29/10/11

മുളകിടാനും പൊരിക്കാനും പോന്ന മൂന്നു കായൽ‌മീനുകളെക്കുറിച്ച് ഒരു ചൂണ്ടക്കാരൻ

നസീർ കടിക്കാട്1
ചൂണ്ടക്കാരൻ മണ്ണിരയെ പിടിക്കുന്ന വിധം

കവിത മടുത്ത ഒരു ദിവസം
ചൂണ്ടക്കാരൻ
ചളിമണ്ണു മാന്തി 
മണ്ണിരയെ കണ്ടെടുത്തു.

മണ്ണിര വാലു ചുരുട്ടി 
ഒന്നേ ചോദിച്ചുള്ളൂ:
തല എന്തു ചെയ്യും മാഷേ ?

ആ ,
എന്നൊരുത്തരം
ചൂണ്ടക്കാരന്റെ ചുണ്ടിൽ .

മണ്ണിരയുടെ തലയിലൂടെ
ചൂണ്ടക്കൊളുത്ത്
ഒരു മുഴുത്ത സ്രാവിനെ 
മറ്റാരും കാണാതെ
സ്വപ്നം കണ്ടു .

ചൂണ്ടക്കാരന്റെ വീട്
തോട്ടുവക്കത്ത്

2
ചൂണ്ടയിടുന്നതിനിടയിൽ  കവിത തിരയുന്ന ഒരുതരം രീതി

മഴക്കാലമായാൽ , ഞങ്ങൾ
തോട്ടിലേക്കു ചാടി
പടിഞ്ഞാട്ടൊഴുകും.

കടലും കപ്പലും
പടിഞ്ഞാറാണെന്നു പഠിപ്പിച്ചത്
കോലാൻ മത്സ്യങ്ങൾ,
ആണ്ടുകിടന്ന്
ബിരുദവും
ബിരുദാനന്തര ബിരുദവും നേടിയവർ .

അവരോടൊപ്പം പോകും:
ചെന്നു വീഴുന്നത്
ഈച്ചിപ്പാടത്തെ ചിറയിൽ .

3
ചൂണ്ടക്കാരൻ കണയാട്ടി മടുക്കുമ്പോൾ കോലാൻ

കടലെവിടെ
കപ്പലെവിടെ ?

തിരയെണ്ണാനും
കപ്പൽക്കോളിൽ കണ്ണും‌നട്ടിരിക്കാനും
കോലാൻ‌മത്സ്യങ്ങളുടെ
മെലിഞ്ഞ ഉടലുകൾ
ഒരു വരി കവിത പോലും
പഠിപ്പിച്ചിട്ടില്ല.

അവർക്കറിയാവുന്നത്
ഊളിയിടാൻ മാത്രം .

ചൂണ്ടക്കാരനും ശീലിച്ചു ,
മീനുകളുടെ അത്‌ലറ്റിക് മീറ്റ് .

അന്നേരമാണ്
ഉപരിതലത്തിൽ കുമിളകൾ
ആൾ‌പാർപ്പു തുടങ്ങുന്നത് .

4
ചൂണ്ടക്കാരൻ പരലുകളെക്കണ്ട് ഞെട്ടുന്നു

ഇരുന്നയിരുപ്പിൽ ഞെട്ടുന്നതിനെ
കവിതയിലെ
ഒരു വാക്കു കൊണ്ടും മറയ്ക്കാനാവില്ലെന്നു
ചൂണ്ടക്കാരൻ
പരൽ‌മീനുകളുടെ ഒരു കൂട്ടത്തോടു
എന്തോ പറയുകയാണ്

പരലുകൾ
അത്രയ്ക്കു ചെറിയ മത്സ്യങ്ങളല്ല ,
വീടുകൾ അട്ടിമറിക്കുവാനുള്ള
കൂടിയാലോചനയിലാണ്

ജലം തെറിപ്പിച്ച് 
വാലിളക്കി
തർക്കിച്ച്
തോട്ടുവക്കത്തെ വീട്ടിലേക്ക്
തുരങ്കം പണിയുകയാണവർ .

വീട്ടിലേക്കു മടങ്ങിയാലോ ,
ചൂണ്ടക്കാരൻ
ഒറ്റവരിയിൽ മണ്ണിരയെ മറക്കുന്നു .

5
ചൂണ്ടക്കൊളുത്തിൽ ചെമ്പല്ലി പിടയുന്നു

പായലുകളുടെ
ജലനാരുകൾക്കിടയിലിരുന്ന്
മണ്ണിര ചൊല്ലുകയാണ് ,
ചെമ്പല്ലിയുടെ പരന്ന ഉടലിലേക്ക്

ഇതാണു കവിത:
അറിയുമോ,
തോട്ടുവക്കത്തെ വീട്
മഴക്കാലം
മണ്ണ്
മണം

സന്ധ്യയ്ക്കാണ്
ഭൂമിക്കടിയിലൂടെ തോടുകൾ
വീടു തിരഞ്ഞു 
മടങ്ങിപ്പോകുന്നത് .

6 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കോലാൻ
പരൽ
ചെമ്പല്ലി

മണ്ണിര

JIGISH പറഞ്ഞു...

പോകെപ്പോകെ,വാക്കുകൾ പരൽമീനുകളും കവി ചൂണ്ടക്കാരനുമാകുന്നതിന്റെ രസം..! വരികൾക്കിടയിലൂടെ സ്നേഹത്തിന്റെ വറ്റാത്ത ഒരുറവ പൊട്ടുന്നതും കാണാം.!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്താ കവി ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല കേട്ടൊ

Sanal Kumar Sasidharan പറഞ്ഞു...

ലക്ഷണമൊത്ത ചവറ്

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ജിഗീഷേ,മീനുകളുടെ ചളിപ്പ്

മുരളീ മുകുന്ദാ ,(കവിയായിട്ടല്ല)ഒരു ഉദ്ദേശവുമില്ല.

സനലേ , ആ മീന്‍ കൊത്തി.

Vp Ahmed പറഞ്ഞു...

ഒന്നും തോന്നിയില്ല.
http://surumah.blogspot.com/