6/10/07

അഭാവം

അരികിലുണ്ടായിരുന്നു
ആരോ
ചിലര്‍
‍സ്വപ്നത്തിലേ പോലെ
മങ്ങി,
വാക്കും
നോക്കുമായി.

ഇപ്പോള്‍
‍ഒന്നുമില്ല
ഉണരുമ്പോള്‍
‍ഞാന്‍ തന്നെ കൊന്ന
സ്വപ്നത്തിന്റെ
പളുങ്ക്‌ കണ്ണുപോലും.

മഴയില്ല;
കാറ്റനങ്ങുന്നില്ല
ഇലയില്‍നിന്നൊരു
ചിറകും
അടരുന്നില്ല
തെളിയുന്നില്ല
കണ്ണിലൊന്നും.

സ്വപ്നത്തിലായിരുന്നു
വാസം.
മുറിയും
പുറത്തെ വഴിയും
കൈകോര്‍ത്തു നടപ്പും
തിരികെട്ട ഇരുളിലെ
ആശ്ലേഷവും
അവിടെ.

ഉറങ്ങുമ്പോഴേ
അരികില്‍
‍ആളനക്കമുള്ളൂ.

ഉണരുമ്പോള്‍
ഇല്ലാത്തൊരു മുറിയില്‍
‍ആരോ
പായ്‌ മടക്കുന്നു
ഇല്ലാത്തൊരു
കാട്ടില്‍
‍വേട്ടക്ക്‌ പോവുന്നു

3 അഭിപ്രായങ്ങൾ:

aneeshans പറഞ്ഞു...

കണ്ട് മറന്ന കാഴ്ച്ചകള്‍. സുന്ദരവും തീവ്രവുമായ വരികള്‍.എന്നാലും എന്തോ ..

ടി.പി.വിനോദ് പറഞ്ഞു...

കവിത ഇഷ്ടമായി..

വിശാഖ് ശങ്കര്‍ പറഞ്ഞു...

അനുദിനം വരളുന്ന നമ്മുടെ പകലുകള്‍ക്ക് ഭാവങ്ങളില്ല.
അഭാവങ്ങള്‍ മാത്രം..,
സത്യം.