ടി.പി. അനില്‍കുമാര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ടി.പി. അനില്‍കുമാര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23/12/09

അതേ മൂര്‍ച്ചയില്‍

എടുക്കരുതെടുക്കരുതെന്ന്
എത്ര വട്ടം വിലക്കിയാലും
തപ്പിത്തെരഞ്ഞു നടക്കും
കണ്ണും മൂക്കുമില്ലാതെ
എടുത്തു പെരുമാറും
കുറ്റം പറഞ്ഞാല്‍ മാറില്ലല്ലോ
പ്രായത്തിന്റെ കുഴപ്പങ്ങള്‍!
മൂര്‍ച്ചയറിയാത്ത പ്രായം
മൂത്തവര്‍ കണ്ടറിയണ്ടേ!

എണ്ണയിട്ടു തുടച്ചു
തുരുമ്പകറ്റിയതാണ്
പൊടിയിട്ടു തേച്ചു
വായ്ത്തലയൂട്ടി വച്ചതാണ്‌
പല യുദ്ധങ്ങളില്‍
നനഞ്ഞിട്ടുണ്ട്
പല പല പഴങ്കഥകളില്‍
നായകനായിട്ടുണ്ട്

കഥയുടെ കൗതുകങ്ങളാല്‍,
അശ്രദ്ധയാല്‍ അപകടപ്പെടാം
മെഴുകുകടലാസു ചുറ്റി
ചണച്ചാക്കിലാക്കി
എവിടെയാണൊളിപ്പിച്ചതെന്ന്
തെരയാനിനി ഇടമില്ല

കാണാതാകുന്ന, മറന്നുവയ്ക്കുന്ന
മനുഷ്യരേയും
വസ്തുക്കളേയും പോലെ
ഒരു നാള്‍ തിരിച്ചു കിട്ടി
കിട്ടിയതല്ല, കണ്ടു
കണ്ടതല്ല, കൊണ്ടു!

ഒച്ചയില്ലാത്തൊരു മിന്നലായി
തുലാവര്‍ഷം
ശീലം തെറ്റി വന്നെന്നു കരുതി
അതേ മൂര്‍ച്ച
അതേ മിനുക്കം
ചോര ചീറ്റി
പകുതിയില്‍ മുറിഞ്ഞ്
കുലവാഴപോല്‍ വീണു!