4/5/08

പൂച്ചമ്മ

കുറിഞ്ഞിപ്പൂച്ച പ്രസവിച്ചു
മൂന്ന് കുഞ്ഞുങ്ങള്‍
സിസേറിയനായിരുന്നില്ല
സ്കാനിങ്ങുകളോ ടെസ്റ്റുകളോ
ഒന്നും വേണ്ടിവന്നില്ല.
കണ്ടന്‍ പൂച്ച പ്രസവമുറിക്കുപുറത്ത്
ടെന്‍ഷനടിച്ച് സിഗരട്ട് വലിച്ച് നടന്നിരുന്നില്ല.
രക്തം നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നില്ല.

തട്ടിന്‍ പുറത്ത് കരച്ചില്‍ കേട്ട്
അമ്മൂം അപ്പൂം ചെന്നു നോക്കിയപ്പോള്‍
മൂന്ന് പൊന്നോമനകള്‍ പാലുകുടിക്കുന്നു..
കുറിഞ്ഞി ഈ വീട്ടിലെയല്ല.
അത് എവിടെത്തെയുമല്ല,
അതിന് വീടില്ല.
പ്രസവ രക്ഷ നല്‍കാന്‍ ആളില്ല.
കണ്ടന്‍പൂച്ച പരിസരത്തൊന്നുമില്ല.
പ്രസവത്തിന് ഈ വീടിന്റെ തട്ടിന്‍പുറം തന്നെ
എന്തിനു തെരഞ്ഞെടുത്തുവെന്ന്
അതിനോട് ചോദിച്ചു നോക്കി,
മിണ്ടണ്ടേ...
എവിടെയെങ്കിലും ഒന്ന് പ്രസവിക്കണമല്ലോ.
പ്രസാവാനുകൂല്യം എന്ന നിലയ്ക്ക്
രണ്ടു ദിവസം ഇവിടെ കഴിഞ്ഞോട്ടേന്ന് പാത്തു.

മൂന്നുകുട്ടികളും പാലു വലിച്ചുകുടിച്ചതുകൊണ്ട്
അതിന് വിശപ്പു കൂടി
പകലൊക്കെ അത് വിശന്നു കരഞ്ഞു നടന്നു
പാത്തു അതിന് ഒന്നും കൊടുത്തില്ല.
കൊടുത്താല്‍ അതിവിടെത്തന്നെ കൂടുമത്രേ...

മൂത്രവും കാട്ടവും കോരി മടുത്തപ്പോള്‍
പാത്തു ക്രുദ്ധയായി
പ്രസവാനുകൂല്യം നിലച്ചു.
മൂന്നുമക്കളും അമ്മയും ചാക്കോടെ പുറത്ത്...

മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..

ഇതെല്ലാം കണ്ട്, രാവിലത്തെ സര്‍ക്കീട്ട് കഴിഞ്ഞ്
കയറിവന്ന കണ്ടന്‍ പൂച്ച എന്നെ നോക്കി ഒരു ചിരി.

11 അഭിപ്രായങ്ങൾ:

സാല്‍ജോҐsaljo പറഞ്ഞു...

ചിരിച്ചു! പിന്നെ ചിന്തിപ്പിച്ചു! ഉഷാറായീന്ന് പറയണ്ടല്ലോ

Sanal Kumar Sasidharan പറഞ്ഞു...

പൂച്ചച്ഛന്‍ അകത്തോ പുറത്തോ :)

തണല്‍ പറഞ്ഞു...

വിഷ്ണു,
എന്താണെന്നറിയില്ലാ കോമാളിക്കുള്ളിലെ കരയുന്നമുഖം പോലെ വേദനിപ്പിക്കുന്നു ഈ കവിത!

നന്ദു പറഞ്ഞു...

വിഷ്ണുപ്രസാദിന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നൊരു കവിത.

‘മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..“

ഹൃദയസ്പര്‍ശിയായ വരികള്‍!.

K G Suraj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
K G Suraj പറഞ്ഞു...

കുറിഞ്ഞിപ്പൂച്ചക്ക്‌ ഫെമിനിസം പഠിച്ചൂടായിരുന്നോ ?

വിശാഖ് ശങ്കര്‍ പറഞ്ഞു...

കാണനാവുന്നുണ്ട് കണ്ടന്‍ പൂച്ചയുടെ ചിരി...

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

നല്ല കവിത
ആശംസകള്‍

നജൂസ്‌ പറഞ്ഞു...

നല്ല കവിത.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മാറ്റം വേണമെന്ന് തോന്നുമ്പോള്‍
പ്രതിഭകളെല്ലാം പൂച്ചയിലേക്ക് തിരിയുന്നു.
എം.ടി. യുടെ 'ഷെര്‍ലക്' ഓറ്ത്തു.
ഏതന്തകാരത്തിലും അതിന്റെ കണ്ണുകള്‍
തിളങ്ങി വേറിട്ടു നില്‍ക്കുന്നുവെന്നതിനാലാകാം....

നന്നായിരിക്കുന്നു വിഷ്ണുമാഷിന്റെ വേറിട്ടൊരു

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

വിഷ്‌ണു സംതിംഗ്‌ ഡിഫറന്റ്‌ ..... നല്ല കവിത..... നന്ദി......
സന്ദീപ്‌ സലിം