23/12/09

ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്‌

കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്‌.

മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.

മലകളുടെ കാലു തലോടി സമുദ്രവും,
ഇനി കരയില്ലാ ട്ടോ..
എന്ന് ചിരിക്കാന്‍ ശ്രമിച്ച്‌
കുറേ മേഘങ്ങളും
ഇവിടെ
ഏന്‍റെ വരികളിലേക്ക്‌
ഇറങ്ങി വന്നതായിരുന്നു.

സത്യം.. !!!

ചായമണം വറ്റിയ
തേയിലച്ചണ്ടി പോലെ
കവിത വറ്റിയപ്പൊ
ഞാന്‍ അവരെ പ്രാര്‍ത്ഥിച്ചതായിരുന്നു.

മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്‍റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...
അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി...

ശ്ശവികള്‌..
എന്നെ മയക്കികിടത്തി
മറഞ്ഞു പോയതെങ്ങാണാവൊ..

ചെന്നു നോക്കിയപ്പൊ
ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു
ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.

എന്‍റെ വരികളിലിരിക്കാന്‍
ഒരാളെങ്കിലും വന്നില്ല..
നിങ്ങള്‍ടെ ചന്തീടെ
ചൂടെങ്കിലും തന്നില്ല
പോ.. പരിഷകള്‌....

4 അഭിപ്രായങ്ങൾ:

grkaviyoor പറഞ്ഞു...

ഇവിടെ പറവാന്‍ ശ്രമിക്കുന്നവ ഒന്നുമേ മനസ്സിലാക്കാന്‍ കഴിയത്തതിനാല്‍ പ്രിയ പല്ലശന നേരം നല്ലപ്പോ ഞാന്‍ വായന നിര്‍ത്തട്ടെ ഭാവുഗങ്ങള്‍

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ധ്യതി വെക്കാതെ വരും ! വരാതിരിക്യോ?
വേറിട്ട ശൈലി ഇഷ്ടമായി !

santhoshhrishikesh പറഞ്ഞു...

'മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു.'
സത്യം.. !!!

കണ്ണന്‍ തട്ടയില്‍ പറഞ്ഞു...

ആവിഷ്ക്കാര ശൈലിയും കേന്ദ്ര ബിംബംവും (ദൈവം-കവിത-നദി) നന്നായിരിക്കുന്നു.പക്ഷെ ഉപബിംബങ്ങള്‍ ശക്തിയില്ലാത്തതുപോലെ തോന്നുന്നു.പിന്നെ പല്ലസേനയുടെ ശൈലി സ്വഭാവികതയില്ലാതെ മുഴച്ചിരിക്കുന്നു-എന്റെ അഭിപ്രീയമാണ് കേട്ടോ.-"ആളെ മക്കാറാക്കുന്നു"-മനസിലായില്ല.---"മഴവില്ലിനെ ഒരു വിധം
ഉടയാതെ പിടിച്ചതായിരുന്നു."-സ്വാഭാവികതയുള്ള നല്ല വരികള്‍.
സസ്നേഹം;
കണ്ണന്‍ തട്ടയില്‍