12/8/08

Nicanor Parra യുടെ ഒരു കവിത


നൊബേല്‍ സമ്മാനം
---------------------------------

വായനയ്ക്കുള്ള നൊബേല്‍ സമ്മാനം
എനിക്കു തരണം
ഞാന്‍ മാതൃകാവായനക്കാരന്‍
‍കൈയില്‍കിട്ടുന്നതെന്തും വായിക്കുന്നവന്‍

വായിക്കുന്നു
തെരുവുകളുടെ പേരുകള്‍
നിയോണ്‍ പേരുപലകകള്‍
മൂത്രപ്പുരച്ചുവരുകള്‍
‍വിലവിവരപ്പട്ടികകളും.

പോലീസ് അറിയിപ്പുകള്‍
കായികവാര്‍ത്തകള്‍

തീട്ടൂരത്തകിടുകളും

എന്നെപ്പോലൊരാള്‍ക്ക്
ഈ ലോകം പാവനമായ ഒന്നാണ്.

ജൂറി അംഗങ്ങളേ,
നുണപറഞ്ഞിട്ടെനിക്കെന്ത് നേടാനാണ് ?
അക്ഷീണനായ വായനക്കാരന്‍ ഞാന്‍.

എല്ലാമെല്ലാം വായിക്കുന്നു
വിട്ടുകളയുന്നില്ല ക്ലാസ്സിഫൈഡുകള്‍ പോലും

ഈയിടെയായി, തീര്‍ച്ചയായും
അധികം വായിക്കുന്നില്ല
പക്ഷേ ചങ്ങാതീ, എത്രമാത്രമാണ് പണ്ട്
വായിച്ചുതള്ളിയിട്ടുള്ളത് ഞാന്‍

അതുകൊണ്ടല്ലേ
ആകാവുന്നത്ര അസാധ്യവേഗത്തില്‍
‍വായനയ്ക്കുള്ള നൊബേല്‍ സമ്മാനം
എനിക്കു തരാന്‍ പറയുന്നത്.


അവലംബം: Nicanor Parra ANTIPOEMS How to look better & feel great Anti translation by Liz Werner Biligual Edition (A new directions book)

Nicanor Parra : 1914-ല്‍ ചിലിയില്‍ ജനിച്ചു. സ്പാനിഷ് ഭാഷയില്‍ എഴുതുന്നു. നെരൂദയ്ക്കു ശേഷം സ്പാനിഷ് കവിതയെ ഏറ്റവുമധികം സ്വാധീനിച്ച ഒരു കവിയായി വിലയിരുത്തപ്പെടുന്നു. തന്റെ കവിതകളെ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് പ്രതികവിത (Antipoetry) എന്നാണ്. സാമ്പ്രദായികവും ജനപ്രിയവുമായ കവിതയുടെ ആലങ്കാരിക/കാല്പനിക ഭാവുകത്വത്തിനെ കലഹിച്ചു കൊണ്ട് നേരിടുന്നു ആ കവിതകളിലെ വെളിവുള്ള ബോധവും തെളിവുള്ള സൂക്ഷ്മതയും. യൂണിവേഴ്സിറ്റി ഓഫ് ചിലിയില്‍ സൈദ്ധാന്തിക ഭൌതികശാസ്ത്ര പ്രൊഫസ്സറാണ് അദ്ദേഹം. ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിശീലനം ആ കവിതകളുടെ സവിശേഷതകളെ നിര്‍ണ്ണായകമാം വിധം സ്വാധീനിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടാറുണ്ട്.

11 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

നന്ദി ഈ പരിഭാഷക്ക്:)

Pramod.KM പറഞ്ഞു...

"ആകാവുന്നത്ര അസാധ്യ വേഗത്തില്‍?” !!

നരിക്കുന്നൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നരിക്കുന്നൻ പറഞ്ഞു...

നല്ല കവിത. കമന്റ് പോകേണ്ടത് തിര്‍ച്ചയായും Nicanor Parra ku ആണ്. പക്ഷെ ഈ പരിഭാഷ ഇല്ലായിരുന്നെന്കില്‍ ഞാനിത് വായിക്കില്ലായിരുന്നു. അഭിനന്ദനങള്‍....!

നജൂസ്‌ പറഞ്ഞു...

പരിഭാഷ നന്നായി. “കവിതയില്‍ എല്ലാം അനുവദിച്ചിരിക്കുന്നു” എന്നു പറഞതും ഇയാളാണ്

വെള്ളെഴുത്ത് പറഞ്ഞു...

ഇപ്പോഴൊന്നും വായിക്കാറില്ല, പണ്ടു വായിച്ചതിന്റെ പലിശയില്‍ ജീവിക്കുന്നു എന്നു പറഞ്ഞ ആത്മാഭിരതിയാര്‍ന്ന ഒരു മുഖം ഓര്‍മ്മ വരുന്നു. പാറ കളിയാക്കിയതു തന്നെയാവും അല്ലേ?

Rajeeve Chelanat പറഞ്ഞു...

കവിതയും പരിഭാഷയും വെള്ളെഴുത്തിന്റെ കുറിപ്പും ...കസറി..
അഭിവാദ്യങ്ങളോടെ

Roby പറഞ്ഞു...

Nicanor Parraയുടെ പ്രശസ്തമായ ഒരു ഒറ്റവരി കവിതയോർമ്മ വരുന്നു.
In America, Liberty is a statue.

ചിലിയി‌ലെ പിനോഷെ ഭരണകൂടത്തിനെതിരെ ഉണ്ടായിരുന്ന പൊളിറ്റിക്കൽ ആക്ടിവിസത്തിൽ പ്രമുഖസ്ഥാനമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കവിതകൾക്ക്.

പരിഭാഷയ്ക്കു നന്ദി.

മുസ്തഫ|musthapha പറഞ്ഞു...

ഇവിടെ വളരെ പ്രസക്തിയുണ്ട് ഈ കവിതയ്ക്ക് :)

Jayasree Lakshmy Kumar പറഞ്ഞു...

എനിക്ക് ഇതൊരു പരിചയപ്പെടൽ.നന്ദി ലാപുട. സ്വന്തം എഴുത്തുകളെ അദ്ദേഹം പ്രതികവിതകൾ എന്നു വിശേഷിപ്പിച്ചത് ഇഷ്ടമായി. റോബി ചേർത്ത അദ്ദേഹത്തിന്റെ വരികൾ ചിരിപ്പിച്ചു

prem prabhakar പറഞ്ഞു...

It should perhaps be mentioned that parra is a physicist and perhaps the ideas of anti particle and anti matter of his scientific craft has spilled into his poetry in bringing out the absurd in poetry.

Nice reading this poem.