19/12/10

ഏതൊരാളുടേയും...

മരിച്ചുകഴിഞ്ഞപ്പോൾ
അയാൾ ഒന്നുരണ്ടുദിവസം
അസ്വസ്ഥനായി
പെട്ടിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിചയമില്ലല്ലോ
ഇങ്ങനെയൊരു ജഡത്വം

പെട്ടിയിൽ
ഉഷ്ണമാപിനി ഉരുകിയൊലിയ്ക്കും രാപ്പകലുകൾ
വാതിലോ ജനലോ ഇല്ലാത്ത അവിദഗ്ദ്ധവാസ്തു ,
വൈദ്യുതിനിലച്ച ഉഷ്ണിതനഗരം
കുറച്ചു വെള്ളം തരൂ...
സോഡ...
കഴിക്കാനെന്തെങ്കിലും...
എന്നിങ്ങനെ ഉള്ളിലുണ്ട്
ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ

ശവക്കല്ലറകൾ
ഭൂനിരപ്പിനു മുകളിൽ
ഫ്ളാറ്റിലേയ്ക്കോ
മൂന്നാം നിലയിലേയ്ക്കോ മാറ്റണം
സഹിക്കാനാവുന്നില്ല മണ്ണിനടിയിലെ മുഴക്കങ്ങളെ
എന്തെങ്കിലുമൊന്നുരിയാടാൻ ഒരാളുമില്ലല്ലോ..
ഫോൺനമ്പറുകൾ,
മെയിലുകൾ,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്ബാറിൽ നിന്ന്
ഹൃദയം വഴിഞ്ഞൊഴുകും
പ്രണയപദങ്ങൾ..

കുറച്ചുകൂടിക്കഴിഞ്ഞാൽ
പെട്ടിയിൽ വന്നു മുട്ടും
രാത്രികളിൽ അനാഥ പ്രേതങ്ങൾ,
പണ്ടെന്നോ മരിച്ചവർ.

വഴിതടഞ്ഞ്
വിശന്നിട്ടോ ദാഹിച്ചിട്ടോ
ഒന്നുമ്മ വെച്ചോട്ടേയെന്ന്
കാമത്തിലാളിപ്പടർന്നിട്ടോ
ഒരുവൾ

മൂന്നാം ദിനം
ശവപ്പെട്ടിയിലെ പൂക്കളിൽ നിന്ന്
അവസാനത്തെ ബന്ധുവും
മറവിരോഗത്തിലേയ്ക്ക് വഴുതി രക്ഷപെടും

നാലാം ദിനം
മണ്ണിൽ നിന്ന്
മരിച്ചവരുടെ അച്ചടക്കമില്ലാത്ത പ്രജകൾ
മുഖത്തേയ്ക്ക് പുളഞ്ഞുകേറും
ശത്രുവിന്റെ പെണ്ണുങ്ങളിലേയ്ക്കിരച്ചെത്തും
സൈനികരെപ്പോലെ പുഴുക്കാലടികൾ

വിരലുകൾ പൂവുകൾപോലെ ചീയും
കണ്ണുകൾ ഏറെപ്പഴകിയ മത്സ്യങ്ങളെപോലെയും
പണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയ നല്ല ഗന്ധങ്ങൾ
മൂക്ക് ചീയുമ്പോൾ
മുഷിഞ്ഞുമുഷിഞ്ഞ് പുറത്തേയ്ക്കു വരും.
കുടലും മസിലുമഴുകും
മുടിയിഴകളുടെ കടയഴുകും
ജനനേന്ദ്രിയം ജീവൻ വരുന്ന വഴികളെല്ലാമടഞ്ഞ്
ദുസ്സഹഗന്ധമുദ്രിതമാകും.
ഉടലിന്റെ എല്ലാ ദിക്കുകളിൽ നിന്നും
അഴുകിയമണങ്ങൾ മാത്രം
വിരുന്നു മുറിയിലേയ്ക്കൊഴുകിയെത്തും
ഉടൽ അഴുകിയഴുകി ഒരു കടലാകും

കണ്ണിൽ നിന്നൊരു പുഴ പുറപ്പെടും
നാവിൽ നിന്ന്
തൊലിയിൽ നിന്ന്
ചെവിയിൽനിന്ന്
മൂക്കിൽ നിന്ന്
അഴുകിയഴുകിയൊഴുകുന്ന
ഓരോരോ പുഴകൾ പുറപ്പെട്ടുതുടങ്ങും

ദൈവമേ
മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം
നിന്റെ സൈനികരെക്കൊണ്ട്
ഇങ്ങനെ പീഡിപ്പിക്കുകയുമരുത്
ജീവിതത്തെ മാറ്റിത്തീർത്ത
ദയാപരനേ
മരണത്തേയും.....

8 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

''മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം ..''

നല്ല കവിത.

Pranavam Ravikumar പറഞ്ഞു...

My Wishes too..!

തബ്ശീര്‍ പാലേരി പറഞ്ഞു...

ന്താ, മരണത്തോട് ഈയിടെ....

പ്രയാണ്‍ പറഞ്ഞു...

മൂന്നം ദിവസത്തിനപ്പുറം വേണ്ടിയിരുന്നില്ല പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പല്ലെ..........

ശ്രീനാഥന്‍ പറഞ്ഞു...

വല്ലാത്തൊരു അനുഭവമായി അനിൽ!

എം പി.ഹാഷിം പറഞ്ഞു...

vallaathoru vishadeekaranam !
maranathine choodu viral thondi vilikkum pole

റ്റിജോ ഇല്ലിക്കല്‍ പറഞ്ഞു...

പരിചയമില്ലല്ലോ ഇങ്ങനെയൊരു ജഡത്വം....എന്ന വരി കവിതയെ കൊന്നുകളഞ്ഞു.
അഴുകിയഴുകി....എന്ന വാക്കു എത്ര വട്ടമാണ് ആവര്‍ത്തിച്ചിരിക്കുന്നത്..?

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

@ ടിജോ, വിമർശനങ്ങളെ സ്നേഹത്തോടെ അകത്തേയ്ക്ക് വിളിയ്ക്കുന്നു. നല്ലൊരു ചൂടു കാപ്പി നൽകി വിശേഷങ്ങൾ പറഞ്ഞ് മടക്കിയയയ്ക്കാതെ എനിയ്ക്കു നിവൃത്തിയില്ല. മരിച്ചവരെപ്പോലെയാണ്‌ എഴുതപ്പെട്ടവയും , അഴുകിപ്പോകട്ടെ.. അല്ലാതെന്ത്!