27/2/21

ഉണ്ട് - ഇരുട്ടില്‍ ആഴക്കിണറില്‍ വീണുകിടക്കുന്ന മൂങ്ങയുടെ നിഴല്‍/എം.പി. പ്രതീഷിന്‍റെ പുഴു, ദൈവം, കല്ല് എന്ന കവിത വായിക്കുന്നു/അനൂപ് എം.ആര്‍

 

ഉണ്ട് - ഇരുട്ടില്‍ ആഴക്കിണറില്‍ വീണുകിടക്കുന്ന മൂങ്ങയുടെ നിഴല്‍

എം.പി. പ്രതീഷിന്‍റെ പുഴു, ദൈവം, കല്ല് എന്ന കവിത വായിക്കുന്നു

അനൂപ് എം.ആര്‍

 

കവിതയുടെ ലോകം വാക്കുകളുടെ എണ്ണംകൊണ്ടും അളവുകൊണ്ടും ചെറുതാകാമെങ്കിലും തിരഞ്ഞെടുത്ത വാക്കുകളുടെ അപാരമായ അലച്ചില്‍ കവിതയിലുണ്ട്. അതിനോട് എന്തുകൊണ്ടും നീതിപുലര്‍ത്തുന്ന കവിതയാണ്‌ എം.പി. പ്രതീഷിന്‍റെ പുഴു, ദൈവം, കല്ല്. മുറിയുടെ ചുമരോരത്ത് കാറ്റിടപെട്ടാല്‍പോലും വരിതെറ്റുന്ന ഉറുമ്പുകളുടെ നടത്തപോലെ, രണ്ടുദിവസം‍കൊണ്ട് ഒരില തിന്നുതീര്‍ക്കുന്ന പുഴുവിനെപ്പോലെ കവി തനിച്ചുപോകുന്നു. ആരവങ്ങളുടെ ബൃഹദാകാരങ്ങളില്ല, ‘തലയെടുപ്പെന്ന അശ്ലീലങ്ങളില്ല. എല്ലാം ഒന്നെന്ന ധ്യാനമാണ്‌ അദ്ദേഹത്തിന്‍റെ മിക്ക കവിതകളിലും അനുഭവിക്കാനാവുന്നത്. പുഴു, ദൈവം, കല്ല് എന്ന കവിത പ്രസ്തുത പാതയില്‍ മറ്റൊരു നാഴികക്കല്ലാണ്‌ എന്ന് നിസ്സംശയം പറയാം.  

ബാധ, ചുരുണ്ടുമടങ്ങിയ ദിവസം, പതുക്കെ, ഉണക്കം, ഞാന്‍ കണ്ടു തുടങ്ങി ഇത്തരത്തില്‍ അനേകം കവിതകള്‍ എം.പി. പ്രതീഷിന്‍റേതായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. പാരിസ്ഥിതിക വാദത്തേക്കാള്‍ നമ്മളിലെ പരിസ്ഥിതിയെ അന്വേഷിക്കുകതന്നെയാണ്‌ കവി. പാരിസ്ഥിതികസൂക്ഷ്മമായ ആത്മീയതയാണ്‌ എം.പി. പ്രതീഷിന്‍റെ കവിതയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത് എന്നാണ്‌ എന്‍റെ വായനാപക്ഷം.

കവിതയിലൊരു സൂക്ഷ്മജീവിതമാണ്‌ ഈ കവിത. ബിംബാവലിയുടെ വൈചിത്ര്യം ഇലകള്‍ക്ക് കല്ലിനെയലിയിക്കാന്‍ പറ്റാത്തതുപോലെ മുഴച്ചുനില്‍ക്കുന്നില്ല. കല്ലില്‍ വീണ് പതുക്കെ ഞരമ്പുമാത്രമാകുന്ന ഇലപോലെയുമല്ല ഈ കവിത. സൂക്ഷ്മത്തിന്‍റെ സൂക്ഷ്മത്തില്‍ ഈ കവിതയൊരു ഫോസിലായി കാലങ്ങളോളം ജീവിക്കാനാണ്‌ സാദ്ധ്യത.

പുഴു എന്‍റെ ദൈവമല്ലെന്നും എനിക്ക് ദൈവമില്ലെന്നും എഴുതുന്ന കവി പുഴുവിനും അതുണ്ടാവുമോ എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍ സാര്‍വ്വലൌകികമായ ജീവനെന്ന നിഗൂഢസത്യത്തെ തുല്യതയോടെ തൊടുകയാണ്‌ ചെയ്യുന്നത്. ആ നിമിഷം മുതല്‍ ഒരു സൂക്ഷ്മജീവിയായി ഈ കവിതയില്‍ അനുവാചകനെ യാത്രചെയ്യിച്ചുതുടങ്ങുന്ന ഒരു മാജിക്ക് ഈ കവിതയിലുണ്ടെന്നാണ്‌ എന്‍റെ അനുഭവം.

പരസ്പരപൂരകമായൊരു സഹജാവബോധമുണ്ട് ഈ കവിതയില്‍. ഞാനെന്ന മനുഷ്യനില്‍ നിന്ന് പുഴുക്കളുടെ ലോകത്തേയ്ക്ക് യാത്ര പുറപ്പെടുന്ന അനുവാചകന്‍ ശലഭത്തിന്‍റെ പറക്കത്തില്‍നിന്ന് പുഴുത്വത്തിന്‍റെ സൂക്ഷ്മതയിലേയ്ക്ക് അലിഞ്ഞുചേരുകയാണ്‌ ചെയ്യുന്നത്. അവിടെയാണ്‌ നമ്മള്‍ പുഴുക്കളില്‍ മറ്റൊരു പുഴുവായി അവയുടെ സഞ്ചാരവും വഴിമുറിച്ചുകടക്കലും ഇലകളുടെ മണ്ണിലലിയലും ഒക്കെക്കാണുന്നത്. അത്ഭുതങ്ങളുടെ ലോകത്തെത്തുന്ന ആലീസിന്‍റെ അനുഭവങ്ങളോട് ഇതിനെന്തോ വിദൂരസാമ്യം മനസ്സ് ആരോപിക്കുന്നു. അത്രമാത്രം ദൃശ്യപരമായി ഈ കവിത എന്‍റെ മനസ്സില്‍ തറഞ്ഞുകയറിയിട്ടുണ്ട്. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കിടയിലൂടെയുള്ള സൂക്ഷ്മവിടവുകളിലൂടെ ഏകകോശജീവിയുടെ വഴക്കത്തോടെ മനസ്സ് യാത്രചെയ്യുന്നു.  

നമ്മള്‍ വെളിച്ചത്തിലല്ലാത്തപ്പൊഴും റോഡുകോശങ്ങളുടെ വെളിച്ചത്തിലിരിക്കുന്ന മൂങ്ങ കോണ്‍ കോശങ്ങളുടെ വെളിച്ചമില്ലായ്മയിലിരിക്കുന്ന നമ്മെ വെല്ലുവിളിക്കുന്നു. എനിക്ക് വെളിച്ചമില്ലാത്തപ്പോള്‍ ഇരുട്ടെന്ന് ധരിക്കുന്ന വിഡ്ഢിത്തത്തെ ആഴക്കിണറിലെ നിഴല്‍ കാണിച്ച് തിരുത്തുന്നു. നമുക്ക് കാണാനാവാത്തതാണ്‌; ആ കാഴ്ച ഇല്ലാത്തതല്ല എന്ന് എം.പി. പ്രതീഷിന്‍റെ കവിതകള്‍ എപ്പോഴും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

 *കവിയുടെ ചിത്രത്തിന്‌ കടപ്പാട്. TrueCopy Think2 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കവിത പോലെത്തന്നെ, നല്ലൊരു വിലയിരുത്തൽ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പുഴു എന്‍റെ ദൈവമല്ലെന്നും എനിക്ക് ദൈവമില്ലെന്നും എഴുതുന്ന കവി പുഴുവിനും അതുണ്ടാവുമോ എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍ സാര്‍വ്വലൌകികമായ ജീവനെന്ന നിഗൂഢസത്യത്തെ തുല്യതയോടെ തൊടുകയാണ്‌ ചെയ്യുന്നത്.