അരുണ്‍ പ്രസാദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അരുണ്‍ പ്രസാദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23/3/10

വിഷാദഭരിതനായ നഗരമേ പഴകിപ്പഴകിപ്പടര്ന്നെന്റെ പച്ചപ്പിനെ തൊട്ടുനോക്കരുതേയെന്നു എന്റെ ഏറ്റവും ഇരുണ്ടമൂലയിലിരുന്നു പ്രാര്ഥിക്കുന്നവനേ,

ഒരുപാടൊരുപാടൊരുപാടുനാള്
പൊടിപിടിച്ചു കിടന്നില്ലേ
പഴയനഗരമായ്.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടല്ലോ
ഒളിഞ്ഞുനോക്കുന്നൊരുവള്
എനിക്കടിയിലെ
ഇപ്പോള്ത്തന്നെക്കുളിച്ചിറങ്ങിയപ്പോലുള്ള
നഗരത്തെ.

എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴുണ്ടലോ
പൊടിച്ചു വേരിറങ്ങിയ
ഞരമ്പുകള്
വേണ്ട വേദനിക്കുമെന്ന്.
വേദനകളെ ഇങ്ങനെ ഓര്മിച്ചെടുക്കരുതെന്ന്.


കൌതുകം കൊണ്ടൊന്ന്
കൈവിരല് ഇളക്കി നോക്കിയപ്പോള്
കണ്ടില്ലേ
ചോര പൊടിയുന്നതു.
കണ്ടില്ലെന്നു
തലയിളക്കുവാന്
ഇതിനുമുന്പു
നഗരത്തിന്റെ രക്തം നീ എന്നാണു കണ്ടിട്ടുള്ളതു?

കണ്ടില്ലേ
നെഞ്ചിനിടയിലൂടെ
രണ്ടു ചെറുഗ്രാമങ്ങള്ക്കിടയിലൂടെ
ഒഴുകുന്ന നദി
ചെറുതായി ഒന്നു പുളഞ്ഞ്
ഇഴഞ്ഞ് പോകുന്നത്
വരണ്ടുതുടങ്ങുന്നത്.

വയറിലെ ചുളിക്കുകളില്
കുഴമണ്ണു വയലുകളില്
രോമക്കാടുകള്
തഴച്ചു വളര്ന്നതു
വാടിത്തുടങ്ങുന്നത്.

കണ്ണിലെ
നിശ്ചലത്തടാകത്തിന്റെ
വക്കുകളിലെ
പൂപ്പല്
കറുത്തുതുടങ്ങുന്നത്.

എന്റെ തുരങ്കത്തിനുള്ളിലൂടെ
ചൂളംകുത്തി നടക്കാന്
മറ്റു നഗരങ്ങളില് നിന്ന്
ആരും വരാതാകുന്നു.

ഇങ്ങനെത്തന്നെക്കിടന്നേക്കാം

ചായം തേക്കാത്ത
ആകാശങ്ങള്,കെട്ടിടങ്ങള്.


പൊടിക്കാറ്റുകള്,


മഴവില് പാടങ്ങള്,


ഷൂസുമണങ്ങള്,


മഴയിലൊഴുകുന്ന
റോഡുകള്,
ഇഷ്ട്ടികപ്പാതകള്,


മഞ്ഞുകാലത്തു
വിരിച്ചിട്ട്
വിറങ്ങല്ലിച്ചു പോയ
പാവാടകള്,ജനല് വിരികള്.

ഇങ്ങനെത്തന്നെ കിടക്കട്ടെ.

വല്ലപ്പോഴും
എന്റെ നനവുകളില്
നീ വന്നു
ഉമ്മവച്ചു
വൃത്തിയാക്കുന്നുണ്ടല്ലോ
അതു മതി.

6/2/10

ഓ റൂത്ത് നിന്റെ സങ്കട കുന്ന് ഇന്ന് ഒലിച്ചു പോകുമായിരിക്കും.

അപ്പോഴും
മഞ്ഞു വീണു
നനഞ്ഞത്‌ പോലുള്ള
മണ്ണില്‍
ഉറങ്ങാതെ
നിനക്കൊപ്പം കൂട്ടിരിക്കും

പുലരുന്നത് വരെയും
നമ്മളിരുവരും
എങ്ങനെ
ഉറക്കമിളച്ചു
എന്ന് തന്നെയാകും
നിന്റെ കാമുകന്റെ
കൌതുകം

അവനറിയില്ലല്ലോ
നമ്മള് ഒരുമിച്ചു
കാപ്പി ഉണ്ടാക്കിയതും
ഊതി ഊതി കുടിച്ചതും
പിന്നെ
കട്ടിലിനടിയില്‍
ഇരുന്നു
അതീവ ശ്രദ്ധയോടെ
നൂറാം കോല്‍ കളിച്ചതും .

പുലരാന്‍ വൈകുമ്പോള്‍
കണ്ടു പിടിക്കുമോ
പുലര്ച്ചക്കൊപ്പം
നമ്മള്
ഭൂമിയുടെ
വിള്ളലിലേക്ക്
നടക്കാന്‍ ഇറങ്ങിയത്‌.

നിന്റെ നഖങ്ങള്‍ക്കിടയില്‍
പച്ചപ്പ്‌
കാണുമ്പോള്‍
ഊഹിക്കുമോ അവന്‍
തിരിച്ചു വന്നതും
മുള്ള് എടുക്കുന്നപോല്‍
പുലര്‍ച്ചയ്ക്ക് മേല്‍
പറ്റിയ
പൂപ്പല്‍
വൃത്തിയാക്കി കൊടുത്തതും

ഓ റൂത്ത്

കാമുകന്‍
ശ്രദ്ധിക്കുന്നതിലും
കുറച്ചൂടെ
ശ്രദ്ധിച്ചു
അത് പോലെ ഒക്കെ തന്നെ
സ്നേഹിച്ചു
നിന്നെ ഞാനുറക്കും

സ്വപ്നങ്ങളില്‍
നീ ഒറ്റക്കാകുംപോഴെല്ലാം
കൈ പിടിച്ചു
വിഷമിക്കണ്ട
എന്ന് പറയുവാന്‍
ആയുംപോഴേക്കും
ശ്വാസം തട്ടി
നിന്റെ തലമുടി
നെറ്റിയില്‍ വീഴും

മുടിയിഴ എണ്ണിയെണ്ണി
രാത്രികളുടെ
കൊഴുത്ത നീല
നീന്തി കടന്നവനെ പറ്റി
രാവിലെ നീയോര്‍ക്കുവാന്‍
സാധ്യത ഇല്ല.

25/11/09

ഫ്രഞ്ച് കിസ്സ്‌

ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും


ഇത് കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല
എം ടി നോവലിലെ നെല്‍കതിര്‍ പോലുള്ള
പെണ്‍കുട്ടി
കവലയിലെക്കുള്ള പോക്ക് നിര്‍ത്തിയത്!
എന്നാല്‍ ഇത് കണ്ടു പേടിച്ചിട്ടു തന്നെ ആണ്
പുകയിലതോട്ടങ്ങള്‍ വെട്ടി നിരത്തി
തീരെയും തിരക്ക് കുറഞ്ഞ
ദേവാലയങ്ങള്‍ പണി കഴിപ്പിച്ചവന്‍
തന്റെ തഴമ്പിച്ച ചുണ്ടുകള്‍
പാറ കല്ലില്‍ ഉരസി
രാകി മിനുക്കിയത് .

എന്തായാലും
ഉമിനീരില്‍ കുതിര്‍ന്ന തലയണ കവറിനും
ഈത്തായ ഒലിപ്പിച്ച്
ഉറങ്ങുന്ന പോലെ ജീവിക്കുന്നതോ
ഉറങ്ങുന്ന പോലെ മരിച്ചതോ
ആയ മുഖത്തിന്‌
ഇതുമായി
യാതൊരു ബന്ധവും ഇല്ല

എത്രയൊക്കെ ശ്രമിച്ചിട്ടും
നമ്മളിരുവരും
അലിഞ്ഞു തുടങ്ങുന്നേ ഇല്ലല്ലോ
എന്ന അസ്വസ്ഥതയിലോ
കണ്ണടച്ചുള്ള ഈ ഇരുട്ടിന്റെ ദ്വീപില്‍
എന്നെ തനിച്ചാക്കി പോയല്ലോ എന്റെ പ്രിയനേ
എന്ന പരിഭാവത്തിലോ ആണ്
പകരത്തിനു പകരം
എന്ന പോലെ കരീന
ഇടയ്ക്കു കണ്ണ് തുറന്നു നമ്മെ തുറിച്ചു നോക്കുന്നത് .

ഇതെല്ലം കണ്ടു
കൊള്ളാമല്ലോ
ഒന്ന് പരീക്ഷിച്ചു നോക്കിയേക്കാം
എന്ന് കരുതി മുഖമടുപ്പിച്ച
രണ്ടു പേര്
പരസ്പരം
ശവം !ഇന്നും പല്ല് തെചില്ലേ?
എന്ന് മനസ്സില്‍ ചോദിച്ചു
പെട്ടെന്ന് ഒരു നിമിഷത്തില്‍
കമ്മ്യൂണിസ്റ്റ്‌ കാരായി മാറി
ഇത് വിദേശീയന്‍ എന്നും പറഞ്ഞു
ബഹിഷ്കരിച്ചു കളഞ്ഞു

എന്നാലും എന്റെ ചുംബനമേ
നിന്നെ കണ്ടു പ്രകോപിതന്‍ ആയി
ഇല വിരിച്ചു പുഴ കടന്ന
ഏതു മഹര്‍ഷി ആണ്
ടി വി സ്ക്രീനില്‍ നീ
ഇങ്ങനെ തന്നെ ഉറഞ്ഞു പോകട്ടെ എന്ന്
ശപിച്ചു കളഞ്ഞത് .
നിനക്കിടയിലെ പുഴയില്‍
ആരൊക്കെ ഒഴുകി നടന്നാലും ശരി
വിക്കിന്റെയും നഖം കടിയുടെയും
രോഗാണുക്കള്‍
എന്റെ വന്‍കരയില്‍ വന്നടിയുന്നു .


ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

പിന്നെയും ചിലര്‍ എഴുതുന്നത്‌
"പൂക്കളില്‍ കാറ്റ് ചുംബിക്കുന്നു മൃദുവായി "
എന്നാണല്ലോ?

20/11/09

പബ്ബേ നിന്ടൊരു ഇതളനക്കം!

പബ്ബേ,
നിനക്ക് പരിഹസിക്കണമെങ്കില്‍ ആവാം
മഴവില്ലിനെ ഇടവിട്ട്‌ ഇടവിട്ട്‌
നീ നിവര്തിപ്പിടിക്കുമ്പോള്‍
എന്റെ വേനലും,മഴക്കാലവും
മഞ്ഞും വസന്തവും
ഓരോ തുള്ളി വീതം ചോര്‍ന്ന്
ഇവിടമാകെ
ഇവിടമാകെ
ഇതാ ഇങ്ങനെ
കുതിര്‍ന്നു കുതിര്‍ന്നു
പിന്നെ
പൊടിഞ്ഞു പൊടിഞ്ഞു
ഒരു കടല്‍തീരം വരും


മഴയില്‍

നിന്റെ പച്ച വെളിച്ചം
വള്ളിചെടികളായി നീണ്ടു വന്നു
ദേഹമാസകലം ഇഴഞ്ഞിട്ടു
ചൊറിഞ്ഞു പൊട്ടുന്നെനിക്കു
(ചൊറിഞ്ഞു ചൊറിഞ്ഞു കൊതി തീര്‍ന്നില്ലെനിക്ക് ഇതുവരെ )

നിന്റെ മഞ്ഞ വെളിച്ചം .

സവാരിക്കിറങ്ങിയിട്ടു
എന്റെ അയല്‍വാസിയായ ഒരൊറ്റ വീടിനെയും
അതിന്റെ ചില്ലകളിലിരുന്ന കുഞ്ഞുങ്ങളുടെ പാട്ടുകളേയും
വെമ്പി വെമ്പി പതിവായി
മുറിച്ചിരുന്ന
ഇന്നവരെ കാണാതെ പിണങ്ങി എന്റെ നെഞ്ജിലോട്ടു
ആഴ്ന്നു ഇറങ്ങിയ ഒരു സൂര്യ കിരണത്തെ
ഓര്‍മപ്പെടുത്തി

കിരണമേ നീ മുറിഞ്ഞു പോയി മുറിഞ്ഞു പോയി
അവസാനം ആ മരത്തെയും
മുറിച്ചിട്ടോ?

വെള്ളി വെളിച്ചമേ.

മഞ്ഞേ നീ കൂടുതലുള്ള
പുലര്‍ച്ചകളില്‍ വെള്ളം വന്നു വീഴുമ്പോള്‍
വിറക്കാനും പേര് പറഞ്ഞു കരയുവാനും
മുഖത്ത് സോപ്പ് തേക്കുമ്പോള്‍
കണ്ണില്‍ പോയെന്നു കാണിച്ചു ചിണുങ്ങി
കുളിമുറി വിട്ടോടി ഈ പബ്ബ് മുഴുവന്‍
നനക്കുവാനും പഠിപ്പിച്ചു തന്ന ഒരാളുണ്ട് .
ഞാന്‍ നിന്നോട് ഈ ഗ്ലാസിലോന്നിറങ്ങി
ആ നുരകളെല്ലാം കുടിച്ചു വറ്റിക്കുവാന്‍
പറഞ്ഞ കാര്യം പറയരുത്
പിച്ചുവാന്‍ എന്റെ വലതു ചെവി
വളര്‍ന്നു പാകമായിട്ടിരിപ്പാണ.
പറയരുതേ..


വസന്തമേ,
അഴിച്ചു വിട്ട ചിത്ര ശലഭങ്ങളെയും
മിന്നാ മിനുങ്ങുകളെയും
തെരട്ടകളെയും
വണ്ടുകളെയും
പെട്ടെന്ന് തിരിച്ചു വിളിക്കണം
ഈ പബ്ബില്‍ അവര്‍ക്കെന്താ കാര്യം
ഈ പ്ലേറ്റുകളില്‍ .
ലഹരി കുടിക്കുന്നതിനു
നിന്റെ മഴക്കാടുകള്‍ എല്ലാം
തീര്‍ന്നു പോയോ?


പബ്ബേ
പൊക്കിള്‍ ചുഴി കാണിച്ചു
നിന്റെ വയറിങ്ങനെ ഇളക്കാതെ
നിറങ്ങള്‍ ചിതറി
എന്റെ തലയ്ക്കു മുകളില്‍ നീയേതു
നക്ഷത്രങ്ങള്‍ ഏത് എന്ന്
എന്നെ ആശയക്കുഴപ്പത്തില്‍ ആക്കാതെ !

3/9/09

എനിക്ക് മുന്‍പേ അവളെ മുറിച്ചു കടക്കുവാനാണെങ്കില്‍, നിഴലേ നിന്നെ കൊന്നു കുഴിച്ചുമൂടും ഞാന്‍.

.

മഴ പെയ്യുംപോളെല്ലാം ചിറകു വിരിച്ചു തന്നവ്ളെ
ഇനിയെനിക്ക്‌ ആരുണ്ട്‌?
വാഹനങ്ങളുടെ കടലിടുക്ക്‌ മുറിച്ചു‌കടക്കുന്നതിനിടയില്‍
നഷ്ടപെട്ടവളെ
നീ രണ്ടു കൈകളും നീട്ടി
എനിക്ക് വേണ്ടി ഏങ്ങി ഏങ്ങി കരയുന്നതാണ്
ഇപ്പോള്‍ കത്തീഡ്രല് പളളിയിലെ പ്രണയ ഗീതം

വെളുത്ത തൂവലുകള്‍ക്കിടയില്‍ നീ ചിതറിച്ച
നിറങ്ങള്‍ക്കിടയില്‍ ആണെന്റെ രാജ്യം
അവിടം ജലാശയമായി മാറിയാലും
നീ എന്നെ മുറുക്കെ തന്നെ പിടിക്കണേ, വിട്ടു പോകരുതേ!!

അടുത്ത പ്രളയത്തിനു തയ്യാറാകുന്നവര്‍ പറയട്ടെ
നിന്റെ ചൂടിനാല്‍ ഞാന്‍ അവസാനം വരേയ്ക്കും ജീവിച്ചു എന്ന്

ദൈവമേ! ഇനി ഞങ്ങളുടെ, ഞങ്ങളുടെ മാത്രമായ ഭാഷക്ക്
എന്ത് സംഭവിക്കുമായിരിക്കും! എന്ന ചോദ്യവും
ഹാ! എന്ന ഉത്തരവും ഓര്മിക്കാതിരിക്കുവാന്‍
അത് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുണ്ടായിരിക്കണം

കഴിയുമെങ്കില്‍ നിന്റെ കാല്‍ പാദങ്ങള്‍ മറ്റൊരുവനാല്‍
ഒാമനിക്കപ്പെടുമ്പോള്‍
നീ എന്നെക്കുറിച്ചു ഓര്മിക്കാതിരിക്കേണമേ!
നിന്റെ സ്നേഹത്തിനു വേറൊരുവന്‍
അടിമപ്പെട്ടു പോകുന്നത് എനിക്ക് സഹിക്കില്ല

നിന്റെ തണുത്ത തലമുടി ഏറ്റു വിറങ്ങലിച്ചുപോയ
എന്റെ ശരീര ഭാഗങ്ങള്‍
ഇന്ന് രാത്രി ഞാന്‍ മുറിച്ചു മാറ്റും

എന്നിട്ട് നിന്നെ ഒരിക്കല്‍ കൂടെ ഓര്‍മിക്കും!

5/2/09

ഈ പ്രഭാതത്തില്‍ നമ്മള്‍ നഗ്നരെന്ന് തെളിയുന്നതു വരെ

ഋതുക്കള്‍ക്ക് അതീതമായി
ഇങ്ങനെ വന്യമായി സ്നേഹിക്കുന്നതിന്
നിനക്കു ഞാനൊരു പുകച്ചുരുള്‍ നല്‍കട്ടെ..
നീ തീര്‍ച്ചയായും ഇഷ്‌ടപ്പെടും അതിന്റെ മണം
എന്റെ വായ്‌നാറ്റത്തോട് അടുത്ത ഒരു ഗന്ധം..
അതിനോടു വളരെ അടുത്ത എന്റെ വായ്‌നാറ്റം..

അല്ലെങ്കില്‍ നീ തലയില്‍ വിരലോടിക്കുമ്പോള്‍
ഒരു പത്തു നിമിഷത്തിനുള്ളില്‍ ഞാന്‍ ഉറങ്ങിത്തരാം..
വേറൊന്നും ചോദിക്കരുത്,
സ്വന്തമായി എനിക്ക് ഇനിയൊന്നുമില്ല.
വേറൊന്നും ചോദിക്കല്ലേ ദയവായി..

പുലര്‍കാലത്ത് നീയെനിക്ക്
5 1/2 അടി നീളമുള്ള ഒരു നദിയാണ്..
ആകാശത്തു നിന്ന് താഴ്വരയിലേക്കുള്ള
കുത്തിയൊലിപ്പിന്റെ രാജകുമാരി.
ഇതേ പോലെ എന്നെ സ്നേഹിക്കുന്നതിന്
എന്തു നല്‍കണം?
അലിഞ്ഞു ചേരുമ്പോഴെല്ലാം
വേര്‍പെട്ട് ജഡമായി പൊന്തിക്കിടക്കട്ടെ..

നിറയെ വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിടത്താണ്
നമ്മള്‍ സ്വതന്ത്രരാക്കപ്പെട്ടത്.
ഒരു വൃക്ഷത്തിന്റെ തണലില്‍ നിന്ന്
ഇലപ്പടര്‍പ്പുകളിലേക്ക് ഒളിച്ച് കളിക്കുമ്പോഴാണ്
പകര്‍ക്കപ്പെട്ടത്..
പക്ഷേ,
എനിക്കു ലഭിച്ച സ്പാം മെയിലില്‍ ഒന്നില്‍ പോലും
നീ‍ ഇല കൊണ്ടു നാണം മറക്കാന്‍ ശ്രമിച്ചിരുന്നില്ല.

എപ്പോഴും എനിക്കു ചുറ്റും
നിന്നെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഉണ്ട്;
പച്ചച്ച ഒരു ബന്ധം..
ജലത്തിന്റെ ആദ്യ സ്പര്‍ശം പോലെ തെളിവാര്‍ന്ന ഒന്ന്.
അത് പലപ്പോഴും ഓര്‍മ്മിപ്പിക്കും
ആരൊക്കെ നിന്നെ തൊട്ടുനില്‍ക്കുമ്പോഴും അവസാനം
നീ ഒറ്റയ്ക്കല്ലേ സ്പന്ദിക്കുന്നത് എന്ന്..

നിനക്ക് കുത്തിക്കോറിയിടാന്‍
ഞാനെത്ര മരങ്ങളെ നല്‍കി?
എന്നിട്ടും നീ എന്റെ എത്ര സസ്യങ്ങളെ
പച്ചയ്ക്ക് കൊലപ്പെടുത്തി!
നീ എത്ര തരിശാകിലും അവിടെ
എന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന്
വീണ്ടും വീണ്ടും കാടുകള്‍ ഉയര്‍ന്നു വരും..