11/5/08

അല്‍ഷിമേഴ്സ്‌

നടവഴികള്‍ മറന്നുപോയത്‌
അല്‍ഷിമേഴ്സ്‌ പൂത്തതുകൊണ്ടേയല്ല.
ചീറുന്ന വണ്ടികളിലേക്ക്‌ അലസയായ്‌ നടക്കുക.
പുലഭ്യങ്ങളിലേക്ക്‌ മന്ദഹസിക്കുക.
ചലനങ്ങളില്‍ നിച്ഛലയാകുക.
കുട മറന്നു മഴയില്‍ കുതിരുക.
ബലം പിടിച്ചൊന്നുറങ്ങാന്‍ ശ്രമിക്കുക
അങ്ങിനെ അലിഞ്ഞലിഞ്ഞ്‌ ഇല്ലതാകുന്നത്‌
വല്ലാതെ വല്ലാതെ ഒറ്റപ്പെടുമ്പോഴാണ്‌
സ്വപ്നങ്ങള്‍ അപ്പാടെ കവര്‍ച്ചചെയ്യപ്പെടുമ്പോഴാണ്‌.
നിങ്ങള്‍ ഒരു ബുദ്ധിജീവിയായ പുരുഷനെ പ്രണയിച്ചിട്ടുണ്ടോ?
മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഒന്നുറപ്പ്‌,
മുന്തിരിത്തോപ്പുകള്‍ക്കു പകരം
വെളിച്ചമെത്താത്ത ഗുഹകളില്‍ രാപ്പര്‍ക്കുന്നതിനെക്കുറിച്ച്‌
അവനാവേശം കൊള്ളും.
അവിടങ്ങളിലെ ഇരുട്ടിലും
എല്ലുറയും തണുപ്പിലും
പുതപ്പുകളാകാമത്രെ
തണുപ്പരിക്കാത്ത എന്നെ പുതച്ച്‌ നീ സുഖമായുറങ്ങി.
എന്നിലെ തീയുണരുമ്പോള്‍ നീ കാഴ്ചയുടെ ഘോഷങ്ങളിലായിരുന്നു.
ജോണ്‍ എബ്രഹാമിനും ബുദ്ധികൂടിയ സ്തീകള്‍ക്കുമിടയില്‍
ഉച്ഛത്തില്‍ നീ പൊട്ടിച്ചിരിച്ചു.
ശബ്ദമുണ്ടാക്കി ഞാനുറക്കെ കരഞ്ഞു.
പ്രതിധ്വനികളില്‍ സ്വയമേ നടുങ്ങി.
രാഞ്ജിമാരുടെ അത്താഴവിരുന്നുകളില്‍ നീതന്നെ ചൂടുള്ള ഭക്ഷണമായി.
ചിതറിയ പിഞ്ഞാണങ്ങള്‍ക്കും
ഒഴിഞ്ഞ വീഞ്ഞുപാത്രങ്ങള്‍ക്കുമിടയില്‍
എന്റെ വിശപ്പു നീ അറിഞ്ഞതേയില്ല.
ഉത്തമഗീതം സങ്ങീതമാക്കി,
അവിടങ്ങളില്‍ നീ അറ്റയാളമായി.
ഗുഹയുടെ പാട്ടു നീ കേട്ടതേയില്ല.
സ്ത്രീപക്ഷികള്‍ നിന്നെ ചുണ്ടില്‍ കോര്‍ത്തുപിടിച്ചു.
ഉയരങ്ങളിലെ നിന്റെ സഞ്ഞാരം നോക്കി ഞാന്‍ വല്ലാതെ വിറങ്ങലിച്ചു.
എങ്കിലും ദൈവത്തിനു സ്തുതി,
എന്റെ മനുഷ്യാവകാശങ്ങള്‍ നീ മറന്നെങ്കിലും
ലിങ്ങനീതി സ്താപിക്കപ്പെട്ടുവല്ലോ.
നിന്റെ രാഷ്ട്രീയം ചുംബനഗളുടേതായിരുന്നു.
വാക്കിനും പ്രവര്‍തിക്കുമിടയിലെ ആഴമുള്ളോരു പോടിനുള്ളില്‍
എന്റെ ചുണ്ടുകള്‍ കുരുങ്ങിപ്പോയി.
ഉത്തമനായ സോളമാ നിന്റെ ഗീതങ്ങളില്‍
പരിചയങ്ങള്‍ വായ്‌ പിളര്‍ത്താറുണ്ടോ?
മടുത്തൊരു വേഴാമ്പല്‍ ചിറക്കടിയുണ്ടോ?
നിന്റെ തോട്ടങ്ങളില്‍ കയ്പു പടര്‍ന്നുവോ?
ഓരോ പുരുഷനും ബുദ്ധിമാനാകുന്നത്‌
പെണ്‍പാടങ്ങളില്‍ വിത്തിറക്കുമ്പോഴാണു.
അന്തകന്‍ വിതച്ചതും വിള കൊള്ള ചെയ്തതും നീതന്നെ.
സമ്പത്തു മാത്രം നഷ്ടമായവര്‍ സന്തോഷിക്കുക.
സ്നേഹിക്കാനുള്ള കഴിവെങ്കിലും അവശെഷിക്കുമല്ലോ.
രുചികളുടെ നായാട്ടിനൊടുവില്‍
ഒരുനാള്‍ ചൂടുകാറ്റടിക്കും, നീ വരളും,
പെരുമഴ പെയ്യും, നീ പതറും
അരാജകത്വം തുളുംബുന്ന നിന്റെ കന്നുകളില്‍
കഴുകന്മാര്‍ കൂട്ടമായ്‌ മുട്ടയിടും.
കാഴ്ച മരിക്കും.
നിരീക്ഷണക്കപ്പല്‍ വഴിപിഴച്ചലയും.
ഉപ്പുതിന്ന നിന്റെ ദാഹം തീര്‍ക്കാന്‍
സമുദ്രങ്ങള്‍ മടിപിടിച്ചുനില്‍ക്കും.
സൗഹൃദങ്ങള്‍ കൂറ്റന്‍ മുതലകളായ്‌ മാറും.
അടച്ചിട്ട വാതിലുകള്‍ സാക്ഷിനില്‍ക്കും.
കരള്‍ കൊള്ള ചെയ്യപ്പെട്ടവര്‍
നടവഴികള്‍ മറന്നാല്‍ ഓര്‍മ്മിക്കുക,
നിങ്ങളുടെ വേഷം അല്‍ഷിമേഴ്സ്‌ തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല: