7/12/09

ഉചിതമായിത്തീരുവാന്‍ വൈകുന്ന അര്‍ഥങ്ങള്‍

"വിനോദത്തിനായി
മകനെ തത്തയാക്കിയ മാന്ത്രികന്‍
പെട്ടെന്ന് മരിച്ചുപോയി.
ആരവനെ പൂര്‍വ സ്ഥിതിയിലാക്കും?
തത്തകള്‍ അവനെ കൂട്ടത്തില്‍ കൂട്ടുമോ?"
(ഇനിയെന്ത്?/കല്‍പ്പറ്റ നാരായണന്‍)

കൂട്ടത്തില്‍ കൂട്ടാത്ത കവിതയുടെ ഉള്ളടക്കമാണ്‌ മലയാളത്തില്‍ കല്പ്പറ്റയുടെ സമകാലികത. പുതുകവിതയുടെ യുവത്വത്തില്‍ നാം ഈ കവിയുടെ പേരു വായിക്കുന്നില്ല. എങ്കിലെന്ത്? എല്ലാ കൂട്ടങ്ങളെയും തിരസ്കരിക്കുന്ന, എല്ലാ കാലത്തെയും സമീകരിക്കുന്ന ഭാഷയുടെ കൌമാരം 'സമയപ്രഭു' എന്ന സമാഹാരത്തെ അന്തസ്സുള്ളതാക്കി തീര്‍ത്തിരിക്കുന്നു. ദാര്‍ശനിക വ്യഥയുടെ കരുത്തുറ്റ വാഗര്‍്ഥങ്ങളായി ഇതിലെ കവിതകള്‍ ദേശകാലങ്ങളെ അതിവര്‍തിക്കുന്നു. ഭാഷയുടെ ഐന്ദ്രജാലികമായ ധ്വനന ശേഷിയാണ് ഈ കവിയുടെ സ്വത്ത്. കവിത ഇവിടെ ഏറ്റവും സൂക്ഷ്മമായ ഭാഷരൂപമാണ്.
'ജീവിതത്തിന്‍റെ അവസാനപുറം നേരത്തെ വായിച്ച ഒരാള്‍ നമുക്കിടയില്‍ നന്നോ? 'എന്ന് പരിണാമം എന്ന കവിതയില്‍ കല്‍പ്പറ്റ ചോദിക്കുന്നു. യാതാര്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ നിന്നു കവി കണ്ടെടുക്കുന്ന സത്യപ്രസ്ഥാവനകളാണു സമയപ്രഭുവിലെ മിക്ക കവിതകളും. ഇവ ഒരു മറുവായന ആവശ്യപ്പെടുന്നു. ജീവിതത്തെയും കാലത്തെയും മൂന്നാം കണ്ണിലൂടെ നോക്കുന്ന നോട്ടവുമാണിത്. ഒരു പ്രത്യേക സാമൂഹ്യ സന്ദര്‍ഭത്തെയോ അവസ്ഥയെയോ അതിന്റെ രാഷ്ട്രീയ ക്ലിപ്തതയോടെ സമീപിക്കുന്ന രചനാരീതിയെ അല്ല ഇതു.അത് കൊണ്ടു തന്നെ കവിയശ:പ്രാപ്തികളുടെ വിചാരണകോടതികളില് ഈ പ്രതി ഹാജരായിട്ടില്ല. കവിതയോട് ഇന്നുവരെ പുലര്‍ത്തിയിരുന്ന വിസ്വാസപ്രമാണങ്ങളെ സമയപ്രഭുവിലെ കവിതകള്‍ ഗൌനിക്കുന്നതെയില്ല. അവയ്ക്ക് നിയതാര്‍ഥത്തില് നിലക്കാന്‍ മനസ്സില്ല എന്ന മട്ടില്‍ ഭാഷയുടെ ഒരു അപാരം ആയി നിലകൊള്ളുകയാണ് ചെയ്യുന്നത്. ചലനാത്മകമായ ലോകത്തെ ചലനാത്മകമായ ഭാഷ കൊണ്ടു ഡോക്യുമെന്റ് ചെയ്യുന്ന പ്രക്രിയയാണ് കല്പ്പറ്റയ്ക്ക് കവിത.

അമൂര്‍ത്തം എന്ന് കരുതിപ്പോന്ന വൈകാരികതകളെ സമയപ്രഭുവിലെ കവിതകള്‍ അനായാസമായി ചേരുംപടി ചേര്‍ക്കുന്നു. കവിത കൊണ്ടു മാത്രം പൂരിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ ദ്വിത്വസന്ധികള്‍ ഇവിടെ കണ്ടുമുട്ടുന്നു. പറഞ്ഞുകേട്ടതിലും വായിച്ചറിഞ്ഞതിലും കവിഞ്ഞു ചില 'അധികച്ചുമതലകള്‍' ഈ കവിതകള്‍ നമ്മെ ഏല്‍പ്പിക്കുന്നു. കവിതയുടെ കേവലാസ്വദനത്തിനു അപ്പുറത്ത് അത് ചില ഉത്തരവാദിത്വങ്ങള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നു. വാക്കിന്‍റെ വിനിമയവ്യവസ്ഥ തന്നെ ഇവിടെ അട്ടിമറിക്കപ്പെടുകയും കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരര്‍ഥവും കൂടുതലായി ഉല്പാദിപ്പിക്കുന്നില്ല എന്ന് തോന്നുന്ന കേവലവാചകങ്ങള്ക്ക് പോലും അപ്പോള്‍ കവിതയ്ടെ കമ്പനമുണ്ടാകുന്നുണ്ട്. അപരലോകങ്ങളിലേക്ക് വളരുന്ന തായ് വേരുകള്‍ ഓരോ വാക്കിലും അള്ളിപ്പിടിച്ചിരിക്കുന്നു.' ഒരു സങ്കേതത്തിലും സമയത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഞാനെന്‍റെ വീടും ചുമന്നു നടക്കുന്നു' എന്ന ആമയുടെ ആത്മഗതം പോലെ ഓരോ കവിതയിലും അതിന്റെ പാര്‍പ്പിടവും അന്തരീക്ഷവും ആകശാവുമുണ്ട്‌.

അവനവനോടുള്ള
പ്രീതിയുടെ നിഷ്കളങ്കതയില്‍ ഉത്കണ്ടാപ്പെടുന്ന ആഖ്യാതാവ് പല കവിതകളിലും ഉണ്ട്. അതൊരിക്കലും സ്വയം കേന്ദ്രിതമായ കാല്‍പ്പനികതയുടെ ഏകാന്തതയല്ല, താത്വികവും സൌന്ദര്യശാസ്ത്രപരവുമായ ഒരേകാന്തതയാവാം. പ്രണയത്തിലും ദാമ്പത്യത്തിലും തലമുറകളുടെ ഇണക്കത്തിലും വീട്ടിലും വീടിനു പുറത്തും വ്യാപിക്കുന്ന അകാല്‍പ്പനികവും അസുലഭവുമായ എകാന്തതയാവാം. പ്രാചീനമായ ഒരഭയത്തിന്റെ വിശ്വസ്തതയില്‍ ഒന്നായ കമിതാക്കള്‍ക്കിടയിലും (കുട) പിഴുതെടുത്ത മകന്റെ പല്ലു പുരപ്പുറത്തു എറിയാന്‍ പറയുന്ന അച്ഛനിലും (ഏകാന്തത) മുലപ്പാല്‍ കുടിക്കുമ്പോള്‍ മകന്റെ ശരീരം തന്റെതായി പരിണമിക്കുന്നു എന്നറിഞ്ഞ അമ്മയിലും (പകര്‍ച്ച) ഈ ഏകാന്തതയുടെ ഊര്‍ജ്ജമാണ് നിറയുന്നത്.

കവിത ആശയപ്രചാരണത്തിന്റെയോ അനുഭവപ്രകാശനത്തിന്റെയോ ഉപാധി മാത്രമല്ലിവിടെ. അവസ്ത്ഥകളിലുള്ള പ്രതിവചനമോ പ്രതീതിയോ ആണ്.കവിതയുടെ ധര്‍മം തന്നെ പുതുതായി നിര്‍വഹി(ചി)ക്കപ്പെടുന്നു. കാത്തു നില്‍ക്കുന്നതിനെ മാത്രമല്ല അത് കാത്തു നില്ക്കുന്നത്.ചില നേരങ്ങളില്‍ വാക്കുകള്‍ക്കുള്ള വ്യാപ്തി കവിതയെ കടന്നു പോകുന്ന ജീവന്റെ അഗാധമായ അറിവാകാം. ഉറക്കം കേള്‍ക്കുന്ന ഒരാളെയും മരിച്ചവരുടെ കടുത്ത തീരുമാനങ്ങളെയും കുറിച്ചു എഴുതുമ്പോള്‍ ഈ അറിവ് സ്ഫുടമായി നമുക്കറിയാനാകും. കേള്‍വി എന്നതുപോലെ കാഴ്ചയുടെയും ദാര്‍ശനിക പ്രതിസന്ധികളെ കല്‍പ്പറ്റ പ്രശ്നവ്ല്‍ക്കരികുന്നു. ഉറങ്ങുമ്പോള്‍ അന്ധന്‍ അന്ധനല്ലാതവുന്നത് ഭാഷയുടെ ഈ കരവിരുത് കൊണ്ടു കൂടിയാണ്. നാലുവയസ്സുകാരന്‍ വരയ്ക്കുന്ന ഛായാചിത്രത്തിനു എളുപ്പം വിധേയമാവാന്‍ ആഗ്രഹിക്കുന്ന ആഖ്യാതാവ് തന്റെ വൈരൂപ്യത്തെ തിരിച്ചറിയുന്നതും രൂപപരതയില്‍ കവി ചെലുത്തുന്ന ഉദ്ധൃതമായ അറിവിന്‍റെ തന്നെ മറ്റൊരാവിഷ്കാരമാണ്.
" ഇനിയാവശ്യമില്ലെന്നു കണ്ട്‌
ഓക്സിജന്‍ സിലിണ്ടര്‍ ഓഫാക്കി
നീക്കിവേയ്ക്കുന്നതുപോലെ
ഭാഷ ഓഫാക്കി വേര്‍പെടുത്തി
അയാളില്‍ നിന്നു നീക്കി വെച്ചിരിക്കണം "
എന്ന് സംസാരം എന്ന കവിതയിലെതുപോലെ ഭാഷ കവിതയുടെ ഏതാണ്ടെല്ലാ കോണുകളില്‍ നിന്നും ഉച്ചരിക്കപ്പെടുന്നു. കവിത ഭാഷയിലെ ചെറിയൊരു നീക്കുപോക്കാണെന്നും അത് ഓര്‍മ്മിപ്പിക്കുന്നു. രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്താല്‍ നക്ഷത്രമുണ്ടാകും എന്ന് പറയും പോലെ പ്രതീതികളെ പ്രത്യേക അനുപാതത്തില്‍ കവി സമന്വയിപ്പിക്കുന്നു.ചില ആകസ്മികതകള്‍ അതിനെ കവിതയെന്നു തോന്നിപ്പിക്കുന്നു. കാലഹരനപ്പെടാത്ത കവിതയുടെ അകം അങ്ങനെ കല്‍പ്പറ്റ കാത്തുവെയ്ക്കുന്നു. ദൈനംദിന പ്രതിസ്ന്ടികളുടെയോ ആഗോള രീഷ്ട്രീയത്തിന്റെയോ ചുക്കാന്‍ പിടിച്ചില്ലെങ്കിലും അവ ദേശകാലങ്ങളെ അതിവര്‍ത്തിച്ചു കൊണ്ടിരിക്കും. മനുഷ്യചേതനയോടു തന്നെ അതീവഗഹനമായി സംവദിക്കുന്ന 'സമയപ്രഭു' വരുംകാല വായനകള്‍ക്കുള്ള ഈടുവെയ്പ്പും കൂടിയാണ്.

17 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

കവി എന്ന നിലയില്‍ കല്പറ്റ അംഗീകരിക്കപ്പെടാന്‍ വളരെ വൈകിയെങ്കിലും ഇക്കാലമാണ് അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരനെ തേടിയെത്തേണ്ട ഉചിതമായ സമയമെന്ന് തോന്നുന്നു.ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു എന്ന കവിതപ്പുസ്തകം വായിക്കുന്നതിനു മുന്‍പ് എന്നെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത പുസ്തകമാണത്.കവിതയെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരും വായിക്കേണ്ടതാണത്.

സുധീഷ്,വളരെ നന്നായി.

പ്രതീതികളെ പ്രത്യേക അനുപാതത്തില്‍ കവി സമന്വയിപ്പിക്കുന്നു.ചില ആകസ്മികതകള്‍ അതിനെ കവിതയെന്നു തോന്നിപ്പിക്കുന്നു. കാലഹരണ
പ്പെടാത്ത കവിതയുടെ അകം അങ്ങനെ കല്‍പ്പറ്റ കാത്തുവെയ്ക്കുന്നു.
നല്ല നിരീക്ഷണം.തോന്നിപ്പിക്കുന്നു എന്നാല്‍ ശരിക്കും അതല്ല എന്ന ഒരര്‍ഥം തോന്നുമോ?

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കവിയായിരിക്കുക എന്നാല്‍ എന്താണര്‍ത്ഥമെന്ന് ചോദിക്കുകയും,മനുഷ്യനായിരിക്കുകയെന്ന് സ്വയം ഉത്തരം പറയുകയും ചെയ്തത് കല്പറ്റ നാരായണന്‍ അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുനിന്നു കൊണ്ടാണ്.
മഹാത്മാഗാന്ധിക്കും ഇന്ദിരാഗാന്ധിക്കുമിടയില്‍!
ആ പറഞ്ഞതില്‍ അനുപാതവും,ആകസ്മികതയുമുണ്ടോ എന്നറിയില്ല!

ഉചിതമായ സമയത്താണോ ഞാനിത്(ഞാന്‍!)പറയുന്നതെന്നറിയില്ല.
അടിയന്തിരാവസ്ഥക്കാലത്ത് ഞാന്‍ സ്കൂള്‍‌കുട്ടിയായിരുന്നു.നക്സലൈറ്റുകാര്‍ തലവെട്ടുകാരായിരുന്നു.വയനാട് വിനോദയാത്രയ്ക്കിടയിലെ വിദൂരമായ നോട്ടമായിരുന്നു.

കവി എന്ന നില...അതെന്താ വിഷ്ണൂ?
കല്‍പ്പറ്റ വായിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാടോളം കാലമായി.കവിത തുടര്‍ച്ചയാണെന്ന് എന്റെ കാടുകയറിയ തോന്നല്‍.ഒളിത്താവളങ്ങള്‍ കാട്ടിലിപ്പോഴും ബാക്കി.
അതിലൊരില പോലും പൊട്ടിക്കാതെ കോഴിയും കുറുക്കനും കളിക്കുന്ന വിഷ്ണൂ...കാലഹരണപ്പെടാത്ത കവിതയുടെ അകച്ചൂര് തോന്നീന്നും തോന്നിപ്പിച്ചൂന്നും അതൊന്നുമല്ല അര്‍ത്ഥമെന്നും അരുക് ചേര്‍ന്നുനിന്നാല്‍ അരുകെന്താവും?

പാര്‍‌ശ്വവല്‍ക്കരിക്കപ്പെടുക എന്നാവുമോ?

(“തികയാത്ത അപ്പം തന്ന് എന്നെ കൊതിപ്പിച്ച
അല്പം മാത്രം കാണിച്ച് എന്നെ ഉത്സാഹിപ്പിച്ച
കിട്ടില്ല,കിട്ടില്ല എന്നെന്റെ മുന്നില്‍‌നിന്നോടിമറഞ്ഞ
ആരോ എന്നെ ഈ വാക്യങ്ങളിലെത്തിച്ചു”

-കല്പറ്റയുടെ സമയപ്രഭു എന്ന പുസ്തകത്തില്‍ നിന്ന്)

വിഷ്ണു പ്രസാദ് പറഞ്ഞു...

അത് ശരിയാണ് നസീര്‍,അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും വരെ പലപ്പോഴും കവിതയേക്കാള്‍ കവിതയായിരുന്നു.

Kuzhur Wilson പറഞ്ഞു...

എന്തൊരു കവിതകളാണ് അദ്ദേഹത്തിന്റേത് / വിഷ്ണുമാഷ് ഉപ്പന്റെ കൂവലിനെക്കുറിച്ച് പറഞ്ഞ പോലെ / എന്‍.പ്രഭാകരന്റെ ഞാന്‍ തെരുവിലേക്ക് നോക്കി/ കിട്ടുന്നതിന് മുന്‍പ് അതിശയിപ്പിച്ച കവിതകള്‍

ഇപ്പോള്‍ രണ്ടതിശയങ്ങളും കൂടെ
സുധീഷേ നന്നായി

വായിച്ചാല്‍ ഇത് പോലെ എഴുതാനോ പറയാനോ ചെയ്യാതെ പറ്റില്ല

Melethil പറഞ്ഞു...

വളരെ സന്തോഷം തോന്നുന്നു. ഒന്നാമത് ഈ ലേഖനം. രണ്ടാമതായി, നസീര്‍, മാഷ് , വില്‍സണ്‍ തുടങ്ങിയവരുടെ കമന്റ്സ്. നിങ്ങള്‍ ഇങ്ങനെ സ്ഥിരായി വായിയ്ക്കുമ്പോള്‍ തന്നെ നിലവാരം കൂടും. നന്ദി. പിന്നെ,ലെയൌറ്റ് വളരെ സുന്ദരമായിതോന്നി.

Pramod.KM പറഞ്ഞു...

ഈ എഴുത്തിന് നന്ദി സുധീഷ്. അടുത്തിടെയാണ് സമയപ്രഭു വായിച്ചത്. സുന്ദരമായ കവിതകള്‍. ‘നിരപരാധികളെപ്പോലെ കഠിന ഹൃദയന്മാരില്ല’ എന്ന പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം തോന്നുന്ന വരിയെ കവിതയുടെ സൌന്ദര്യം കൊണ്ട് സമര്‍ത്ഥിക്കുന്നത് കൌതുകത്തോടെയാണ് വായിച്ചത്,’അപരാധികള്‍’ എന്ന കവിതയില്‍. ദ്വൈതം, സമയപ്രഭു എന്നീ കവിതകള്‍ ഏറെ ഇഷ്ടമുള്ളതാണ്.
എന്‍.പ്രഭാകരന്റെ ‘ഞാന്‍ തെരുവിലേക്കു നോക്കി’യുമായി കുഴൂര്‍ ഈ പുസ്തകത്തെ താരതമ്യം ചെയ്തത് കണ്ടപ്പോളാണ് ഞാന്‍ ശരിക്കും അതിശയിച്ചു പോയത്. പ്രഭാകരന്‍ മാഷുടെ ഒരു കവിത പോലും ഇഷ്ടമായില്ല.

encyclopedia5 പറഞ്ഞു...

kalpetta- his poems and articles stands out in our literature with a unique identity of his own.

to me he is the youngest poet in malayalam...

മനോജ് കുറൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മനോജ് കുറൂര്‍ പറഞ്ഞു...

നല്ല കവിത വായിച്ചിട്ട് നന്നായി എഴുതുക എന്നതു നിസ്സാരകാര്യമല്ല. വയലന്‍സിന്റെയും ദര്‍ശനത്തിന്റെയും ഒരുതരം അനുപാതം കല്പറ്റയുടെ കവിതയിലുണ്ട്. കിം കി ഡുക് ചിത്രങ്ങളിലെപ്പോലെ. പക്ഷെ കിം കി ഡുക്കിനെപ്പോലെയോ അതിനെക്കാളുമോ മിങ്ങ് ലിയാങ്ങിനെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഒപ്പം ഗൊദാര്‍ദിനെയും ടോം റ്റൈക്വറെയും:) വയലന്‍സിനെ ദര്‍ശനത്തിലൂടെ പരുവപ്പെടുത്തുന്നതുപോലെ അത്തരം പരുവപ്പെടുത്തലിനു വിധേയമാക്കാത്ത കവിതകളോടും പ്രത്യേകതാല്പര്യം. പുതിയ കവികളില്‍ ലതീഷ് മോഹന്‍ പെട്ടെന്ന് ഓര്‍മയിലെത്തുന്നു. കുഴൂരിന്റെയും പ്രമോദിന്റെയും സനാതനന്റീയും അജീഷ് ദാസന്റെയുമൊക്കെ ചില കവിതകളും. കല്പറ്റ അതിലും യങ് ആയ എഴുത്തുകാരനാണെന്ന് എനിക്ക് തോന്നുന്നില്ല.

മനോജ് കുറൂര്‍ പറഞ്ഞു...

തെറ്റിദ്ധരിക്കരുതേ, കല്പറ്റ നാരായണന്റെ കവിത എനിക്കും ഇഷ്ടമാണ്. എങ്കിലും രൂപത്തിലും ഉള്ളടക്കത്തിലും ഒരു പോലെ സംഭവിക്കാവുന്ന ഒരു ടോട്ടല്‍ വയലന്‍സിന്റെ സാധ്യത വല്ലാതെ കൊതിപ്പിക്കുന്നു. beuty is the marvelous vice of form എന്നു പറഞ്ഞ സെസാര്‍ മോറോയെ ഓര്‍ക്കുന്നു.

വിഷ്ണു പ്രസാദ് പറഞ്ഞു...

ഒരു കവിയെ വേറിട്ടു നിര്‍ത്തുന്ന അയാളുടെ ഭാഷയും ക്രാഫ്റ്റും തന്നെയാവുമോ അയാളുടെ പരിമിതി?ആരുടെ കവിതയാണെന്ന് ആളുടെ പേരെഴുതാതെ നല്‍കിയാല്‍ കൃത്യമായി പറയാനാവുന്ന ചില അടയാളങ്ങളുള്ള ഭാഷ കല്‍‌പറ്റയ്ക്കുണ്ട്,പലര്‍ക്കുമുണ്ട്.പക്ഷെ അതിനപ്പുറത്തേക്ക് എഴുത്തിനെ ചലിപ്പിക്കാനാവാത്തത് എന്തുകൊണ്ടാവും?

സ്വയംകൃതമായ പാറ്റേണുകളില്‍ ഓരോ കവിയും കുടുങ്ങിക്കിടക്കുന്നതുകാണാം.

ഒരു കാലത്ത് വീരാന്‍‌കുട്ടി എന്ന കവിയെ വായിച്ച് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.വരാന്‍ പോകുന്ന പുസ്തകത്തിന്റെ ഡ്രാഫ്റ്റടക്കം വായിച്ചപ്പോള്‍ വീരാന്‍‌കുട്ടിയുടെ ഏതു പുസ്തകം വായിച്ചാലും കിട്ടുന്നത് ഒരേ കാവ്യാനുഭവമാണെന്ന് എനിക്ക് തോന്നുകയുണ്ടായി.ഫലത്തില്‍ കവിയുടെ ഏതെങ്കിലും ഒരു പുസ്തകം വായിച്ചാല്‍ മതി എന്ന നില വരുന്നു.വീരാന്‍‌കുട്ടിയുടെ കവിത ഒരു ഉദാഹരണം മാത്രമായാണ് ഞാനിവിടെ പറയുന്നത്.

കല്‍‌പറ്റയെ സംബന്ധിച്ച് ഇങ്ങനെ ഒരു ചിന്ത വരാന്‍ തക്ക കവിതപ്പുസ്തകങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടില്ല എന്നതു മാത്രമാവും നേട്ടം.ആവര്‍ത്തിച്ചു വരുന്ന സ്വന്തം ശൈലികളില്‍ നിന്ന് ഒരു കവി തിരിഞ്ഞു നടക്കണോ വേണ്ടയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ...

എങ്കിലും രൂപത്തിനു മുകളിലുള്ള പരീക്ഷണങ്ങളെ ഞാന്‍ വിലമതിക്കുന്നു.ഒരു പുതിയ രൂപം അവതരിപ്പിച്ചു എന്നല്ലാതെ രൂപത്തിനു മുകളില്‍ പിന്നെയും പരീക്ഷണങ്ങള്‍ നടത്തിയോ കല്‍‌പറ്റയും വീരാന്‍‌കുട്ടിയുമൊക്കെ...?

ഈ കവികളുടെ കാവ്യപരിശ്രമങ്ങളെ വിലകുറച്ചുകാണാനുള്ള ഒരു ശ്രമമല്ല ഈ കമന്റ്.
കൂടുതല്‍ കവിതരാഹസ്യങ്ങളിലേക്ക് ഈ ചര്‍ച്ച തുറന്നെങ്കില്‍ എന്ന ആശയോടെ മാത്രം...

Sanal Kumar Sasidharan പറഞ്ഞു...

‘സമയപ്രഭു’വിന്റെ ആമുഖത്തിൽ കല്പറ്റ എഴുതുന്നു.
“അല്പം വൈകിയാണ് ‘കവിത‘ എന്ന വ്യക്തമായ രൂപം ഒരു മാധ്യമമായി ഞാൻ സ്വീകരിക്കുന്നത്.‘സെപ്റ്റംബർ 5‘ എന്ന പേരിൽ 1985-ലെ ബ്രണ്ണൻ കോളേജ് മാഗസിനിൽ വന്ന കുറിപ്പ് ’ടീച്ചറിപ്പോഴും രണ്ടിലാണ്’ എന്ന കവിതയായി മാറുന്നത് മൌലികമായ ഒരു മാറ്റവും കൂടാതെയാണ്.കൂടുതൽ വിതാനങ്ങളിലേക്ക് വളരാൻ ഉചിതമായി വിന്യസിച്ചാൽ അതിനാവുമെന്ന് ഞാനറിഞ്ഞു.”

ഇതാണ്, ഈ അറിവാണ് ഇന്നത്തെ കവിതയിൽ എപ്പോഴും തർക്കങ്ങൾക്ക് കാരണമാവുന്നതും എന്നാൽ പുതിയത് എന്ന് മോഹിപ്പിക്കുന്നതുമായ അടിസ്ഥാനമായ ചേരുവ എന്നെനിക്ക് തോന്നിയിട്ടുണ്ട്. പുതിയ കവിതയെ കുറിപ്പുകളെന്നും വരിമുറികളെന്നും വിമർശിക്കുന്നവരെ കല്പറ്റയിലൂടെ കടത്തിവിടണം എന്നും തോന്നിയിട്ടുണ്ട്. എന്നുവെച്ച് കല്പറ്റയ്ക്കപ്പുറത്തേക്ക് ഈ ചെടി വളർന്നിട്ടില്ല എന്നും കല്പറ്റയുടെ നരയാണ് പുതിയകവിതയുടെ ചെറുപ്പം എന്നും പറയുന്നതിൽ യോജിപ്പുമില്ല.

അനിലൻ പറഞ്ഞു...

സുധീഷ്,
കൂട്ടത്തില്‍ കൂടാത്ത ഒരു തത്തയെക്കുറിച്ച് ഗൗരവമായ ഒരു വായന കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നന്നായി എഴിതിയിട്ടുണ്ട്.

കല്പറ്റ അതിലും യങ് ആയ എഴുത്തുകാരനാണെന്ന് എനിക്ക് തോന്നുന്നില്ല. (മനോജ് കുറൂര്‍)

ശരിയാണ്‌ മനോജ്. യുവത്വത്തിന്റെ ഏറ്റവും പുതിയ കവിതകള്‍ ഞാന്‍ വായിച്ചത് പള്‍പ്പ് ഫിക്ഷനിലും (ലതീഷ്) ഷറപ്പോവയിലുമാണ്‌ (ക്രിസ്പിന്‍).

ആഭ മുരളീധരന്‍ പറഞ്ഞു...

ഞാനിതുവരെ കല്പ്പറ്റയെ വായിച്ചിട്ടില്യ.
എങ്കിലും സമയപ്രഭു എന്ന പുസ്തകം വാങ്ങി വായിക്കാന്‍ ആഗ്രഹമുണ്ടായി ഈ ലേഖനവും കമന്റുകളും വായിച്ചപ്പോള്‍. നന്ദി!

ഈ പുസ്തകം തൃശൂര്‍ എവിടെയാണ്‌ കിട്ടുക?

മനോജ് കുറൂര്‍ പറഞ്ഞു...

അനിലന്‍, ക്രിസ്പിന്റെ പേരു കൂട്ടിച്ചേര്‍ത്തതിനു നന്ദി. പ്രായവും സര്‍ഗാത്മകതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഡ്വേര്‍ഡ് സൈദിന്റെ ‘ഓണ്‍ ലേറ്റ് സ്റ്റൈല്‍’ എന്നൊരു പുസ്തകമുണ്ടല്ലൊ. സര്‍ഗാത്മകമായ ശേഷി ഏറ്റവും അധികം പ്രകടമാകുന്നത് യുവത്വത്തിന്റെ കാലം വരെയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രായമാകുമ്പോള്‍ പലരും യൌവനകാലത്ത് ആവിഷ്കാരമാധ്യമം നല്‍കിയ കൈയടക്കത്തിന്റെ ബലത്തില്‍ തന്നെത്തന്നെ ആവര്‍ത്തിക്കുകയും ആചാര്യസ്ഥാനത്ത് സ്വയം അവരോധിക്കുകയും ചെയ്യുന്ന ദുരന്തത്തിലും ചെന്നുപെടുന്നു. വിഷ്ണുപ്രസാദ് പറഞ്ഞപോലെ നമ്മുടെ പല കവികളെയും ഓര്‍ത്തു പോകുന്നു.
പിന്നെ പൊതുവെ, കവിതയില്‍ കൌമാരത്തിന്റെയും യുവത്വത്തിന്റെയും ഊര്‍ജ്ജമുള്ള ആവിഷ്കാരങ്ങള്‍ സംഭവിക്കേണ്ട സമയത്ത് കവിതക്കുട്ടികള്‍ പതിവു മാഗസിന്‍ കവിതയെഴുതുന്ന തിരക്കിലായിപ്പോകുന്നു. ഭാഷയില്‍ സ്ഫോടനം സംഭവിക്കേണ്ട സമയത്ത് കവിതാപരിശീലനത്തിന്റെ ക്യാമ്പുകളിലും.. അന്വേഷണങ്ങള്‍ക്കൊടുവില്‍ സ്വന്തം വഴി കണ്ടെത്തുമ്പോഴേക്കും യൌവനം കവിയെ ഉപേക്ഷിച്ച് കടന്നുകളയുന്നു. അപ്പോള്‍ കൌമാരവും യുവത്വവും കവിതയുടെ ഊര്‍ജ്ജമാകാന്‍ എന്താണു വഴി? ഇടയ്ക്കുള്ള ചില അപവാദങ്ങളെയാണല്ലൊ നമ്മള്‍ പങ്കു വച്ചത്. ഈ ചര്‍ച്ചയില്‍ സന്തോഷിക്കുന്നു. :)

sudheesh kottembram പറഞ്ഞു...

രൂപം തന്നെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നത് കാണണമെങ്കില്‍ നല്ല ചിത്രങ്ങളിലേക്ക് നോക്കൂ വിഷ്ണു മാഷേ. Jan Vermeer, velaskaz, mondrian തുടങ്ങി എത്രയോ മധ്യകാല ചിത്രകാരന്മാരുടെ രചനകളില്‍ ഈ അദ്വൈതം കാണാം! ചില നേരങ്ങളില്‍ രൂപം തന്നെ ഉള്ളടക്കമാവാം, തിരിച്ചും. Medium is the Massage എന്ന് പറയുമ്പോലെ. ദൃശ്യം - ദര്‍ശനം- കവിത എന്നൊരു സമവാക്യം കൊടുത്താല്‍ ശരിയാവുമോ?

കവിതയ്ക്ക് പ്രായം കണക്കാക്കുന്നതിന്റെ 'ഒരിത് ' എന്താണ് എന്ന് എനിക്ക് മനസിലായില്ല. ലതീഷ് മോഹന്റെ കവിത യങ്ങസ്റ്റ് തന്നെ, ചിലപ്പോള്‍ ക്രിസ്പിന്റെയും. കല്പറ്റയിലെയും വീരാന്കുട്ടിയിലെയും കല കവിത എന്ന മാധ്യമത്തോട് തന്നെയും ഒരു സംവാദം നടത്തുന്നുണ്ട് എന്ന് തോന്നാറുണ്ട്. ടോണിയും അജീഷ് ദാസനും മറ്റൊരു പ്രകാരത്തില്‍ അത് ചെയ്യുന്നു. (വേറെയും പലരും)

ചര്‍ച്ചയില്‍ പിന്നീടു വരാം.

Kuzhur Wilson പറഞ്ഞു...

പ്രാര്‍ത്ഥിക്കാന്‍ നോക്കുമ്പോള്‍ പ്രാര്‍ത്ഥന ഓര്മ്മയില്ല
അയാള്‍ അക്ഷരമാല ചൊല്ലാന്‍ തുടങ്ങി

ഏത് പ്രാത്ഥനയും ക്രമം തെറ്റിയ അക്ഷരമാല ആണല്ലോ എന്ന അര്‍ത്ഥത്തില്‍ ,
അക്ഷരമാല ക്രമം തെറ്റിയ പ്രാര്‍ത്ഥനയാണ് എന്ന അര്‍ത്ഥത്തില്‍

( കല്‍പ്പറ്റ നാരായാണന്റെ വരികള്‍ ഓര്‍മ്മയില്‍ നിന്ന്)

കവിതയ്ക്ക് പകരം ഒരാള്‍ക്ക് അക്ഷരമാല കൊടുക്കാന്‍ പറ്റിയ ഒരു കാലം വന്നു എങ്കില്‍ / അത് അയാള്‍ക്ക് മനസ്സിലായി എങ്കില്‍/

എന്നും കൊതിക്കും