
കമറൂള്‍ നാട്ടില്‍ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു
കമറൂള്‍ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു
കമറൂള്‍ അമ്മയ്ക്ക് സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു
ചായയെടുക്കുമ്പോള്
വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോള്
പ്രിന്‍ററില്‍ പുതിയ പേപ്പര്‍ വെക്കുമ്പോള്‍
കമറൂള്‍ അവന്‍റെ മാത്രം മൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു
ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു
ഞങ്ങളെല്ലാവരും പൂജ്യത്തിലേക്ക് കുതിക്കുന്നു
ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും
എല്ലാവരോടും,എല്ലാവര്‍ക്കും
ഞങ്ങളുടെ കത്തുകളുമായി
കമറൂള്‍ നാട്ടിലേക്ക് പോകുന്നു
ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച് ഞങ്ങള്‍ കൈ വീശുന്നു