ജയേഷ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജയേഷ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

16/4/08

മല്‍ സ്യകന്യക

അഗാധതയില്‍
നീന്തിത്തുടിക്കുന്നവള്‍
കരയെ കൊതിപ്പിച്ച്
ശ്വാസത്തില്‍ ഉള്‍ ക്കടല്‍ നിറച്ച്
നീലച്ചെതുമ്പലുകള്‍
പ്രതിഫലിച്ച് നീലിച്ച
ആകാശം നോക്കിയങ്ങനെ..

വലയില്‍ കുരുങ്ങാതെ
കടല്‍ വേടന്‍ മാരുടെ
ചൂണ്ടയില്‍ കൊരുക്കാതെ
സ്പര്‍ ശനമേല്‍ ക്കാതെ
അവളിപ്പോഴും
സ്വച്ഛന്ദം
സമുദ്രദേവതയെപ്പോലെ വാഴുന്നു

എന്നിട്ടുമവള്‍ ഇപ്പോളും
കന്യകയാണെന്നതത്ഭുതമവിശ്വസനീയം

6/3/08

ഹൃദയാ ലിമിറ്റഡ്

എന്ത് ?
നിങ്ങള്‍ ക്ക് ചിരിക്കാന്‍
കഴിയില്ലെന്നോ?
കരയാന്‍ പോലും !

ഇണയെപ്പിരിഞ്ഞ
കുരുവിയെ ഓര്‍ ക്കുമ്പോള്‍ പോലും ?

പേടി, ദേഷ്യം , മടുപ്പ് ?

വൈകിയെത്തുന്ന തീവന്ടിയെ
ശപിക്കാറുമില്ലെന്നോ !

ഇപ്പോള്‍ നിങ്ങള്‍ പറയുന്നു,
നിങ്ങളുടെ ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നെന്ന്
ജന്മനാ ഇല്ലാതിരുന്നത്
നഷ്ടപ്പെടുന്നതെങ്ങിനെ സുഹൃത്തേ?

പോം വഴിയുണ്ട്,
ഞങ്ങളുടെ കമ്പനിയിലേയ്ക്ക് വരൂ

ഒന്നാന്തരം ഹൃദയം
100 ജി ബി സ്റ്റോറേജ് കപാസിറ്റി
വെറും 99 രൂപ

മനസ്സുമുണ്ട് ,
നഷ്ടങ്ങളോര്‍ ക്കാനും കരയാനും
കൊള്ളാവുന്നത്

വെറും 199 രൂപ

ഇപ്പോഴാണെങ്കില്‍ സൌജന്യമുണ്ട്

ഹൃദയവും മനസ്സും ഒന്നിച്ചെടുത്താല്‍
ഇന്സ്റ്റാളേഷന്‍ ഫ്രീ.....

വന്നാലും ... ഹൃദയാ ലിമിറ്റഡിലേയ്ക്ക് സ്വാഗതം

6/6/07

കൊക്കരണി

ഒരു രാത്രി
വഴി തെറ്റിയ ഉറക്കത്തെ
അലയാനയച്ച്
കളഞ്ഞ് പോയ സ്വപ്നങ്ങളെ
കന്ടെടുക്കാനാകാതെ॥

ഒരു പകലിന്റെ നീളമുന്ട്
ഓര്‍ ത്തിരിക്കാനും
വിലപിക്കാനും
ദുഖിക്കാനും

പിന്നെയും നാണം കെട്ട
അതിഥിയെപ്പോള്‍
ഉറക്കം കെടുത്താനെത്തും മറ്റൊരു രാത്രി ..

1/6/07

കൂകലി

എനിക്കില്ല കുരുവി തന്‍
ചിലപ്പിന്നൊലികള്‍
ഇല്ലൊരു പൂവിന്റെ
വിരിയുന്ന സുഖവും

അടുക്കില്ലേതൊരു
മധുമന്ദഹാസവും
ഒടുങ്ങില്ലൊരിക്കലും
മുനകൂര്‍ ത്ത നോട്ടവും

ഇനിയേത് പാപത്തിന്‍
പങ്ക് പറ്റാനോ,
അതിലേത് കബന്ധത്തില്‍
മുറിവ് കുത്താനോ !

അറിയില്ല വരുന്നതിന്‍
നാമമെന്തെന്ന്
കൂകലിയെന്നേ
കേള്‍ വികളുള്ളൂ

5/5/07

തല, ഉടല്‍

തലയില്ലാത്ത ഉടലുകളെ
ഞാനിപ്പോള്‍ കാമിക്കുന്നു
ചിന്തകളുടെ ഭാരം
അവളുടെ പ്രണയത്തെ
ഭരിക്കുന്നത് കണ്ടപ്പോള്‍
വേറൊന്നും ചെയ്യാനില്ലായിരുന്നു.

ഇപ്പോള്‍ അവളുടെ തല
അവള്‍ ക്ക് വേണ്ടി
തല പുകയ്ക്കുന്നുന്ട്, പക്ഷേ
ഉടല്‍ ഇതുവരെയും മറന്നിരുന്ന
ഭോഗങ്ങള്‍ പുറത്തെടുക്കുന്നു.

2/5/07

നടത്തം

ചുവടുകളില്‍ നിറഞ്ഞ
ആലിം ഗനങ്ങള്‍
പുറത്തെടുക്കാതെ
പാതയോരം പിണങ്ങി

ഒളിപ്പിച്ച് വച്ച
കുഞ്ഞുനാളുകള്‍
അടച്ച് പുട്ടിയ
തറവാട്ടിന്നകങ്ങള്‍

സ്നേഹം നുകര്‍ ന്ന്
മദിച്ച നിമിഷങ്ങള്‍
പാവാടച്ചരടറ്റ
മച്ചിന്‍ മുകള്‍

...................
....................
( പിന്നേയും ഓര്‍ ക്കാതെ പോയ എന്തൊക്കെയോ ഉന്ടിവിടെ )

ഇനിയൊരു പെരുമഴ
കതിര്‍ പൊട്ടും പാടം
കറ്റക്കളത്തില്‍
പാറ്റും പതിരുകള്‍

വന്ടിക്കാളകള്‍
കുളമ്പടിച്ചെത്തി
നുര തുപ്പും വിശ്രമത്തിന്‍
കൊതിയൂറും വെയിലില്‍
.......................................
( ഇവിടെ ഓര്‍ ക്കാനിഷ്ടപ്പെടാത്തതെന്തോ ഉന്ടെന്ന് തോന്നുന്നു॥ മുഖം താഴ്ത്തി മാരനൊപ്പം നടന്നകന്നവളാരോ !! )


സന്ധ്യാദീപം
മുനിഞ്ഞ് നില്‍ ക്കും
സര്‍ പ്പക്കാവില്‍
കനത്ത മൌനം

നില്‍ ക്കുന്നിവിടെ നടത്തം
തലതിരിഞ്ഞ കാഴ്ചകള്‍ തന്‍
മദനോല്‍ സവം

ദു: ഖകരം !
ഓര്‍ മ്മകള്‍ ഇവിടെ വരെയേ
ജീവിച്ചിരിക്കുന്നുള്ളൂ

27/4/07

ഇടങ്ങള്‍

അന്നെത്രയെത്ര
ഇടങ്ങളായിരുന്നു
ഒളിച്ചിരിക്കാന്‍

വെള്ളിടിയെപ്പേടിച്ച്
കട്ടിലിന്‍ താഴെ
കുമ്മാട്ടിയെ പേടിച്ച്
കതകിന്‌ പിന്നില്‍

ചൂരലിനെ പേടിച്ച്
മാവിന്‍ ചില്ലയില്‍
മാക്കോതയെപ്പേടിച്ച്
കുളപ്പടവുകളില്‍

കൊച്ചു പേടികള്‍ ക്കൊളിക്കാന്‍
വലിയവലിയിടങ്ങള്‍
ഇപ്പോള്‍ വലിയ പേടികളെ
കുന്നിക്കുരുവോളമാക്കി
കൊന്ടുനടക്കാനേ കഴിയുന്നൂള്ളൂ

8/4/07

പുറത്തേയ്ക്കുള്ള വാതിലുകള്‍

ഒന്നാമന്‍
അവര്‍ എന്നെ അകത്തേയ്ക്ക്
ക്ഷണിച്ചില്ല
പകരം , മുന്നിലും പിന്നിലും
പുറത്തേയ്ക്കുള്ള വാതിലുകള്‍
കാണിച്ച് തന്നു
ഭാഗ്യം , ഏത് വേണമെങ്കിലും
തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം തന്നിരുന്നു

മൂന്നാമന്‍
എന്ത് കൊന്ടാനെന്നറിയില്ല
അന്യമായിക്കൊന്ടിരിക്കുന്ന
അകങ്ങളെക്കുറിച്ച്
വളരെയധികം ആലോചിക്കുന്നു
വാതില്‍ പൊളിച്ച് മാറ്റിയാലോ
എന്ന് പോലും തോന്നിപ്പോകുന്നു

നാലാമന്‍
അകത്തേയ്ക്കും പുറത്തേയ്ക്കും
തുറക്കുക എന്നത്
വാതിലുകളുടെ ധര്‍ മ്മം
അതിനല്ലെങ്കില്‍ അവ
വെറും പലകകള്‍ മാത്രം

** അന്ചാമനും ആറാമനും വാതിലുകളുടെ പുതിയ സാധ്യതകള്‍ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്‌


3/4/07

കുറും കവിത

അക്കരയ്ക്കെന്ത് ദൂരമെന്നീ
കടത്ത് വഞ്ചിയ്ക്കറിയാമോ?
എത്ര തുഴഞ്ഞിട്ടുമെത്തീല്ലാ
മോഹതീരത്തുരുത്തുകള്‍ !