16/2/09

നാസ്സര്‍ കൂടാളി

വേട്ട


മരം പച്ച വെയില്‍ ചുമക്കുന്നു
ഇലകളില്ലാത്ത
ശാഖികള്‍ കൊണ്ട്
വേരുകളുടെ ജല പ്രാര്‍ത്ഥന.

ഉണങ്ങിയ ഒരു മരം
മഴ മേഘങ്ങളെ വേട്ടയാടുന്നു
അടിവാരത്തിലേക്ക്
ഇറങ്ങിപ്പോയ തായ് വേര്
പുനര്‍ജ്ജനിയുടെ
ഗ്രീഷ്മ സ്വപ്നങ്ങളുമായ്
ഇഴ ചേര്‍ന്ന് പിടയുന്നു
അവസാനത്തെ വേരും
ശീതീകരണത്തിണ്ടെ
കടല്‍ പരപ്പില്‍
ജലസവാരിയായ് അലഞ്ഞ്
ഉണങ്ങിയ
ഒരു വിത്ത് കണ്ട് കിട്ടുന്നു.

മേഘ വേഗങ്ങളുടെ
താഴ്വരയില്‍ നിന്നും
കാടുകള്‍ മല കയറുന്നു.
നിലാവിണ്ടെ തണലില്‍
കിളികള്‍
വൃക്ഷ ഭോഗത്തിണ്ടെ കഥ പറയുന്നു.
തിരിച്ചറിയാത്ത
മഴയടയാളങ്ങള്‍ ബാക്കി വെച്ച്
കത്തുന്ന പച്ച മരങ്ങള്‍ക്കിടയിലേക്ക്
ഒരു കാറ്റ്
വന്‍ കരകളെ സ്വയം വലയം ചെയ്യുന്ന
കപ്പല്‍ പായകളുമായ്
യാത്ര തിരിക്കുന്നു.

തീര്‍ച്ച,
അടിക്കാടും
നടുക്കാടും നഷ്ടപ്പെട്ട
പൂര്‍വ്വ സ്മൃതിയില്‍ നിന്നും
വേരുകള്‍
വേട്ടക്കിറങ്ങുന്ന
ഒരു ദിവസം വരും

1 അഭിപ്രായം:

മഴക്കിളി പറഞ്ഞു...

തീര്‍ച്ച,
അടിക്കാടും
നടുക്കാടും നഷ്ടപ്പെട്ട
പൂര്‍വ്വ സ്മൃതിയില്‍ നിന്നും
വേരുകള്‍
വേട്ടക്കിറങ്ങുന്ന
ഒരു ദിവസം വരും....
നന്നായിരിക്കുന്നു ഈ വരികള്‍....