കവിക്കൂട്ടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിക്കൂട്ടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

10/7/07

ഔട്ട് ഓഫ് സ്റ്റോക്ക്

ഞാന്‍ ചന്തയിലേക്കും
അവള്‍ ലേഡീസ് ഷോപ്പിലേക്കും

ഞാന്‍ ചന്തയിലെ കടകളായ കടകളില്‍ പരതി
റേഷന്‍ കടയില്‍
പച്ചക്കറി കടയില്‍
പാത്രക്കടയില്‍
ബുക്ക് ഷോപ്പില്‍
ചോദിച്ചതൊന്നുമില്ല താനും
ചീട്ട് കളിക്കുന്ന ക്ലബ്ബിന്റെ മച്ചിലും
പറമ്പിലും പാടത്തും പരതി

ചീപ്പ്, സോപ്പ്, കണ്ണാടി
പയറുവര്‍ഗ്ഗങ്ങള്‍,ധാന്യങ്ങള്‍
പഴങ്ങള്‍, പൂക്കള്‍ പച്ചക്കറികള്‍
മൃഗങ്ങള്‍,പക്ഷികള്‍
കുട്ടി,കരച്ചില്‍, പുച്ഛം,പന്തികള്‍
കല്യാണം,വിരുന്ന്
ദൈവങ്ങള്‍,ഭക്തന്മാര്‍
മനുഷ്യത്വം,സ്നേഹം,കരുണ
അറപ്പ്,വെറുപ്പ് തീണ്ടല്‍,പുണ്യാഹം
എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക്
വാടകക്കെടുത്തു കൊണ്ട് പോയെന്ന് കടക്കാര്‍

അവളും വന്ന് വിഷമിച്ച്
ക്രീമുകള്‍ കണ്മഷി,പൊട്ട്,കുപ്പിവളകള്‍,
കൊലുസുകള്‍,കമ്മലുകള്‍, അരഞ്ഞാണം
ബ്രാ, പാന്റീസ്,ചുരിദാര്‍,സാരി ജാക്കറ്റ്
ചെരിപ്പ് വാല്‍ക്കണ്ണാടികള്‍
എല്ലാം ഔട്ട് ഓഫ് സ്റ്റോക്ക്
ആരോ തൂത്തുവാരി കൊണ്ട് പോയെന്ന് കടക്കാര്‍


ഞങ്ങള്‍ പരിഭ്രാന്തരായി
കടല്‍,പുഴ,കുളം,തോട്,അരുവി,കായല്‍
മഴ , വെയില്‍, സൂര്യന്‍,കാറ്റ്
കാട്,മേട് ,പൂക്കള്‍
മാവ്,തെങ്ങ്, വാഴ,പാരിജാതം
ഇവയും കാണുന്നില്ല
ആരൊ കടമെടുത്തെന്ന്
ആകാശം ഭൂമിയെ
തോട്ട് സത്യം ചെയ്തു.

ഇന്നലെ പ്രേമിച്ച
രാത്രിയും പകലും
ഇന്നു പ്രേമിക്കാത്തതു കണ്ടപ്പോള്‍
പ്രണയവും ആരൊ
കടം കൊണ്ടുപോയിരിക്കുമെന്ന് സന്ധ്യ

ആരപ്പാ ഇതെല്ലാം കടമെടുത്തത്‍?

പിന്നില്‍ നിന്നും അശരീരി

"മാഷേ വിഷമിക്കേണ്ട..
എല്ലാം ആശയസംവഹകരായ
ബിംബങ്ങളല്ലേ..?
ഇതെല്ലാം ഒരു കവി
വാടകക്കു കൊണ്ടുപോയി
കവിതയെഴുതിക്കഴിഞ്ഞാല്‍
ചിലപ്പോള്‍ തിരിച്ചുതരും
അതു വരെ കാത്തിരിക്കുക"


---------

- ജി.മനു / അജിത്ത് പോളക്കുളത്ത്
(ഈ ബ്ലോഗില്‍ ആദ്യമായ് രണ്ട് പേര്‍ ഒരിമിച്ചിരുന്നൊരു കവിത)