10/10/10

ആനിമല്‍ പ്ലാനറ്റ്

കെണിവെച്ച്‌
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്‌
മറഞ്ഞു

അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്‌

മഞ്ഞ വെയിലിലേക്ക്‌
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്‌
കുതറിമാറി
കിതപ്പ്‌ മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്‌
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു

വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !

4 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ

സുജനിക പറഞ്ഞു...

മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്‌
മറഞ്ഞു

പ്രയാണ്‍ പറഞ്ഞു...

കാട് നാടാവുമ്പോള്‍ നമുക്ക് പുലികളും സിംഹങ്ങളും അപൂര്‍ണ്ണമായ കാഴ്ചകളായി ചാനലില്‍ത്തന്നെ കാണേണ്ടിവരും. നന്നായി ഈ ആശങ്കകള്‍.

രാജേഷ്‌ ചിത്തിര പറഞ്ഞു...

good one; anish.