പുവഴികളില്‍ നിന്ന് തെറ്റിച്ചു നടത്തുന്ന വിഷ്ണുപ്രസാദിന്റെ "കുളം+പ്രാന്തത്തി" മറ്റേത്‌ പഴയ ഒരു വഴക്ക്‌ പുതിയ ഒരു സൗഹൃദമായി മാറുമ്പോഴുണ്ടാകുന്ന ആഹ്ലാദം അനുഭവിപ്പിച്ച "രണ്ട്‌ അധ്യായങ്ങളുള്ള നഗരം" (അനിലന്റേത്‌ :-) ) രണ്ട് മികച്ച പുസ്തകങ്ങള്‍...ഇതാണ് ഒറ്റവെടിക്ക് രണ്ട് പക്ഷിയെന്ന് പറയുന്നത്

ഇനി ചിത്രങ്ങള്‍
ചിത്രങ്ങള്‍ :തുളസി

56 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

വാര്‍ത്ത നോക്കിയിരിക്കുകയായിരുന്നു. നന്ദി സനല്‍. ആ മനുഷ്യന്‍ അവിടുന്നും മുങ്ങി അല്ലേ... :)

aneeshans പറഞ്ഞു...

സനല്‍ ഇതിലും നന്നായി ആ അനുഭവത്തെ പങ്കു വയ്ക്കുക വയ്യ. ഒരു സ്പെഷ്യല്‍ നന്ദിയുണ്ട് ഈ എഴുത്തിന്. മാഷിന്റെ ഈ ബൂക്ക് പരമാവധി വായനക്കാരിലേക്കെത്തിക്കേണ്ടത് നമ്മള്‍ ഒരോ‍രുത്തരും ആണ്.അതിനു വേണ്ട ശ്രമങ്ങളാണ് ഇനി വേണ്ടത്. കവിതയെ സ്നേഹിക്കുന്ന എല്ലാവരുടേയും സഹായങ്ങള്‍ പ്രതീക്ഷിക്കാം നമുക്ക്.

ഓ ടോ: ഗുപ്താ മാഷ് മുങ്ങീന്ന് ആര് പറഞ്ഞു :)രണ്ടാമത്തെ ഫോട്ടോയില്‍ വലത്ത് നിന്ന് മൂന്നാമത് ഇരിക്കുന്ന ആളെ കണ്ടില്ലേ.കവി അവിടെയുണ്ട്.

വിശാഖ് ശങ്കര്‍ പറഞ്ഞു...

സനാതനാ..,
നിന്റെ ഈ കുറിപ്പ് നെഞ്ചില്‍ തട്ടി.

Roby പറഞ്ഞു...

സനാതനാ, പ്രകാശനം കഴിഞ്ഞ കാര്യം ഹരി പറഞ്ഞിരുന്നു. കൂടുതല്‍ ഫോട്ടൊകള്‍ ഇടുമല്ലോ.

ഓണ്‍‌ലൈന്‍‌ വാങ്ങേണ്ടവര്‍ക്കായി ലിങ്ക് ഇവിടെയും കൊടുക്കുന്നു.

Roby പറഞ്ഞു...

അല്ല സനലേ, വെള്ളെഴുത്തിനെ നീ നേരില്‍ കണ്ടോ?

ഭാഗ്യവാന്‍..:)

ടി.പി.വിനോദ് പറഞ്ഞു...

നന്ദി സനലേ...

un പറഞ്ഞു...

സനല്‍ നല്ല കുറിപ്പ്. കവികളൊക്കെ മനുഷ്യര്‍ തന്നെയായിരിക്കുന്നുവെന്ന് എനിക്കും ബോധ്യമായ ഒരനുഭവമായിരുന്നു അത്. :)
പൊന്നപ്പന്‍ ക്യാമറ കൊണ്ട് എഴിതിയ കവിതകള്‍ എവിടെ?

Sanal Kumar Sasidharan പറഞ്ഞു...

മനൂ,അയാൾക്ക് ഈ മുങ്ങൽ സ്വഭാവം ഉള്ളതുകൊണ്ടാവും കയറു പൊട്ടിച്ചോടുന്ന പശുവിലും കവിതയിരിക്കുന്നത് കാണാൻ കഴിയുന്നത് ..നീയും മുങ്ങൽക്കാരനാണല്ലോ..;)

അനീഷേ,ഇന്നലെ ഞാൻ പ്രമുഖനായ ഒരു ബ്ലോഗറെ വിളിച്ച് ചെയ്യാവുന്ന ചില പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായമാരാഞ്ഞു.മറുപടി അഴകൊഴമ്പനായിരുന്നു..അതിനു കാരണം എനിക്ക് മനസിലായില്ല,അതുകൊണ്ട് കുറച്ചുകൂടി സംസാരിച്ചുനോക്കി..അപ്പോൾ കാര്യം പുറത്തുവന്നു...’പുസ്തകം വിഷ്ണുവിന്റെയല്ലേ..അതയാൾ തന്നെ ചെയ്താ മതി..ഇതുവരെ എന്നെ അയാൾ ഒന്നു ഫോണിൽ വിളിക്കുക പോലും ചെയ്തില്ല എന്നായിരുന്നു മറുപടി..‘ ആൾ ആരെന്നൊന്നും ചോദിച്ചേക്കരുത്.ഞാൻ പറയില്ല :)..ബൂലോകത്തിൽ ഗ്രൂപില്ല ;)അതുകൊണ്ട് ഗ്രൂപ്പുള്ള മറ്റുവല്ലേടത്തും നമുക്ക് ഇത്തരം ശ്രമങ്ങളെക്കുറിച്ച് സംസാരിക്കാം.

വിശാഖ് സന്തോഷം...പശുവിനെ ആദ്യം തിരിച്ചറിഞ്ഞയാളെന്ന നിലയിൽ താങ്കൾക്ക് അഭിമാനിക്കാം

റോബീ,എന്റെ കയ്യിൽ ഫോട്ടോകൾ ഇല്ല.അവിടെയാണെങ്കിൽ പടം പിടിക്കാരുടെ പ്രളയമായിരുന്നു...എടുത്ത പടങ്ങളൊക്കെ എന്തരു ചെയ്തെന്ന് അറിഞ്ഞൂടാ,ആരെങ്കിലും പോസ്റ്റുമായിരിക്കും :)..ഉം പിന്നെ വെള്ളെഴുത്തിനെക്കണ്ടു..വെള്ളെഴുത്തിന് കണ്ണടയില്ലായിരുന്നു :)

വിനോദേ സന്തോഷം.

Sanal Kumar Sasidharan പറഞ്ഞു...

ഉന്മേഷേ,
ബാറ്ററിയില്ലാത്ത കാമറയുമായി ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർക്ക് മറ്റുള്ളവരുടെ ഫോട്ടോയെപ്പറ്റി സംസാരിക്കാൻ എന്തവകാശം ..ഹ ..ഹ.ഹ :);)

Pramod.KM പറഞ്ഞു...

കുറിപ്പു കണ്ടതില്‍ സന്തോഷം. നന്ദി:)
പി.രാ‍മന്‍,വിഷ്ണുമാഷ് കവിതക്ക് അര്‍ഹിക്കുന്ന പ്രകാശനം നല്‍കുന്നില്ല എന്നു പറഞ്ഞത് മനസ്സിലായില്ല.

samvidanand പറഞ്ഞു...

എല്ലാ ബ്ലോഗറന്മാരും ഒരു പുസ്തകം ഒക്കെ വാങ്ങി പ്രസാധന സം‌രഭത്തെ വിജയിപ്പിക്കാന്‍ പരിശ്രമിക്കേണ്ടേ?

സാല്‍ജോҐsaljo പറഞ്ഞു...

മൂടുപടങ്ങളില്ലാത്ത ചിത്രങ്ങളാണ് വിഷ്‌ണുമാഷ് കവിതയില്‍ -എന്തിന്? കമന്റില്‍ പോലും!- വരികളാക്കിയത്.

നന്ദി സനാതനമേ.

വിഷ്ണുമാഷിന് ആശംസകള്‍.

G.MANU പറഞ്ഞു...

വല്ലാതെ കൊതിപ്പിച്ചല്ലോ സനല്‍ മാഷേ..

പ്രൈവറ്റ് കമ്പനിയുടെ കാരുണ്യംകൊണ്ട് അന്നം കഴിക്കുന്നവന്റെ ഗതികേട് യാത്രയെ മറ്റിവപ്പിച്ചു. ഒരു മഹാനിമിഷം അങ്ങനെ നഷ്ടമായി.

വിഷ്ണുജി... ഒരുപാട് ഒരുപാട് അഭിനന്ദനങ്ങള്‍.. കവിതയെപോലെ തന്നെ അരങ്ങില്‍ നിന്ന് മാറി നിന്ന വ്യക്തിത്വത്തോട് ബഹുമാനം കൂടി..

പുലികളെ എല്ലാം ഒന്നിച്ച് കാണാനുള്ള ഭാഗ്യവും പോയല്ലോ....:(

പുസ്തകം 5 എണ്ണം മാറ്റി വച്ചേക്കണേ.. നേരിട്ട് “വാങ്ങിച്ചോളാം”

CHANTHU പറഞ്ഞു...

ഈ നല്ല പോസ്‌റ്റ്‌ ഞാന്‍ കാത്തിരിക്കുകയായിരുന്നു

തറവാടി പറഞ്ഞു...

സനാതനാ നല്ല കുറിപ്പ് , വിഷ്ണുമാഷിന് ആശംസകള്‍ :)

ഓ:ടോ : ( നാട്ടുകാരനായ , വേദിയില്‍ തുടക്കം തൊട്ടവസാനം വരെ അവിടെ ഉണടായിട്ടും എവിടേയും പരാമര്‍ശിച്ച് കണ്ടില്ല :( , പരാചിതന്‍ പറഞ്ഞിട്ടായിരിക്കും അല്ലെ? ) :)

തറവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Visala Manaskan പറഞ്ഞു...

:) നല്ല സുന്ദരമായ കുറിപ്പ്. സന്തോഷം.

വിഷ്ണു മാഷിന് ആശംസകള്‍. പുസ്തകം കുഴൂരോ ടി.പി.യോ വഴി വരുത്തിക്കണം.

നജൂസ്‌ പറഞ്ഞു...

സനലേ... ഞാനും നോക്കിയിരിക്കുകയായിരുന്നു മാഷിന്റെ പുസ്തക പ്രകാശനത്തിന്റെ വിവരങ്ങല്‍. വളരെ നല്ല രീതിയില്‍ സനലത്‌ പറഞ്ഞു തന്നു. നന്ദി. കുറെ പേരെ നേരിട്ടു കാണാനുള്ള അവസരം ഇല്ലാതെ പോയതില്‍ ഇപ്പോഴും സങ്കടമുണ്ട്‌. എഴുത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവര്‍ക്ക്‌ വല്ല്യരു പ്രതീക്ഷയണിത്‌. പുസ്തകത്തിന്റെ ഒരു പ്രതി എനിക്കും വേണം.
ഫോട്ടോസ്സുണ്ടകില്‍ എടുത്തവരിവിടെ ഇടണം. അടിക്കുറിപ്പ്‌ സഹിതം. :)

Sanal Kumar Sasidharan പറഞ്ഞു...

യ്യോ സങ്കുചിതൻ എന്ന പേരിൽ എഴുതുന്ന വികസിത മനസ്കനെ വിട്ടുപോയി!
എന്റെ പിഴ..എന്റെ പിഴ..എന്റെ വലിയ പിഴ... ;)

ജ്യോനവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജ്യോനവന്‍ പറഞ്ഞു...

നല്ല കുറിപ്പ്. വളരെ നന്ദി.

തറവാടി പറഞ്ഞു...

സനതനാ,

സങ്കുജിതന്‍‌റ്റെ പേര് പരാമര്‍ശിച്ചോ ഇല്ലയോ എന്നത് എന്‍‌റ്റെ വിഷയമല്ല ;)
മേലേ പട്ടാമ്പിയിലുള്ള എന്‍‌റ്റെ മനസ്സായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. :)

ശെഫി പറഞ്ഞു...

സനൽ ഇത്ര ഭംഗിയായി പങ്കു വെച്ചതിന് നന്ദി.
എഴുത്തുകാരന്റെ സന്തോഷത്തിൽ പങ്കൂ കൊള്ളുന്നു.

വല്യമ്മായി പറഞ്ഞു...

പരിപാടികള്‍ ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം.ആശംസകള്‍ മാഷേ.

ബാജി ഓടംവേലി പറഞ്ഞു...

വലിയ മാനങ്ങളുള്ള ചെറിയ 34 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകം ഈ വലിയ ലോകത്തിനുമുന്നിനു സത്യസന്ധമായ നിസംഗതയോടെ സമര്‍പ്പിച്ചിരിക്കുന്നു വിഷ്ണുപ്രസാദ്‌.

Sanal Kumar Sasidharan പറഞ്ഞു...

തറവാടീ,സുമനസുകൾ അങ്ങനെയാണ് നന്മയുള്ളിടത്തൊക്കെ എത്തും അദൃശ്യസാന്നിദ്ധ്യമാകും,ആരോടും പറയാതെ മടങ്ങും,ഉണ്ടായിരുന്നു എന്ന് പറയുക പോലും ചെയ്യില്ല.....താങ്കളുടെ സുമനസിന് ആയിരം നന്ദി

ദേവസേന പറഞ്ഞു...

കവിക്ക്, കുളം+പ്രാന്തത്തിക്ക്, പ്രകാശനാനുഭവം ബൂലോകത്തെത്തിച്ച സനലിനു,
ആശംസകള്‍, ആശംസകള്‍, ആശംസകള്‍..

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഈ കവിയെ വേണം
ഈ പുസ്തകവും

കുറിപ്പ് നന്നായി
നല്ല നോട്ടം.

asdfasdf asfdasdf പറഞ്ഞു...

ആശംസകള്‍.
കവിയെ കാണുന്നില്ലല്ലോ ! :)
പുസ്തകം ഇവിടെ വാങ്ങാവുന്നതാണ്.
http://www.smartneeds.com/shpdetails.asp?ID=619

Ajith Polakulath പറഞ്ഞു...

aasamsakal.......
ippozha arinjathu..


boolokathu undayirunnilla

Maashe orikal koodi asamsakal!

Latheesh Mohan പറഞ്ഞു...

പട്ടാമ്പിയിലെ ബാറുകള്‍
വിത്സന്റെ അമ്പാസിഡര്‍

സനാതനാ, അത്രയധികം മദ്യം അവിടെ വേസ്റ്റായതിനെ പറ്റി ഇനി ആരെഴുതും?

:)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വിഷ്ണുമാഷിന് ആശംസകള്‍.

Sanal Kumar Sasidharan പറഞ്ഞു...

എന്ത് മദ്യം വേസ്റ്റായെന്നോ..അന്യായം,അപരാധം...ഹൊ!!
ലതീഷേ...:)

അജ്ഞാതന്‍ പറഞ്ഞു...

ഈ എഴുതിയത് സത്യമാണെങ്കില്‍, കവി ഒന്നോര്‍ക്കുക: സ്വന്തം കവിതയെ കവി തന്നെ വില വെച്ചില്ലെങ്കില്‍‍ പിന്നെ നാട്ടാര് ഏത് വകുപ്പിലാ വില കൊടുക്ക്വാ?
ഇന്റര്‍നെറ്റില്‍ വന്നത് വായിച്ചിട്ട് അത്ര ഭയങ്കരനാണെന്നൊന്നും തോന്നീം ല്ല.
പുശ്ചത്തോടെ അവജ്ഞയോടെ, താല്‍‌പ്പര്യമില്ലാതെ വലിച്ചെറിഞ്ഞു കൊടുക്കാന്‍ ഇതെന്ത് കടിച്ചു വലിച്ച എല്ലിങ്കഷ്ണമോ? നാട്ടാര് കൊടിച്ചിപ്പട്ടികളോ?
കേര്‍ഫുളി കേര്‍ലെസ്സ് ഫേഷന്‍ ഒക്കെ ഓള്‍ഡ് ഫേഷനായി.

Latheesh Mohan പറഞ്ഞു...

അന്യായവും അപരാധവും തന്നെ, സനല്‍ :)

സഖാവേ കപീ,

നാട്ടുകാരെ ആരും ഓടിച്ചിട്ട് എല്ലിന്‍ കക്ഷ്ണം തീറ്റിക്കുന്നില്ലല്ലോ. അത് തീന്നു ശീലിച്ചവര്‍ അതു തന്നെ തിന്നും. ‘ഭയങ്കരന്മാരെ’ തിരക്കിയുള്ള യാത്ര തുടരുക :(
കവി കെയര്‍ഫുള്ളാകണോ, അല്ലാതാകണോ എന്നൊക്കെ അങ്ങേരല്ലേ തീരുമാനിക്കേണ്ടത്. തനിക്കെന്താ ഇത്ര ബേജാര്‍?

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

പുസ്തക പ്രകാശന വിവരം അറിഞ്ഞിരുന്നു. റിപ്പോര്‍ട്ട് ലഭ്യമായതില്‍ നന്ദി.

പുസ്തകം യൂ.ഏ.യില്‍ എങ്ങിനെ ലഭ്യമാകും?

Sanal Kumar Sasidharan പറഞ്ഞു...

"സ്വന്തം കവിതയെ കവി തന്നെ വില വെച്ചില്ലെങ്കില്‍‍...."

കപീ,
എവിടെ നിന്നാണ് താങ്കൾക്ക് ഈ വിലപ്പെട്ട വിവരം കിട്ടിയത്,മുകളിൽ ഞാനെഴുതിയ പോസ്റ്റിൽ നിന്ന് താങ്കൾ അങ്ങനെ വയിച്ചെടുത്തോ...അപാരം ...ചുക്ക് എന്നു പറഞ്ഞാൽ ചുണ്ണാമ്പെന്ന് മനസിലാകുന്ന താങ്കളാണോ ഇന്റെർനെറ്റിൽ വന്ന കവിതകൾ വായിച്ച് അഭിപ്രായം പറയുന്നത്.ആദ്യം മുഴുവൻ വായിച്ചിട്ട് ഒരു നിലപാടെടുക്കുക അല്ലാതെ ആദ്യം ഒരു നിലപാടുമായി വന്ന് ഒരു വായന നടത്തുകയല്ല വേണ്ടത്.കെയർഫുള്ളി കെയർലെസ്സ് ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണ് സത്യം...പക്ഷേ കെയർലെസ്ലീ കെയർഫുൾ ആകുന്നതേക്കുറിച്ച് എന്തുപറയാനാണ്!
കഷ്ടമെന്നല്ലാതെ

ഹാരിസ് പറഞ്ഞു...

ഒത്തിരി സന്തോഷം

മയൂര പറഞ്ഞു...

Vishnu mashinu aashamsakal..Sanalinum thulasikum nandi :)

Abdu പറഞ്ഞു...

സന്തോഷം

ധ്വനി | Dhwani പറഞ്ഞു...

വാര്‍ത്ത നിറച്ച് കുറേ പോസ്റ്റുകള്‍ എന്തിനു? . ഇങ്ങനെ ഒരെണ്ണം പോരേ. ഹൃദയം തൊട്ട ഒരനുഭവം പങ്കുവച്ചതുപോലെ തോന്നി.

വിഷ്ണുമാഷിനു അഭിനന്ദനങ്ങള്‍!

Kiranz..!! പറഞ്ഞു...

നേരുള്ള എഴുത്ത് സനാതനാ,കൊള്ളാം.വിഷ്ണുമാഷിന്റെ പ്രാന്തത്തിക്കാശംസകള്‍. ബ്ലോഗില്‍ നിന്നും ഇത് മൂന്നാമത്തേതല്ലേ ? ബ്ലോഗില്‍ നിന്നു പുറത്തിറങ്ങിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുവാന്‍ ബ്ലോ‍ഗ് അക്കാദമിയുടെ പ്രവര്‍ത്തകര്‍ക്കും സാധിച്ചേക്കുമെന്നു കരുതുന്നു.

ഓണ്‍ ടോ :- സഖാവ് ലതീഷ് മോഹന്‍,ഒരല്‍പ്പം താടിയും മുടിയും ഒക്കെ അവിടെയും ഇവിടെയുമൊക്കെ മുറിച്ചെന്നു കരുതി ഈ സഖാവ് എന്ന വാക്കിന്റെ വില അങ്ങ് പെട്ടന്നിടിച്ചു കളയല്ലേ :)

Teena C George പറഞ്ഞു...

വിഷ്ണുമാഷിനു ആശംസകള്‍...

! പറഞ്ഞു...

ആശംസകള്‍!!!

sree പറഞ്ഞു...

വരാന്‍ കഴിയാഞ്ഞതില്‍ വിഷമം ഇരട്ടിച്ചു ഇതു വായിച്ചപ്പോള്‍...പിന്നെ, കവികള്‍ മനുഷ്യരാണെന്ന്...ആണോ സനലെ?! ശരിക്കും?

വെള്ളെഴുത്ത് പറഞ്ഞു...

എവിടെയാണ് ഈ പോസ്റ്റെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍ ഇന്നലെ വൈകുന്നേരം മുഴുവന്‍ പാളയത്തിലൂടെ...’സ്നേഹം കൊണ്ടു മെലിഞ്ഞു പോയ ദെസ്തകീര്‍‘.. എങ്കില്‍ ഒരു വരി ഞാനും തരാം..“തുളസി അഥവാ ഒരു കൊച്ചുകുട്ടിയുടെ മുഖമുള്ള മൌനം. “
‘നിലാവിന്റെ മൊട്ടത്തല‘യെക്കുറിച്ചാരോ പറഞ്ഞുകേട്ടല്ലോ.. അപ്പോള്‍ പകലിനെ നിലാവായി വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന തുളസിയുടെ ക്യാമറക്കണ്ണുകള്‍ കണ്ടില്ല അല്ലേ? സങ്കുചിതന്റെ, പൊന്നപ്പന്റെ, ദസ്തകീറിന്റെയൊക്കെ ചിത്രങ്ങള്‍ ഇനി വരുവായിരിക്കും..വിവരണങ്ങളും..
ലതീഷേ ഒറ്റതുള്ളി വേസ്റ്റായിട്ടില്ല, ആള്‍ജാമ്യം ഞാന്‍ തന്നെ. സങ്കുചിതന്‍ സൌഹൃദമാണ് നാരങ്ങയ്ക്കു പകരം പിഴിഞ്ഞത്. നെഞ്ചത്ത് പന്തം കുത്തിയെരിയുന്ന, വിയര്‍ത്ത വിത്സനെ, രാത്രി കുലുങ്ങുന്ന ബസ്സിലെ ഉറക്കത്തിനിടയിലും കണ്ടു ഞെട്ടി. ബസ്സ് രാത്രി ദിക്കറിയാതെ റോഡില്‍ അയവിറക്കി നിന്ന ഒരു പശുവില്‍ ചെന്നിടിച്ചു.

un പറഞ്ഞു...

വെള്ളെഴുത്ത് മാഷേ,
ക്യാമറയില്‍ ബാറ്ററിയിടാന്‍ മറന്നുപോയതു സനല്‍ സൂചിപ്പിച്ചില്ലേ? ഫോട്ടൊഗ്രാഫറുടെ അലംഭാവം എന്നു പറഞ്ഞു ഞാനും തടിതപ്പുന്നു. :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

വിഷ്ണുമാഷിന് ആശംസകള്‍

Latheesh Mohan പറഞ്ഞു...

കോമ്രേഡ് വെള്ളെഴുത്ത്,

വിത്സനെക്കുറിച്ചു മാത്രം മിണ്ടരുത്. അവന്‍ വന്ന/ഞാന്‍ തിരിച്ചു വന്ന അമ്പാസിഡര്‍ ഞാന്‍ മരിക്കുന്നതു വരെ മറക്കില്ല :)

:)

ഏറുമാടം മാസിക പറഞ്ഞു...

nannaayi mashe.varaan pattillaallo...kuzhoor vilson vazhi kurach pusthakam ethikkuka.aashamsakal....

Santhosh പറഞ്ഞു...

ആശംസകള്‍!

അനിലൻ പറഞ്ഞു...

വിഷ്ണുവിന്റെ പുസ്തകം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.
ആവശ്യമുള്ളവര്‍ അറിയിക്കണം.

SUNISH THOMAS പറഞ്ഞു...

തമസ്കരിക്കപ്പെട്ടവന്റെ വാഗ്മയം ഒടുവില്‍ കടലാസിലും. ഞാന് പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാന്തനും സത്യസന്ധനുമായ മനുഷ്യനാണ് വിഷ്ണുമാഷ്. അങ്ങനെ വരുമ്പോള്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ കവിയും മാഷ് തന്നെയാണ്.

അഭിനന്ദനങ്ങള്‍!

sreeni sreedharan പറഞ്ഞു...

വിഷ്ണുമാഷിന്‍റെ കവിതകള്‍ ഞാന്‍ ബ്ലോഗില്‍ അധികം വായിച്ചിട്ടില്ല. പക്ഷേ പുസ്തകം വായിച്ചതിനു ശേഷം ആ ശീലം തുടങ്ങി.
സാനാതനോ.. പോസ്റ്റിനു നന്ദി. പത്ത്നൂറ്റന്‍പത് കിലോമീറ്റര്‍ ഓടിയ എനിക്കും അയവിറക്കാന്‍ പറ്റി.

ഓഫ്സ് :
അനിലന്‍ ചേട്ടന്‍ തിരികെ പോയാ? വീണ്ടും കാണണമെന്ന് പറഞ്ഞത് നടന്നില്ല. :( സാരമില്ല വീണ്ടും കാണാം ;)
വെള്ളെഴുത്തനിനെ ഞാന്‍ പ്രതീക്ഷിച്ചത്, ആര്‍മീന്ന് വിരമിച്ച ഒരു പക്കാ ഗൌരവ-48കാരനെയായിരുന്നു..ഇതൊരുമാതിരി ചുള്ളനായിപ്പോയ് !
ഇമ്പോര്‍ട്ടന്‍റ് ഓഫ്: ഓര്‍മ്മിപ്പിക്കാത്തതിനു ചീത്തവിളിച്ചോണ്ട് കണ്ണൂസ്സേട്ടന്‍ എസ് എം എസ് അയക്കും. ആരും തിരിച്ച് വിളിക്കരുത്... അത് ഇന്‍റര്‍നാഷ്ണല്‍ കോളാണ്‍ :((((

umbachy പറഞ്ഞു...

എന്റെ കൂടെ എന്റെ സജിനയും ഹാജരായിരുന്നു

അജ്ഞാതന്‍ പറഞ്ഞു...

വിഷ്ണുമാഷിന് ആശംസകള്‍.