18/10/11

ജീവിക്കുന്നതാണു

കുഴൂർ വിത്സൺ

വിളക്കിനെ വരച്ച് കൊണ്ടിരുന്നപ്പോൾ കറന്റ് വന്നതായി കാണപ്പെട്ടു. ഇരുട്ടിനെക്കുറിച്ചുള്ള ഓർമ്മയെഴുത്തും അതോടെ വെള്ളത്തിലായി. അങ്ങനെ പ്രാത്ഥിക്കാൻ തുടങ്ങി.
നൂറു ചോദിച്ചാൽ പത്ത് തരുന്ന ഒരു ഡാഡിയാണു ദൈവം.അല്ലെങ്കിൽ മരണത്തിനു വേണ്ടി പ്രാത്ഥിക്കുന്ന എന്നെ ഉറക്കം തന്ന് എന്നും പറ്റിച്ച് കളയുമോ അയാൾ.

ഏക ആശ്വാസം ആകാശമാണു. അതിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ, വീർത്ത കൺപോളകൾ വല്ലായ്മ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അത് പുഴയിൽ വീണു കിടക്കുന്നത് കണ്ടു. ഏയ് ചത്തിട്ടുണ്ടാവില്ല. കിളികളുടെ ഒച്ച കേൾപ്പാനുണ്ട്. പൊന്മാൻ ജലഭൂതത്തിന്റെ മായിക വലയത്തിലകപ്പെട്ട പക്ഷിയാണോ ? അല്ലെങ്കിൽ വേണ്ട അത് ചിറകുള്ള മീനായിക്കൊള്ളട്ടെ.


ബോറടിച്ച് മടുത്തപ്പോൾ മരണത്തിനു ഒരു കത്തെഴുതാമെന്ന് കരുതി. ഏകാകികളുടെ അവസാനത്തെ അത്താഴമേ എന്ന അഭിസംബോധന കഴിഞ്ഞപ്പോൾ ടെലഫോൾ വിളിക്കുന്നത് കേട്ടു. ചെന്നപ്പോൾ അതൊന്നുമേ മിണ്ടിയില്ല. മുൻപൊരു ദിവസം അതെനിക്കു ഒരുമ്മ തന്നിരുന്നു. രണ്ടാമത്തെ ചുംബനം മുതൽ വായനാറ്റം അനുഭവപ്പെട്ടു തുടങ്ങുമെന്ന് ഏതെങ്കിലും ദാമ്പത്യഗ്രന്ഥത്തിൽ വായിച്ചതായി ഓർമ്മയിലില്ല. അതെല്ലാം മറന്നേക്കൂ

എന്നെ മരിക്കൂ എന്നെ മരിക്കൂവെന്ന് കറന്റിനോട് വിലപിച്ചാലോ. അതിനു ശരിക്കും വ്യാകരണം അറിഞ്ഞ്കൂടല്ലോ
രണ്ട് ജീവിതങ്ങളെ കൂട്ടിച്ചേർക്കുന്ന പശയെക്കുറിച്ച് പരസ്യവാചകമെഴുതിയതിനുള്ള കൂലി കോപ്പിറൈറ്റർക്ക് കിട്ടിയില്ലെന്ന വാർത്ത ഇന്നത്തെ പത്രത്തിലോ ? വേണ്ട നേരം വെളുക്കട്ടെ

സെമിത്തേരിയിൽ കോളിംഗ് ബെൽ ഇല്ലാത്തത് കഷ്ടം തന്നെയാണേ. മൺ വാതിൽ ഭദ്രമായടച്ച് അപ്പൻ സുഖമായുറങ്ങുന്നു. ഏയ് ഞാനൊച്ചയൊന്നും ഉണ്ടാക്കുന്നില്ല.

ടെലഫോൾ ബൂത്ത് കാണുമ്പോൾ കുരിശ് വരക്കുന്നവനേയെന്ന് എന്നെ കളിയാക്കുന്നവനേ പാപം ചെയ്യരുതേ. അതിന്റെയത്ര വിശുദ്ധിയുള്ള കുമ്പസാരക്കൂട് കാണുകയേയില്ല

ആത്മഹത്യാക്കുറിപ്പ് നന്നായി ലേ ഔട്ട് ചെയ്ത് കുറെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോസ്റ്റ് ചെയ്യാൻ കൂട്ടുകാരനെ ഏൽപ്പിക്കണമെന്നും വിചാരിച്ചിരുന്നു

അല്ലെങ്കിൽ വേണ്ട ഇങ്ങനെ മരിക്കുന്നതിലും ഭേദം ജീവിക്കുന്നതാണു

7 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

കൂഴൂരിന്റെ കവിത വായിക്കുന്നത് ഇപ്പോൾ എന്റെ ഒരനുഭവമല്ല.. ഒരുതവണയോ അതോ രണ്ടോ അറിയില്ല അത് ഫോണിലൂടെ കേട്ടു..അതിനുശേഷം ഇപ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ കവിത വായിക്കുമ്പോൾ കേൾക്കുകയാണ്.. കൂഴൂരിന്റെ കവിത കേൾവിക്ക് ഒരുങ്ങി നിൽക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്..അയാളുടെ ശബ്ദത്തിൽ വാക്കുകൾ മെഴുക്കുപുരട്ടിപോലെ അനുഭവപ്പെടും.. വല്ലാത്തൊരടുപ്പം തോന്നും.. 'ടെലഫോൺ ബൂത്ത് കാണുമ്പോൾ കുരിശുവരയ്ക്കുന്നവനേ' എന്നുള്ളപോലെ വളരെ സാധാരണവും എന്നാൽ നേരിട്ട് സംവദിക്കുന്നതുമായ വരികൾ ആ ശബ്ദത്തോടൊപ്പമാണ് ഉള്ളിലേക്ക് പോകുന്നത്.. മറ്റാരുടേയും കവിതകൾക്ക് എന്നിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാക്കാനായിട്ടില്ല.

yousufpa പറഞ്ഞു...

സെമിത്തേരിയിൽ കോളിംഗ് ബെൽ ഇല്ലാത്തത് കഷ്ടം തന്നെയാണേ. മൺ വാതിൽ ഭദ്രമായടച്ച് അപ്പൻ സുഖമായുറങ്ങുന്നു. ഏയ് ഞാനൊച്ചയൊന്നും ഉണ്ടാക്കുന്നില്ല.

ടെലഫോൾ ബൂത്ത് കാണുമ്പോൾ കുരിശ് വരക്കുന്നവനേയെന്ന് എന്നെ കളിയാക്കുന്നവനേ പാപം ചെയ്യരുതേ. അതിന്റെയത്ര വിശുദ്ധിയുള്ള കുമ്പസാരക്കൂട് കാണുകയേയില്ല.

അതിഗംഭീര കാത്പനീകത...ഇഷ്ടായി..ഒത്തിരിയൊത്തിരി.

വിഷ്ണു പ്രസാദ് പറഞ്ഞു...

ആരും തൊടാത്ത മനോഹരമായ കല്പനകള്‍ നിറഞ്ഞിരിക്കുന്നു.പിന്നെ വിത്സനെഴുത്തിന്റെ ആ ആത്മസ്പര്‍ശവും...ആരെയും എവിടെ വെച്ചും കെട്ടിപ്പിടിച്ചുപോവും അവനും അവന്റെ കവിതയും

lakshman kochukottaram പറഞ്ഞു...

ഗര്‍ഭചിദ്രം നടത്തിയ മരണം. ആദ്യമായാണ്‌ ഇങ്ങനെ കാണുന്നത്. ഇങ്ങനെ മരിക്കുന്നതിനേക്കാള്‍ ഭേദം ജീവിക്കുന്നതല്ലെയെന്ന്.

വെറുതെ അല്ല കുഴൂര്‍ എന്നോര്‍ക്കുമ്പോള്‍ ആളോള്‍ക്ക് ഒരു ആകാംഷ. ഇതുപോലൊരു കവിത വായിക്കാന്‍ അവസരം തന്നതിന് വളരെ നന്ദി.

Kaithamullu പറഞ്ഞു...

നൂറു ചോദിച്ചാൽ പത്ത് തരുന്ന ഒരു ഡാഡിയാണു ദൈവം.അല്ലെങ്കിൽ മരണത്തിനു വേണ്ടി പ്രാത്ഥിക്കുന്ന എന്നെ ഉറക്കം തന്ന് എന്നും പറ്റിച്ച് കളയുമോ അയാൾ.

-ഉമ്മ!(രണ്ടാമത്തെ ചുംബനം മുതൽ വായനാറ്റം അനുഭവപ്പെട്ടു തുടങ്ങുമെന്ന് ഏതെങ്കിലും ദാമ്പത്യഗ്രന്ഥത്തിൽ വായിച്ചതായി ഓർമ്മയിലില്ല) അതോണ്ട് ഒന്നൂടി!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഈ കവിതയുടെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ വിത്സൻ

ദേ ഇവിടെ നോക്കുമല്ലൊ

https://sites.google.com/site/bilathi/vaarandhyam

V P Gangadharan, Sydney പറഞ്ഞു...

ജീവിതാവബോധത്തിന്ന്‌ ഇതാ ഇവിടെ ഒരു ചൂണ്ടുപലക.
ശ്മശാനത്തിന്‌ പൂട്ടും താക്കോലും ഇല്ലല്ലോ. എങ്കിലും അവിടേയ്ക്ക്‌ കടന്നു ചെല്ലാന്‍ കാത്തിരിക്കുക തന്നെ വേണ്ടിവരും....
എന്ന് ആര്‌ പറഞ്ഞു?