6/11/09

ട്വന്റി-ട്വന്റി -യുടെ കുഞ്ഞ്, അഥവാ ടു-ടു.....

പ്രവിത്താനം കവലയിലേക്കു തിരിയുന്ന പൊതുവഴിയിലെ,
ആദ്യത്തെ വഴിവിളക്കു തകര്‍ത്തതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
ഞാനൊരു സാമൂഹ്യ ദ്രോഹിയാണെന്ന്.....

ഭരണപ്പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ
ജനല്‍ച്ചില്ല് തകര്‍ത്തത് ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണു ഞാനെന്ന്...

ബാലുവിന്റെ വിരലൊടിച്ചതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും...
ഗുണ്ടാ ലിസ്റ്റില്‍ എന്റെയും പേരുണ്ടെന്ന്.....

ഔസേപ്പു ചേട്ടന്റെ വീടിന്റെ ഓടിളക്കിയതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും,
ഞാനൊരു മോഷ്ടാവാണെന്ന്...

അല്ലേയല്ല.....
വിശദീകരണം തരാം.

ഞാന്‍ അപ്പുക്കുട്ടന്‍; ഒരു പാവം എട്ടാം ക്ലാസ്സുകാരന്‍.

ഞാന്‍ കാരണം ഇതെല്ലാം സംഭവിച്ചത്....
ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൌണ്ടിനു വെറും,
മുപ്പതു വാര മാത്രം വ്യാസമുള്ളതു കൊണ്ടാണ്.

ഓഫ്‌ സൈഡ് ബൌണ്ടറി പഞ്ചായത്താപ്പീസ്.....
ലെഗ് സൈഡ് ബൌണ്ടറി ഭരണപ്പാര്‍ട്ടി ഏരിയ കമ്മിറ്റി ആപ്പീസ്‌......
മീഡിയ ബോക്സ്‌, ഔസേപ്പ് ചേട്ടന്റെ ഓടിട്ട വീട്.....
ബാലു, സ്ഥിരം സില്ലി പോയിന്റ്‌ ഫീല്‍ഡറും..!

ഇടക്കിടക്ക്, ഒരു ലൂസ് ബാള്‍ വരുമ്പോള്‍.....
അറിയാതെ, ഒരു പവര്‍ ഷോട്ട് കളിച്ചു പോവുന്നതാണോ,
ഞാന്‍ ചെയ്ത കുറ്റം?.


പിന്‍കുറിപ്പ്:
സൂചി കുത്താന്‍ ഇടം കിട്ടുന്നിടതൊക്കെ
കോണ്‍ക്രീറ്റ് മരം നാട്ടാന്‍ മത്സരിക്കുന്ന മുതിര്‍ന്നവരേ...
അവസാനം തിരിച്ചു വരാന്‍ ദൈവം, ഒരു സൂപ്പര്‍ ഓവര്‍
വച്ചു നേടുമെന്ന് പ്രതീക്ഷിക്കേണ്ട......






11 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

ആ തലക്കെട്ടും പിങ്കുറിപ്പും മുറിച്ചുകളഞ്ഞെങ്കിൽ ഒരുപാട് പുതുമകളുള്ള ഈ കവിത സ്ഥിരം താവളങ്ങളിൽ കിടന്ന് കറങ്ങില്ലായിരുന്നു എന്ന് ആശിച്ചുപോയി (എന്റെ മാത്രം അഭിപ്രായമാണേ) എന്തായാലും ഒരു പുതുമ ഉണർവു നൽകുന്നുണ്ട്..

hshshshs പറഞ്ഞു...

പ്രിയ സുഹൃത്തേ,
കവിതകൾ ഇങ്ങനെ തന്നെ ആയിരിക്കണം എന്നു ആഗ്രഹിക്കുന്ന ഒരാളാണു ഞാൻ. വായനക്കാരന്റെ തലച്ചോറിൽ ഭൂകമ്പമുണ്ടാക്കാതെ ചെറിയൊരു കുളിർ തെന്നൽ പോലെ തഴുകുന്ന ഇത്തരം(ഇതു പോലെ ഒരൽ‌പ്പം നർമ്മത്തിന്റെ മേമ്പൊടി കൂടിയുണ്ടെങ്കിൽ കൂടുതൽ മനോഹരം..) കവിതകളാണെനിക്കിഷ്ടം
എഴുതുക ഇനിയും ആശംസകൾ!!

എം പി.ഹാഷിം പറഞ്ഞു...

പിന്‍കുറിപ്പ് എടുത്തുമാറ്റിയാല്‍ കവിതയില്‍ അത്രവലിയതായോന്നുമില്ല
എന്നാണെന്റെ അഭിപ്രായം

അജ്ഞാതന്‍ പറഞ്ഞു...

even this "thing" comes under the label poem!!!

it is a mockery towards those who approach the genre with all seriousness...

അജ്ഞാതന്‍ പറഞ്ഞു...

In Germany, the Nazis first came for the communists, and I didn't speak up because I wasn't a communist. Then they came for the Jews, and I didn't speak up because I wasn't a Jew. Then they came for the trade unionists, and I didn't speak up because I wasn't a trade unionist. Then they came for the Catholics, but I didn't speak up because I was a protestant. Then they came for me, and by that time there was no one left to speak for me.


ee varikal pettannu orma vannu
orupad puthuma undo changathi ee kavithyaku(ente mathram abhipraymanee!!)

Midhin Mohan പറഞ്ഞു...

കവിതയ്ക്ക് പ്രത്യേകിച്ച് ഭാഷ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇപ്പോഴും , ആശാനും ഉള്ളൂരും, ഒക്കെ എഴുതിയ, പ്രാസവും, വൃത്തവും ഒക്കെയുള്ള കവിതകള്‍ തന്നെയാണ് യഥാര്‍ത്ഥ കവിതയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍... പക്ഷെ ആ നിബന്ധനകളില്‍ മാത്രം നിക്കേണ്ട ഒന്നാണ് കവിത എന്നത് ഒരു പഴഞ്ചന്‍ ചിന്താഗതി ആണെന്ന് തോന്നുന്നു.......
ഇതു പോലെ ഒരുപാടു 'അപ്പുക്കുട്ടന്മാരെ' എനിക്കറിയാം... അപ്പുക്കുട്ടന്മാരുടെ നിസ്സാര പ്രശ്നങ്ങള്‍, മറ്റു പല മാനങ്ങളില്‍, അത്ര നിസ്സാരമല്ല... അത് സൗകര്യപ്രദമായി, സരസമായി പറയാന്‍ തോന്നിയപ്പോള്‍ ചില വാക്കുകള്‍ പെറുക്കി വച്ചു എന്ന് മാത്രം. മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.... ഇനിയും നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.... നന്ദി......

താരകൻ പറഞ്ഞു...

വിമർശനങ്ങളെ ബൌൻഡറിയിലേക്ക് പായിച്ച്, കവിതയെഴുത്തിന്റെ ക്രീസിൽ ധൈര്യമായി ഉറച്ചു നിന്നാലും

ഹരീഷ് കീഴാറൂർ പറഞ്ഞു...

ഇഷ്ടപ്പെട്ടൂ, അപ്പുക്കുട്ടനെ.

പ്രയാണ്‍ പറഞ്ഞു...

ഈ അപ്പുക്കുട്ടനെ നല്ല പരിചയം തോന്നുന്നു ......ഇതും ഇഷ്ടമായീട്ടൊ.

Jayesh/ജയേഷ് പറഞ്ഞു...

ഇഷ്ടപ്പെട്ടൂ

saarang പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.