16/6/09

ജാരന്‍

പെയ്തിറങ്ങുന്നൂ പുതു-
മഴയെന്‍ ഗ്രീഷ്മത്തിന്റ്റെ
നഗ്ന മേനിയെ നഖ-
മുനയാല്‍ ഉണര്‍ത്തുന്നു

മണ്ണിന്റെ മണം, മദി-
ച്ചൊഴുകും മോഹത്തിന്റെ
ചളിവെളളച്ചാലുകള്‍
ഒഴുകിപ്പടരുന്നു

കന്നിന്റെ കുടമണി-
ക്കിലുക്കം, വയ്ക്കോല്‍ക്കൂനയ്-
ക്കരികില്‍ കുണുങ്ങുന്ന
മുരിക്കിന്‍ നാണം; ശോണം.

അറിയാതെഴുന്നേറ്റു
നടന്നു മനസ്സിന്റെ
യുല്‍ക്കട ദാഹം വീണ-
ക്കമ്പികള്‍ മുറുക്കവെ

വിറച്ചൂ കയ്കള്‍, ബെല്ലില്‍
വിരല്‍ ചേര്‍ക്കുമ്പോള്‍ വാതില്‍
തുറക്കേ വിളര്‍ത്തൊരെന്‍
മുഖം നീ കണ്ടില്ലല്ലോ

തൊട്ടിലാടുന്നു, ചാരെ
നില്പു നീ മനസ്സാക്ഷി-
ക്കുത്തുമായ് കാമത്തിന്റെ
ഹുക്കു ഞാനഴിക്കുന്നു

മഴ പെയ്തിറങ്ങുന്നു
വെയിലില്‍‌ പാപത്തിന്റെ
യുഷ്ണസര്‍പ്പങ്ങള്‍
വിഷപ്പല്ലുകളമര്‍ത്തുന്നു

ജാലകം തുറക്കാതെ
ഫാനിന്റെ വേഗം കൂട്ടി
ജാതകവശാല്‍ ജാരന്‍
പിടിക്കപ്പെട്ടെങ്കിലോ?

അടുങ്ങിക്കിടന്നു നീ
ഞരമ്പില്‍ തീപ്പൂക്കളും
തിരതല്ലിയാര്‍ക്കുന്ന
വ്യധയും മോഹങ്ങളും

വിശ്വാസരാഹിത്യത്തിന്‍
വിശ്രുത ദ്ര്‍ഷ്ടാന്തങ്ങള്‍
എണ്ണിയെണ്ണി, നിന്നഴല്‍
അഴിക്കാന്‍ ശ്രമിച്ചു ഞാന്‍

വേലിയേറ്റങ്ങള്‍, ചുടു-
നിശ്വാസപ്പെരുക്കങ്ങള്‍
കവിളില്‍ അന്തിച്ചോപ്പിന്‍
ചെമ്പകപ്പൂമൊട്ടുകള്‍

തിരക്കാണെല്ലാവര്‍ക്കും
സമയമറിയിക്കാന്‍
മുഴക്കും സയ് റണ്‍ കാതില്‍
ഇരുമ്പ് പഴുപ്പിക്കേ

പിടഞ്ഞു മാറുന്നു നീ
മുറിഞ്ഞ മനസ്സുമായ്
പടിയിറങ്ങുന്നു ഞാന്‍
പതിയെ മാര്‍ജാരന്‍ പോല്‍

വഴി തെറ്റി ഞാന്‍ ഏതോ
വഴിയില്‍ കുടുങ്ങിപ്പോയ്
വഴി കാണിക്കാന്‍ ആരു
വരുമീ ത്രിസന്ധ്യയില്‍

അരുതായ്മകള്‍ കൊണ്ടെന്‍
അകമേ വിറയ്ക്കുമ്പോള്‍
ആരെയോ ഭയന്നെന്റെ
ആത്മാവു തളരുമ്പോള്‍

പ്രിയ സ്നേഹിതന്‍ വന്നു
ചുമലില്‍ പിടിക്കുന്നു
കണ്‍കളില്‍ രണ്ടാം ഷിഫ്റ്റിന്‍
കരിയും പുകയുമായ്

വിടില്ല, നിനക്കെന്റെ
വീടു കാണണ്ടെ? ഒരു
കടുംകാപ്പിയാവാലോ
കണ്ടിട്ടു നാളെത്രയായ്..

5 അഭിപ്രായങ്ങൾ:

മഴക്കിളി പറഞ്ഞു...

ആശംസകള്‍...

Anil cheleri kumaran പറഞ്ഞു...

നല്ല കവിത.

സഹയാത്രികൻ പറഞ്ഞു...

അറിയാതെഴുന്നേറ്റു
നടന്നു മനസ്സിന്റെ
യുൽകടദാഹം വീണ-
ക്കംമ്പികൾ മുറുക്കവെ

ശെരിയാ.. പിടിച്ചാൽ കിട്ടില്ല

നല്ല കവിത .. ജീവിതാനുഭവത്തിൽ നിന്നും
കോപ്പി പേസ്റ്റ് ചെയ്തപൊലുണ്ട്



സഹയാത്രികൻ

Mahi പറഞ്ഞു...

NANNAYITTUNT

സഹയാത്രികൻ പറഞ്ഞു...

തലകെട്ട് മാറ്റാൻ താല്പെര്യപെടുന്നു
അനുഭവങ്ങൾ പാളീച്ചകൾ
ആയിരിക്കും ഉത്തമം

മാറ്റൊലി....(ekm)