ദേവസേന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദേവസേന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

10/11/07

ഒന്‍പതാം ഗ്രഹം പറയുന്നത്


സൗരയൂഥ പ്രയാണ പഥത്തിലാണു
ജ്വലിച്ചൊഴുകുമാ
പ്രഭാവത്തിനുല്‍പത്തിയവള്‍ കണ്ടുതുടങ്ങിയത്‌
നിയമ വീഥിയിലൂടെ
ദിനവും കണ്ടുകണ്ടുള്ളായാത്രയില്‍
വ്യഥ പൂണ്ടൊരുള്‍ വിളിയെ,
പ്രണയത്തെ തിരിച്ചറിയുന്നവള്‍,
.
ഒന്‍പതാം ഗ്രഹം
ശാസ്ത്രകുലപതികള്‍
പ്ലൂട്ടോയുടെ മാത്രം ഭ്രമണ വീഥിയുടെ -
ചെരിവിനെയോര്‍ത്താകുലപ്പെട്ടതെന്തിനു?
.

സൂര്യനു നേര്‍ക്കുള്ള വീക്ഷണകോണില്‍ -
ശില്‍പ്പി വരുത്തിയ ചതി അറിയാതെ പോയവള്‍.
ഭേദിക്കാനാവാത്ത വ്യൂഹങ്ങളെട്ടിലും
കാവല്‍ നില്‍ക്കുന്ന ദേവതകളെക്കണ്ടു-
ഉള്ളുലക്കുന്ന ആകുലതകളുടെ-
ദുരൂഹതയില്‍പ്പെട്ടു പിടയുന്നവള്‍
.

ആരുടെ നേര്‍ക്കാണു
സൂര്യപ്രണയത്തിന്റെ ഒടുങ്ങാത്ത ജ്വാല-
ആളിപടരുന്നതെന്നോര്‍ത്തു പരവശയാകുന്നവള്
.
റോമാസങ്കല്‍പ്പങ്ങളിലെ സഞ്ചാരിണി
വേഗതയില്‍ ഉന്മാദിനി
കാമുക സവിധത്തിലെ
സര്‍വപ്രഭാവത്തിനും പാത്രീഭൂതയായ മെര്‍ക്കുറി
ഗ്രീക്കുപ്രണയത്തിന്റെ ലാവണ്യദേവത,
പുലര്‍ച്ചകളിലും സന്ധ്യാംബരങ്ങളിലും
മാറില്‍ നിറയെ വെളിച്ചപ്പൊട്ടുകളുമായെത്തുന്ന
സര്‍വാംഗ സുഭഗത വാരിപ്പുതച്ച വീനസ്സ്‌
.
.
ജീവന്റെ തുടിപ്പുകള്‍ പേറി,
കോടികോടി ജനന മരണങ്ങള്‍ക്കു സാക്ഷിയായവള്‍
സമുദ്ര ഭാണ്ഡങ്ങളെ ഉള്ളറയിലേറ്റി
നീലപട്ടുചുറ്റിയ ഭൂമി
.
.
വസന്തം കോരിച്ചൊരിഞ്ഞ,
മാര്‍ച്ചിനെ പ്രസവിച്ചു ഖ്യാതി നേടി മാര്‍സ്‌
മനുഷ്യന്‍ കൂടു പണിയാന്‍
ആഗ്രഹിക്കാതിരിക്കുന്നതെങ്ങനെ നിന്നില്‍?
.
ആയിരത്തിലേറെ ഭൂമികന്യകളെ
ചുമലിലേറ്റാന്‍ കരുത്താര്‍ന്ന
എണ്‍പതുകളിലെ ബ്രൂക്‌ ഷീല്‍ഡിന്റെ-
മാദകത്വവും വശ്യതയും ഉടലിലണിഞ്ഞ ജൂപ്പിറ്റര്
.
സ്വര്‍ണ്ണവളയങ്ങള്‍ കാതിലണിഞ്ഞ്‌
കാലങ്ങളോളം
ഗലീലിയോയുടെ സ്വൈര്യം കെടുത്തി രസിച്ച സാറ്റേണ്‍
ഒന്‍പതു ചന്ദ്രന്മാരെ, ശിരസ്സിലേറ്റിയുലാത്തുന്ന,
നൂറായിരം സങ്കല്‍പങ്ങളിലേക്കു
കവിതയായി പെയ്തിറങ്ങുന്ന
ആകാശ ദേവത യുറാനസ്‌
.
ഭീതിജനകയായ,
നീലിച്ച ജലസഞ്ചയങ്ങളുടെ കാവല്‍ക്കാരി
സമുദ്രറാണിയായ നെപ്റ്റ്യൂണ്‍
.
എന്നാലിവിടെ,
ഒന്‍പതാമത്തവള്‍ ഒടുവിലത്തവള്
‍കോടി കിലോമീറ്ററുകളോളം ദൂരത്ത്‌,
ഏറ്റവും ശൂന്യമായ ഏകാന്തതയില്‍
ചതിയുടെ അരക്കില്ലം ഒരുങ്ങുന്നതറിയാതെ
ഭ്രഷ്ടുകല്‍പ്പനകളുടെ ചുരുള്‍ നിവരുന്നതറിയാതെ
ശൈത്യം മൂടിക്കളഞ്ഞ ഉടലോടെ
കത്തിയൊടുങ്ങുന്ന ഉയിരോടെ
.
സൂര്യപ്രണയത്തിന്റെ ഏതൊരു കിരണമാണു
തന്നെ തേടിയെത്തുന്നതെന്ന തപത്തില്
‍ശാപമോക്ഷം കാത്തു
പ്രദക്ഷിണം തുടരുകയാണു പ്ലൂട്ടോ




19/8/07

ഫ്രോക്ക്‌ - സാരി - അമ്മ

12 തികഞ്ഞ്‌

ഭൂലോകത്തിലെ ചന്തങ്ങള്‍ മുഴുവന്‍

മകളിലേക്ക്‌ താമസമുറപ്പിച്ചപ്പോള്

‍നെഞ്ചു കാളി



രാവുംപകലും കണ്ണുചിമ്മാന്‍ ഭയന്ന്

കാവല്‍മാലാഖക്കു പകരം നിന്നവള്‍.

ചുണ്ടിനും ചായക്കപ്പിനുമിടയിലെ

അത്യാഹിതങ്ങള്‍.

സ്കൂള്‍ബസ്സിനും ഗേറ്റിനുമിടയിലെ

നീരാളിക്കണ്ണുകളെ

ദൈവത്തെ ചുമതലപ്പെടുത്തി.



പാതിരാവുകളില്‍

പുതപ്പിനടിയിലൂടെ കൈയ്യിട്ട്‌

കളവുപോയിട്ടില്ലന്നുറപ്പാക്കി



കൂട്ടുകാരീന്ന് വിളിച്ച്‌

അയലത്തേക്കുള്ള പോക്കില്

‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,


അവിടെയൊരു ഏഴു വയസുകാരന്‍ വളരുന്നുണ്ട്‌.



അവളുടെ ആര്‍ത്തനാദംചുറ്റുപാടുകളെയുണര്‍ത്തി.

കാണാതെപോയി മകളെന്നോര്‍ത്ത്‌-

ബോധം കെട്ടുപോയാ പാതിരാവില്‍.

ഫ്രഞ്ച്‌ പരീക്ഷയുടെ ചൂടില്‍

പഠന മുറിയുടെ മൂലയില്‍

ഉറങ്ങിപോയ കുട്ടിയെ,

നെഞ്ചിലേക്കിട്ടുകൊടുത്ത്‌

പ്രശ്നം പരിഹരിച്ചു അയല്‍പക്കം



സ്ത്രീനിഴലുകളെക്കണ്ടു

ബസ്സിലും വിളക്കുകാല്‍ ചുവട്ടിലും വരെ

സ്ഖലിക്കുന്ന ലോകത്തിലേക്ക്‌

ഫ്രോക്കില്‍ നിന്ന് സാരിയിലേക്ക്‌

മുതിരുമെന്ന ഭാവികാലവും

മകള്‍ക്ക്‌ പാകമാകാതെ

ചുരുങ്ങിപ്പോയ ഗര്‍ഭപാത്രവും

നെഞ്ചിലെ കനല്‍ വീണ്ടും ചുവപ്പിച്ചു.

(അരങ്ങ് പുരസ്ക്കാരം ലഭിച്ച കവിത)