24/8/21

സൂക്ഷ്മനാഡിയുടെ സ്പന്ദനം - വിന്‍സി ആത്സന്‍റെ കവിതകളെപ്പറ്റി - അനൂപ് എം.ആര്‍വിന്‍സി ആത്സന്‍ഒരിക്കലും ഒരു കവിയെന്ന് അവകാശപ്പെടാത്ത കവിയാണ്‌ വിന്‍സി. അതിനാലുമാകണം ബാദ്ധ്യതകളൊന്നുമില്ലാതെയാണ്‌ കവിയെഴുതുന്നത്. എത്രയോ തവണ ആറ്റിക്കുറുക്കിയും വലിച്ചെറിഞ്ഞുമൊടുവില്‍ നിവൃത്തിയില്ലാതെയാവണം വിന്‍സി കവിതകളെഴുതുന്നത്. അതുകൊണ്ടുകൂടി നിലനില്‍പ്പിന്‍റെ ജീവന്മരണ പ്രശ്നമോ, സ്വാതന്ത്ര്യമോ അസ്വാതന്ത്ര്യമോ എന്ന അസ്തിത്വപ്രതിസന്ധിയ്ക്കുനേരെ ഉന്നയിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്‍റെ കൊടിക്കൂറപാറിക്കലോ ആണ്‌ ആ കവിതകള്‍. ഏതെങ്കിലും ഒരു കവിതകൊണ്ട് വിന്‍സിയെ അടയാളപ്പെടുത്തുകവയ്യ. അതുകൊണ്ടുതന്നെ ഫേസ്ബുക്കിലും അല്ലാതെയുമായി പ്രസിദ്ധീകരിച്ച അനേകം ചെറുകവിതകളെ ഞാനൊരു ഒറ്റക്കവിതയാക്കാന്‍ സാഹസപ്പെടുകയാണ്‌.     

നിങ്ങള്‍ ആരാണ്‌ എന്ന ചോദ്യം ഉന്നയിക്കുന്ന കവിതയാണ്‌ എഴുത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച ‘നാം കണ്ടുമുട്ടുമ്പോള്‍’ എന്ന കവിത. 

1. ചിലര്‍ മഷിക്കറ (കഴുകിക്കളയും‍വരെ മാത്രം) 

2. ചിലര്‍ മുഖം തരാത്തവര്‍ (അടുത്തുനിന്നിട്ടും ദൂരെയെന്നതുപോലെ) 

3. ചിലര്‍ ദ്രുതമിണങ്ങുന്നവര്‍ (മാങ്ങാച്ചുണപോലെ പൊള്ളിക്കുന്നവര്‍) 

4. ചിലര്‍ മൌനത്തില്‍ പുഞ്ചിരിക്കുന്നവര്‍ 

        (സൌമ്യം കൊണ്ട് വാചാലിച്ച് നോട്ടം കൊണ്ട് യാത്രയാകുന്നവര്‍) 

5. ചിലര്‍ പൂര്‍വ്വജന്മത്തില്‍ കണ്ടുമുട്ടിയവര്‍ (അകലേയ്ക്ക് മാറ്റിനിര്‍ത്തും) 

6. ചിലര്‍ മെഴുകുതിരികള്‍ (കൂടെയുള്ളവര്‍ക്ക് പ്രകാശം പരത്തുന്നവര്‍)എന്നിങ്ങനെ ആറുതരം സാദ്ധ്യതകളില്‍ നിങ്ങളാര് എന്ന ചോദ്യം ഒറ്റവായനയില്‍ അനായാസമെങ്കിലും അടുത്ത വായനകളില്‍ പരസ്പരം നമ്മളാരൊക്കെയെന്ന് ചിന്തിക്കാതെ മുന്നോട്ടുപോകാനാകാതെ ശ്വാസം മുട്ടിക്കും. പുനര്‍വായനകളില്‍ തെളിഞ്ഞുവന്നത് മറ്റനേകം ലോകങ്ങളാണ്‌. കവിതയ്ക്ക് തടാകപ്പരപ്പില്‍ കാണുന്നതില്‍ കവിഞ്ഞ ആഴം അനുഭവിക്കാനാവുന്നതിന്‍റെ ആനന്ദം വലിയതുതന്നെ. അതേസമയം കവി മറ്റൊരു കവിതയില്‍ ആകുലപ്പെടുന്നത് 

“ആഴത്തിലാണെന്ന്

കരുതുമ്പോഴേയ്ക്കും

കരയ്ക്കെറിഞ്ഞു -

കൊണ്ടേയിരിക്കുന്നു കടൽ!”

എന്നാണ്. ഇത് സാര്‍വ്വകാലീനമായൊരു അനുഭവമാണെന്നതില്‍ അധികമാര്‍ക്കും തര്‍ക്കമുണ്ടാവില്ല. 


അതേസമയം കരുതലിന്‍റെ ഒരു സൂക്ഷ്മനാഡി വിന്‍സിയുടെ കവിതയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. കൃതിയ്ക്കും വായനയ്ക്കുമിടയില്‍ സാന്ദ്രമാകുന്ന വേരുപടലമാണിത്. ഒരിടത്ത് കവി എഴുതുന്നത് 

“ഓർമ്മകളുടെ മൺക്കുടത്തിൽ

ഞാനൊരു സുഷിരമിടുന്നു!

നിന്റെ മൈലാഞ്ചി പൂക്കൾ

പൊഴിയാതിരിക്കാൻ.......!”

എന്നാകുന്നത് കരുതലിന്‍റെ ഉപ്പ് വേണ്ടുവോളം അലിഞ്ഞുചേര്‍ന്നതിനാലാണ്‌. 

മനസ്സുള്ള ഏതൊരു മനുഷ്യന്‍റെയും ഉള്ളിലുള്ള ഒരാന്തല്‍ വായനക്കാരിലേയ്ക്കും പടരുന്ന വരികളാണ്‌ 

“കുരുതിക്ക് കലിയടങ്ങാൻ

നമ്മുടെ കുഞ്ഞിന്റെ

അകക്കണ്ണ് വേണമെന്ന്!”

യഥാര്‍ത്ഥത്തില്‍ കുരുതിയ്ക്ക് കളമൊരുക്കുന്ന ഡസന്‍കണക്കിന്‌ കാര്യങ്ങള്‍ നമ്മെ ദിവസവും ഭയപ്പെടുത്തുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരുടെ കുരുതിയാണെന്ന സന്ദേഹം ആര്‍ക്കാണില്ലാത്തത്; പ്രത്യേകിച്ചും നമ്മള്‍തന്നെ ബലികളായിരിക്കെ! 

സങ്കീര്‍ണ്ണമായതെന്ത് ലളിതമായതെന്ത് എന്ന സമസ്യയ്ക്ക് കവി നല്‍കുന്ന ഉത്തരം “എളുപ്പമാകുന്നതും / അതല്ലാതാകുന്നതും / ഒന്നു തന്നെ!” എന്നാണ്‌. വിന്‍സിയുടെ കവിതയെ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാകുന്നത് കവിതന്നെയറിയാതെ കരുതല്‍ ധനം പോലെ ചില വാചകങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു എന്നതുമാണ്‌. 

ഹ്രസ്വകവിതകള്‍ പലപ്പോഴും വല്ലാതെ ആഴത്തില്‍ ക്ഷതമേല്‍പ്പിക്കാറുമുണ്ട്.   

“പ്രണയിക്കുകയെന്നാല്‍ 

നിന്നോളമുയരം 

എനിക്കുണ്ടാകുകയെന്നും 

അര്‍ത്ഥമുണ്ടെന്ന്”

എഴുതുന്ന കവി പ്രണയത്തിലെ പെണ്ണുയരം പരമ്പരാഗതമായ കെട്ടുപാടുകളില്‍നിന്ന് അന്തസ്സോടെ ഉയര്‍ത്തിനിര്‍ത്തുകയാണ്‌. 

“നീയൊരു ഭൂഗോളം സൃഷ്ടിക്കുന്നുണ്ട്

സ്പന്ദനമായിരിക്കുകമാത്രമാണ്‌

എനിക്കൊരു പോം‍വഴി”

എന്നതുള്‍പ്പെടെ പ്രണയകവിതകളുടെ ഗണത്തില്‍ തിരക്കുപിടിച്ച് ചേര്‍ത്താല്‍ തെറ്റിപ്പോകും. നിലപാടിന്‍റെ തിളക്കമാണ്‌ കവിതകളുടെ തിളക്കം. ഒട്ടും പ്രകടനപരമായല്ല കവിതയില്‍ വിന്‍സി ഇടപെടുന്നത്. സൂക്ഷമമായ പാരായണമാണ്‌ അതിന്‌ ശലഭച്ചിറകുനല്‍കുന്നത്.  

“കാറ്റു വിരുന്നു വരുന്നുണ്ട്

നിന്റെ നിഴലനക്കം കൂടി

ചാരനേത്രത്താൽ

അളന്നൊഴിക്കാൻ!”

കാറ്റുപോലും സംശയത്തിന്‍റെ ആനുകൂല്യം അര്‍ഹിക്കുന്നില്ല എന്നെഴുതുന്ന കവി ഗൂഢാലോചനകളുടെ സദാചാരക്കണ്ണുകളെ സദാ വീക്ഷിക്കുന്നുണ്ടെന്ന മറുപടിയാണ്‌ നല്‍കുന്നത്. സ്ത്രീയെ പിന്തുടരുന്ന ഈ ചാരക്കണ്ണ്‌ ബന്ധുവിന്‍റേതോ സഹപ്രവര്‍ത്തകരുടേതോ ആവാം. സ്വയം ഇരയായിരിക്കെ തന്‍റെ ചളിക്കുണ്ടിലേയ്ക്ക് വലിച്ചിറക്കാന്‍  വെമ്പുന്ന 'ഒപ്പമുള്ള'വരുടേതോ ആവാം.

“ചിലപ്പോഴൊക്കെ

വീടുകളും ഓരോ തുരുത്തുകളാണ്!

പുറത്തുള്ള ഒന്നിനേയും

സ്വീകരിക്കാതെ,

അകത്തുള്ള രഹസ്യങ്ങളെ മാത്രം

ശ്വസിക്കുന്ന

അപരിചിതരെ പോലെ!”

വീടുതന്നെ അപരിചിതമാകുന്ന അവളവള്‍തന്നെ അന്യയാകുന്ന വേദനകളിലൂടെ കടന്നുപോകാത്തവര്‍ വിരളമാവും. വീടെങ്ങനെയാണ്‌ ഒരു അഴിയാക്കുരുക്കാകുന്നതെന്ന് ശ്വസിക്കുകയാണ്‌ കവിയുടെ വരികള്‍. ആത്മക്ഷതങ്ങളുടെ വീട്ടില്‍നിന്നും തുടങ്ങിയാണ്‌ വിന്‍സിയുടെ കവിതകള്‍ തെരുവിലിറങ്ങുന്നത്. ഇതില്‍പ്പരം ഒരു കവിയ്ക്ക് ആത്മാര്‍ത്ഥത പുലര്‍ത്താനാവില്ല.

“എവിടെത്തുടങ്ങിയാലും

നിന്നിലവസാനിക്കുന്നതു

വിഴുങ്ങി ഞാനൊരു

തീവിഴുങ്ങി പക്ഷിയാകുന്നുണ്ട്.”

അതുകൊണ്ടുകൂടിയാണ്‌ കവി പ്രോമിത്യൂസിനെപ്പോലെ തീയില്‍ സ്വയം നീറുന്നത്.