മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്
കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ
-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.
ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.
കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.
അച്ഛന് ദംഷ്ട്രകളും
മുത്തശ്ശന് വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന് നായാട്ടിനുള്ള അമ്പും വില്ലും.
നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു
മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ
മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും
ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!
ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:
വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.
7 അഭിപ്രായങ്ങൾ:
മനോഹരം
വല്ലാതെ ഇളക്കുന്ന, അസ്വസ്ഥമാക്കുന്ന ഒരു കവിതയാണിത്. കവിത ലക്ഷ്യം നേടിയിരിക്കുന്നു എന്നു പറയാം.
അരുത് കാട്ടാളാ അരുത്!
Good concept took.. Lines are also nice.. All the best!
Aadhunika lokathu eere prasakthiyulla oru kavitha.........ABHINANDANANGAL.....
ഒരു കവിയും ഭാവനയില്‍ ഇത്ര ക്രൌര്യം കലര്‍ത്തരുത്.പക്ഷെ ക്രൌര്യമത്രയും യാഥാര്‍ത്ഥ്യ ലോകത്ത് ഫണം വിരിച്ചാടുമ്പോള്‍ കവിയെന്തു ചെയ്യും,അല്ലെ ?
എന്നെയും വന്നൊന്നു നോക്കുമോ സഹജരേ.
ഇവിടെ :
http://maruppoocha.blogspot.com/
ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ