3/6/08

പേര്‍ഷ്യാപര്‍വ്വം

'ബാന്ദ്രേ അബ്ബാസിന്‍' വേലിയേറ്റത്തില്‍
തിരതീണ്ടിയ പരദേശി നീ,
അമീര്‍ ജഹാംഗീര്‍ ചാച്ചാ.....

കല്ലിച്ച അകപ്പൂഞ്ഞകളില്‍ സ്വപ്നം കുതിര്‍ന്ന മണല്‍പ്പച്ചകള്‍...
മദ്ധ്യധരണ്യാഴിയിലെ സ്വയം ഭൂവായ ഒട്ടകച്ചാലുകളിലൂടെ,
കടല്‍ കാമിച്ച് വറ്റിച്ച്, ഒടുവില്‍
ശിരോപാദം എണ്ണപ്പുഴകളെ സുരതം ചെയ്ത
മഞ്ഞത്താഴ്വരകളിലേക്ക്
താങ്കളടങ്ങിയ സാറ്ത്ഥവാഹക സംഘം.

കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കുമെന്തു പ്രസക്തി?
എന്നു നിരൂപിച്ചു കുതിച്ച യൗവ്വനം.
ഞാനീമണ്ണിന്റെ കനിവ്;
ഒടുവിലതിലെനിക്കൊരു പെട്ടി!
എന്നൊരു മദ്ധ്യപര്‍വ്വം
ഋതുവിന്‍ പീള ചേറ്ത്തടഞ്ഞ പ്രവാസത്തിന്‍റ്റെ
ഒറ്റമുറിയിലൊരു സായം കാലം

വരണ്ട കണ്ണുകളിലെ തീക്കാറ്റിന്
ചത്വര തണുപ്പിന്റെ ഭൗതികച്ചുമരുകളില്‍
ഒരു നേര്‍ത്ത വിള്ളലേല്പ്പിക്കാന്‍പോലുമാകില്ല.

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോടിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?


ഏലവും തേക്കും പൂത്ത പനന്തടുക്കില്‍ നിന്ന്
താങ്കളടര്‍ന്നപ്പോള്‍
അതിനെന്റെ തുറമുഖത്തിന്റെ അണ്ടിയെണ്ണയുടെ ഗന്ധം

ഇടിഞ്ഞു കുതിര്‍ന്ന ചുണ്ടുകളില്‍
ദ്രാവിഡ ചുംബനത്തിന്റെ കരിവളപ്പൊട്ടുകള്‍

നീ കുടിച്ചു തുഴഞ്ഞ ആര്യകുംബത്തിന്റെ
മുലക്കണ്ണുകളുടെ തീരസ്മൃതികളില്‍
അസുരകാലത്തിന്റെ അണുവിന്യാസമാണ്‌.

ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോടിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.

പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം.


പേര്‍ഷ്യാപര്‍വ്വം(കവിത) രണ്‍ജിത്ത് ചെമ്മാട്

2 അഭിപ്രായങ്ങൾ:

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

"ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോഡിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.
പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം."

തീവ്രതയുണ്ട്‌
വരികള്‍ക്ക്‌...
നല്ല കവിത.........

മുസാഫിര്‍ പറഞ്ഞു...

മണല്‍ക്കാറ്റിന്റെ ചൂട്,കവിതക്ക്.