9/10/10

സുപ്രഭാതം


സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.

വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി

ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.

ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

4 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

നല്ലൊരു സുപ്രഭാതം..
നന്നായിരിക്കുന്നു കവിത.

ശ്രീനാഥന്‍ പറഞ്ഞു...

ഓർമകളുടെ ധന്വന്തരം, എന്റെ സുകുമാര്യേമ്മേ, നമ്മടെ ഒക്കെ ഒരു കാര്യം! നന്നായി

പ്രയാണ്‍ പറഞ്ഞു...

പക്ഷെ നാട്ടുകാര് സമ്മതിക്കണ്ടേ....................

Aardran പറഞ്ഞു...

മലയാളത്തിന്റെ ഒരു പ്രഭാതം അനുഭവിച്ചു
നന്ദി