വയലോരത്ത് ഒരു ഷാപ്പുണ്ട്
പാളങ്ങള്ക്കടുത്ത് തെങ്ങോലത്തുണിയുരിഞ്ഞ് തലേക്കെട്ടി
കാലുമടക്കി തെങ്ങിലൊറ്റയടിതരുമെന്ന മട്ടില്
പടിഞ്ഞാറന് കാറ്റത്ത് ആടിയാടി നില്പാണ്.കരിമീനും കപ്പയും തെങ്ങുങ്കള്ളുമുണ്ട്.
കൈ കഴുകുന്നിടത്ത് മരക്കുറ്റിയുമുണ്ട്.
മുഴുകുടിയന്മാരായ ഞാനും ചങ്ങാതിയും
ഒരുമാറ്റത്തിന് അവിടെപ്പോയി
തലയ്ക്കുമീതെ ശൂന്യാകാശമെന്ന് പാടുന്നവരുണ്ടവിടെ
പാട്ടില് കള്ളുചേര്ത്തു ഞങ്ങളും
നീര്ക്കാക്കകളും ചാരമുണ്ടികളും ഉള്ള കണ്ടങ്ങള്ക്കിടയിലെ
പാളങ്ങളിലൂടെ മടങ്ങിമായുന്നു.
ദുഃഖം വന്നാലും സന്തോഷം വന്നാലും കുടിച്ചു നടന്നു
കുടിച്ചുകുടിച്ച് ചങ്ങാതിയും മരിച്ചു
അവനുവേണ്ടിയും കുടിച്ചു
തലയ്ക്കുമീതെ ശൂന്യാകാശമായി
ഇനി കുടിച്ചാല് ചത്തുപോകുമെന്നറിഞ്ഞു
പോയകാലം ഓര്ക്കാതായി
ഓര്ക്കാന് കൊള്ളാവുന്ന ഒരെയൊരുകാലം
അതായിരുന്നു എങ്കിലും
തീവണ്ടിയില് കടന്നുപോകുമ്പോള്
ഒരു മിന്നായം പോലെ ആ ഷാപ്പു കാണുന്നു.
ഉണ്ടൊരു ചന്തം
പാടി നില്ക്കുന്നു
മാടി വിളിക്കുന്നു
കൂടെപ്പാടാന്
എസ് ജോസഫ്