തണല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തണല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24/10/09

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്

ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച

നായയെപ്പോലെ..

ഈച്ചയാര്‍ക്കുമ്പോഴും

മഴ നക്കിവലിച്ച ചുവപ്പന്‍ പതാകയെ

ഊതിയൂതി ഉണക്കി ,

ഞെരിച്ചുപൊട്ടിച്ച

കപ്പലണ്ടിത്തോടുകളിലെ

കറുത്ത വിരല്‍ പതിഞ്ഞ വിപ്ലവ മണികള്‍

ഒന്നൊഴിയാതെ പെറുക്കിക്കള‍ഞ്ഞ്

ആശ്വാസം കൊള്ളും.

വെള്ളം തുടിയ്ക്കാത്ത

പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍

സരസയും,ഭാര്‍ഗ്ഗവിയും

കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ

വിപ്ലവമാലകള്‍

ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍

കോളനിയുടെ അടുക്കളപ്പുറങ്ങളിലെ

മീന്‍ മണം കൊതിക്കുന്ന കറിച്ചട്ടികള്‍

മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച് വാശി തീര്‍ക്കും

പുറമ്പോക്കിലെ

ദളിതക്കൂട്ടായ്മകളിലെ

ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍

വന്‍ കുഴികളുണ്ടാക്കും..

സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി

വാറ്റിന്‍ ലഹരിയുടെ

കവിത വാര്‍ന്ന ഈണത്തില്‍

താടി വളര്‍ന്നചിന്തകളുടെ കഴുത്തൊടിപ്പിക്കും

രാവു കനക്കുമ്പോള്‍

കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന

ഉന്മാദതാളത്തില്‍

തെരുവു നായ്ക്കള്‍ക്കൊപ്പം

പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍

തല പൂഴ്ത്തും

നിലവിളികളെകടിച്ചു കുടഞ്ഞ്

വലിച്ചു കീറി…

27/7/08

കവിത

റോയല്‍ ബ്ലൂ നിറമണിഞ്ഞ
കവിതയുടെ ഉണങ്ങാത്ത
താളൊന്നില്‍ നിന്നും
നിനക്കു വിശക്കുമ്പോള്‍
എന്റെ വിരലുകള്‍ക്ക്
തീ പിടിക്കുന്നുവെന്ന്
ഒരു ദളിതകവി മയക്കം പൂണ്ട്
ഇടറിചൊല്ലുന്നുണ്ട്...


ഇടത്തുരുമ്മുന്ന
തകര്‍ച്ചകളിലൊന്ന്
തമ്പ്രാന്റെ തിരുത്തൊഴിയാല്‍
നെഞ്ചിന്‍ കൂട് പൊട്ടി
കണ്ടത്തിന്റെ ഇടവരമ്പിന്‍
ചെളിയിലാണ്ട അപ്പൂപ്പന്റെ
കതിരു തിന്ന നിലവിളികള്‍
പാടിപ്പാടിക്കരയുന്നുണ്ട്...


നടുവില്‍,
നാലുമണിക്കവലയില്‍
ക്യഷ്ണന്‍ നായരുടെ ചായക്കടയിലെ
വളിച്ച ബോണ്ടയും സുഖിയനും
തിന്നാന്‍ കാത്തുനില്‍ക്കുന്ന
കാളിയെം നീലനേം കണ്ട്
കണ്ണു മറയ്ക്കുന്ന മിനുമിനുത്ത കവിതയ്ക്ക്
എന്നേ മനസ്സിലായിരിക്കുന്നു
അന്തരീക്ഷത്തില്‍ ആമ്പലുകളും
കിളിമുട്ടകളും വിരിയുമെന്ന് മൊഴിയാന്‍
ഒരു കവിയ്ക്കും ധൈര്യമില്ലെന്ന്!