7/6/10

ദൈവത്തിനും വേണ്ടാത്ത വാക്ക്

ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

5 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

Mohamed Salahudheen പറഞ്ഞു...

മനസ്സില്ത്തൊട്ടു.

Kalam പറഞ്ഞു...

കവിത നന്നായോ എന്നറിയില്ല.
കരളു പിടഞ്ഞു.

lakshman kochukottaram പറഞ്ഞു...

ലളിതം മനോഹരം.
വളരെ ഇഷ്ട്ടപ്പെട്ടു
ഇതുപോലൊരു അമ്മയെ അറിയുന്നതിലാവണം, മനസ്സില്‍ കൊണ്ടു.

വേണു venu പറഞ്ഞു...

അതെന്‍റെ അമ്മയല്ല എന്നല്ലേ പറയൂ ഇന്ന്..:)ഇഷ്ടമായി.