25/7/09

മഴ ഒരു അറേബ്യന്‍ ട്രാജഡി

(കാത്തിരുന്നു കാണാതെ പോയ നാടകത്തിനും , കാത്തിരിക്കാതെ പെയ്ത മഴക്കും)



അപ്രതീഷിതമായ മഴ
അതൊരു കലാപം
എത്ര പേരെ അഭയാര്‍ത്ഥികളാക്കും

ഷാര്‍ജ
ഡ്രെയിനേജുകളില്ലാത്ത നഗരം
പുറംവഴികളില്ലാത്ത
ജനതയുടെ
കെട്ടി നിര്‍ത്തല്‍ പോലെ
ഉള്‍ വഴികള്‍ വീര്‍ത്തു കിടന്നു

ഞാനെന്റെ വണ്ടിയെ എവിടെത്തളക്കും
നിറഞ്ഞു കവിഞ്ഞ വെള്ളത്തിനൊപ്പം
പാര്‍ക്കാന്‍ ഇടംകിട്ടാതെ
അലഞ്ഞു തിരിയുന്ന ഗതികെട്ട ആത്മാക്കള്‍

പാര്‍ക്കുമിടങ്ങള്‍ സെമിത്തേരി
ഇതാ ഇപ്പോള്‍വരാം
എന്നിറങ്ങിപ്പോയ
ശവങ്ങളെ കാത്തിരിക്കുന്ന പെട്ടികളാണു കാറുകള്‍
കവിത പൊറുതിമുട്ടിക്കുമ്പോള്‍
ഇറുകിയ ജീവിതം
ഉപേക്ഷിക്കാന്‍ തോന്നുമ്പോലെ
ഞാനീ കാര്‍ പെരുവഴിയിലനാഥമാക്കും
അതിന്റെ നാലുമിഴികള്‍
അടച്ചും തുറന്നും
മരണത്തെ സൂചിപ്പിക്കട്ടെ


വെയിലു മാത്രം ശീലിച്ച
എന്റെ കുട ആദ്യമായി മഴ കൊണ്ടു
നനവില്‍ വീണ്ടും കറുത്തു യുവാവായി


മഴയുടെ തകര്‍ത്ത ഏകാഭിനയം
കൂടാരത്തിന്നകം നിറയെ വെള്ളം
കോരിക്കോരിക്കളഞ്ഞ്
റിച്ചാര്‍ഡ് മൂന്നാമന്‍
വീണ്ടും പ്രതീക്ഷയായി


പെട്ടെന്നതാ തെരുവുനാടകക്കാരെപ്പോലെ
അവിടെ നിന്നും ഇവിടെ നിന്നും മഴ
സ്പോട്ട് ലൈറ്റുകളെ അന്ധരാക്കി
ഇരിപ്പിടങ്ങളും നാടകക്കോപ്പുകളും
ഇനിയുണ്ടാകരുതെന്ന വാശിയോടെ
മഴ തിരശ്ശീല ഉയര്‍ത്തി

മൂന്നു സീനുകളുള്ള
രണ്ടു മണിക്കൂര്‍ നീണ്ട മഴനാടകം
ഒരോ സീനിനുമിടയിലെ
ഇടവേളകളില്‍
ആളുകള്‍ നാടകം കളിച്ചു
മഴ കളിക്കുമ്പോള്‍
ആളുകള്‍ ആവലാതി നിറഞ്ഞ
ആനന്ദത്തോടെ കണ്ടു നിന്നു

രണ്ടും നാടകം


റിച്ചാര്‍ഡ് മൂന്നാമന്‍
അണിയറയിലിരുന്നു ചായം തേച്ചു


ചായയും കടല പുഴുങ്ങിയതും
വില്‍ക്കുന്ന കാസര്‍ക്കോട്ടുക്കാരന്‍ മാത്രം
നാടകം ഞ്ഞിം കാണാലോ
ഇന്റെ കുട്ടിയോളെ കാണുമ്പോലെയാ
അയാളുടെ കണ്ണുകളിലെ മഴ
ചരിത്രം തുടങ്ങുമ്പോഴുള്ളത്
എത്ര പെയ്തിട്ടും തോരാതെ


തെക്കിക്കളയുന്ന വെള്ളത്തിനൊപ്പം
നടീ നടന്മാരും
പുറത്തേക്കു തെറിച്ചു
മഴ അവര്‍ക്കായ്
പുതിയ നാടകം തീര്‍ത്തു
ഭൂമിക്കത്ര പ്രായമുള്ള
പശ്ചാത്തല സംഗീതത്തിലവര്‍
നിര്‍ഭാഷണത്തിലേര്‍പ്പെട്ടു
ചായങ്ങളും ഉടുപുടവയുമില്ലാതെ
ശബ്ദ വിന്ന്യാ‍സങ്ങളോ
ദീപ വിതാനങ്ങളോയില്ലാതെ
നഗ്നരായ മനുഷ്യരുടെ വിലാപം


മഴ ഒരു ട്രാജഡി ചമച്ചു

ഏതായിരുന്നു യഥാര്‍ത്ഥ നാടകം
മഴ എഴുതിയ നാടകമോ
മഴ ഒഴുക്കിക്കളഞ്ഞ നാടകമോ

7 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

മഴ പോലെ കുത്തിയൊഴുകി വന്ന കവിത തന്നെ.
കവിത ഇഷ്ടമായി ഒന്നുമാലോചിക്കാതെ എനിക്ക് പറയാനാവും.ആദ്യവായനയില്‍ ഒരു ബാലചന്ദ്രഭൂത ബാധ കാണാനായി. ലേശം അക്ഷരപ്പിശാചുകളുമുണ്ട്.എഡിറ്റ് ചെയ്യാന്‍ നിവൃത്തിയില്ല.സ്പാം ബ്ലോഗാണെന്ന് ഗൂഗിളിന്റെ റോബോട്ടുകള്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

Sudeep പറഞ്ഞു...

ishtappettu.

Melethil പറഞ്ഞു...

aha, brillaint!! ithinu mele ini enthezhuthaan..?

mahi പറഞ്ഞു...

ഡ്രെയിനേജുകളില്ലാത്ത നഗരം
പുറംവഴികളില്ലാത്ത
ജനതയുടെ
കെട്ടി നിര്‍ത്തല് പോലെ
ഉള് വഴികള് വീര്‍ത്തു കിടന്നു
very nice lines....all the best

തേജസ്വിനി പറഞ്ഞു...

പ്രതീക്ഷിതമഴയും അപ്രതീക്ഷിതമഴയും
പലപ്പോഴും കലാപം

മനസ്സിനെ പിടിച്ചുലച്ച ചിത്രങ്ങള്‍!

Sureshkumar Punjhayil പറഞ്ഞു...

School / College kalathe natakangal orthu...!

manoharamayi, Ashamsakal...!!!

വിഷ്ണു പ്രസാദ് പറഞ്ഞു...

:)