28/10/10

ജീവിതംകൊണ്ട് വീട്ടിത്തീര്‍ക്കാനാവാത്തത്


അരിച്ചുതീര്‍ക്കുകയാണ്
ചിതലുകള്‍,
നീ ഭദ്രമായി സൂക്ഷിക്കാനേല്‍പ്പിച്ച ജീവിതം.
മതിലിനിപ്പുറത്ത്
നിസ്സഹായനായ നായയുടെ
ക്ഷമയാചിക്കുന്ന കണ്ണുകള്‍ പോലെ,
അടച്ചിട്ട മനസ്സിനു മുന്നില്‍
കാത്തിരിക്കുന്നുണ്ട് ഞാന്‍.
അറിയാം,
തുറക്കാത്ത വാതില്‍പ്പടി കടന്ന്
ഒരു മയില്‍പ്പീലിയോ അപ്പൂപ്പന്‍താടിയോ
പോലും കടന്നുവരില്ല.
കറുത്ത നിശാവസ്ത്രമോ
ചൂട്ടുവെളിച്ചമോ
സ്‌നേഹത്തിന്റെ യാചനകളോ
തുറക്കാന്‍ മതിയാവുകയുമില്ല.
എങ്കിലും കാത്തിരിക്കാതെ വയ്യ.
എന്നെങ്കിലുമെത്താതിരിക്കില്ല,
എല്ലാ വാതിലുകളെയും
കൈയാംഗ്യം പോലുമില്ലാതെ
തുറക്കാനാവുന്ന
ഒരു മായാജാലക്കാരന്‍.
അവന്റെ നിഴലിലൂടെ വേണം
ചിതലുകളെയും കണ്ണീരിനെയും തുടച്ചുമാറ്റി
ഒരു സമ്മാനപ്പൊതിയില്‍
നിനക്ക് ചിരിയുടെ മധുരം നിറച്ച്
ആ ജീവിതം തിരിച്ചുനല്‍കാന്‍.
പെരുമഴയില്‍ നനഞ്ഞ്
വസന്തത്തില്‍ പൂവിട്ട്,
വേനലില്‍ കരിഞ്ഞുണങ്ങി
കാത്തിരിപ്പുണ്ട് ഞാന്‍.
ഒറ്റവരിയില്‍
ഒരു ചിതല്‍പ്പുറ്റിനുള്ളിലെ
ജീവിതത്തെക്കുറിച്ച്
നീ എന്തുപന്യസിക്കാനാണ്
വീട്ടിത്തീര്‍ക്കാനാകാത്ത കടക്കണക്കുകളില്‍
എത്ര എഴുതിച്ചേര്‍ത്താലും മതിയാകാത്ത
പലിശക്കാരന്റെ മുഖമുള്ള കാവല്‍ക്കാരനോട്
ഏത് ഭാഷയിലാണ് ഞാന്‍ ചിതലുകളെക്കുറിച്ച്
പറഞ്ഞുകൊടുക്കേണ്ടത്‌

2 അഭിപ്രായങ്ങൾ:

സുജനിക പറഞ്ഞു...

വീട്ടിത്തീര്‍ക്കാനാകാത്ത കടക്കണക്കുകളില്‍
എത്ര എഴുതിച്ചേര്‍ത്താലും മതിയാകാത്ത
പലിശക്കാരന്റെ മുഖമുള്ള കാവല്‍ക്കാരനോട്
ഏത് ഭാഷയിലാണ് ഞാന്‍ ചിതലുകളെക്കുറിച്ച്
പറഞ്ഞുകൊടുക്കേണ്ടത്‌
ചിതൽ‌പ്പുറ്റുകളിൽ നിന്നും ഉണർന്നെഴുന്നേറ്റ കഥകൾ വീട്ടുന്നല്ലോ കടം

Pranavam Ravikumar പറഞ്ഞു...

Good Lines... Nice flow of thoughts!