1/10/07

സ്വപ്നഭാഷണം തപാല്‍ മാര്‍ഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

7 അഭിപ്രായങ്ങൾ:

aneeshans പറഞ്ഞു...

ഇതാണ് കവിത. വായിക്കുന്നവനെ സങ്കടപ്പെടുത്തുകയും, നെഞ്ചിലേക്ക് തീക്കനല്‍ കോരിയെറിയുകയും ചെയ്യുന്നത്.

:ആരോ ഒരാള്‍

Sanal Kumar Sasidharan പറഞ്ഞു...

പ്രിയപ്പെട്ട കൂഴൂര്‍ ഞാന്‍ താങ്കളെ വിമര്‍ശിക്കുന്നു എന്ന് കരുതരുത്.കവിത കുഴപ്പമില്ല.പക്ഷേ താങ്കളുടെ ചില അതിമനോഹരങ്ങളായ കവിതകള്‍ ഞാന്‍ വായിച്ചിരിക്കുന്നു.ശക്തമായ ഒരു പൊളിച്ചെഴുത്തിനു കെല്പുള്ള കവി താങ്കളിലുണ്ട് എന്നെനിക്കു തോന്നുകയും ചെയ്തിട്ടുണ്ട്.
“വേദനയുടെ സമുദ്രത്തില്‍“ പോലുള്ള ക്ലീഷേകള്‍ താങ്കള്‍ ഉപേക്ഷിക്കണം പുതിയ ഭാവുകങ്ങള്‍ കൊണ്ടുവരണം അതിനുള്ള ഭാഷ താങ്കള്‍ക്കുണ്ട്.
എന്റെ അഭ്യര്‍ത്ഥനയായെടുക്കണമെന്നും വിമര്‍ശനമായെടുത്ത് വഴക്കു കൂടാന്‍ വരരുതെന്നും അപേക്ഷിക്കുന്നു.
ഈ കവിത മോശമല്ല.

ശ്രീ പറഞ്ഞു...

ഇഷ്ടമായി.
:)

Kuzhur Wilson പറഞ്ഞു...

“ “വേദനയുടെ സമുദ്രത്തില്‍“ പോലുള്ള ക്ലീഷേകള്‍ താങ്കള്‍ ഉപേക്ഷിക്കണം പുതിയ ഭാവുകങ്ങള്‍ കൊണ്ടുവരണം “

പ്രിയ സനാതനന്‍,
ഇതു 1998 ല്‍ എഴുതിയതാണു. ലേബലില്‍ അത് കാണിച്ചിട്ടുണ്ട്. നഷ്ട്ടപെടാതിരിക്കാന്‍ ഇവിടെ പകര്‍ത്തി എന്ന് മാത്രം

എന്നെ പ്രതി ഞാന്‍ ആരോടും ഇതു വരെ വഴക്കിട്ടിട്ടില്ല സനാതനന്‍.

നല്ല വാക്കുകള്‍ക്ക് ....
നിറയെ കവിതയുണ്ടാകട്ടെ

അനിലൻ പറഞ്ഞു...

അതൊക്കെ പ്രണയകാലത്ത്
ഒടുവില്‍ സമുദ്രം വറ്റുമ്പോള്‍ മേശപ്പുറത്തെ പാത്രത്തിലിരുന്ന് അവള്‍ കാമുകനോട് പറയും “ എന്നെ പിടിക്കാന്‍ വലയും വീശിയിരിക്കുകയായിരുന്നല്ലേ മുക്കുവാ നീ? ” എന്ന്. അരയന്റെ ചതി എന്ന് വിലാപകാവ്യം ചമയ്ക്കുകയും ചെയ്യും.
(അത് പെണ്ണുങ്ങളുടെ കാര്യം)

ഈ കവിത എനിയ്ക്കോര്‍മ്മയില്ല, ഞാന്‍ കുഴൂരില്‍ വന്നിട്ടില്ല. നിന്നെ അറിയില്ല.

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല പ്രണയ കവിത.

Aamykutty പറഞ്ഞു...

ente pazhaya note bookil evideyo ee kavitha undu...
naalukalku sesham ithu veendum vaayichchappol...santhosham...
ithoru ormappeduththal aayi...
nanni...