14/11/09

വയനാട്ടിലെ മഴയിലും കവിത

അമേരിക്കയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍പിന്‌ ഇപ്പോള്‍ കാശുകൊടുത്തു പഠിക്കുന്ന വിദേശീയരായ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുകയാണ്‌. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയെന്നത്‌ ഒരു നല്ല ആശയം തന്നെ. എന്നാല്‍ ഇന്നത്തെ നിലയില്‍ മറുനാടന്‍ മലയാളികളുടെ കുട്ടികളെയല്ലാതെ ആരെയും ആകര്‍ഷിക്കാനുള്ള കഴിവ്‌ കേരളത്തിനില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത്‌ കലാപങ്ങള്‍ കാരണം അസം, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോളജുകള്‍ ശരിക്കും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട്‌ അവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാമ്പത്തികശേഷിയുള്ള മറ്റാളുകളും അവരുടെ മക്കളെ തടസ്സം കൂടാതെ പഠിക്കുവാനായി ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ ചേര്‍ക്കുകയുണ്ടായി. അവരില്‍ ഏറെയും എത്തിയത്‌ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ്‌. ആരും കേരളത്തിലെത്തിയതായി അറിവില്ല. നിലവിലുള്ള സാഹചര്യങ്ങളില്‍ വെളിനാട്ടുകാര്‍ കേരളത്തെ അവരുടെ കുട്ടികളെ പഠിക്കാനയക്കാന്‍ പറ്റിയ സ്ഥലമായി കരുതാനുള്ള സാധ്യത കുറവാണ്‌. ഈ സ്ഥിതി മാറ്റിയെടുക്കുവാന്‍ നല്ല സ്‌കൂളുകളും കോളജുകളും ഉണ്ടായാല്‍ മാത്രം പോര.- ഇത്‌ ബി. ആര്‍. പി. ഭാസ്‌കറുടെ കാണാപ്പുറം കാഴ്‌ചയാണ്‌ (ഇന്ത്യാടുഡേ). മലയാള സാഹിത്യരചനകളുടെയും അവസ്ഥ വ്യത്യസ്‌തമല്ല. പ്രത്യേകിച്ചും കവിതയുടേത്‌.

ആനുകാലികം:

മലയാളകവിതയുടെ പാരമ്പര്യഘടന തകര്‍കത്താണ്‌ സിവിക്‌ ചന്ദ്രന്‍ ഓര്‍മകളുടെ സാനിറ്റോറിയം എഴുതിയത്‌. നാളിതുവരെ കവിതയുടെ രൂപം ഭദ്രമാണെന്ന്‌ കരുതുന്നവരുടെ കണക്കുപുസ്‌തകം തിരുത്തേണ്ടി വരും. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മറ്റും ഈ സങ്കേതം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സിവിക്‌ ഒന്നുകൂടി ഊര്‍ജ്ജം സംഭരിച്ചാണ്‌ മലയാളകവിതയുടെ നിലപാടു തറപൊളിച്ചത്‌. തിരക്കഥയുടെ രൂപഭാവത്തിലങ്ങനെ എഴുതിനിറയുമ്പോള്‍ കവിയുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ കമ്മ്യൂണിസം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം വരെ പന്തലിക്കുന്നു. ചരിത്രത്തോടൊപ്പം നേതാക്കളും സാമൂഹികപരിഷ്‌കര്‍ത്താക്കളും വന്നുചേരുന്നു. സിവിക്കിന്റെ കവിത വായിച്ച്‌ ആരെങ്കിലും കോപിച്ചാല്‍ അവര്‍ക്കുള്ള ശമനൗഷധവും കവിതയിലുണ്ട്‌. ചക്കിയുടെയും സതീഷിന്റെയും പ്രണയപര്‍വ്വം തിരനീക്കിക്കാണിക്കുകയാണ്‌ കവിതയില്‍. രാഷ്‌ട്രീയം, വിദ്യാഭ്യാസം, ഫെമിനിസം ഒന്നും സിവിക്‌ ഉപേക്ഷിക്കുന്നില്ല. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുപോലെയാണ്‌ സിവിക്കിന്റെ ഓര്‍മ്മകളുടെ സാനിറ്റോറിയം എന്നാരെങ്കിലും പറഞ്ഞാല്‍ മാതൃഭൂമിയുടെ പത്രാധിപരും കവിയും വാളോങ്ങിനില്ലെന്ന്‌ കരുതാം. അതിനുള്ള ന്യായം ഈ കവിതയില്‍ വേണ്ടുവോളമുണ്ട്‌. കവിതയില്‍ നിന്നും:

ചക്കി- ഓര്‍മ്മകള്‍ മാത്രമുള്ള അമ്മായിയപ്പനും

ഓര്‍മ്മകളേ ഇല്ലാത്ത അമ്മായിയമ്മയും

അവരുടെ മക്കള്‍ തമ്മില്‍ ഇണകളായാല്

ഈ സാനിറ്റോറിയത്തിലേക്ക്‌ ഒരു ഡോക്‌ടര്‍,

അല്ലേ സതീശാ, ഹഹഹ!

ഈ ആമ്പിള്ളേര്‍പ്രാക്‌ടിക്കലല്ലെന്നാരു പറഞ്ഞു.- (മാതൃഭൂമി, നവം.15).

മലയാളം വാരികയില്‍ ബിജോയ്‌ ചന്ദ്രന്‍ ഇരുമ്പുടുപ്പിട്ട ലോകത്തിന്റെ ഗായകനെപ്പറ്റിയാണ്‌ എഴുതിയത്‌:

തകര്‍ന്ന തീവണ്ടിയിലിരുന്നാണ്‌

ചില പാട്ടുകള്‍ തേടി നമ്മള്‍പോകുന്നത്‌.

ശരീരത്തിന്റെ ഏകാന്തതയില്‍ കൂടിപാഞ്ഞുപോകുന്ന

ഒരു കടല്‍പുകച്ചില്ലിനപ്പുറത്ത്‌ഓളം

പെരുക്കുന്നനരകത്തിലെ നദികള്‍.

.......

പാട്ടിന്റെ ഭ്രാന്ത്‌ പിടിച്ചുലയ്‌ക്കുകയാണ്‌

തെരുവുകളെഭൂമിയെ

ഏതോ തമോഗര്‍ത്തത്തിലേയ്‌ക്ക്‌

വലിച്ചെറിയുകയാണ്‌- (ഡേഞ്ചറസ്‌ എന്ന കവിത).- ഒരുപാട്‌ ഉള്ളറിവുകള്‍ വായനക്കാരിലേക്ക്‌ ധരിപ്പിച്ചുകൊണ്ടാണ്‌ ബിജോയ്‌ ചന്ദ്രന്റെ കവിത മുന്നോട്ടുപോകുന്നത്‌. ജീവിതത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്‌ത വിതാനങ്ങളിലൂടെ. പാട്ടില്‍ നിറഞ്ഞാടുന്ന തെരുവ്‌ ഭൂമിയെ ഇരുട്ടിലേക്ക്‌ തള്ളുന്നതും ഈ എഴുത്തുകാരന്‍ കാണുന്നു.

വാരാദ്യമാധ്യമത്തില്‍ (നവം.8) സി. പി. ചന്ദ്രന്‍ പുരയ്‌ക്കകത്തെ മരങ്ങള്‍ എന്ന കവിതയില്‍ പറയുന്നു:

തറവാട്‌ തകര്‍ന്നാലെന്താ?

പുരക്കകത്തും പുരപ്പുറത്തും

പൊന്നു കായ്‌ക്കും മരങ്ങള്‍വളരട്ടെ സ്വച്ഛന്ദംതങ്കക്കായ്‌കള്‍ക്കായ്‌

സുവര്‍ണ്ണപുഷ്‌പങ്ങള്‍പൂത്തുലയട്ടെ.- ദീപസ്‌തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം. കുഞ്ചന്‍ നമ്പ്യാരുടെ നിരീക്ഷണം പുതിയ കാലത്തില്‍വച്ച്‌ വായിക്കുകയാണ്‌ സി. പി. ചന്ദ്രന്‍. സ്വാര്‍ത്ഥതയുടെ പാരമ്യതയാണ്‌ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നത്‌.

കവിതാപുസ്‌തകം:

മലയാളകവിതയുടെ പുതുമ ഉറയുരിച്ച്‌ വ്യക്തമാക്കുന്ന കവിയാണ്‌ വി. മോഹനകൃഷ്‌ണന്‍. കവിത ഏകധാരയിലേക്ക്‌ ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ്‌ വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത്‌ കവിതകളുടെ ഉള്ളടക്കം. നിശബ്‌ദതയുടെ വാളിന്‌ ഇരുതല മൂര്‍ച്ചയുണ്ടെന്ന്‌ വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്‌. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ്‌ ഈ എഴുത്തുകാരന്‍.നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ്‌ മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്‌. ഓര്‍മ്മകളുടെ കല്ലെടുത്ത്‌ എന്നെ എറിയരുതെന്ന അപേക്ഷയാണ്‌ പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ്‌ വയനാട്ടിലെ മഴ.പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ്‌ ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്‌. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത്‌ കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്‌. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്‌. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ്‌ മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച്‌ നമുക്ക്‌ മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ്‌ വയനാട്ടിലെ മഴയില്‍ തെളിയുന്നത്‌. പുതുകവിതയുടെ ഊടുംപാവുമാണിത്‌ നേദിക്കുന്നത്‌. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ്‌ വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 55 രൂപ).

ബ്ലോഗ്‌ കവിത:

ബൂലോകകവിതാ ബ്ലോഗില്‍ ഉണ്ണിശ്രീദളം യാത്രയെപ്പറ്റിയാണ്‌ എഴുതിയത്‌: മുകളിലേക്ക്‌ നോക്കുമ്പോള്‍ഹൗ!

എന്റെ കുഞ്ഞുനക്ഷത്രം മാത്രം

ദൈവത്തിന്റെ കണ്ണ്‌

എന്റെ കണ്ണായ ദൈവം

ദൈവമേ,ഞാന്‍വേഗം നടന്നു.- താരാപഥകാഴ്‌ചയില്‍ കവി തന്റെ മനസ്സിലേക്ക്‌ തിരിഞ്ഞു നോക്കുന്നു. ജി.ശങ്കരക്കുറുപ്പ്‌ അലഞ്ഞുതീര്‍ത്ത തീരത്ത്‌ പുതിയ കാലത്തും ഒരാളുണ്ടാകുന്നത്‌ നല്ലതുതന്നെ. അത്‌ ഉണ്ണി ശ്രീദളമായാലും കുഴപ്പമില്ല.അമ്മു ബ്ലോഗില്‍ ബിജോയ്‌ സാമുവല്‍:

അവള്‍ എന്റെതാകുന്ന ആ


ദിവസത്തിനായി ആ കാത്തിരിപ്പിനും

ഒരു തണുത്ത കാറ്റിന്റെ സുഖം- (കാത്തിരിപ്പ്‌). ഈ കവിത ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും വാതിലുകളാണ്‌ തുറന്നിടുന്നത്‌.

പുതുകവിതാ ബ്ലോഗില്‍ ഋതുഭേദങ്ങള്‍ എന്ന ബ്ലോഗില്‍ മയൂര എഴുതി:

ചൂണ്ട

ദു:ഖം

സന്തോഷം-(തലകെട്ടില്ലാതെ). എപ്പോഴും ആരും ഇരയാക്കപ്പെടുന്ന ഒരു അവസ്ഥയുടെ ആവിഷ്‌കാരമാണ്‌ മയൂരയുടെ കവിത.

തര്‍ജ്ജനി ബ്ലോഗില്‍ ബാലകൃഷ്‌ണന്‍ മൊകേരി എഴുതിയ നളിനി എന്ന കവിത കുമാരനാശാന്റെ കാവ്യം പുതിയ കാലത്തിന്റെ ലാബില്‍ കിടത്തി ഓപ്പറേഷന്‍ നടത്തുന്നു. കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കാന്‍ ബാലകൃഷ്‌ണന്റെ എതിരെഴുത്തിന്‌ സാധിച്ചു. കാലകാഹളം ശ്രവിക്കാന്‍ സാധിക്കുന്നവരാണ്‌ കവികളെന്ന്‌ വൈലോപ്പിള്ളി ഓര്‍മ്മിപ്പിട്ടുണ്ടല്ലോ. പുതിയ നളിനിയില്‍ നിന്നും:

മരവിപ്പിന്‍ മഞ്ഞുമലയില്‍ നിന്ന്‌

ദിവാകരനിറങ്ങി വരുമ്പോള് ‍ഓര്‍മ്മകള്‍

തന്‍ കാട്ടുചോലയില്‍

മുങ്ങിനിവരുന്നൂ നളിനി.- കാമുകന്‌ നല്‍കാന്‍ പുതിയ നളിനിക്ക്‌ പ്രണയമൊഴികളില്ല. സ്‌നേഹസൂത്രം കൗമാരത്തിന്റെ പാറയില്‍ തലതല്ലിച്ചത്തുപോയിരിക്കുകയാണെന്ന്‌ ബാലകൃഷ്‌ണന്‍ കണ്ടെടുക്കുന്നു.

സ്‌കൂള്‍ബ്ലോഗ്‌:

ബ്ലോഗ്‌ ഈടുറ്റ മാധ്യമമായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും പുറമെ വിദ്യാലയങ്ങളും ബ്ലോഗിലേക്ക്‌ പ്രവേശിച്ചു. കൂട്ടായ്‌മയുടെ ആലേഖനമെന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി സ്‌കൂള്‍ ബ്ലോഗുകളുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ രണ്ടു സ്‌കൂള്‍ ബ്ലോഗുകള്‍. ഒന്ന്‌ നരിപ്പറ്റ രാമന്‍ നായര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ പുനത്തില്‍ ടൈംസ്‌. രണ്ട്‌. പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല. ഈ രണ്ടു ബ്ലോഗുകളിലും സ്‌കൂള്‍ വിശേഷങ്ങള്‍ കൂടാതെ കുട്ടികളുടെ സര്‍ഗരചനകളുണ്ട്‌. വ്യക്തിഗത ബ്ലോഗുകളില്‍ നിന്നും വ്യത്യസ്‌തമായി പുനര്‍വായനക്ക്‌ ശേഷമായിരിക്കും സ്‌കൂള്‍ബ്ലോഗുകളില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നത്‌. എന്നാല്‍ ഈ രണ്ടു ബ്ലോഗുകളിലെയും കുട്ടികളുടെ രചനകള്‍ എഴുത്തിലും വായനയിലും പാകപ്പെടാത്ത അവസ്ഥ നിറഞ്ഞുനില്‍പ്പുണ്ട്‌. ഉദാഹരണത്തിന്‌ പുനത്തില്‍ ടൈംസില്‍ സ്വാതി സുരേഷ്‌ എഴുതിയ അനുജത്തി എന്ന രചന. തന്റെ അനുജത്തിയെക്കുറിച്ചാണ്‌ സ്വാതി എഴുതിയത്‌. പക്ഷേ, എഴുത്തിലെല്ലാം മുതിര്‍ന്നവരുടെ കാഴ്‌ചയാണ്‌ പതിഞ്ഞുനില്‍ക്കുന്നത്‌. അനുജത്തിയെ മകളെപ്പോലെയും പൊന്‍മകള്‍തന്നെയായും സ്വാതി വിശേഷിപ്പിട്ടുണ്ട്‌: പൊന്നനുജത്തീ

നീയെനിക്കൊരു

മകളെപ്പോലെയാണല്ലോ

അല്ലല്ല നീയെന്റെപൊന്‍

മകള്‍ തന്നെയാണല്ലോ-(അനുജത്തി).

വടകര പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല ഓണ്‍ലൈന്‍ മാസികയില്‍ സ്‌കൂള്‍ വിവരങ്ങള്‍ക്കപ്പുറം കുട്ടികളുടെ സര്‍ഗസഞ്ചയിക അവതരിപ്പിക്കുന്നു. ഈടുറ്റ കവിതകളും ഭാവനയുടെ ചിറകുണര്‍ച്ചയും ഓലയിലുണ്ട്‌. ദുര്‍ഗ എസ്‌. കുമാര്‍ എഴുതിയ അനാഥ എന്ന രചനയില്‍ തോറ്റുപോയ ഒരു ജന്മമാണ്‌ നിറയുന്നത്‌:

എന്റെ സ്വപ്‌നങ്ങള്‍ കേവഞ്ചി

കയറിപ്പോകുമ്പോഴും

കടമ്പകള്‍ കടന്നുവന്ന

ദു:ഖംഎനിക്ക്‌ കൂട്ടിരിക്കുന്നു.- ഈ കൂട്ടിരിപ്പും പിന്നീടുള്ള ജീവിതത്തിന്റെ വൈതരണികളും വകഞ്ഞുമാറ്റി അനാഥപ്രേതമാകുമ്പോഴും അവളുടെ മൗനത്തില്‍ ഒരു സന്ദേശം ദുര്‍ഗ വായിക്കുന്നു:പുതുതലമുറയ്‌ക്കൊരുതാക്കീതുണ്ടായിരുന്നു.- എല്ലാ തോല്‍വികളും വഴിമാറി നടപ്പുശീലത്തിന്റെ എഴുത്തോലയാണ്‌ അനാഥ.

കാമ്പസ്‌ കവിത

കാമ്പസിന്റെ തീക്ഷ്‌ണതയും ചടുലതയും അനുഭവപ്പെടുത്തുന്ന രണ്ടു രചനകളാണ്‌ ഈ ആഴ്‌ചയിലെ കവിതകള്‍. നിരത്തിലെ ടാപ്പ്‌ തുറന്നിടുകയാണ്‌ മാതൃഭൂമി മാഗസിനില്‍ (നവം.15) വിന്നി ഗംഗാധരന്‍, തളിപ്പറമ്പ്‌ എഴുതിയ നിരത്തിലെ ടാപ്പ്‌ തുറന്നപ്പോള്‍ എന്ന രചന:

വിശപ്പിന്റെ കൊടും വഴികളത്രയുംതാണ്ടിയാണ്‌ ഞാനിവിടെയെത്തിയത്‌

അപ്പോഴേക്കും മരിച്ചിരുന്നു വിശപ്പ്‌ ദാഹം

ഒരിറ്റു നീരിനായിനിരത്തിലെ ടാപ്പു തുറന്നപ്പോള്

എവിടെയോ ഉറഞ്ഞുപോയ

ഒരു പുഴ കരയുകയായിരുന്നുകണ്ണുനീരില്ലാതെ.- മനോഹരമായ രചന. വിശപ്പിന്റെ വിളിയില്‍ പുഴയുടെ രോദനം കേള്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പുഴയെഴുത്തിനപ്പുറം ജീവധാരയുടെ അകംകാഴ്‌ചയാണ്‌ ഈ രചന അനുഭവപ്പെടുത്തുന്നത്‌.ലോങ്‌സൈറ്റ്‌ എന്ന കവിതയില്‍ സുധീഷ്‌ കെ, കാസര്‍ക്കോട്‌ എഴുതി:

ഞാന്‍ വായിക്കാറുണ്ട്‌പക്ഷേ,

ഞാന്‍ വായിക്കുന്നതൊന്നും

എന്നെ വായിക്കാറില്ല.- വായനയിലൂടെ ജീവിതത്തെ വിശകലനം ചെയ്യുകയാണ്‌ സുധീഷ്‌. നരച്ച വായനയും ചുളിഞ്ഞ വാക്കുകളും ഉടഞ്ഞ ചിത്രങ്ങളും എന്നെ കണ്ടെത്തുമെന്ന്‌ കരുതുന്നതിലര്‍ത്ഥമില്ല. പുതുകവിതയുടെ പ്രഖ്യാപനവും മറ്റെന്നല്ല.

കാവ്യനിരീക്ഷണം : കാലമേറെ കടന്നുപോകുമ്പോള്‍ നമ്മളോരുത്തരും അകമേ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌. കണക്കെടുപ്പുകളുണ്ട്‌. നമ്മുടെ ചെയ്‌തികള്‍, വാക്കുകള്‍ വേദനിപ്പിച്ചത്‌ ആരെയെല്ലാം. ഏതെല്ലാം സ്‌നേഹബന്ധങ്ങളെ നമ്മള്‍ തന്നെ ബന്ധനങ്ങളാക്കി മാറ്റി? വേദനിപ്പിക്കുന്ന ഈ അറിവുകളില്‍ നിന്നും ഓര്‍മ്മകളില്‍നിന്നും വിടുതല്‍ നേടിയില്ലെങ്കില്‍ നമുക്ക്‌ പുതിയൊരാളായിത്തീരാനാവില്ല.-(ഒ. വി. ഉഷ). സര്‍ഗരചന തുറന്നിടുന്ന വാതിലുകളും സ്വയം തിരിച്ചറിവിന്റേതാണ്‌.-നിബ്ബ്‌, ചന്ദ്രിക 15-11-2009