12/11/10

നഗരം

ഹാരിസ്‌ എടവന

രാത്രികളിൽ
നഗരം പാത്തും പതുങ്ങിയും
ഗ്രാമത്തിൽ വരാറുണ്ടായിരുന്നു

ഒരോവീട്ടിലും
ഓരോദിവസവും
ജാരനായി

അവിഹിത ഗർഭങ്ങളൊക്കെ
വളർന്നു കരുത്തുള്ളവരായി

ഇന്നോരോ വീടിനും
വലിയ വേലികൾകെട്ടി
വീടെന്ന പേരൊട്ടിക്കുന്നുണ്ടവർ

ഞങ്ങളിന്നു
മിണ്ടാറില്ല
ചിരിക്കാറില്ല
കണ്ണാടികളാണു നിറയെ
ചുവരിലും വേലിയിലും

നഗരമിന്നു പകലാണു
വരുന്നത്
തലച്ചോറു കത്തുന്ന
പല്ലും നഖവുമുള്ള
യന്ത്രങ്ങളിൽ
പതിവു പറ്റുകാരായി

11 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

നഗരം....!
നന്നായി, ഹാരിസ്

ശ്രീനാഥന്‍ പറഞ്ഞു...

എഴുതേണ്ട ഒന്ന് എഴുതി കണ്ടു, നന്നായി. മ്മടെ ചെയർമാൻ പറഞ്ഞതിന്റെ നേരെ എതിര്- നഗരങ്ങൾ ഗ്രാമങ്ങളെ വളയുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആ പഴയ ഗ്രാമീണതയൊന്നും ഇന്നില്ല. മുളകും ഉപ്പും കടം വാങ്ങിയിരുന്ന തീക്കനല്‍ ചിരട്ടയില്‍ പകര്‍ന്നിരുന്ന ഇന്നലെക്ക് പകരം ഇന്ന് മതിലുകള്‍ !
അമേരിക്കയില്‍ പോലും മതില്‍ സംസ്കാരം ഇല്ലെന്നാണ് അറിവ്.
നല്ല ചിന്തകള്‍
ഭാവുകങ്ങള്‍

രാജേഷ്‌ ചിത്തിര പറഞ്ഞു...

നന്നായി..

ഒളിപ്പിക്കാനൊരു കാതില്ലാത്ത,
ഗ്രാമവിങ്ങല്‍

മഴക്കിളി പറഞ്ഞു...

ചുരുങ്ങിയ വരികളില്‍ വിശാലമായ കാഴ്ച...

ഫൈസൽ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഫൈസൽ പറഞ്ഞു...

നഗരങ്ങൾ രാത്രികളിൽ ചെന്നു കയറുന്ന 
ഗ്രാമങ്ങളുണ്ട്. ആ കഥയാണ്‌ അരപ്പട്ട 
കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രത്തിൽ 
പത്മരാജൻ പറഞ്ഞത്. കക്കാട് 
പറഞ്ഞപോലെ
അരക്കുതാഴെ വിശന്ന നഗരം 
അരക്കുമേലെ വിശന്ന ഗ്രാമത്തെ 
ഊട്ടാൻ പോയ കഥ.
ഇന്ന് നമ്മുടെ ധർമ്മങ്ങളും 
സങ്കടങ്ങളും കലർന്ന് 
ധർമ്മസങ്കടങ്ങളായിരിക്കുന്നു. 
നന്നായി ഹാരിസ്. 
സസ്നേഹം 
എം.ഫൈസൽ

എം പി.ഹാഷിം പറഞ്ഞു...

വളരെ പ്രസക്തമായ ഒരെഴുത്ത് !

ഇന്നോരോ വീടിനും
വലിയ വേലികള്‍ കെട്ടി
വീടെന്ന പേരൊട്ടിക്കുന്നുണ്ടവര്‍

MOIDEEN ANGADIMUGAR പറഞ്ഞു...

നഗരമിന്നു പകലാണു
വരുന്നത്
തലച്ചോറു കത്തുന്ന
പല്ലും നഖവുമുള്ള
യന്ത്രങ്ങളിൽ
പതിവു പറ്റുകാരായി.

നന്നായിട്ടുണ്ട് ഹാരിസ്.

Sanal Kumar Sasidharan പറഞ്ഞു...

കൊള്ളാം..എന്നാലും നഗരം പല്ലും നഖവുമൊക്കെ വച്ചു വരുന്നു എന്നൊക്കെയുള്ള ഒരിതിനെ അംഗീകരിക്കാനാവുന്നില്ല.അതൊക്കെ വെറുതേയല്ലേ...പഴയമട്ടിലുള്ള വില്ലനിസമൊന്നും ഒന്നിലും മൊത്തമായി കെട്ടിയേല്പിക്കാൻ പറ്റുന്നില്ല.

MOIDEEN ANGADIMUGAR പറഞ്ഞു...

അവിഹിത ഗർഭങ്ങളൊക്കെ
വളർന്നു കരുത്തുള്ളവരായി.

ഹും......