14/2/09

കാമുകന്‍

ഒരാഴ്ച മുന്‍പ് വില്‍‌സന്‍ കുറച്ച് കവിതകള്‍ അയച്ചു തന്നിട്ട് പറഞ്ഞു ഫെബ്രുവരി പതിനാലിന് ഇതെല്ലാം ബ്ലോഗിലിടണം.സ്വന്തമായി പോസ്റ്റു ചെയ്യാന്‍ മടിയുണ്ടെന്ന്...
അങ്ങനെയാണ് ഈ പാതകം ഞാന്‍ ചെയ്യുന്നത്.പ്രണയദിനം എന്ന ആശയത്തോട് പ്രത്യേകിച്ച് മമതയൊന്നുമില്ലാത്ത ഞാനിത് ചെയ്യുന്നത് വില്‍‌സനോടുള്ള സൌഹൃദം ഒന്നുകൊണ്ടു മാത്രമാണ്.മലയാള ബ്ലോഗു കവികളില്‍ പ്രണയത്തെ
ഏറ്റവുമധികം തവണ ആവിഷ്കരിച്ചത് ടി.പി അനില്‍ കുമാറും കുഴൂര്‍ വില്‍‌സനുമാവും.താരതമ്യേന പ്രായം കുറഞ്ഞ ഇതര ബ്ലോഗ് കവികള്‍ പ്രണയത്തെ കുറിച്ച് പറയാന്‍ ഭയക്കുന്നുവെന്ന് സംശയിക്കാന്‍ ന്യായമുണ്ട്.പ്രണയത്തെ കുറിച്ച് എന്തിനു പറയണം എന്ന ചോദ്യവും ന്യായം തന്നെ.അത്രയ്ക്ക് ചെടിച്ചു കഴിഞ്ഞല്ലോ ആ വിഷയം.
വില്‍‌സന്‍ എന്തിന് ഇതാഗ്രഹിച്ചു എന്നതാണ് എന്നെ ഇപ്പോഴും വിസ്മയിപ്പിക്കുന്നത്.മലയാളത്തിന്റെ പല മികച്ച കവികളും ഒന്നാന്തരം കാമുകന്മാര്‍ കൂടിയായിരുന്നല്ലോ...
അത്യാവശ്യം നല്ല കാമുകന്‍ എന്ന് തന്റെ കവിതകളിലൂടെ വിളിച്ചുപറയുന്ന വില്‍‌സന്‍ എന്തെങ്കിലും പ്രതിച്ഛായ ഇതിലൂടെ ഇച്ഛിക്കുന്നുണ്ടാവുമോ?
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എന്റെ ചവറു കവിതകളില്‍ നിന്ന് പ്രണയത്തെ അരിച്ചെടുത്ത് വെക്കുന്നതും കണ്ടു...
പ്രണയിച്ചിട്ടുണ്ട്,വേദനിച്ചിട്ടുണ്ട്,അതിനെ കുറിച്ച് കവിതയെഴുതിയിട്ടുമുണ്ട്.പക്ഷേ,അതൊന്നും നല്ല പ്രണയ കവിതകളോ,ഞാനൊരു നല്ല കാമുകനോ അല്ലെന്ന് എനിക്ക് നിശ്ചയമുണ്ട്.പിന്നെ എന്തിനായിരുന്നു വില്‍‌സന്‍...
മനുഷ്യന്റെ ഈ തീരാത്ത ആശകളെയാണ് ഞാനിപ്പോള്‍ വില്‍‌സനില്‍ കാണുന്നത്.
ഞാനതിനെ ആദരവോടെ കാണുന്നു.നമ്മള്‍ മറച്ചുവെക്കുന്നത് അയാള്‍ വിളിച്ചു പറയുന്നു...അയാള്‍ക്ക് ലജ്ജയില്ല.ലജ്ജയില്ലാത്ത കാമുകന്‍!
പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍


കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം
(നീ വന്ന നാള്‍)
*
ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം
(ആ മരം)
*




ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ

പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം

(പ്രേമത്തിന്റെ ദേശീയ സസ്യം)
*

"പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ"
"സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ"
*
"ശരിക്കും
എത്ര നീയുണ്ട് "
(തലക്കെട്ടുണ്ട്)
*

ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
(ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...)
*


കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍

ഞാന്‍ കരിഞ്ഞു

അത്ര മാത്രം
(അത്ര മാത്രം)
*

മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍
(ചരക്ക് വണ്ടി )
*
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
( കഴിഞ്ഞത് )





*

അദ്യം മരിച്ചാല്, നിന്നെ ആര്‍
നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

(2007 ഫെബ്രൂവരി 28 )
*
ഉറങ്ങില്ല നിശ്ചയം
നീ വരും വരെ
എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം
ഉണരില്ല നിശ്ചയം
നീ വരും വരെ
(വരും വരെ)
*
പ്രണയമായ്
പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്

വാങ്ങി
ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ
(വായന)
*

അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍
പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ
( ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍)
*




നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്

ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു
( ഒരു ദിവസം )
ചിത്രങ്ങള്‍-സുധീഷ് കോട്ടേമ്പ്രം
കവിതകള്‍-കുഴൂര്‍ വില്‍‌സന്‍

15 അഭിപ്രായങ്ങൾ:

simy nazareth പറഞ്ഞു...

kaamuganmaar arangu thakarkkunnu..
kaamugi yevide?

വിഷ്ണു പ്രസാദ് പറഞ്ഞു...

സിമിയേ,കാമുകി ഇപ്പോഴും അടുക്കളയാണ് തകര്‍ക്കുന്നത്... :)

അജ്ഞാതന്‍ പറഞ്ഞു...

manoharasankalppam ennu paranjaal thettillallo?

Suraj പറഞ്ഞു...

ഭ്രമിപ്പിക്കുന്നു... ;)

ഗൗരി നന്ദന പറഞ്ഞു...

പ്രണയമായ്

പീലി നല്‍കുന്നൊരാള്‍

കാണുകയില്ല വലിച്ചൂരിയതിന്‍

ചോരപ്പാടുകള്


ആ ഒരു വശം ആരറിയുന്നു???

K.V Manikantan പറഞ്ഞു...

wonderful!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കാമുഖം

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പ്രതി ചേര്‍ക്കുന്നു പ്രണയക്കോടതിയില്‍, വില്‍സനെയും...

Mahi പറഞ്ഞു...

വിഷ്ണു മാഷെ ഈ ഒരൊറ്റ ഡയലോഗിന്‌ എത്ര ഉമ്മ വേണം

Latheesh Mohan പറഞ്ഞു...

കാമുകിമാര്‍ അടുക്കളയില്‍ തന്നെ ഇരിക്കുന്നതു കൊണ്ടാണ് പ്രണയത്തെക്കുറിച്ച് വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നത്. പുറത്ത്, കൂടെ നടക്കുന്ന പ്രണയങ്ങള്‍ ഉള്ളവര്‍ക്ക് പ്രണയത്തെക്കുറിച്ച് എഴുതി സായൂജ്യമടയേണ്ടി വരില്ല.

കവിത അന്നുമിന്നും ഹിപ്പോക്രസിയുടെ കലയാണല്ലോ, ആണ്‍ ഫാന്റസിയുടേയും.

:)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ലതീഷ് മോഹൻ പറഞ്ഞതിനോടാണ് എനിക്ക് യോജിക്കാൻ കഴിയുക.

സ്വപ്നകാമുകൻ മാർ ഭൈമീകാമുകൻ മാരായി മാറുന്നു

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാല്‍ കാമുകിമാര്‍ അടുക്കളയിലും കാമുകന്മാര്‍ കുളിമുറിയിലുമായി തുടര്‍ ന്ന് കൊണ്ടേ ഇരിക്കും ... ഒന്ന് മാറ്റ് കവേ

meegu2008 പറഞ്ഞു...

Good Work,Please write more.....
by സുനില്‍ ജയിക്കബ്ബ്

http://suniljacobkavithakal.blogspot.com/

lekshmi. lachu പറഞ്ഞു...

പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ"

manoharamaayirikkunu....
aashamsakal..

Unknown പറഞ്ഞു...

ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷി