നസീർ കടിക്കാട്
ചുറ്റും
മണൽ പരത്തുന്നു
വെയിൽ വിരിക്കുന്നു
ഒട്ടകത്തെ വരയ്ക്കുന്നു.
കണ്ണു നനച്ച്
ഒരു മരം നട്ടുവളർത്തുന്നു
വിളിച്ചുകൂവുന്നു
“പഴുത്താലോ
കൊഴിഞ്ഞാലോ എന്ന്
പച്ചയ്ക്കു നിൽക്കുന്ന
ഇലകളുടെ തണലിതാ”
പാതിരാത്രിയുടെ പറമ്പിൽ
പല പ്രായത്തിലുള്ള കുട്ടികൾ
എല്ലാം മറന്നു കളിക്കുകയാണ്.
ഉണ്ണിപ്പുരയും ഉണ്ണിച്ചോറും
കളിച്ചവരല്ലേയെന്ന്
കെട്ടിപിടിച്ചും
ഉമ്മ വെച്ചും
കരഞ്ഞും...
അപ്പുറത്തെ വീട്
ഇപ്പുറത്തെ വീട്
അയലത്തെ വീട്
ആരാന്റെ വീട്
ഊമകളായ വീടുകൾ
വിളക്കണച്ച്
ഉറക്കം നടിച്ചു കിടപ്പായി.
മുണ്ടഴിച്ച്
തലയിൽ കെട്ടിയതിന്റെ പച്ചയ്ക്ക്
ആകെത്തളിർത്തതിന്റെ ഇളംപച്ചയ്ക്ക്
ഇല മണക്കുന്നു നിന്നെ
വാഴക്കൂമ്പോ
തുളസിയോ
ഒടുക്കത്തെയാ ആര്യവേപ്പോ
എടാ
എനിക്കു ഛർദ്ദിക്കണം
വീടായ വീടെല്ലാം നിനക്കിപ്പോൾ
പല നിറത്തിൽ
കരിങ്കല്ലു കലർന്ന ചാരത്തിൽ
ചെങ്കല്ലുടഞ്ഞ ചുവപ്പിൽ
പൂക്കളുടെ മഞ്ഞയിൽ
മനുഷ്യരില്ല
ഉറക്കം നടിച്ചു കിടന്നവർ
ശരിക്കും ഉറങ്ങിയിരിക്കുന്നു
മരിച്ചു പോയിരിക്കുന്നു.
മണലിനടിയിൽ
മരിച്ചവരുടെ അസ്ഥികൂടം
മരം മുളയ്ക്കുന്ന പേടിയോടെ
വിരൽ നീട്ടുമ്പോൾ
ചിരിച്ചു ചിരിച്ച്
ഇലകൾ പറിച്ചെറിഞ്ഞ്
പച്ചത്തെറി വിളിച്ച്
നീ പേരിടുന്നു
"ഞാനൊരു മരം”
ഇല മണക്കുന്നു നിന്നെ
മാന്തളിരോ
മുരിങ്ങയോ
മധുരിച്ചുമധുരിച്ച് നിരന്നുനിൽക്കുന്ന
ഒടുക്കത്തെയാ ആര്യവേപ്പോ
എടാ
എനിക്കു ഛർദ്ദിക്കണം
1 അഭിപ്രായം:
മനുഷ്യരില്ല
ഉറക്കം നടിച്ചു കിടന്നവർ
ശരിക്കും ഉറങ്ങിയിരിക്കുന്നു
മരിച്ചു പോയിരിക്കുന്നു.
- ഛർദ്ദിക്കണം ,ഛർദ്ദിക്കണം... ഈ മനുഷ്യേരുടെ മൊകത്തേയ്ക്കന്നെ ഛെർദ്ദിക്കണം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ