16/10/09

വീഴുന്ന ഒരിലയില്‍ കവിത


വധിക്കപ്പെടുന്നതിനു മുമ്പുള്ള രാത്രിയില്‍ കലിഗുല ഒരു സ്വപ്‌നം കണ്ടു. അയാള്‍ ജൂപ്പിറ്ററിന്റെ ദൈവിക കിരീടത്തിനു സമീപം നില്‍ക്കുകയാണെന്ന്‌ അയാള്‍ക്കു തോന്നി. എന്നാല്‍ പെട്ടെന്ന്‌ ഉയര്‍ന്നുപൊങ്ങിയ ദൈവത്തിന്റെ വലതുകാലിന്റെ ചവിട്ടേറ്റ്‌ കലിഗുല ഭൂമിയില്‍ മലര്‍ന്നടിച്ചു വീണു. ഇത്‌ കലിഗുലയുടെ സ്വപ്‌നം മാത്രമല്ല; നിലവാരമില്ലാത്ത എഴുത്തുകാരന്റെ സ്വപ്‌നം കൂടിയാണ്‌. താന്‍ നേട്ടത്തിന്റെ സമീപത്താണെന്ന്‌ അയാള്‍ വെറുതെ വിചാരിക്കുകയാണ്‌. അവഗണനയുടെ ചവിട്ട്‌ ചരിത്രത്തില്‍ നിന്ന്‌ ഉടന്‍ വരുമെന്ന്‌ അയാള്‍ അറിയുക തന്നെ വേണം. എന്നാല്‍ ഇതുപോലും അറിയാന്‍ കഴിയാത്തവിധം ചിലര്‍ പാവങ്ങളാണ്‌.- വിമര്‍ശകരെ ചീത്തവിളിക്കുന്ന എഴുത്തുകാരെക്കുറിച്ചാണ്‌ കെ. പി. അപ്പന്റെ നിരീക്ഷണം (ഇന്ത്യാടുഡേ,2004). ഇത്‌ എഴുത്തിന്റെ കാലികമാറ്റം അടുത്തറിയാന്‍ വിമുഖത കാണിക്കുന്നവര്‍ക്കും ബാധകമാവാതിരിക്കില്ല.
പുതുകവിതാവിവാദം: പുതുകവിതയെ വിമര്‍ശിച്ച്‌ മലയാളം വാരിക(ഒക്‌ടോ.9)യില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെക്കുറിച്ചുള്ള കത്തുകളില്‍ നിന്നും: ആരേയും സ്‌പര്‍ശിക്കാത്ത കവിത ആര്‍ക്കുവേണം എന്ന്‌ എഴുതാന്‍ ഇപ്പോഴെങ്കിലും ഒരാളുണ്ടായതില്‍ സന്തോഷം. ഇപ്പോഴത്തെ കവികള്‍ എന്നറിയപ്പെടുന്നവര്‍ ദരിദ്രരല്ല, സ്വന്തമായി കാശ്‌ മുടക്കി പുസ്‌തകമാക്കാനാകും ഇവര്‍ക്ക്‌ (പ്രസാധകര്‍ സ്വന്തം ചെലവില്‍ ഇക്കൂട്ടരുടെ കവിതകള്‍ പുസ്‌തകമാക്കില്ല. ഉറപ്പ്‌)- അരവി, തൃശൂര്‍. *** ലേഖനം കവിതയെ സ്‌നേഹിക്കുന്ന വായനക്കാരെ നന്നായി സ്‌പര്‍ശിക്കുന്നതാണ്‌. ഈ വിഷയത്തില്‍ ലേഖകന്റെ അഭിപ്രായം തന്നെയാണ്‌ വായനക്കാരായ ഞങ്ങള്‍ക്കുള്ളത്‌. ഞങ്ങള്‍ക്ക്‌ കിട്ടുന്ന പരിമിതമായ വേദികളിലും ചങ്ങാതിക്കൂട്ടങ്ങളിലും ഈ അഭിപ്രായം എപ്പോഴും ഞങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. മലയാളത്തിലെ ചെറുതും വലുതുമായ കാക്കത്തൊള്ളായിരം ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിതകളില്‍ ഭൂരിഭാഗവും കസര്‍ത്തുക്കളാണ്‌. അവ വായനക്കാരില്‍ യാതൊരുവിധമായ വൈകാരികാനുഭൂതിയും ജനിപ്പിക്കുന്നില്ല.- മണപ്പള്ളി ഉണ്ണികൃഷ്‌ണന്‍, കൊല്ലം. ***
സുധീഷ്‌ കോട്ടേമ്പ്രത്തിന്റെ പ്രതികരണ ലേഖനത്തില്‍ പറയുന്നു: പുതിയ കവിത ആരെയും മലിനപ്പെടുത്തിയതായി അറിവില്ല. ആരുടെയും ഭാവുകത്വപ്രഭവത്തെയും അത്‌ പരിക്കേല്‌പിച്ചിട്ടുമില്ല. ഭാഷയില്‍ കവിത അതിന്റെ സ്വാഭാവികമായ പരിണാമങ്ങള്‍ക്ക്‌ സാക്ഷിയാവുക മാത്രമാണ്‌ ചെയ്യുന്നത്‌. കവിതയിലെ പൂര്‍വ്വസൂരികളെ താറടിച്ചു കാണിക്കാന്‍ ഒരു ഹിഡന്‍ അജണ്ടയും കവികള്‍ക്കോ, കവിതകള്‍ക്കോ ഇല്ല. കവിതയുടെ ഭാവുകത്വം മാറി എന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാരമ്പര്യവാദികളാണ്‌ ഗദ്യകവിത/ പദ്യകവിത എന്നൊക്കെ കവിതയെ സാങ്കേതികവത്‌കരിക്കുന്നത്‌.- (പുതുകവിതയ്‌ക്ക്‌ മേല്‍വിലാസമുണ്ട്‌ എന്ന ലേഖനം, മലയാളം).വ്യത്യസ്‌ത വായനയില്‍ നിന്നും സാമാന്യവായനക്കാരന്‌ മനസ്സിലാവുന്നത്‌ (അയാള്‍ ചങ്ങാതിക്കൂട്ടത്തിലും അയല്‍പക്കവേദികളിലും പങ്കെടുക്കുന്നവനായിരിക്കണമെന്നില്ല)- പുതുകവിത എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നതെല്ലാം കാവ്യഗുണം തികഞ്ഞതാകണമെന്നില്ല. ഇന്നത്തെ മുഴുവന്‍ കവികളും ആ പാപഭാരം ഏറ്റെടുക്കേണ്ടവരാണെന്ന ധാരണയോ, വാശിയോ വായനയുടെതലത്തില്‍ അംഗീകരിക്കേണ്ടതില്ല. എലിയെ പേടിച്ച്‌ ഇല്ലം ചുടണോ? ഉത്തരം പറയേണ്ടത്‌ വായനക്കാര്‍തന്നെ. വായനയെക്കുറിച്ച്‌ പ്രശസ്‌ത എഴുത്തുകാരി അല്‍ക്ക സരോഗി: നാം പുസ്‌തകം വായിക്കുകയോ, പ്രഭാഷണം കേള്‍ക്കുകയോ ചെയ്യുകയാണ്‌. മിക്ക സന്ദര്‍ഭങ്ങളിലും നമുക്ക്‌ ഉപയോഗപ്രദമെന്ന്‌ കരുതുന്ന ഭാഗങ്ങളാല്‍ നയിക്കപ്പെട്ട്‌ ബാക്കിഭാഗം നാം ഒഴിച്ചു വായിക്കുന്നു. അല്ലെങ്കില്‍ അശ്രദ്ധയോടെ കേള്‍ക്കുന്നു.- (പച്ചക്കുതിര, വിവ: എന്‍. ശ്രീകുമാര്‍). ആനുകാലികം: ദേശമംഗലം രാമകൃഷ്‌ണന്‍ പത്തുഖണ്‌ഡത്തില്‍ പഴയകാര്യങ്ങള്‍ എഴുതി: ഓര്‍ക്കരുത്‌ സാന്‍ഡ്വിച്ച്‌ തിന്നുമ്പോള്‍/ ഓക്കാനം വരുത്തുന്ന കാര്യങ്ങള്‍- (മലയാളം വാരിക, ഒക്‌ടോ.16). ഓക്കാനും വരുത്തുന്ന ഇതുപോലുള്ള രചനകള്‍ ദേശമംഗലത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാകും വായനക്കാര്‍ ഓര്‍ക്കുന്നത്‌. ജനശക്തിയില്‍ (ഒക്‌ടോ.10) ഹരി ആനന്ദന്‍ പറയുന്നു: ഞങ്ങളുടെ മണ്ണ്‌ തരൂ/ ഞങ്ങളുടെ വെള്ളം തരൂ/ വെളിച്ചം തരൂ/ ആറടിയോളം/ ആമാശയത്തോളം/ മണ്ണ്‌ തരൂ- (ഗുഡ്‌ എര്‍ത്ത്‌). ഇത്തരം മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞത്‌ ഹരി ആനന്ദന്‍ മാത്രം അറിഞ്ഞില്ല. കലാകൗമുദിയില്‍ ജി. സുധാകരന്‍ എന്റെ വേഷങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന രചനയില്‍: ഈ നിമിഷങ്ങള്‍ക്കു പോരാ/അതിന്നായി ഞാനിതാ/ നിര്‍ത്തുന്നു ഭാഷണം/ എന്റയീ നാളുകള്‍ നീളുന്നു.../നീളുന്നു പിന്നെയും!. വേഷങ്ങള്‍ പലതും ആടിയിട്ടും പിന്നെയും സുധാകരന്റെ ഭാഷണം നീളുന്നു. സംഭവാ മീ യുഗേ...യുഗേ. മാതൃഭൂമിയില്‍ (ഒക്‌ടോ.18) ഒ. പി. സുരേഷ്‌: ഇരുണ്ട വീടിന്റെ അകത്തിരുന്ന്‌ ഞാന്‍/ ഫിലോസഫിക്കലായ്‌ വിയര്‍ത്തൊലിക്കുമ്പോ/ കറന്റ്‌ വന്നല്ലോ; വീണ്ടും പഴയപോല്‍/ കളിയും കാര്യവുമെല്ലാം.- സുരേഷിന്റെ എഴുത്തില്‍ കവിതയുണ്ടെന്ന്‌ തിരിച്ചറിയുന്നവര്‍ക്ക്‌ വായനക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ല. ഭാഷാപോഷിണിയില്‍ പുതുശ്ശേരി രാമചന്ദ്രന്‍: എവിടെയാണാ/പ്പഴയനാട്‌/ ഓര്‍മ്മയില്‍/ അമൃവര്‍ഷം/ പൊഴിക്കയാണിപ്പൊഴും (ഉത്തിഷ്‌ഠ ജാഗ്രത). പുതുശ്ശേരിക്ക്‌ പുതുമയൊന്നും അത്രയങ്ങ്‌ പിടിക്കില്ല. മണമ്പൂര്‍ രാജന്‍ബാബുവിന്റെ കവിത- ലോകസമാധാനത്തില്‍ ആമകളുടെ പങ്ക്‌ (പച്ചക്കുതിര, ഒക്‌ടോ.ലക്കം): പേടിച്ചരണ്ട ലോകസമാധാനം/ ഉറ്റുനോക്കുന്നത്‌/ നാലുകണ്ണുകളിലാണ്‌/ രണ്ടു ആമകളുടേത്‌/ ഒസാമയുടെ/ ഒബാമയുടെ!. -സമാധാനം മാത്രമല്ല, റോഡിലിറങ്ങി നടക്കാന്‍ കൊതിക്കുന്നവരുടെ പ്രാര്‍ത്ഥനയും അവിടേക്കുതന്നെ. രണ്ടുവാക്കില്‍ നാലുലോകം തീര്‍ക്കുന്ന മണമ്പൂര്‍ തന്ത്രം വിസ്‌മയം തന്നെ. വി. ആര്‍. സന്തോഷിന്റെ ഭ്രാന്തില്‍ രമേശന്‍ (മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ഒക്‌ടോ.19) എന്ന കവിതയില്‍ എഴുതി: എങ്കിലും ഭ്രാന്തിന്‍ ഭാഷ/ നാട്ടുകാര്‍ പറയുമ്പോള്‍/ സങ്കടക്കുരുവികള്‍/ തന്നിലേക്കര്‍മന്നുപോം.- സങ്കടം ഒഴുക്കാതെ സൂക്ഷിച്ചാല്‍ ഒരു കവിതയെങ്കിലും എഴുതാം. വഴികാട്ടിയായി വി. ആര്‍. സന്തോഷ്‌ മുന്നിലുണ്ട്‌. ധിഷണ മാസികയില്‍ (ഒക്‌ടോ. ലക്കം) നിന്നും രണ്ടു രചനകള്‍- പല്ലവിയുടെ അവകാശി (പി. പി. ശ്രീധരനുണ്ണി), നൂര്‍ജഹാന്‍ (മനോജ്‌ കാട്ടാമ്പള്ളി). ശ്രീധരനുണ്ണി പറയുന്നു: പല്ലവിയിതു വാങ്ങുവാനിന്നും/ അതില്ലവകാശികളാരും/ അക്കരയെന്‍ തലമുറ വാഴും/ ദിക്കിലേയ്‌ക്കു തുഴഞ്ഞിനി പോകാം. കവിതയുടെ കാമ്പ്‌ ശ്രീധരനുണ്ണി സൂക്ഷിക്കുന്നതിന്‌ ഉദാഹരണമാണ്‌ ഈ രചന. മനോജ്‌ കാട്ടാമ്പള്ളി: കാട്ടുതാളുകള്‍ നിറഞ്ഞ ഇടവഴിയിലൂടെ/ സ്‌കൂള്‍മുറ്റത്തേക്ക്‌ നമ്മള്‍, നടന്നുപോയിരുന്നു/ വഴികള്‍ കോന്തലയില്‍ കെട്ടിയ നെല്ലിക്ക/ എന്ന പാടിപ്പഴകിയ പാട്ട്‌/ തീവണ്ടിയില്‍ ഇന്ന്‌ പാടുന്നവര്‍/ പാടുന്നത്‌ അതേ പാട്ട്‌/ പതിവിനു വിപരീതമായി.- (നൂര്‍ജഹാന്‍). ഇടശ്ശേരിയില്‍ നിന്നും ശിവദാസന്‍ പുറമേരിയിലൂടെ വാക്കിന്റെ ശക്തി ഒഴുകുന്നതുപോലെ (ഡോ. ജയതിലക്‌, മാതൃഭൂമി), കാട്ടാമ്പള്ളിയില്‍ കവിത നിറയുമ്പോള്‍ അത്‌ തിരിച്ചു ചൊല്ലേണ്ടിവരുന്നു. കവിതാ പുസ്‌തകം: ഏകാന്തതയുടെ മുഴങ്ങുന്ന നിമിഷങ്ങളില്‍, ജീവിതത്തിനു മുന്നില്‍ പ്രാര്‍ത്ഥനകളോടെ വന്നുനില്‍ക്കുന്ന കവിതകളെന്ന്‌ കെ. ടി. സൂപ്പിയുടെ രചനകളെ വിശേഷിപ്പിക്കാം. ലളിതവും ആഴമേറിയതുമായ കവിതകളുടെ സമാഹാരത്തിന്‌ വീഴുന്ന ഒരിലയില്‍ എന്നാണ്‌ കെ. ടി. സൂപ്പി പേരിട്ടുവിളിക്കുന്നത്‌. ആത്മാവിന്‍ താളുകളിലേക്ക്‌ പിറന്നുവീഴുന്ന വാക്കുകളാണ്‌ കവിതയെന്ന്‌ ഈ പുസ്‌തകത്തിലെ ഓരോ കവിതയും വായനക്കാരുടെ ഹൃദയത്തോട്‌ മന്ത്രിക്കുന്നു. ജീവിതത്തിന്റെ രാഗതാളങ്ങളും, താളഭംഗവും അടയാളപ്പെടുത്തുന്ന വട്ടത്തില്‍ എന്ന രചനയില്‍ കെ. ടി. എഴുതി: എന്റെ കവിതയ്‌ക്ക്‌/ വൃത്തമില്ല./ ജീവിതത്തിനും./ കടലില്‍ മുങ്ങി/ മലമുകളില്‍/ തെളിയുമെന്നെ/ നിങ്ങള്‍ക്കെങ്ങനെയാണ്‌/ വൃത്തത്തിലൊതുക്കാനാവുക.- ജീവിതം തൊട്ടറിയുന്നവരുടെ കണ്ണില്‍തെളിയുന്ന യാഥാര്‍ത്ഥ്യമാണ്‌ എഴുത്തുകാരന്‍ കുറിച്ചിട്ടത്‌. ആയുസ്സിന്റെ സിരകളില്‍/ നീ കുറിച്ചിടുന്ന വാക്കിനെ തൊട്ട്‌/ ആരെങ്കിലുമൊരാള്‍/ ജീവിതമെന്ന്‌ നെടുവീര്‍പ്പിടും- (ഒറ്റമുറി). കവിതപോലെ ഒഴുകുന്ന ജീവിതത്തിന്റെ തുടിപ്പുകളാണ്‌ ഈ പുസ്‌തകം.-(ഒലിവ്‌, 45രൂപ). ബ്ലോഗ്‌ കവിത: ബ്ലോഗും ബ്ലോഗെഴുത്തുകാരും കൂടുതല്‍ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വായനയുടെയും എഴുത്തിന്റെയും പുതിയ തലം എന്ന നിലയില്‍ ശ്രദ്ധാര്‍ഹമാണ്‌. എന്നാല്‍ വ്യാജനാമങ്ങളിലും പേരും വിലാസവും വ്യക്തമാക്കാതെയും പോകുന്ന ഒരു വിഭാഗം എഴുത്തുകാരും വായനക്കാരും ബ്ലോഗ്‌ ലോകത്തുണ്ട്‌. ഇത്‌ എഴുത്തിനെയും വായനയെയും സംബന്ധിച്ച തെറ്റിദ്ധാരണയ്‌ക്ക്‌ ഇടവരുത്തുന്നു. പ്രസിദ്ധീകരണങ്ങളിലാകുമ്പോള്‍ രചയിതാവിന്‌ വ്യക്തതയുണ്ടാകും. അതിനാല്‍ ബ്ലോഗെഴുത്തുകാര്‍ സ്വയം വെളിപ്പെടുന്നതില്‍ അമാന്തം കാണിക്കാതിരുന്നാല്‍ ബ്ലോഗ്‌ലോകം ഇനിയും മുന്നേറും. ബ്ലൂലോകകവിതാ ബ്ലോഗില്‍ രാധാകൃഷ്‌ണന്‍ എടച്ചേരി: ഇത്രയും കാലം/ ഒന്നും മിണ്ടാതിരുന്നത്‌/ സ്വന്തം കാലില്‍/ നില്‍ക്കട്ടെയെന്നു/ കരുതിയാണ്‌- (പറഞ്ഞില്ലെന്നു വേണ്ട). ആദാനപ്രദാനങ്ങളിലൂടെ തുടരുന്ന പ്രക്രിയയെ ചോദ്യം ചെയ്യുന്ന മകനെ ആരാണ്‌ സ്വീകരിക്കുക? എന്നാണ്‌ രാധാകൃഷ്‌ണന്‍ ഉന്നയിക്കുന്ന ചോദ്യം. പുതുകവിതയില്‍ ലതീഷ്‌ മോഹന്‍: അവള്‍ പറയുന്നു:/ ഉപേക്ഷിക്കപ്പെട്ട/ സൂക്ഷ്‌മജീവികളെ/ ശരീരത്തില്‍ സൂക്ഷിക്കുക/ പനിച്ചു പനിച്ചു പണിതീര്‍ക്കുക/ സൂക്ഷ്‌മാണുക്കളുടെ വൃദ്ധമന്ദിരം- (അപ്രസക്തയുടെ ശൈത്യോഷ്‌ണകാല കുറിപ്പുകള്‍). എതിര്‍പ്പുകളെ ഹൃദയത്തില്‍ വഹിച്ച്‌, ആഹരിച്ച്‌ തോല്‍പിക്കാമെന്ന്‌ ലതീഷ്‌ ഓര്‍മ്മപ്പെടുത്തുന്നു. നാസര്‍ കൂടാളി പുതുകവിതാ ബ്ലോഗില്‍ എഴുതി: പെണ്ണൊരുത്തി/ പഠിക്കാന്‍ പോയിട്ട്‌/ അഞ്ചെട്ട്‌ ദിവസമായി- (ആത്മകഥയില്ലാത്ത ജീവിതം). നാസറേ അവളെ ഇനി തിരയേണ്ട. പ്രത്യേകിച്ചും കവിതയില്‍ താളവും വൃത്തവും അന്വേഷിക്കുന്ന സംഘം വിലസുമ്പോള്‍. അവളെ മാത്രമല്ല, അവളുടെ കയ്യിലെ മൊബൈലും കിട്ടില്ല. ആധിപൂണ്ട ജന്മം അങ്ങനെ കടന്നുപോകട്ടെ. സംക്രമണം ബ്ലോഗില്‍ നസീര്‍ കടിക്കാട്‌ പറയുന്നു: ഉറക്കത്തിനിടയില്‍/ ഞാന്‍ കണ്ട സ്വപ്‌നമാവാം/ നീയും കണ്ടത്‌- (തലയിണ). സ്വപ്‌നത്തിലെങ്കിലും യോജിക്കാന്‍ കഴിയുന്നത്‌ ഭാഗ്യംതന്നെ. ചിന്തയിലെ ഇന്ദ്രപ്രസ്ഥം കവിതകളില്‍ ദിനേശന്‍ വരിക്കോളി എഴുതുന്നു: ജീവിതത്തെ പച്ചയായി/ വേനലില്‍ നിര്‍ത്തി/ നിങ്ങളിലാരോ/ പൊരിച്ചുവെച്ചതാണീ ഉലകം.- (ഉലകം). ലോകം മാത്രമല്ല, ബ്ലോഗിലും ഇങ്ങനെ പച്ചയായി അക്ഷരങ്ങളെ പൊരിച്ചു രസിക്കുന്നവരുണ്ട്‌. ദിനേശന്‍ അക്കൂട്ടത്തില്‍ പെടുമോ എന്ന്‌ വായനക്കാര്‍ തീരുമാനിക്കട്ടെ. കാമ്പസ്‌ കവിത: അശ്വതി എം. എസ്‌. പാലാ എഴുതിയ രാജകുമാരി എന്ന കവിതയില്‍ സ്‌ത്രീജന്മത്തിന്റെ ഭാരതീയ വീക്ഷണം തന്നെ ആവര്‍ത്തിക്കുന്നു. എങ്കിലും പുതിയൊരു വായനയുടെ കൗതുകം ഈ കവിത നല്‍കുന്നുണ്ട്‌. അശ്വതി പറയുന്നു: അരുതായ്‌മകളുടെ കോട്ടയിലെ/ രാജകുമാരിയാണ്‌ ഞാന്‍/ നാളെ ഒരേകാധിപതിയുടെ/ ആജ്ഞകളെ ശിരസ്സാവഹിക്കേണ്ടവള്‍/ അടുക്കളയുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍/ എന്റെ പ്രതിഷേധത്തിന്റെ പ്രതിധ്വനികള്‍/ അതിനുമപ്പുറം നേര്‍ത്തമൗനം കൊണ്ട്‌/ നെടുവീര്‍പ്പുകളെ കീഴ്‌പ്പെടുത്തുന്നവര്‍..(മാതൃഭൂമി, മാഗസിന്‍-ഒക്‌ടോ.18). പക്ഷേ, വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ണ്ണരഥത്തില്‍ പാഞ്ഞെത്തുന്ന രാജകുമാരനെ കാത്തിരിക്കുകയാണവളും. ഹൈഡഗറുടെ വാക്കുകള്‍: സത്തയെ വാക്കുകളിലൂടെ സ്ഥാപിച്ചെടുക്കുന്നവനാണ്‌ കവി.- നിബ്ബ്‌ 18-10-2009

4 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

കെ ടി സൂപ്പിയെ പരിചയപ്പെടുത്തിയതിനു നന്ദി. മൊത്തത്തില്‍ ലേഖനം നന്നായി.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഒരു കവിത ചര്‍ച്ച ദാ ഇവിടെ ഉണ്ട്‌ നേരകിട്ടിയാല്‍ ഒന്നു വന്നു നോക്കണേ...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

സന്തോഷ്‌ വലിയ നന്ദി. നോക്കാം. ഇനിയും വായനയില്‍ തുടരാം.

രാജേഷ്‌ ചിത്തിര പറഞ്ഞു...

നന്നായി ; പരിചയപെടുത്തലുകള്‍