27/8/07

എഴുത്തച്ഛനോട്

ആശയാണ്,
ഒരു കവിതയെഴുതണം...


“വള്ളിനിക്കറും വെള്ളയ്ക്കാവണ്ടിയുമാ‍യ്
വഴിവക്കില്‍ കാത്തുനില്‍ക്കാന്‍
‍വഴിക്കണ്ണുള്ള ചങ്ങാതി,
പ്ലാവിലതൊപ്പി , മാങ്ങാച്ചുന
കശുമാവിന്‍ ചില്ലകള്‍ താണുവന്ന്‌
കനിഞ്ഞുനല്‍കുന്ന പൂര്‍വികസ്മരണ;
കണ്ണുനിറയെ നിറങ്ങളുള്ള,
കവിള്‍ നിറയെ രുചികളുള്ള,
ബാല്യത്തിന്റെ ബിംബശേഖരം,
ഓണം , വിഷു
കാര്‍ത്തിക , സംക്രാന്തി ഘോഷങ്ങള്‍
അമ്മുമ്മക്കഥകള്‍ , അന്ധവിശ്വാസങ്ങള്‍
തെയ്യവും , തോറ്റവും, പുള്ളുവന്‍പാട്ടും
കാവിലെ പുറ്റില്‍ മറഞ്ഞിരിക്കുന്ന
ഒന്നും മറക്കാത്ത സര്‍പ്പവും”,

കവിതയെഴുതാന്‍ ‍ഇതൊക്കെ വേണമെന്ന്
പ്രോഫസര്‍ കാല്പനികനും പറ്റങ്ങളും..!


ഉണ്ടോ സുഹ്‌റ്‌ത്തേ
കടം തരാനായ്
ഒരു ബാല്യം;
കുന്നും പുഴകളും
പൂക്കളും കിളികളും
ഒന്നിച്ചു പിച്ചനടന്ന കാലം...


“ആയിരം കണ്ണുള്ള
കൌമാരക്കാഴ്ചകളില്‍
‍പൊടുന്നനേ പെണ്ണായ കൂട്ടുകാരി
തനിക്കായ് മാത്രം തൂവിയ
ചുവപ്പ്,
പത്തായത്തിന്റെ നിഴലിലോ
അറപ്പുരയിലെ ഇരുളിലോ
ആദ്യമായ് നുകര്‍ന്ന മധുരം“,

ഇതൊന്നുമില്ലാതെ
ഒരു പ്രണയകവിതപോലും
പടച്ചൊപ്പിക്കാനാവില്ലെന്ന്
വിമര്‍ശനച്ചേരി മാഷന്മാ‍ര്‍.

ഉണ്ടോ പെണ്ണേ
ഓര്‍മ്മയില്‍ ഒരു തളിരെങ്കിലും
ഉടല്‍ മൂടിയ ഈ ശിശിരത്തില്‍...?

ഇനി

നാഗരിക കവിയാകാമെന്നു വച്ചാല്‍
ഇടത്തരക്കാരന്റെ നഗരത്തിന്
പുറം മാത്രമേയുള്ളു.
സ്ഫടികവാതില്‍ക്കല്‍
പാളിനോക്കുന്ന പഥികന്
ചിറികോട്ടിക്കോരിയെടുക്കാന്‍
ഒരു കുമ്പിള്‍ പുച്ഛം..!


അമ്മേ പറയുക
അണുവിമുക്തമായ വീടിന്റെ
ശുദ്ധശൂന്യമായ വെടുപ്പില്‍
മണ്ണിന്റെ മണമുള്ള കവിതയ്ക്ക്
ഞാനെവിടെപ്പോകാന്‍..?


അച്ഛാ പറയുക
വെള്ളികെട്ടിയ ചൂരല്‍വടിയോ,
മലര്‍ന്നുകിടക്കാന്‍ ചാരുകസാലയോ,
പേനാക്കത്തിയോ ,തുപ്പല്‍ക്കോളാമ്പിയോ
അമ്മയ്ക്കുനേരേ തൊടുക്കാന്‍
മൂര്‍ച്ചയുള്ളൊരു നോട്ടം പോലുമില്ലാതെ
പ്രാരാബ്ദത്തിന്റെ ഗുണപാഠകഥകള്‍
പകുത്തൂട്ടിയ പ്രജ്ഞയില്‍
അധികാരത്തിന്റെ ബിംബങ്ങള്‍ തേടി
ഞാനെവിടെപ്പോകാന്‍..?


പൂരത്തിന്റെ കൊട്ടിക്കലാശം പോലെ
പെയ്തൊഴിയുന്ന ദിനങ്ങള്‍.
കണ്ണില്‍
മറഞ്ഞിരിക്കുന്ന കിഴവനില്‍
‍കാലന്റെ ഛായ പടരും മുന്‍പേ

ആശയാണ് ,

ഒരു കവിതയെഴുതണം...


ഉണ്ടോ
ഒരു ഭാഷ നിര്‍ദേശിക്കാന്‍...?

10 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിശാഖേ,നല്ല കവിത.ഓണാശംസകള്‍...

വിശാഖ് ശങ്കര്‍ പറഞ്ഞു...

സവര്‍ണ്ണ പുരുഷാധിഷ്ഠിത ബിംബങ്ങളാല്‍ കലുഷിതമായ ആനുകാലിക ഭാഷയുടെ പൊളിച്ചെഴുത്തിനായ് നിലകൊള്ളുന്ന പുതിയ കവിതയ്ക്ക് ഒപ്പം നടക്കുവാന്‍ ഒരു ശ്രമം..അതു മാത്രമാണീ കവിത. ഉമേഷ്.. , വിഷ്ണു..,നിങ്ങളുടെ നല്ല വാക്കുകള്‍ തരുന്ന തണലില്‍ ഇത്തിരി ഇരിക്കട്ടെ.ഇനിയും എന്തെങ്കിലും കുത്തിക്കുറിക്കുവാനായേക്കും...!

എല്ലാവര്‍ക്കും ഓണാശംസകള്‍..

Sanal Kumar Sasidharan പറഞ്ഞു...

വിശാഖേ ഒരു സത്യമാണ് താങ്കള്‍ തെളിവുസഹിതം പറഞ്ഞിരിക്കുന്നത്
കവിതയെഴുതാന്‍ ഇതൊന്നും വേണ്ട,ഹൃദയത്തിലൊരു തുളവേണം അതിലൂടെ ഒറ്റക്കണ്ണടച്ചെങ്കിലും പുറത്തേക്കും അകത്തേക്കും ഒന്നു നോക്കാന്‍ കഴിയണം അത്രമാത്രം.അനുഭവം ചക്കച്ചുള അല്ലേ.:)
നല്ല കവിത എന്നാല്‍ കവി സത്യം എന്നറിഞ്ഞിട്ടും മറ്റുള്ളവരോട് നുണയെന്ന മട്ടില്‍ പറയുന്ന വര്‍ത്തമാനങ്ങളാണോ?

ഗുപ്തന്‍ പറഞ്ഞു...

വിശാഖ് നന്നായി. വളരെ നന്നായി.

ബൂലോഗ കവികള്‍ പ്രതിഷേധത്തിന്റെ മൂഡിലാണല്ലോ... ദേവസേനയുടെ ഒരു പ്രതിഷേധം കഴിഞ്ഞു. വിഷ്ണുമാഷ് ഈ അടുത്തിടയായി സ്വന്തം രചനയോട് തന്നെ കലഹമാണ്. ഇപ്പോള്‍ വിശാഖും... കണ്ടിരിക്കാന്‍ ഒരു കൌതുകം :)

വിശാഖ് ശങ്കര്‍ പറഞ്ഞു...

സനാതനന്‍,
എന്റെ പക്കലും ചോദ്യങ്ങളേ ഉള്ളു.
ഉത്തരങ്ങളില്ല..:)

മനു,
ചില്ലറ കലഹങ്ങളും ഒത്തിരി പരിഭവങ്ങളുമൊക്കെയായി വെറുതേ നടക്കുകയാണ് ഞാനിവിടെ.ഇത്തിരിനേരം ഒപ്പം നടന്നതില്‍ ഒരുപാടു സന്തോഷം..നന്ദി..

അനിലൻ പറഞ്ഞു...

വിശാഖ്
നാട്ടില്‍നിന്നെന്നു വന്നു?
കുറേ ബിംബങ്ങളും കൂടെപ്പോന്നുവല്ലോ!
കവിത നന്നായിട്ടുണ്ട്.
ഒന്നു ചുരുക്കാമായിരുന്നു എന്നു തോന്നി.

വിശാഖ് ശങ്കര്‍ പറഞ്ഞു...

26ന് മടങ്ങിയെത്തി അനിലാ.
ഇതൊരു പഴയ കവിത.അനുരണനങ്ങളില്‍ ഉണ്ടായിരുന്നു.

Pramod.KM പറഞ്ഞു...

ഭാഷയില്ല തരാന്‍:)
ഏറെ നന്നായി ഈ കവിത.
കുറച്ചുനാ‍ളത്തെ മൌനത്തിനുശേഷം വീണ്ടും കണ്ടതില്‍ സന്തോഷം:)

വിശാഖ് ശങ്കര്‍ പറഞ്ഞു...

നന്ദി പ്രമോദ്.