2/6/08

ഇല്ലാതാവുന്നത്‌

ഇന്നലെ
വാലില്ലാത്തൊരു പശു
എന്റെ വീട്ടുമുറ്റത്തു വന്നു
എന്തെങ്കിലും കാരണം കാരണം
മുറിഞ്ഞു പോയതെന്നേ കരുതിയുള്ളൂ

പിന്നെ വന്ന നായയ്ക്കും
വാലില്ലായിരുന്നു
വാലാട്ടാനാകാതെ
അത്‌ വിഷമിക്കുന്നതു കണ്ടപ്പോള്‍
വിഷമം തോന്നി

കുഴപ്പം എവിടെയാണെന്നറിയാന്‍
ഞങ്ങള്‍ തേടിയിറങ്ങിയപ്പോള്‍
ചിറകില്ലാത്ത കാക്ക
വേരില്ലാത്ത മരം
പട്ടമില്ലാത്തനൂല്‍
ദൈവമില്ലാത്ത ക്ഷേത്രം
എന്നിവയും കണ്ടു।

ദു:ഖം തോന്നിയത്‌
മുലയില്ലാത്ത പെണ്ണുങ്ങള്‍
കരയുന്ന കുഞ്ഞുങ്ങളെ
ഉറക്കാന്‍ പാടുപെടുന്നത്‌
കണ്ടപ്പോഴാണ്‌

തിരിച്ചുപോകാന്‍
ചക്രങ്ങളില്ലാത്ത വണ്ടി
ഇങ്ങനെ ഒന്നൊന്നായി
ഇല്ലാതായാല്‍
എവിടെച്ചെന്നവസാനിക്കും
എന്ന് ആലോചിച്ചിരിക്കുമ്പോള്‍
ആരുമില്ലാത്ത ഒരാള്‍ക്കൂട്ടം
മാത്രമായി ഞങ്ങള്‍

13 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

ഇല്ലാതാവുന്നത്‌

asdfasdf asfdasdf പറഞ്ഞു...

ആരുമില്ലാത്ത ഒരാള്‍ക്കൂട്ടം
മാത്രമായി ഞങ്ങള്‍
..
good

Kaithamullu പറഞ്ഞു...

എന്തെങ്കിലും കാരണം കാരണമായിരിക്കും എതൊക്കെ, അല്ലേ?

നജൂസ്‌ പറഞ്ഞു...

ഇഷ്ടായി... :)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) പറഞ്ഞു...

പോസ്റ്റില്ലാത്ത ബ്ളോഗുപോലെ
ബ്ളോഗില്ലാത്ത ബൂലോകം പോലെ
ബൂലോകമില്ലാത്ത ഇണ്റ്റര്‍നെറ്റുപോലെ
മൌസില്ലാത്ത കംപ്യൂട്ടര്‍ പോലെ
സിമ്മില്ലാത്ത മൊബൈല്‍ പോലെ
വാലും പാലുമില്ലാത്ത പശുവും
ഉടലും തലയുമില്ലാത്ത മൃഗങ്ങളും
അരയും തലയുമില്ലാത്ത പെണ്ണുങ്ങളുമെല്ലാം.... എന്തേ... ഇവിടെ വന്നു നിറയുന്നു... ?

ഏറുമാടം മാസിക പറഞ്ഞു...

നല്ല കവിതകള്‍ വായനക്കാര്‍ സ്വീകരിക്കും തീര്‍ച്ച.അതിനുദാഹരണന്മാണ് ജയേഷിന്റെ കവിത.നന്നായി...വീണ്ടൂം വീണ്ടും വായിക്കാന്‍ തോനുന്നു.
നാസ്സര്‍ കൂടാളി

aneeshans പറഞ്ഞു...

ജയേഷേ, എപ്പോഴും പോലെയലല്ല. ഇത്തവണ. സുന്ദരമായ കവിത. ഇഷ്ടമായി ഒരുപാടിഷ്ടം

അജ്ഞാതന്‍ പറഞ്ഞു...

ദു:ഖം തോന്നിയത്‌
മുലയില്ലാത്ത പെണ്ണുങ്ങള്‍
കരയുന്ന കുഞ്ഞുങ്ങളെ
ഉറക്കാന്‍ പാടുപെടുന്നത്‌
കണ്ടപ്പോഴാണ്‌.....ഇഷ്ട്ടപ്പെട്ടു....

Unknown പറഞ്ഞു...

ഒരുറക്കത്തിന്‌ ശേഷം നീ തിരിച്ചുവന്നത് പോലെയുണ്ട് ജയ്... ഇതേ പോലെ നിന്റെ നല്ല കവിതകള്‍ വായിക്കാനായി കത്തിരിക്കുന്നു

സാല്‍ജോҐsaljo പറഞ്ഞു...

ദു:ഖം തോന്നിയത്‌
മുലയില്ലാത്ത പെണ്ണുങ്ങള്‍
കരയുന്ന കുഞ്ഞുങ്ങളെ
ഉറക്കാന്‍ പാടുപെടുന്നത്‌
കണ്ടപ്പോഴാണ്‌

ഇല്ലായ്മയില്‍ ഒരു വല്ലായ്മ.

സ്പര്‍ശിക്കുന്ന ചിന്ത.

വിശാഖ് ശങ്കര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇല്ലതെ പോയ വാല് നായയിലും, ചിറക് കാക്കയിലും , വേര് മരത്തിലും ,ദൈവം ക്ഷേത്രത്തിലും, ചുരത്തുന്ന മുല അമ്മയിലും, ചക്രങ്ങള്‍ വണ്ടിയിലും വരുത്തുന്ന അഭാവത്തിന്റെ
ആ തീവ്രത കിട്ടിയില്ല വീട്ടുമുറ്റത്തു വന്ന വാലില്ലാത്ത പശുവിന്റെ കാര്യത്തില്‍..

ശെഫി പറഞ്ഞു...

കവിതകളിലെ വാക്കുകള്‍ ഇല്ലാതാവാതിരുന്നതാല്‍ മതിയായിരുന്നു