പ്രസിദ്ധ തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഒരു ദിവസം രാവിലെ എന്നെ വിളിച്ച് ഊട്ടിയില്‍ ഒരു തമിഴ്-മലയാള കവിതാക്യാമ്പ് മെയ് മാസത്തില്‍ നടക്കുന്നുണ്ടെന്നും അതിലേക്ക് എന്നെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വരാമോ എന്നും ചോദിച്ചു.അക്ഷരാര്‍ഥത്തില്‍ അത്എന്നെ അത്ഭുതപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരനാണ് ജയമോഹന്‍.വ്യക്തിപരമായി അടുപ്പമില്ലാത്ത ഒരു എഴുത്തുകാരനും എന്നെ ഇതേവരെ വിളിച്ചിട്ടില്ല.കവിതകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചുകൊടുക്കയോ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുമല്ല.ഹരിതകത്തില്‍ നിന്ന് പി.പി.രാമചന്ദ്രന്‍ മാഷാണ് ഒരു ലിസ്റ്റ് തയ്യാറാക്കി കൊടുത്തത്... അതില്‍ നിന്നാണത്രേ അദ്ദേഹം എന്നെയും തെരഞ്ഞെടുത്തത്.ജയമോഹനെ പോലെ വലിയ ഒരെഴുത്തുകാരന്‍ വിളിച്ചതിന്റെ ആനന്ദം എനിക്ക് മറച്ചുവെക്കാനാവുമായിരുന്നില്ല.തസ്കര ഗോത്രങ്ങളെക്കുറിച്ച് എഴുതിയ,പന്നിക്കും ചായ വാങ്ങിക്കൊടുക്കുന്ന തോട്ടികളെക്കുറിച്ച് എഴുതിയ ജയമോഹന്‍...
അതേ തുടര്‍ന്ന് എന്റെ പത്തുകവിതകള്‍ ഞാന്‍ ജയമോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു.അധികം വൈകാതെ അദ്ദേഹം അതിന് മറുപടിയും അയച്ചു:
Dear vishnu
Just read and translated your poems. Only one poem about stone god is not so good. It is very conventional. All other poems are really beautiful. You have a spontaneous sharp poetic diction and fresh imagery. Recently I am not listening poetry in Malayalam, because I am not reading malayalam magazines in these days. So I have not listened you till now. I don't know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets. Never give a dime to them. Never cater for them. What you are writing now is definitely on the path of great poetry, and it will be recognized once. ......................................................................................................
jeyamohan
മലയാളത്തില്‍ നിന്ന് ഒന്‍പതു കവികള്‍ ഉണ്ടായിരുന്നു.പി.പി രാമചന്ദ്രന്‍,കല്പറ്റ നാരായണന്‍,അന്‍വര്‍ അലി,പി രാമന്‍,സെബാസ്റ്റ്യന്‍,എസ്.ജോസഫ്,വീരാന്‍ കുട്ടി,ബിന്ദു കൃഷ്ണന്‍ എന്നിവര്‍.എല്ലാവരും പ്രഗത്ഭര്‍.സത്യത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഒരു ഭയം എനിക്ക് ഉണ്ടായി. അടുത്തകാലത്തൊന്നും ഒരു കവിത പോലും അച്ചടി മാധ്യമങ്ങളില്‍ വരാത്ത,ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത(ചുവപ്പ് പച്ച കറുപ്പ്...മറക്കുന്നില്ല) തമിഴോ ഇംഗ്ലീഷോ എന്തിന് മലയാളം തന്നെ നന്നായി സംസാരിക്കാനറിയാത്ത ഞാന്‍ എന്തിനാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നും പങ്കെടുത്തിട്ട് എന്ത് വിശേഷമെന്നും കരുതിയിരുന്നു.ഒന്നു രണ്ടു സുഹൃത്തുക്കള്‍ എന്റെ മനോഭാവം മനസ്സിലാക്കി സ്നേഹപൂര്‍വം പോകണമെന്ന് ഉപദേശിച്ചു.
മെയ് 1,2,3 തീയതികളിലായിരുന്നു ക്യാമ്പ്. ദേവതച്ചന്‍,സുകുമാരന്‍,മോഹനരംഗന്‍,വാ.മണികണ്ഠന്‍,മകുടേശ്വരന്‍,യുവന്‍,രാജാ സുന്ദര രാജന്‍ എന്നീ തമിഴ് കവികളായിരുന്നു തമിഴിനെ പ്രതിനിധാനം ചെയ്തിരുന്നത്.അയച്ചുകൊടുത്ത കവിതകള്‍ ജയമോഹന്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.അതുപോലെ തമിഴ് കവിതകള്‍ മലയാളത്തിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു.തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ഹരിതകത്തില്‍ വായിക്കാം.മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ജയമോഹന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു.ഇങ്ങനെ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളകവിതകള്‍ എല്ലാ തമിഴ്കവികള്‍ക്കും ജയമോഹന്‍ നേരത്തേ അയച്ചുകൊടുത്തു.ജയമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമിഴ് കവിതകള്‍ പി.പി.ആര്‍ പങ്കെടുക്കുന്ന മലയാള കവികള്‍ക്കെല്ലാം മുന്‍കൂട്ടി എത്തിച്ചുകൊടുത്തു.
ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യചൈതന്യ യതിയുടെ ആശ്രമമായ ശ്രീനാരായണഗുരുകുലത്തിലായിരുന്നു ക്യാമ്പ്.ഭക്ഷണത്തിനോ താമസത്തിനോ രജിസ്ട്രേഷന്‍ ഫീസ് ഒന്നും വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം ഞാന്‍ ജയമോഹന് ഫോണ്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അരുള്‍മൊഴിയാണ് ക്യാമ്പിന്റെ ചെലവുകളെല്ലാം വഹിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്.(ഇത് ഏകദേശം പതിനായിരം രൂപ വരുമത്രേ).വേറൊന്ന് ഇത്തരത്തിലുള്ള കവി സംഗമങ്ങള്‍ ജയമോഹന്‍ ആദ്യമായല്ല സംഘടിപ്പിക്കുന്നത് എന്നാണ്.കുറ്റാലത്ത് പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ക്യാമ്പിനെ പറ്റി ജയമോഹന്‍ എഴുതിയത് ഓര്‍ക്കുന്നു.അക്കാലത്ത് ജയമോഹന്‍ ഭാഷാപോഷിണിയില്‍ കുറച്ച് ലേഖനങ്ങള്‍ ചെയ്തിരുന്നു.അതില്‍ നിന്നു കിട്ടിയ കാശു കൊണ്ടാണത്രേ ആ ക്യാമ്പ് സംഘടിപ്പിച്ചത്!
കേരളത്തിലും ഇത്തരം കവിസദസ്സുകള്‍ ഉണ്ടായിരുന്നുവെന്ന് പി.പി ആര്‍ ഓര്‍ക്കുന്നു.എം.ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്നിരുന്ന അത്തരമൊരു സദസ്സില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും പി.പി.ആര്‍ പറഞ്ഞു.ഇത്തരുണത്തില്‍ കേരളത്തില്‍ അക്കാദമിക്കായും അല്ലാതെയും നടക്കുന്ന കവിതാക്യാമ്പുകളെ ഒന്ന് വിലയിരുത്തുന്നത് രസകരമായിരിക്കും.ഞാന്‍ അവസാനമായി പങ്കെടുത്ത ഒരു ക്യാമ്പ് മന്ചേരിയില്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു ക്യാമ്പാണ്.എത്രയോ യുവ എഴുത്തുകാര്‍ അതില്‍ പങ്കെടുത്തിരുന്നു.നമ്മുടെ ലതീഷ്മോഹനൊക്കെ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു.അവിടെയൊക്കെ ഈ യുവ എഴുത്തുകാര്‍ മുതിര്‍ന്ന എഴുത്തുകാരുടെ സുദീര്‍ഘങ്ങളായ പ്രസംഗങ്ങള്‍ക്ക് ഇരുന്നുകൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും.ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ ഒരു കവി ഹസ്സനെ(ആരും അറിയാന്‍ വഴിയില്ല,ഇപ്പോഴും)പ്പോലെ പ്രതിഭയുള്ള ഒരു പാവം പിടിച്ച ചെറുപ്പക്കാരനെ തന്റെ ജാട ഒന്നുകൊണ്ടു മാത്രം ആക്ഷേപിക്കുന്നതും കേട്ട് ഇരിക്കേണ്ടി വന്നു ആ ക്യാമ്പില്‍.അതിനുശേഷം ഞാന്‍ ഒരുക്യാമ്പിലും പങ്കെടുത്തിട്ടില്ല.
കവിതകളെ എങ്ങനെയാണ് വിലയിരുത്തിയത് എന്നൊക്കെ പി.പി.ആറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.എന്തിന് അവസാന ദിവസം ഒരു ഫീഡ് ബാക്ക് സെഷന്‍ പോലും ഉണ്ടായിരുന്നില്ല.എന്നാല്‍ പങ്കെടുത്ത എല്ലാ കവികളുടെയും നാലഞ്ചു കവിതകള്‍ അതാതു കവികള്‍ക്ക് വായിക്കാനും അവയെല്ലാം ഏതു നിലയ്ക്കായാലും വിലയിരുത്തപ്പെടാനും അവസരമുണ്ടായി.രാമന്‍,യുവന്‍ തുടങ്ങിയ കവികള്‍ ചര്‍ച്ചയിലുടനീളം ഇടപെട്ടിരുന്നു.തന്റേതടക്കമുള്ള പുതിയ കവിത ഭാഷാനുഭവം നല്‍കുന്നില്ലെന്നായിരുന്നു രാമന്റെ പ്രധാന പരാതി.പുതിയ കവിത ഒരു ഇമേജോ കൌതുകമോ ഒക്കെ ആയി നില്‍ക്കുന്നുവെന്നാണ് രാമനും പി.പി.ആറുമൊക്കെ പറയുന്നത്.
വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റായ്ക,ഇന്ന കവിത എന്ന് കൃത്യമായി പറയാന്‍ പറ്റായ്ക-പകരം ഇന്ന ഇന്ന ആശയങ്ങളുള്ള കവിത എന്ന് പലപ്പോഴും കവിതാസ്വാദകര്‍ക്കും കവികള്‍ക്കും ഓര്‍ക്കേണ്ടി(ഓര്‍മപ്പെടുത്തേണ്ടി)വരിക തുടങ്ങിയ ദോഷങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.രാമന്‍ ക്യാമ്പില്‍ വായിച്ച പല കവിതകളും ഈയൊരു പ്രശ്നത്തോടുള്ള അയാളുടെ പ്രതികരണങ്ങളായാണ് വായിക്കപ്പെട്ടത്.ജോസഫ് മീന്‍കാരന്‍ വായിച്ചത് എനിക്ക് നല്ല ഒരു ഓര്‍മയാണ്.ആ കവിതയുടെ പ്രത്യേകത തന്നെയാണത്.ബിന്ദുകൃഷ്ണന്റെ ചൊല്ലിച്ചൊല്ലി എന്ന കവിത ശ്രദ്ധേയമായി.വീരാന്‍ കുട്ടി തന്റെ പ്രസിദ്ധമായ പൂത്തപടി എന്ന കവിത അവതരിപ്പിച്ചു.കാറ്റേ കടലേ,വിണ്ട ശില്പം തുടങ്ങിയ കവിതകളാണ് പി.പി ആര്‍ അവതരിപ്പിച്ചത്.
ഉമ്മറക്കോലായില്‍നിന്ന്
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!
കാറ്റേ കടലേ എന്ന കവിതയിലെ കിണ്ടി ഒരു സവര്‍ണബിംബമാണെന്ന മട്ടിലൊക്കെ ഒരു വിമര്‍ശനം വീരാന്‍ കുട്ടി തൊടുത്തുവെച്ചിരുന്നു.അടുത്തകാലത്ത് ഒരു പ്രതിരോധോപകരണം(എക്സ്പ്രെസ്സ് ഹൈവേ പ്രശ്നം) എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ഏക കവിതയാണ് കാറ്റേ കടലേ എന്ന കവിത.ആരുടെയും ആഹ്വാനമില്ലാതെ നാട്ടുകാര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് എന്‍ലാര്‍ജ് ചെയ്ത് വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഒട്ടിച്ചുവെച്ച കവിതയാണത്.മലയാളിയുടെ വിമര്‍ശനത്തിലെ കാപട്യം തിരിച്ചറിയാന്‍ ഇതൊക്കെ പോരേ... :)
കൊച്ചുകുഞ്ഞുങ്ങളുടെ
കോട്ടുവായിടുമ്പോഴത്തെ ഭാവം
എനിക്കിഷ്ടമാണ്.
ഒരു സ്വാദുമില്ല ജീവിതത്തിന്.
എന്നിട്ടവര്‍ വലിയ മുഷിച്ചിലോടെ
ലോകത്തിന് പുറംതിരിഞ്ഞ് കിടക്കും.
(കവിത-വന്നിട്ടധികമായില്ല)
കല്പറ്റ നാരായണന്റെ ഈ കവിത അവിടെ പലരും അയവിറക്കുന്നതു കണ്ടു.ഈ കവിത എന്നെ ഓര്‍മിപ്പിച്ചത് പി രാമന്റെ പുറപ്പാട് എന്ന കവിതയാണ്.അമ്മയെ നോക്കി കുതിച്ചു ചാടുന്ന,അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന കുട്ടന്‍(ചെറിയ കുഞ്ഞ്) ഒരു ദിവസം സന്ദര്‍ശകര്‍ വന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരോടോപ്പം പോകാന്‍ നോക്കുന്നു.അമ്മ കൈ നീട്ടിയിട്ടും തിരിച്ചു വരുന്നില്ല . തുടര്‍ന്ന് കവിത ഇങ്ങനെ:
അപ്പോള്‍ ഞാനറിഞ്ഞു,എന്റെ കുട്ടാ,
വിരസത നീ രുചിച്ചുകഴിഞ്ഞു.
മടുപ്പ് നീ മണത്തു.
നീ പുറപ്പെട്ടിരിക്കുന്നു...
അന്‍വര്‍ അലിയുടെ കവിതകള്‍ ക്യാമ്പില്‍ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നൊരു അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മിക്കതിനും റഫറന്‍സ് ആവശ്യമായി വരുന്നുവെന്നതാണ് ഒരു ദോഷമായി പല തമിഴ് കവികളും ചൂണ്ടിക്കാട്ടിയത്.താനിപ്പോള്‍ തനിക്കുവേണ്ടിത്തന്നെയാണ് കവിതയെഴുതുന്നതെന്നതായിരുന്നു അന്‍വറിന്റെ മറുപടി.
തമിഴില്‍ ദേവതച്ചന്റെയും യുവന്റെയും കവിതകള്‍ എനിക്ക് ഇഷ്ടമായി.ദേവതച്ചന്‍ അവിടെ വായിച്ച ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് എന്ന കവിതയും വായിക്കാഞ്ഞ സഞ്ചി എന്ന കവിതയും എനിക്ക് ഇഷ്ടമായ രചനകള്‍ ആണ്.യുവന്റെ ഈ കവിത നോക്കൂ
പച്ചക്കറി വണ്ടിയില്‍ ഊട്ടിയിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ പുതിയ സമാഹാരത്തിന്റെ (കണ്ണിലെഴുതാന്‍ -പ്രണയ കവിതകള്‍)കോപ്പികള്‍ കൊണ്ടു വന്നിരുന്നു.
എനിക്കും കിട്ടി കണ്ണിലെഴുതാന്‍ ഒന്ന്.
എന്നെ സംബന്ധിച്ച് ഈ ക്യാമ്പ് പലതരത്തില്‍ പ്രയോജനപ്പെട്ടു.മലയാളത്തിലെ തന്നെ ഇതുവരെ പരിചയപ്പെടാന്‍ പറ്റാതിരുന്ന പല കവികളെയും നേരില്‍ പരിചയപ്പെടാനും മൂന്നു ദിവസം ഒരുമിച്ചു കഴിയാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഏറ്റവും ആഹ്ലാദകരമായ സംഗതി.മറ്റൊന്ന് ഏതു നിലയ്ക്കായാലും കവിതകള്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തത്.തമിഴന്റെയും മലയാളിയുടെയും പ്രതികരണത്തിലെ വ്യത്യാസവും എനിക്ക് കാണാന്‍ കഴിഞ്ഞു.കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കൂടുന്നത്,കെട്ടിപ്പിടിക്കുന്നത്,ഓട്ടോഗ്രാഫ് ചോദിക്കുന്നത്...എല്ലാം കുറച്ചു നേരം എന്നെ വികാരാധീനനാക്കി.
ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ലേശം ആത്മവിശ്വാസം എനിക്കു കൂടി എന്നു പറഞ്ഞാല്‍ നുണയാവില്ല.ക്യാമ്പ് വര്‍ത്തമാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഒരു സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണം
എന്ന് പകുതി കളിയായി ഉപദേശിക്കുകയും ചെയ്തു.
29 അഭിപ്രായങ്ങൾ:
ഉവ്വ് ഉവ്വ് അഹങ്കാരം കൂടീട്ടുണ്ട് :).
മാഷേ അഭിനന്ദനങ്ങള്‍
font കുറച്ചും കൂടി വലുതാക്കിയാല്‍ എന്നെ പോലുള്ള കിളവികള്‍ക്ക് വായിക്കാന്‍ എളുപ്പമാകുമായിരുന്നു :)
ആശംസകള്‍..., "സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണംഎന്ന് പകുതി കളിയായി ഉപദേശിച്ചത്” ഓര്‍മ്മകളില്‍ ഉണ്ടായിരിക്കണം.
വിഷ്ണുമാഷെ, ഹരിതകത്തില്‍ പിപിആര്‍ എഴുതിയത് വായിച്ചിരുന്നു. അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗ് ഭാഷയ്ക്കു നല്‍കിയ സംഭാവനകളില്‍ എറ്റവും പധാനം മാഷിന്റെ കവിതകള്‍ തന്നെയെന്ന് അഭിപ്രായം. ശരിക്കും അഭിമാനമുണ്ട്..
സ്നേഹത്തോടെ...
അഭിനന്ദനങ്ങള്‍..
വിഷ്ണു......
ക്യാമ്പനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
ആശംസകള്‍:)
variyudakkaaathirunnath bhaaagyam !
അഭിനന്ദനങ്ങള്‍ :)
അസൂയകൊണ്ടെനിക്കിരിക്കാൻ വയ്യേ...
നിങ്ങളൊരൽപ്പം അഹങ്കാരിയും ഞാനൊരൽപ്പം അസൂയക്കാരനുമാകുമ്പോൾ താമസിയാതെ നമ്മൾ ശത്രുക്കളാകും.... മിത്രമേ....ശത്രുവിന്റെ ഭ്രൂണമേ.... എന്റെ അഭിനന്ദനങ്ങൾ :)
വിഷ്ണു ഇനിയും വളരും.എനിക്കുറപ്പുണ്ട്
ആശംസകളോടെ..
" vishnumaashine njan kanTittunT ; vishnumaashente suhruthhaaN "
njaanum ahankarikkum.
മാഷേ...
ഹരിതകത്തില്‍ നിന്നും രാമചന്ത്രന്റെ കുറിപ്പിലൂടെ ക്യാമ്പ് വിശേഷങ്ങള്‍ അറിഞ്ഞു. അപ്പോഴേ വിചാരിച്ചിരുന്നു മാഷിന്റെ കുറിപ്പും കാണുമെന്ന്. ധൈര്യമായി അഹംങ്കരിക്ക് മാഷേ... എന്നാത്തിനാ പേടിക്കുന്നേ.....
ഹസ്സനെ അറിയാനും ഈ കുറിപ്പ് ഇടയാക്കി.
ഒരായിരം നന്മകള്‍
വിഷ്ണൂ,
ചുള്ളിക്കാടിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മയാണ് അന്നയാള്‍ ഹസനോടു പറഞ്ഞ തെണ്ടിത്തരം. അവന്‍ എഴുത്തു നിര്‍ത്തിയതില്‍ എനിക്കവനോട് പരിഭവം തോന്നിയിട്ടില്ല. ഈ സൈസ് സാധനങ്ങളെയാണെല്ലോ കണ്ടുവളരുന്നത്.
വിഷ്ണു പിന്നീട് ക്യാമ്പിന് പോയിട്ടില്ലേ? കുറ്റമല്ല കവിത വളര്‍ന്നു പന്തലിച്ചത്. :)
ഈ പുതിയ തമിഴ് കവിതകള്‍ യാതൊരു വളര്‍ച്ചയുമില്ലാതെ, കെട്ടിയിട്ട കുറ്റിയില്‍ തന്നെ കിടന്നു കറങ്ങുന്നതിനെ കുറിച്ച് വിഷ്ണു അവിടെ പറഞ്ഞുവോ? ആരെങ്കിലും പറയേണ്ട കാര്യം അതിക്രമിച്ചു.
സന്തോഷം.
ഹൃദയം നിറഞ്ഞ ആശംസകള്‍
വിഷ്ണുമാഷ്, താങ്കളുടെ കവിതകള്‍ക്കു ലഭിച്ച അംഗീകാരത്തില്‍ സന്തോഷം.
ഹൊഗെനക്കലില്‍ നടത്തിയ ക്യാമ്പില്‍ ഞാനും പങ്കെടുത്തിരുന്നു. ജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തോട് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ആ മാസികയിലൂടെത്തന്നെ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അതു സംഭവിച്ചതെന്നു മാത്രം. ടി. പി. രാജീവന്‍, കല്പറ്റ നാരായണന്‍, പി. രാമന്‍, വീരാന്‍കുട്ടി എന്നിവരായിരുന്നു ക്യാമ്പില്‍ പങ്കെടുത്ത മറ്റു മലയാളകവികള്‍.
രാമചന്ദ്രനും താങ്കളും എഴുതിയ ഊട്ടി അനുഭവങ്ങള്‍ വായിച്ചപ്പോള്‍ ജയമോഹന് ഒട്ടും വ്യത്യാസം വന്നിട്ടില്ല എന്നു തോന്നുന്നു. അപ്പൊ അദ്ദേഹത്തിന്റെ നിലപാടുകളൊടുള്ള സമീപനവും മാറാന്‍ വിഷമം.
‘കാവ്യവസ്തു ആത്മനിഷ്ഠമായാലും വസ്തുനിഷ്ഠമായാലും അതിന്റെ ഋജുവായ ആവിഷ്ക്കരണം’, ‘ആവിഷ്ക്കാരത്തിനു സഹായിക്കാത്ത കേവലം ഒരു വാക്കുപോലും ഉപയോഗിക്കാതിരിക്കല്‍’, ‘വൃത്തങ്ങള്‍ക്കു പകരം വൈയക്തികമായ താളബോധത്തെ ആശ്രയിക്കല്‍’ എന്നീ എസ്രാ പൌണ്ടിന്റെ ഇമേജിസ്റ്റ് തത്വത്രയംതന്നെ ഇപ്പോഴും കാവ്യസിദ്ധാന്തമായി കൊണ്ടു നടക്കുന്നതിന് അസാമാന്യമായ ചരിത്രനിഷേധവാസന വേണം. കൂടെ ജാപ്പനീസ് ഹൈക്കു കവിതകളുടെ സമ്പ്രദായംകൂടിയുണ്ടെങ്കില്‍ അത്യുത്തമം.അസാന്നിധ്യം/സാന്നിധ്യം, അമൂര്‍ത്തത/മൂര്‍ത്തത ഈ ദ്വന്ദ്വങ്ങളിലൂന്നി എത്ര കാലം കവിതയ്ക്കു പോകാനാവും? കവിതയ്ക്കുള്ള മാര്‍ഗം ഇവ മാത്രമാണോ? രാമചന്ദ്രന്‍ പറയുന്നതുപോലെ ‘പണിയായുധങ്ങളുടെ പണിപ്പുര’യാണിതെങ്കില്‍ ചുരുക്കം ആയുധങ്ങളേ ഇവിടെ പണിയുന്നുള്ളൂ എന്നു തോന്നുന്നു. ഈ ഉപകരണങ്ങളും വച്ചുകൊണ്ട് സമകാലികകവിതയിലെ ഏതു ചലനം തിരിച്ചറിയാനാണ്? രചനയിലും ആസ്വാദനത്തിലും എന്തു ദക്ഷത കൈവരിക്കാനാണ്? പൌണ്ടിന്റെ മാനിഫെസ്റ്റോയിലെപ്പോലെ കവിതയില്‍ ‘ഇത് ആവാം, അത് അരുത് ’എന്നു മുന്‍കൂട്ടി തീരുമാനിക്കുന്നതാണോ ഇതിനുള്ള മാര്‍ഗം? അപ്പൊ നമ്മള്‍ ഏതു സ്ഥലകാലങ്ങളിലാണ് ഇപ്പോള്‍? കേരളത്തില്‍ കവിതയെക്കുറിച്ചു ചര്‍ച്ച ചെയ്യാനുള്ള ഇടങ്ങള്‍ കുറഞ്ഞതിനെപ്പറ്റി സ്വയം പരാതി പറയുന്നതെന്തിന്? രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്ന മുന്‍കാലചരിത്രം മുന്നിലുണ്ടല്ലൊ. ഇനി അതിനുള്ള സാധ്യതകള്‍ ഇല്ലെന്നാണോ?
കവിതയില്‍ പൊതുവേ രാഷ്ട്രീയനിഷേധിയായ ജയമോഹന്‍ ആവശ്യത്തിനും അനാവശ്യത്തിനും മലയാളികളുടെ കാപട്യവും തമിഴന്റെ പാരമ്പര്യവും ഊന്നിയൂന്നിപ്പറയുന്നത് മുഖ്യധാരാതമിഴ് രാഷ്ട്രീയത്തെത്തന്നെ ഓര്‍മിപ്പിക്കുന്നു. അതും കേരളരാഷ്ട്രീയം മോശം.തമിഴ് രാഷ്ട്രീയമാണു വേണ്ടത് എന്നാവുമോ? ക്ഷമിക്കണം. എനിക്കിതൊന്നും ദഹിക്കുന്നില്ല. രാമചന്ദ്രനും രാമനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സത്യസന്ധത കാണിച്ചതു നന്നായി.തുറന്നു പറയാന്‍ ജയമോഹന്‍ കാണിക്കുന്ന ആര്‍ജ്ജവം മലയാളകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ നല്ല കവിതാചര്‍ച്ചകള്‍ കേരളത്തിലും ധാരാളം നടന്നേനെ!
‘പറഞ്ഞതെന്തെങ്കിലും അധികപ്പറ്റായെങ്കില്‍ ഒന്നെഡിറ്റു ചെയ്യണേ’. നന്ദി.
നന്നായിട്ടുണ്ടു ..........ചുള്ളിക്കാട് എന്താണ്‍ പറഞ്ഞതു.....അറിയാന്‍ ആഗ്രഹമുണ്ട്...
ഇത് പൊലെ എല്ലാവരേയും വലിച്ചടുപ്പിക്കണം....എഴുത്തിലേക്ക്.....
പുറപ്പെട്ടു പോയ വാക്കുകള്‍ പോലെ.........
ഹോ, വായിച്ചിട്ടു കുശുമ്പുകള്‍ വരുന്നുണ്ട്.
അഭിനന്ദനങ്ങള്‍!! ഇതുപോലെയൊക്കെ മലയാളത്തിലും നടന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.
നൊമാദ്,മയൂര,റോബി,ബാബുരാജ്,പ്രമോദ്,
തറവാടി,സനല്‍,തണല്‍,ബഹുവ്രീഹി,നജൂസ് ലതീഷ്,ജ്യോനവന്‍,പയ്യന്‍സ്,നിര്‍മല.....എല്ലാവര്‍ക്കും നന്ദി.
കരിയാടേ എന്താ ഉദ്ദേശിച്ചത്?വരിയുടഞ്ഞുപോം എന്ന ഭയത്താലാണോ അങ്ങ് അങ്ങോട്ടൊന്നും അടുക്കാത്തത്... :)
മനോജ്,
അഭിനന്ദനത്തിനു നന്ദി.മനോജിനെ ഞാന്‍ ആദ്യം വായിക്കുന്നത്...പുതുമൊഴിവഴികള്‍/യുവകവിതക്കൂട്ടം എന്നീ സമഹാരങ്ങളില്‍ ഒന്നില്‍ നിന്നാണ്.ആ പുസ്തകങ്ങളാണ് ഇന്നത്തെ പ്രമുഖരായ പല യുവകവികളെയും എന്നെപ്പോലുള്ള വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.ആ കവിതകളില്‍ നിന്ന് ചിലരൊക്കെ വളര്‍ന്നു.ചിലരൊക്കെ അവിടെ തന്നെ നില്‍ക്കുന്നു.ചിലരൊക്കെ വളര്‍ന്നതിനുള്ള ശേഷമുള്ള മരവിപ്പിലാണെന്നു തോന്നുന്നു.
കവിത വായിക്കാനോ ആസ്വദിക്കാനോ എസ്രാ പൌണ്ടെന്നല്ല ഒരാളുടെയും തത്വചിന്തയുടെ പിന്‍ബലം
ആവശ്യമില്ലാത്ത സാധാരണക്കാരനെയാണ് എഴുതുമ്പോള്‍ എന്നെപ്പോലെയുള്ളവര്‍ മുന്നില്‍ കാണുന്നത്.ക്യാമ്പുകള്‍ ഒരു കവിയെയും ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നുമില്ല.എങ്കിലും എഴുതപ്പെട്ട രചനകള്‍ വായിക്കാനും ആസ്വദിക്കാനും നന്നെന്നോ മോശമെന്നോ ഒക്കെ പറയാനുമുള്ള മനുഷ്യസഹജമായ വാസനയോടാണ് എനിക്ക് ആദരവ്.കമന്റുകള്‍ എന്നല്ല പോസ്റ്റുകള്‍ പോലും ബൂലോകകവിതയില്‍ എഡിറ്റ് ചെയ്യാറില്ല;അതൊക്കെ പ്രിന്റിലല്ലേ മനോജ്.
രാമനും രാമചന്ദ്രനുമൊഴികെയുള്ള കവികള്‍ക്ക് ആര്‍ജ്ജവമില്ല എന്നൊന്നും ഞാന്‍ പറയില്ല.അവര്‍ പറയുന്നതൊക്കെ ശരിയാണെന്ന് വിഴുങ്ങുന്നുമില്ല.
അയ്യോ മാഷേ..മാഷിന്റെ കവിതകള്‍ക്ക് അര്‍ഹമായ അംഗീകാരം എവിടെനിന്നാണെങ്കിലും ലഭിക്കുന്നതില്‍ സന്തോഷമേയുള്ളു. ഞാന്‍ പറഞ്ഞത് അതല്ല. ജയമോഹന്റെ നേതൃത്വത്തിലുള്ള സംവാദങ്ങളുടെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു ഉദ്ദേശ്യം. തീര്‍ച്ചയായും സംവാദങ്ങളോട് ജയമോഹന്‍ അര്‍ഹിക്കുന്ന ആദരവു കാണിക്കുന്നുണ്ട് എന്നതിനു തെളിവാണല്ലൊ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടും എന്നെ ആ ക്യാമ്പിനു ക്ഷണിച്ചതുതന്നെ. പക്ഷേ അതുകൊണ്ടുമാത്രം വിമര്‍ശനങ്ങള്‍ ഇല്ലാതാകുന്നില്ലല്ലൊ. ജയമോഹന്റെ വ്യക്തിഗതമായ സംവേദനരീതിയെക്കുറിച്ച് രാമചന്ദ്രന്റെ കുറിപ്പില്‍ പറയുകയും ചെയ്യുന്നുണ്ടല്ലൊ. അതില്‍ രാമചന്ദ്രനും കവിതാചര്‍ച്ചയില്‍ രാമനും(അതു താങ്കളുടെ കുറിപ്പിലുണ്ടല്ലൊ)ജയമോഹന്‍ പിന്തുടരുന്ന ഇമേജിസത്തിന്റെ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്നതിനെയാണ് ‘സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സത്യസന്ധത’ എന്നു ഞാന്‍ പറഞ്ഞത്. മറ്റു കവികള്‍ക്കതില്ല എന്നല്ല. ജയമോഹന്റെ കവിതാവായനാരീതി സമകാലികകവിതയിലെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഏറെയൊന്നും സഹായിക്കുന്നില്ല എന്നാണ് മുന്‍കമന്റില്‍ പറയാന്‍ പ്രധാനമായും ശ്രമിച്ചത്. ‘വൃത്തത്തിലെഴുതിയത്’ എന്ന ഒറ്റ കാരണത്താല്‍ കവിത പഴയതാണെന്നു വിലയിരുത്തുന്നതും ശബ്ദഭംഗിക്കുള്ള സ്ഥാനം കുറച്ചു കാണുന്നതും ഇമേജ് എന്ന കാവ്യസങ്കേതത്തില്‍മാത്രം കവിതയെ തളച്ചിടുന്നതുമൊക്കെ അതിന്റെ ന്യൂനതയായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ സിംബോളിക് പ്രസ്ഥാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ രൂപപ്പെട്ട ഇമേജിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളാണ് ജയമോഹന്‍ പ്രധാനമായും പുതുകവിതയെ വിലയിരുത്താനും ഉപയോഗിക്കുന്നത് എന്നു തോന്നാറുണ്ട്. മുന്‍കമന്റിലെ ഇമേജിസ്റ്റ് തത്വത്രയത്തോട് ജയമോഹന്റെ കാവ്യസങ്കല്പം പൊരുത്തപ്പെടുന്നതു കാണുക. ‘എഡിറ്റിങ്’ എന്ന വാക്കിനു ജയമോഹന്‍ കൊടുക്കുന്ന പ്രാധാന്യം ചര്‍ച്ചയില്‍ താങ്കള്‍ക്കും അനുഭവപ്പെട്ടു കാണുമല്ലൊ. അതുകൊണ്ടാണ് ‘അധികപ്പറ്റായെങ്കില്‍ ഒന്നെഡിറ്റ് ചെയ്തേക്കണെ’ എന്നു പറഞ്ഞത്. അല്ലാതെ ബൂലോകകവിത അതു ചെയ്യുന്നു എന്ന അര്‍ത്ഥത്തിലല്ല. താങ്കള്‍ മുന്നില്‍ക്കാണുന്ന, ഒരു തത്വചിന്തയുടെയും പിന്‍ബലമില്ലാത്ത ‘സാധാരണക്കാരനായ’ വായനക്കാരനാണോ ജയമോഹന്‍?
എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നിങ്ങനെ വേര്‍തിരിച്ചെടുക്കുന്നത്‍ ഉള്ളിതൊലിക്കുമ്പോലെയാണെന്നാണ് രൂപം/ഉള്ളടക്കം എന്നിവയെക്കുറിച്ച് ആലോചിച്ചിട്ടുള്ളവര്‍ പണ്ടേ പറഞ്ഞതാണ്. കവിതയില്‍ രണ്ടിനും ഒരേ പ്രാധാന്യമുണ്ട്. എങ്ങനെ പറയുന്നു എന്നു മാത്രമുള്ള ചര്‍ച്ച പഴയ അലങ്കാരചര്‍ച്ചകള്‍പോലെ എങ്ങുമെത്തില്ല.
വൃത്തത്തിലുള്ള കവിതകളെ അപ്പാടെ നിഷേധിച്ചാല്‍ ഈ ക്യാമ്പില്‍ ഉണ്ടായിരുന്ന രാമചന്ദ്രന്റെ ‘കലംകാരി’, ‘മാമ്പഴക്കാലം’, അന്‍വറിന്റെ ‘ഏകാന്തതയുടെ അന്‍പതു വര്‍ഷങ്ങള്‍’, ജോസഫിന്റെ ‘മയില്‍’, രാമന്റെ ‘മുല്ലത്തറ’, വീരാന്‍കുട്ടിയുടെ ‘അദ്ദുറൈ’ എന്നീ നല്ല കവിതകള്‍ എന്തു ചെയ്യും? ഇംഗ്ലീഷിലാണെങ്കില്‍ വിക്രം സേത്തിന്റെ ‘ഗോല്‍ഡന്‍ ഗേറ്റും’ വാല്‍ക്കോട്ടിന്റെ ‘ഒമെറോസും’ ഈ കാരണംകൊണ്ടുമാത്രം റദ്ദാകില്ലേ?
ഇന്ന് ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. വൃത്തവാദം പോലെതന്നെ വൃത്തനിഷേധവാദവും വളരെ പഴയതാണ്. എത്ര ഉദാഹരണം വേണമെങ്കിലും തരാം.സമകാലികകവിതയുടെ വൈവിധ്യവും മനസ്സിലാക്കുന്നതിന് നിലവിലുള്ള ഏതു റ്റൂളും ഉപയോഗിക്കേണ്ടി വരും. ചിലപ്പോള്‍ പുതിയ റ്റൂളുകള്‍ വേണ്ടിവരും. അതിനു ജയമോഹന്റെ നിലവിലുള്ള സംവേദനശീലം മതിയാകില്ല. മലയാളവായനക്കാരെക്കുറിച്ചുള്ള മുന്‍വിധി താങ്കള്‍ക്കെഴുതിയ കത്തില്‍ത്തന്നെയുണ്ടല്ലൊ. തമിഴിലെ സ്ഥിതി വ്യത്യസ്തമാണോ? ലിറിക്കല്‍, റൊമാന്റിക് കവിതകള്‍ക്ക് പ്രചാരം കൂടുന്നത് ഏതു ഭാഷയിലും സ്വാഭാവികമാണ്. അതുകൊണ്ട് അതാണു ശരി എന്നു പറയുകയല്ല. അദ്ദേഹമാകട്ടെ ഇപ്പോള്‍ മലയാളമാധ്യമങ്ങള്‍ വായിക്കാറുമില്ല! പക്ഷേ ഇത്തരം സാമാന്യവത്ക്കരണങ്ങള്‍ ഒരു സംസ്കാരത്തിന്റെ സത്തയെക്കുറിച്ചുള്ള വിശ്വാസ്യത കുറയ്ക്കുകയേയുള്ളു. ജയമോഹന്‍ സ്വന്തം സംവേദനത്തോടു പുലര്‍ത്തുന്ന സത്യസന്ധത കുറച്ചുകൂടി വിശാലമാക്കിയെങ്കില്‍ എന്നാഗ്രഹിച്ചതുകൊണ്ടു പറഞ്ഞെന്നു മാത്രം.
vishnuprasaad,
njaan oru aalamkaarikabhaashayil paranjathaaanu . athu thaankaleppatti vyakthiparamaayi paranjathalla. jayamohan camp samkhatippikkunna reethiyum athinu nammude sahodara kavikal pinthuna nalkunna reethiyum oru tharam groupisathinte reethiyil aanennu njaan ippozhum viswasikkunnu. ivide janaadhipathyam ullathukond njaan athu vilichuparayum. ekaadhipathyamaayalum njaan parayum.
jayamohan pokkikkond varunna ekathaanamaaaya kavithaa nilapaadukale ethirkkaan enthukond nammude suhruth kavikalkkaakunnilla ? jayamohan swantham ajanda vyakthamaakkanam. kavitha pala reethiyil ezhuthaamennathine ayaal amgeekarikkunnilla.
nammude suhruthukkal aakatte oru maadhyamathilum athine vimarsikkunnumilla.
malayaalakavikalil pimpukaludeyum dehannakkaarudeyum ennam koodunnathil njaan lejjikkunnu.thaankale alla vimarshichathenn ariyuka.
pinne ivar ente variyudakkaan praaptharallenna nalla bodhyavum enikkund. saamskaarika koottikkodupp nadathunna pazhanjanmaare vimarshikkaan njaan aaare bhayappedanam ?
santhosham vishnoo...
കവിതയെഴുത്ത്, വായന ഇവയെ നിര്‍ണയിക്കുന്ന ചര്‍ച്ചകള്‍ക്കപ്പുറം വൈയക്തികമായ പരാമര്‍ശങ്ങള്‍, കവികളുടെയോ വായനക്കാരുടെയോ കവിതാബാഹ്യമായ മറ്റു കാര്യങ്ങള്‍ എന്നിവയിലൊന്നും ഇവിടെ എനിക്കു താല്പര്യമില്ല. അത്തരത്തില്‍ ഒരു വരി പോലും എവിടെയും എഴുതിയിട്ടുമില്ല. ബൂലോകകവിതയില്‍ കവിതയെഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു തോന്നിയതുകൊണ്ടു മാത്രമാണ് മുന്‍കുറിപ്പുകള്‍ എഴുതിയത്. വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം എന്തുകൊണ്ടോ ഇത് നല്ല ഒരു ചര്‍ച്ചയായി ഇപ്പോള്‍ തോന്നുന്നില്ല. അതുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നന്ദി.
പയ്യന്‍സ് പറഞ്ഞതു പോലെ, എന്താണു ചുള്ളിക്കാടു പറഞ്ഞ ‘തെണ്ടിത്തരം’ എന്നും, എന്തുകൊണ്ട് അതു ഹസ്സനോട് മാത്രം പറഞ്ഞു എന്നും, എന്തുകൊണ്ടാണ് വിഷ്ണുവോ ലതീഷോ മറ്റാരെങ്കിലുമോ അതിനെ ചോദ്യം ചെയാതിരുന്നത് എന്നുമൊക്കെ വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.(ചുള്ളിക്കാടും എഴുത്തു നിര്‍ത്തി രംഗം വിട്ടിട്ടു കുറെക്കാലമായല്ലൊ.
ജയമോഹനെപ്പോലെ മലയാള കവിതയെ ഭരിക്കാനോ, സ്വന്തം ക്ലിക്കുണ്ടാക്കി ആളാകാനോ, മലയാള കവികളെ കാവ്യരചന പഠിപ്പിക്കാനോ ചുള്ളിക്കാട് വരുന്നുമില്ല.)
സാഹിത്യ മാഫിയക്കാരായ ജയമോഹനെയും കൂട്ടരെയും പേടിക്കുന്ന ഒരു യുവകവിയാണ് ഞാന്‍.ഇക്കൂട്ടര്‍ പത്രാധിപര്‍മാരെ സ്വാധീനിച്ച് എന്നെ തമസ്കരിക്കും. എനിക്കെതിരെ കൂട്ടമായി പത്രാധിപര്‍ക്കു കള്ളപ്പേരില്‍ കത്തെഴുതി ദ്രോഹിക്കും. ഇതൊക്കെ അനുഭവിച്ചതാണ് .അതുകൊണ്ടാണ് പേരു വക്കാന്‍ ഭയപ്പെടുന്നതു മനോജ് മാഷെ.(കല്പറ്റ നാരായണനെപ്പോലെ പെന്‍ഷന്‍ പറ്റി ഷഷ്ടിപൂര്‍ത്തിയാകാറായിട്ടും യുവകവിയെന്നും പറഞ്ഞു ഭാഗ്യന്വേഷണം നടത്തുന്ന പോഴനല്ല, ശരിക്കും യുവകവിയാണ് ഞാന്‍)
“മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ് .അവ കാലത്തെ അതിജീവിക്കുകയില്ല.” എന്നും, “ഞാന്‍ വെറുമൊരു അഭിനയത്തൊഴിലാളി മാത്രം.” എന്നും,“എന്നെക്കാള്‍ നന്നായി കവിതയെഴുതുന്ന അഞ്ഞൂറു യുവകവികളെങ്കിലും കേരളത്തിലുണ്ട് ” എന്നും ലക്ഷക്കണക്കിനാളുകള്‍ വായിക്കുന്ന പത്രങ്ങളില്‍ തുറന്നെഴുതിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തു ജാടയാണു കാണിച്ചതെന്നറിയാന്‍ ആഗ്രഹമുണ്ട്.
ജയമോഹനന്‍ ഒരു ക്ലിക്കിന്റെ വ്യക്താവ് മാത്രമാണെന്ന നിലയ്ക്ക് ഈ ചര്‍ച്ച വഴി മാറി പോകുമ്പോള്‍ അതിലൂടെ ഭംഗ്യന്തരേണെ പറയപ്പെടുന്നത് വിഷ്ണു ഈ ക്യമ്പിലേയ്ക്ക് ക്ഷണിക്കപ്പെട്ടതും ഒരു ക്ലിക്കിന്റെ ഭാഗമായാണെന്ന ദൌര്‍ഭാഗ്യകരമായ സൂചനയിലെയ്ക്കാണ് എന്ന് പറയാതിരിക്കന്‍ വയ്യ.ആനുകാലികങ്ങളില്‍ അച്ചടിച്ചു വരുന്ന കവിതകള്‍ക്ക് ഒപ്പം നില്‍ക്കുന്നവയും, അവയെക്കാള്‍ മികച്ചവയുമായ പത്തന്‍പത് കവിതകളെങ്കിലും(എതിരഭിപ്രായമുണ്ടെങ്കില്‍ നമുക്ക് ചര്‍ച്ചയാവാം, ഓരോ കവിതകളായ് എടുത്ത്, ഓരോ വരികളായെടുത്ത്, വസ്തുനിഷ്ടമായി..) ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിഷ്ണുവിന്റെ ഒരു കവിത പോലും ഒരു മുഖ്യധാര മാധ്യമങ്ങളിലും അച്ചടിച്ചു വന്നിട്ടില്ലെന്നും,പ്രിന്റ് മീഡിയയിലെ പ്രമുഖരായ ഒരു സാഹിത്യകാരനും അദ്ദേഹത്തെ അംഗീകരിക്കാനോ,അയാളുടെ കവിതകളെകുറിച്ച് ചര്‍ച്ചചെയ്യാനോ ഇതിനു മുന്‍പ് മെനക്കെട്ടിട്ടില്ല എന്നതും പരിഗണിക്കുമ്പോഴാണ് പി.പി രാമചന്ദ്രന്‍ ഹരിതകത്തില്‍ നിന്നും തിരഞ്ഞെടുത്ത്തു നല്‍കിയ കവികളുടെ ലിസ്റ്റില്‍ നിന്നും ജയമോഹനന്‍ വിഷ്ണുവിനെ കണ്ടെത്തിയതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.താന്‍ വായിച്ച 10 കവിതകളുടെ അടിസ്ഥാനത്തിലാണ് ജയമോഹനന്‍ വിഷ്ണുവിനെ ക്യാമ്പിലേയ്ക്ക് ക്ഷണിക്കുന്നത്.ആ സാഹചര്യത്തില്‍ ജയമോഹനന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെല്ലാം ഒരുതരം മാഫിയാ പ്രവര്‍ത്തനമാണെന്ന് ഇവിടെ പറയുന്നവര്‍ ജയമോഹനനെ ആക്രമിക്കുന്നു എന്ന വ്യാജേനെ പ്രകടിപ്പിക്കുന്നത് മറ്റെന്തോ ആണെന്നു തോന്നുന്നു.
വിഷ്ണുവിനെയോ അദ്ദേഹത്തിന്റെ കവിതയെയൊ വിമര്‍ശിക്കുകയല്ല,“ കുമാരനാശാന്‍ ചളിഞ്ഞ കാല്പനികനാണ്’ എന്നുപറഞ്ഞുപരിഹസിച്ച, മലയാളകവിത വായിക്കാന്‍ പോലും അറിയാത്ത ജയമോഹന്‍ മലയാള കവികളെ patronise ചെയ്തും,അവരെ കവിതയെഴുത്തു ‘പഠിപ്പിച്ചും’ അവരുടെ ഗുരു ആകാന്‍ ശ്രമിക്കുന്ന അശ്ലീലം ചൂണ്ടിക്കാട്ടി എന്നേയുള്ളു.
ജയമോഹനന്റെ കവിതാ സിദ്ധാന്തങ്ങളോടും അദ്ദേഹത്തിന്റെ ചില സാമാന്യവല്‍ക്കരണങ്ങളോടും എനിക്കും എതിര്‍പ്പുണ്ട്.ഉദാഹരണത്തിന്,
“I don't know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets.“ എന്ന വാചകത്തിലൂടെ അയാള്‍ സാമന്യവല്‍ക്കരിക്കുന്ന മലയാള കവിതാ വായനയല്ല മലയാളത്തിലെയോ തമിഴിലെയോ ലോകത്തെ മറ്റേതു ഭാഷയിലേയോ കവിതാസ്വാദനത്തെ സ്വാധീനിക്കുന്ന വായന.പാട്ടുകവിതകളുടെ ശബ്ദ സൌകുമാര്യങ്ങള്‍ക്ക് പുറകെ പായുന്ന കേള്‍വിക്കാരന്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമൊന്നുമല്ല.കാലഹരണപ്പെട്ട ഒരു തരം കാല്‍പ്പനികത കേരളത്തിന്റെയല്ല ഇന്ത്യയിലെ മുഴുവന്‍ ജനസാമാന്യത്തിന്റെ സംവേദനക്ഷമതയെ ഭരിക്കുന്നുണ്ട്.അത് കേരള കവിതാ വായനയായി സാമാന്യവല്‍ക്കരിച്ചത് അദ്ദേഹത്ഥിന്റെ അറിവില്ലായ്മ.(പണ്ടിറങ്ങിയ ‘സമ്മോഹനം’ എന്ന ഒരു കാര്യവുമില്ലാത്ത ഒരു സിനിമയെ വാനോളം വാഴ്ത്തി അറിയപ്പെടുന്ന ഒരു പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ഏതോ വാരികയില്‍ എഴുതിയത് ഓര്‍മ്മയുണ്ട്.ആ ഓര്‍മ്മ വ്യക്തമല്ലാത്തതുകൊണ്ട് വിശദാംശങ്ങള്‍ പറയുന്നില്ലെന്നു മാത്രം.ഇതു വായിക്കുന്ന ഏതെങ്കിലും ബ്ലോഗര്‍ അത് പൂര്‍ത്തിയാക്കി കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.)
ഞാന്‍ പറഞ്ഞത് അതല്ല. ജയമോഹനന്റെ കാവ്യസിദ്ധാന്തങ്ങളില്‍ എത്രത്തോളം വിള്ളലുകള്‍ ഉണ്ടായാലും അയാള്‍ അതിനോട് നീതി പുലര്‍ത്തുന്നുണ്ട്.അയാള്‍ക്ക് നല്ലതെന്നു തോന്നുന്ന ഒരു കവിതയെ, അത് രചിച്ച ആള്‍ എത്ര കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, വാഴ്ത്തപ്പെടുന്ന മലയാള സാഹിത്യലോകത്ത് എത്രത്തോളം അവ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നൊന്നും നോക്കാതെ സ്വന്തം സെന്‍സിബിലിറ്റിയേയും അതിനോടുള്ള ആത്മാര്‍ത്ഥതയേയും മാത്രം മുന്നിര്‍ത്തി ആദരിക്കാന്‍ തയ്യാറാവുന്ന ഒരു മനസ്സിനെ ഈ ഒരു കോണ്ടെക്സ്റ്റിലെങ്കിലും അംഗീകരിക്കാതിരിക്കാന്‍ വയ്യ.(വിഷ്ണു ബൂലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട, ചര്‍ച്ച ചെയ്യപ്പെട്ട കവികളില്‍ ഒരാളാണ്.അതില്‍ ബൂലോകത്തിന് അഭിമാനിക്കാം.പക്ഷെ പ്രിന്റ് മീഡിയയിലെ അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ അയാളെ ഏതെങ്കിലും രീതിയില്‍ ആദരിച്ചിട്ടുണ്ടെങ്കില്‍ അത് ഈ തമിഴന്‍ ആണെന്ന് തോന്നുന്നു.അതും ഈയിടെ എഴുതിയ കോഴിയമ്മ പോലെയുള്ള ഒരു കവിത പോലും ഭദ്രമായ സെന്‍സിബിലിറ്റി ഉണ്ടെന്ന് അവകാശപ്പെടുന്ന സാഹിത്യ പ്രഭുക്കള്‍ പത്രാധിപത്യം വഹിക്കുന്ന ആനുകാലികങ്ങളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന അവസ്ഥയില്‍.)
വിഷ്ണുവിന്റെ ഈ പോസ്റ്റ് അതിനുള്ള ഒരു നന്ദിപ്രകാശനം മാത്രമായിരുന്നു.അല്ലാതെ ജയമോഹനന്റെ പൊയറ്റിക്സിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ആയിരുന്നില്ല.ആ സാഹചര്യത്തില്‍ മുഖ്യവിഷയത്തില്‍ നിന്നും തെന്നി മാറി നമ്മള്‍ ഇടുന്ന കുറിപ്പുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലമായിരിക്കില്ല ഉണ്ടാക്കിയേക്കാവുന്നത് എന്ന ഒരു ഭയം പങ്കുവച്ചു എന്നു മാത്രം.
അടിമരക്തമുള്ള മലയാള കവികള്‍ തമിഴന്റെ വന്ധ്യംകരണ ക്യാമ്പുകളില്‍ അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും എല്ലിന്‍ കഷണങ്ങള്‍ക്കായി ഓച്ഛാനിച്ചു നില്‍ക്കുന്നു!കേഴുക പ്രിയനാടേ!!
happy to know that the comments on blogs have the same standard we have in Tamil. especially the anonymous ones
jeyamohan
ആല്‍മരം എവിടെ മുളച്ചാലും ജയമോഹന് തണലുതന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ