27/10/10

ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും /പി.പി രാമചന്ദ്രന്‍



അയ്യപ്പനും പോയി.

വെറുതെയങ്ങു പോകാന്‍ നാം മലയാളികള്‍ സമ്മതിക്കുമോ? ആചാരവെടിവെച്ചു കേമമായിത്തന്നെ യാത്രയാക്കി. മാത്രമല്ല, വൈലോപ്പിള്ളിക്കും ഓ.വി.വിജയനുമെല്ലാം മരണാനന്തരയാത്രയില്‍ നല്‍കിയതുപോലെ വിവാദങ്ങളുടെ വെടിക്കെട്ടും ശബ്ദഘോഷത്തോടെ നല്‍കി. ആരോരുമറിയാതെ തെരുവോരത്തുകിടന്നു ചത്തുപോകാനായിരിക്കും കക്ഷി ആഗ്രഹിച്ചത്. ആ പൂതി മനസ്സിലിരിക്കട്ടെ! അജ്ഞാതനായങ്ങു കടന്നുകളയാന്‍ അത്ര തിരിച്ചറിവില്ലാത്തവരാണോ ഇവിടത്തെ സാംസ്കാരികനായകരും ബുദ്ധിജീവികളും സര്‍വ്വോപരി സംസ്ഥാനബഹുമതികളോടെ സംസ്കരിക്കാന്‍ അവസരം പാര്‍ത്ത് സദാ സന്നദ്ധരായി നില്‍ക്കുന്ന സര്‍ക്കാരും?

ഒറ്റയാനായ അയ്യപ്പനോട് മധ്യവര്‍ഗ്ഗമലയാളിസഹൃദയര്‍ ഉള്ളില്‍ അസൂയ കൊണ്ടുനടന്നു. കാറ്റു പോലെ സഞ്ചരിക്കാനും ഏതു മുളന്തണ്ടിനേയും പുല്ലാങ്കുഴലാക്കി മാറ്റാനുമുള്ള ആ സ്വച്ഛന്ദസര്‍ഗ്ഗപ്രവാഹം അയ്യപ്പനെ ആയിരങ്ങളുടെ ആരാധനാപാത്രമാക്കി. വാക്കുകള്‍കൊണ്ട് അയ്യപ്പനുണ്ടാക്കിയ വിരുദ്ധബിംബങ്ങള്‍ അവരുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കി. കീറിമുറിക്കുകയും നീറിപ്പിടിക്കുകയും ചെയ്യുന്ന വാങ്മയം. ഗൃഹസ്ഥാശ്രമികളായിമാറിയ മുന്‍വിപ്ലവകാരികളുടെ കുറ്റബോധത്തിന് ആ വരികള്‍ പശ്ചാത്താപമോ കുമ്പസാരമോ ആയി. ഗ്രീഷ്മമേ സഖീ എന്ന് ബാറിലിരുന്ന് വിലപിച്ചു.

അരാജകജീവിതം നയിക്കുന്ന എഴുത്തുകാരേയും കലാകാരന്മാരേയും ആരാധിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. നിയമാനുസൃത സമൂഹത്തില്‍ സാധിക്കാത്ത കിറുക്കുകള്‍ കൊണ്ടുനടക്കുന്നവരോടുള്ള അസൂയയില്‍നിന്നാണോ അതു ജനിക്കുന്നത്? നമ്പ്യാരും ബഷീറും വി.കെ.എനും അരക്കിറുക്കന്മാരായിരുന്നു. കുഞ്ഞിരാമന്‍നായരും ഏറെക്കുറെ താന്തോന്നിയായി ജീവിച്ചു. ജോണും സുരാസുവും അയ്യപ്പനും പലര്‍ക്കും റോള്‍മോഡല്‍തന്നെയായിരുന്നു. കവി,കാമുകന്‍,ഭ്രാന്തന്‍ എന്ന നിര്‍വ്വചനത്തന് അപവാദങ്ങളില്ലെന്നുണ്ടോ? പൌരസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ ജീവിക്കുന്നവര്‍ക്ക് കലാകാരനാകാന്‍ പറ്റില്ലെന്നുണ്ടോ? നെരൂദ ഇന്ത്യയില്‍ ചിലിയുടെ അംബാസഡറായിരുന്നില്ലേ? അരാജകനായകന്മാരെ സൃഷ്ടിച്ച മുകുന്ദന്‍ ദില്ലിയില്‍ ഫ്രഞ്ച് എംബസ്സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നില്ലേ? സ്റ്റേറ്റ് ബാങ്കിന്റെ തലപ്പത്തിരുന്നു തന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം തെളിയിച്ചയാളല്ലേ നോവലിസ്റ്റ് സേതു?

ഒരു കലാകാരനെ അയാളുടെ രചനകളെ ആസ്പദമാക്കിയാണ് വിലയിരുത്തേണ്ടത്. ജീവിതത്തെയോ മരണത്തേയോ ആസ്പദമാക്കിയല്ല. അതെല്ലാം ആ രചനകളെ സ്വാധീനിച്ചിരിക്കാമെങ്കില്‍ക്കൂടി. നമ്മുടെ നാട്ടില്‍ പുരസ്കാരങ്ങളും ബഹുമതികളും നല്‍കുന്നത് രചയിതാവിനാണ്. കൃതിക്കല്ല. പുരസ്കാരം നല്‍കിയ എഴുത്തുകാരന് നാടുനീളെ സ്വീകരണം നല്‍കുന്നു. മരിച്ചാല്‍ സംസ്ഥാനബഹുമതികളോടെ സംസ്കരിക്കുന്നു. കഴിഞ്ഞു ഉത്തരവാദിത്വം. അതിലെ നിര്‍വ്വഹണവീഴ്ചകളാണ് അയ്യപ്പന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത്.

ഡോ.സുകുമാര്‍ അഴീക്കോടാണ് ഈ വിവാദവെടിക്കെട്ടിന് തിരികൊളുത്തിയത്. അയ്യപ്പന്റെ മൃതദേഹം സംസ്കരിക്കുന്നത് നീട്ടിവെച്ച സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നു. ജീവിച്ചിരിക്കെ അയ്യപ്പന്‍ എന്നൊരു കവിയെപ്പറ്റിയോ അദ്ദേഹം എഴുതിയ ഏതെങ്കിലുമൊരു കവിതയെപ്പറ്റിയോ അഴീക്കോടുസാര്‍ പരാമര്‍ശിച്ചതായി കേട്ടിട്ടില്ല. മൃതദേഹം മറവുചെയ്യാനെടുത്ത കാലതാമസമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗൃദ്ധ്രദൃഷ്ടിയെ ഈ കവിയിയേല്കു നയിച്ചത്! സംസ്കാരത്തെക്കുറിച്ച് അഭിപ്രായപ്രകടനം ചെയ്യുന്നവരാണ് സാംസ്കാരികനായകരെങ്കില്‍ അഴീക്കോടുസാര്‍ തനിക്കുള്ള ആ വിശേഷണത്തെ അന്വര്‍ത്ഥമാക്കി എന്നു പറയണം.

ചത്താല്‍ ഏതു മഹാനും ശവംതന്നെ. യഥാവിധി സംസ്കരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവുമാണ്. ജഡം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളപ്പോള്‍ അവസാനമായി ഒരു നോക്കു കാണേണ്ടവര്‍ക്ക് ആ സൌകര്യം ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഇവിടെ പ്രശ്നമായത് തിരഞ്ഞെടുപ്പാണ്. സംസ്കാരം നീട്ടിവെക്കാന്‍ അതൊരു കാരണമാക്കേണ്ടതുണ്ടോ എന്നാണു ചോദ്യം. വടക്കന്‍ ജില്ലകളില്‍ തിരഞ്ഞെടുപ്പുഡ്യൂട്ടിയിലുള്ള സഹൃദയരുടെ സൌകര്യംകൂടി കണക്കിലെടുത്താണ് തിങ്കളാഴ്ച നിശ്ചയിച്ച സംസ്കാരം ചൊവ്വാഴ്ചത്തേയ്കു നീട്ടിയതെന്നാണ് മന്ത്രി ബേബി പ്രസ്താവിച്ചത്. വെളുക്കാന്‍ തേച്ച ആ പ്രസ്താവനയാണ് പാണ്ടായിത്തീര്‍ന്നത്. അങ്ങനെയൊരു ഔദാര്യത്തില്‍ പതിയിരുന്ന അനൌചിത്യത്തെ മന്ത്രി അത്ര കാര്യമാക്കിയില്ല. ആ വീഴ്ചയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അവിടെയും അയ്യപ്പന്റെ കാവ്യസങ്കേതം തന്നെ ജയിക്കുന്നു. വിരുദ്ധബിംബങ്ങളെ ചേര്‍ത്തുവെച്ച് നക്ഷത്രമുണ്ടാക്കുന്ന രചനാശൈലി. ഒരേസമയം തിരഞ്ഞെടുപ്പിനോടുള്ള പൌരപ്രതിബദ്ധതയും അരാജകത്വത്തോടുള്ള ആരാധനയും നമ്മുടെ മധ്യവര്‍ഗ്ഗമനസ്സുകളില്‍ സംഘര്‍ഷത്തീപ്പൊരിയുണ്ടാക്കി. ("ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും"!) ജീവിച്ചിരിക്കെ അയ്യപ്പനെഴുതിയ അവസാനകവിത ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്നു കിട്ടിയതാണെങ്കില്‍, മരിച്ചതിനുശേഷം അദ്ദേഹമെഴുതിയ കവിത ഈ സംഘര്‍ഷമായിരിക്കും

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഒരേസമയം തിരഞ്ഞെടുപ്പിനോടുള്ള പൌരപ്രതിബദ്ധതയും അരാജകത്വത്തോടുള്ള ആരാധനയും നമ്മുടെ മധ്യവര്‍ഗ്ഗമനസ്സുകളില്‍ സംഘര്‍ഷത്തീപ്പൊരിയുണ്ടാക്കി!!!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു മെച്ചമുണ്ടായി ...
ഇപ്പോൾ അയ്യപ്പേട്ടനെ അറിയാത്തവർ കൂടി അറിഞ്ഞൂ...കേട്ടൊ

ഭൂമിപുത്രി പറഞ്ഞു...

അയ്യപ്പന്റെ കവിതയാണോ ജീവിതമാണോ ആരാധകർ കൊണ്ടാടിയതെന്ന ചോദ്യമുയർത്താനും ആരെങ്കിലുമുണ്ടായല്ലൊ..നന്നായി രാമചന്ദ്രൻ.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

അയ്യപ്പനും ജോണും ഒക്കെ നല്ല ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയവരാണ്, അവരുടെ കലയില്‍ . പുറം കാഴ്ചയുടെ തലതിരിയലില്‍ അരാജകപ്പട്ടം എന്ന കുറ്റിയില്‍ പെട്ടന്ന് പിടിച്ച് കെട്ടുകയാണ്. ചരമക്കുറിപ്പുകളില്‍ എന്തുമാത്രം അരാജക ഇമേജുകളാണ് വകുപ്പുമന്ത്രിയുടെ വെടിയേക്കാള്‍ ഉച്ചത്തില്‍ പൊട്ടുന്നത്!

ശ്രീനാഥന്‍ പറഞ്ഞു...

നന്നായി മാഷേ, ആത്യന്തികമായി കവിയൂടെ വരികളാണ്, ജീവിതമല്ല ചർച്ച ചെയ്യപ്പെടേണ്ടത്! ജോൺ കള്ളുകുറച്ചു കൂടിച്ചിരുന്നെങ്കിൽ കൂടുതൽ നല്ല സിനിമകൾ എടുക്കുമായിരുന്നു. അഗ്രഹാരത്തിൽ കളുതക്കു ശേഷം വേണ്ടത്ര ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയിരുന്നോ ജോൺ?

വിശാഖ് ശങ്കര്‍ പറഞ്ഞു...

“നമ്മുടെ നാട്ടില്‍ പുരസ്കാരങ്ങളും ബഹുമതികളും നല്‍കുന്നത് രചയിതാവിനാണ്. കൃതിക്കല്ല.“ ചത്താല്‍ അടക്കിയൊഴിവാക്കാവുന്നത് എഴുത്തുകാരനെയാണ്. അതിലൂടെ സംസ്കരിച്ച് പരുവപ്പെറ്റുത്താവുന്നത് അയാളുടെ/ അവളുടെ എഴുത്തിനേയും.മാതൃത്വത്തിന്റെ കവിയെന്നൊക്കെ പറഞ്ഞ് നമ്മുടെ മാദ്ധ്യമങ്ങള്‍ മാധവികുട്ടിയെ കുഴിച്ചിട്ടില്ലേ..? ചത്തുകഴിഞ്ഞാല്‍ അയ്യപ്പനൊന്ന് കൂവ്വാന്‍ പോലുമാവില്ലെന്ന കോമണ്‍സെന്‍സ് കണ്ണില്‍കണ്ടവരെയൊക്കെ ആരാധിക്കുമ്പൊഴും നമുക്ക് ബാക്കിയുണ്ട്!