17/5/08

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

1 അഭിപ്രായം:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കവിതയിലും ഗന്ധകം നിറയുന്നു'
വായനയുടെ ഒരു ചെറിയ തീ നാമ്പു പോലും
കവിതയെ പൊട്ടിത്തെറിപ്പിച്ച്
സ്ഫോടനാത്മകമായ ചെറുകഷ്ണങ്ങളായി
ആമാശയത്തില്‍ നിറയ്ക്കുന്നു

ആശംസകള്‍....