3/1/11

ഇടിഞ്ഞിടിഞ്ഞ്

ഷാര്‍ജയിലെ നിന്റെ വില്ലയിലെ
മതിലിനിപ്പുറം
റോഡരികു നിറയെ വേപ്പുമരങ്ങള്‍;
രാത്രിയിലും അതിന്റെ ചുവട്ടിലെ നില്പില്‍
ഹരിതം നമ്മളില്‍ കലരുന്നുണ്ടോയെന്ന
തോന്നല്‍.

റോഡിനപ്പുറം നിശ്ശബ്ദതയ്ക്ക്
മതിലുകെട്ടിയയിടം;
പനകള്‍ ,മരുഭൂമിയിലെ
പേരറിയാമരങ്ങള്‍
തിങ്ങി നില്‍ക്കുന്നു.

രണ്ടാള്‍പൊക്കത്തില്‍ നിന്ന്
രണ്ടുടലായ് വേര്‍പെടും
ഒരു മരത്തെ കാട്ടി നീ;
മരുഭൂമിയിലെ
മരങ്ങളുടെ ഏകാന്തത
കാണുമ്പോള്‍
അവയ്ക്കെല്ലാം ഓരോ
കഥയുണ്ടെന്നും
അക്കഥയെല്ലാം നിനക്കറിയാമെന്നും
എനിക്കു തോന്നാറുണ്ട്.

ഒരു പനയുടെ പട്ടയുയര്‍ത്തി
അര്‍ബുദം വന്ന ഒരാളെ
അടുത്തു നിര്‍ത്തി കാണിക്കുന്ന
വേദനയോടെ അതിന്റെ
ഉണക്കശ്ശിരസ്സു നോക്കാന്‍ എന്നോട്.

പനകളുണങ്ങുമ്പോള്‍
ശിഖരങ്ങളിടിയുമ്പോള്‍
ഉള്ളില്‍ അര്‍ബുദത്തിന്റെ
വേദനയുള്ളവനേ;
നീ ഇടിഞ്ഞിടിഞ്ഞ്
തീരുന്നതും നോക്കി
എത്ര മരങ്ങളാണു
കാത്തു നില്‍ക്കുന്നത്,
പൊട്ടിക്കരയാന്‍.

19 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

ഷാര്‍ജയിലെ വേപ്പുമരത്തിന്‌..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കവിതയുടെ ഈ മരപ്പച്ച എന്നിലും കലരുന്നു
വിൽസന്റെ ഒരു വേപ്പുമരം എന്നെ നോക്കി
കണ്ണു കാണിക്കുന്നു....
അർബുദമില്ലാത്ത പനകളുടെ ഈ നാട്
കവിതയുടെ പച്ചപ്പിൽ പിന്നെയും തളിർത്തുകൊണ്ടിരിക്കുന്നു
തീക്കാറ്റിന്റെ ചൂടു കുറയുന്നു..
മണലിൽ പച്ച കുറുകുന്നു

ഇത് ശശിയുടെ കവിതയുടെ
2011 ന്റെ വേറിട്ട ഒരു ഹരിത വഴി....

(ഈ പുതുവൽസരസമ്മാനം വിൽസ കവിയ്ക്കാല്ലാതെ
മറ്റാർക്കാണ്‌ സമർപ്പിക്കുക?)

ജസ്റ്റിന്‍ പറഞ്ഞു...

ശശി, കവിത വളരെ നന്നായി. സമര്‍പ്പണവും നന്നായി. ശശിയുടെ മറ്റു കവിതകളില്‍ നിന്നും വ്യത്യസ്തമാകുന്നുണ്ട് ഇത്.

Kuzhur Wilson പറഞ്ഞു...

കണ്ണാടി കാണും പോലെ ഈ കവിത നോക്കി നിൽക്കുന്നു / മരക്കവീയെന്ന് കളിയാക്കി വിളിക്കുന്നവരുണ്ട് / സ്നേഹത്തോടെയുള്ള ഈ സങ്കടത്തിനു ശശിക്ക് നന്ദി

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

sasi,
idinjidinju poyi..

വിഷ്ണു പ്രസാദ് പറഞ്ഞു...

ശശീ,കവിത നന്നായി.സമര്‍പ്പിക്കുന്നവന് ചേരുന്ന പാകം...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അസ്സലായി ശശി.

Unknown പറഞ്ഞു...

Very touching..thanks friend.

Karthika പറഞ്ഞു...

നല്ല കവിത....

ചന്ദ്രകാന്തം പറഞ്ഞു...

'രണ്ടാള്‍പൊക്കത്തില്‍ നിന്ന്
രണ്ടുടലായ് വേര്‍പെടും..'
ഒരു മരവുമൊരു മനുഷ്യനും..

ലേഖാവിജയ് പറഞ്ഞു...

മരങ്ങളൊന്നും കരയേണ്ട; അവൻ ഇടിഞ്ഞിടിഞ്ഞ് പോകയും വേണ്ട :(
നല്ല കവിത ശശീ..

t.a.sasi പറഞ്ഞു...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

lekshmi. lachu പറഞ്ഞു...

നല്ല കവിത....

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

തികച്ചും വേദനാജനകം, വിൽസാ നീ ഇതു വല്ലതും കേൾക്കുന്നുണ്ടോ?

അജിത് പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു...രണ്ടുടലായ് വേർപെട്ട്..

അജ്ഞാതന്‍ പറഞ്ഞു...

വേപ്പ്‌മരങ്ങള്‍ക്കിടയിലെ തണുത്ത കാറ്റ് വല്ലാതെ സ്പര്‍ശിച്ചപോലെ...നൊമ്പരമുണര്‍ത്തി മരുഭൂമിയിലെ ഉഷ്ണകാറ്റും.....വളരെ നന്നായി.....

ഏറനാടന്‍ പറഞ്ഞു...

അങ്ങനെ ആ വേപ്പുമരം തല്‍ക്കാലം ഒരു വേര്‍പ്പാടായ്‌ പോയി. വിത്സാ വേഗം വരൂ..

t.a.sasi പറഞ്ഞു...

വിത്സൺ വേഗം യു.എ.യിൽ തന്നെ എത്തട്ടെ എന്നാഗ്രഹിക്കുന്നു ഏറനാടനെപ്പോലെ ഞാനും..

മുകിൽ പറഞ്ഞു...

ശശി-കവിതകളില്‍ വ്യത്യസ്തമായ ഒന്ന്. നന്നായിരിക്കുന്നു.